ഊഞ്ഞാലുകെട്ടിയ പോലെ താഴേക്കിറങ്ങിയ ചുണ്ണാമ്പു വള്ളികൾ പിന്നിട്ട് ഞാന്‍ നടന്നു..
വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലെ സർപ്പത്തറയിൽ ഫണങ്ങള്‍ വിടര്‍ത്തിയ മൂന്ന് നാഗത്താന്‍മാര്‍. ഇടയ്ക്കുള്ള ചിത്രകൂടത്തിനു മുകളില്‍ കമുങ്ങിന്‍ പൂക്കലയും മഞ്ഞള്‍പ്പൊടിയും ഉണങ്ങിപ്പറ്റിയിരിക്കുന്നു.
കണ്ണൊന്നടച്ചു. വലതുകരം നെഞ്ചിനുമേലമര്‍ത്തി…
മുന്നോട്ട് നടന്നു.
കരിയിലകള്‍ കാലിന്നടിയില്‍ ഞെരിഞ്ഞമരുന്നുണ്ടായിരുന്നു.
അടുത്തപറമ്പിലേക്ക് കടക്കാന്‍ ഈ നടവഴി ഒരു കുറുക്കുവഴിയാണ്.
ചുണ്ണാമ്പു വള്ളി ചുറ്റിയ പാലയോട് ചേര്‍ന്ന് വലിയൊരു ഇലഞ്ഞി മരം. പിന്നെ, എരിക്ക്, കമുങ്ങ്, പെരുമരം,…താഴെ, കാലുതട്ടിയാല്‍ ചൊറിയുന്ന കൊടുത്തൂവകള്‍. ചൊറിഞ്ഞ് ചൊറിഞ്ഞ് തൊലി ഉരിക്കുന്നവ.. കാവു തീണ്ടാതിരിക്കാന്‍, അധിനിവേശങ്ങളെ ചെറുക്കാന്‍ പ്രകൃതി സ്വയം ഒരുക്കിയ പ്രതിരോധ നിര പോലെ ഈ കാലു മാന്തികൾ.
കാവിനുള്ളിലൂടെയുള്ള നടവഴിയിലെത്തിയപ്പോൾ ഏതോ താഴ് വരയിലെ തണുപ്പ് ശരീരമാകെ അരിച്ചുകയറിയപോലെ.
മീനച്ചൂടിന്റെ ഉച്ചിവെയിലേറ്റ് എത്തിയ എനിക്കാശ്വാസമേകിയ കുളിര്‍മ. ഈ തണലും തണുപ്പും തറവാട്ടു പറമ്പിലെ വടക്ക് കിഴക്കേ മൂല കാക്കുന്ന ഈ സര്‍പ്പകാവിന് മാത്രം സ്വന്തം..
കൈതകളുടെ മുള്ളുവേലി അതിരിട്ട അടുത്തപറമ്പിലേക്ക് ഞാൻ കടന്നു
തുറസ്സായ പറമ്പില്‍ നിറയെ മണ്‍കൂനകള്‍.
വീണ്ടും നടന്നു..
മാവും പ്ലാവും, തെങ്ങിന്‍ നിരകളും പിന്നിട്ടു..
പച്ചയിലകള്‍ മൂടിയ വാഴത്തൈകള്‍ക്കുമപ്പുറം മുത്തച്ഛന്റേയും മുത്തശ്ശിയുടേയും അസ്ഥിത്തറകള്‍.
കരിന്തിരി കത്തിയ കല്‍വിളക്കുകളില്‍ ആത്മാഹുതി നടത്തിയ വണ്ടുകളുടേയും ചെറുപ്രാണികളുടേയും ഭൗതികദേഹങ്ങള്‍.
അതിനുമപ്പുറത്ത് ഓര്‍മകള്‍ ഉറഞ്ഞുകൂടിയ മറ്റൊരു സ്‌നേഹകുടീരം. അസ്ഥിത്തറയല്ല.. നിറയെ കായ്ഫലമുള്ള വലിയൊരു തെങ്ങ്. സ്വര്‍ണ നിറമുള്ള നാളികേരങ്ങള്‍ നിറഞ്ഞ, വല്യമ്മയുടെ ആത്മാവ് കുടികൊള്ളുന്ന ഗൗളീപാത്രത്തെങ്ങ്.
പഴയ കുട്ടിക്കാലത്തേക്ക് ഓര്‍മകള്‍ ഒന്നൊന്നായി പിടഞ്ഞു പാഞ്ഞു,
ആ ഉമ്മറത്തേക്ക്.. തറവാടുവീടിന്റെ കോലായിലേക്ക്.. അവിടെ, കാലുകള്‍ നീട്ടി മുത്തശ്ശി ഇരിക്കുന്നു. നടുവിരലിലെ ചുണ്ണാമ്പ് തളിര്‍വെറ്റയില്‍ തേയ്ക്കുന്നു. മുറ്റത്ത് ഉല്ലാത്തുന്ന മുത്തച്ഛന്‍.. അവ്യക്ത ചിത്രങ്ങള്‍..
അടുക്കളയില്‍ നിന്ന് വല്യമ്മയുടെ ശബ്ദം.
സാമ്പാറു കാലായി.. കഴിയ്ക്കാറായ വരാം…
ഊണു മേശയില്‍ ചെമ്പുകലത്തിന്റെ മേല്‍ മൂടി തുറന്ന് ഞാന്‍ നോക്കി..
സാമ്പാര്‍.
രാവിലെ ഇഡ്ഡലിക്കും ദോശയ്ക്കും അകമ്പടി വരുന്നത് ഇതേ സാമ്പാര്‍.
വല്ലപ്പോഴുമാണ് പുട്ട് ഉണ്ടാക്കുക. പരിപ്പോ പയറോ ഇല്ല..
കൂട്ടിന് ഇതേ സാമ്പാര്‍. എനിക്കും യേട്ടനും ഈ സാമ്പാര്‍ അപഥ്യമായിരുന്നു.
പക്ഷേ, വല്യമ്മ പിടിവാശിക്കാരി.
ഇതാണ് നല്ലത്. ഇഡ്ഡലിക്കായാലും പുട്ടിനായാലും.. ഉപ്പുാാവിനായാലും..
പിന്നെ ആരും എതിരു പറയില്ല.. സാമ്പാര്‍ നിറച്ച ചെമ്പു കലം തീന്‍മേശയിലെ വലിയൊരു ദുരന്തമായിരുന്നു.
ഒരോണക്കാലത്ത്, തെക്കേതിലെ മുത്തശ്ശിയുടെ വീട്ടില്‍ രാവിലെ ചെന്നപ്പോള്‍ അവിടെ ഇഡ്ഡലിക്ക് കൂടെ കഴിക്കാന്‍ ലഭിച്ചത് ചുവന്ന ചട്ണി.
അന്ന് വല്ല്യമയ്യോട് ഇക്കാര്യം പറഞ്ഞപ്പോള്‍
- അത് അവിടെ, ഇവിടെ ഈ സാമ്പാറ് മതി.
എന്നായിരുന്നു ശാസനയുടെ സ്വരത്തിലുള്ള മറുപടി.
ഇളവനും ചിലപ്പോള്‍ ചുവന്നുള്ളിയും വല്ലപ്പോഴും വെണ്ടയ്ക്കയുമായിരുന്നു സാമ്പാറുകളുടെ വകഭേദങ്ങള്‍.
ഒരേ നിറം, ഒരേ രുചി വല്യമ്മയുടെ സാമ്പാര്‍.
അക്കാലത്ത് ദേഷ്യം വരുമ്പോള്‍ കൂട്ടുകാരെ- പോടാ സാമ്പാറെ- എന്ന് ഞാൻ വിളിക്കുമായിരുന്നു. തീന്‍മേശയിലെ സ്ഥിര ദുരന്തമായിരുന്നു ആ സാമ്പാര്‍..
മുത്തച്ഛന്റേയും മുത്തശ്ശിയുടേയും ഓര്‍മകള്‍ ഉറങ്ങുന്ന സിമന്റ് തറകളില്‍ നിന്ന് അല്പം മുന്നോട്ട് മാറിയാണ്.വല്യമ്മയുടെ ദേഹം ദഹിപ്പിച്ച ഇടം. ആറടിയുടെ സിമന്റ് തറയ്ക്ക് പകരമായി അവിടെ തലയെടുപ്പുള്ള ഗൗരിപാത്രത്തെങ്ങ്.. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഈ കൈകളാല്‍ വെച്ച തെങ്ങിന്‍തൈ വലിയ ഉയരമില്ലെങ്കിലും ഇന്ന് നിറയെ കായ്ഫലമുള്ള തെങ്ങായി വളര്‍ന്നിരിക്കുന്നു.
ഇരുകൈകള്‍ നീട്ടി ഞാന്‍ തെങ്ങിനെ കെട്ടിപ്പിടിച്ചു.
ഊണുകഴിച്ച ശേഷം കൈകഴുകി വന്ന് വേഷ്ടിത്തുമ്പില്‍ നനഞ്ഞ കൈതുടയ്ക്കാനായി വല്യമ്മയെ ഇതു പോലെ ഞാന്‍ കെട്ടിപ്പിടിക്കാറുണ്ടായിരുന്നു.
വേണ്ട. കൈ തുടയ്ക്കാനുള്ള നിന്റെ അടവ്..
വല്യമ്മ സ്‌നേഹശാസനയോടെ പറയും..
തെങ്ങിനെ മുറുകെ പിടിച്ചപ്പോള്‍ പുറന്തൊലിയിലെ ആര് പോലെ എന്തോ ഒന്ന് എന്റെ പെരുവിരലിനുള്ളിലേക്ക് ആഴ്ന്നിറങ്ങി.. ഒപ്പം, പണ്ടത്തെ ആ സാമ്പാറിന്റെ മണം അവിടെമാകെ പടരുന്നതുപോലെ എനിക്ക് തോന്നി.
അവിവാഹിതയായിരുന്ന വല്യമ്മയുടെ മരണാന്തരകര്‍മ്മങ്ങള്‍ക്ക് അവകാശിയായിരുന്നത് ഇളയ സഹോദരിയുടെ മക്കളായ ഞാനും യേട്ടനുമായിരുന്നു.വല്യമ്മയുടെ മരണസമയത്ത് യേട്ടന് ബിരുദത്തിന്റെ പരീക്ഷാക്കാലമായതിനാല്‍ ഹോസ്റ്റലിലായിരുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ എല്ലാം ചെയ്തത് അന്ന് പതിനാലു വയസുള്ള ഞാന്‍.
കത്തിയമര്‍ന്ന ചിതയില്‍ നിന്ന് വല്യമ്മയുടെ ദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ചമതക്കമ്പുപയോഗിച്ച് എടുക്കുമ്പോള്‍ കൈ ചിലപ്പോഴെല്ലാം പൊള്ളി.. അസ്ഥികള്‍ക്കായി തിരയുമ്പോള്‍ കെട്ടടങ്ങാത്ത ചില കനലുകള്‍ ചുവന്നു ജ്വലിച്ചു ചാരത്തില്‍ നിന്നും ഉയര്‍ന്നുവന്നു.
പാളക്കുമ്പിളിലിട്ട അസ്ഥിക്കഷ്ണങ്ങള്‍ കരിക്കു പൊട്ടിച്ചൊഴിച്ച് കഴുകി. പിന്നേയും ചിതയിലേക്ക് ചമതക്കമ്പിറങ്ങി. വലിയൊരു അസ്ഥിക്കഷ്ണം പൊങ്ങി..
നിര്‍ദ്ദേശങ്ങള്‍ നൽകിത്തന്നയാൾ പറഞ്ഞു
അത് കൈയ്യുടെ ഭാഗമാണ്.
അമ്മയില്ലാതായ കാലം മുതല്‍ എന്നെ അന്നമൂട്ടിയ കൈ. കുളികഴിഞ്ഞ് വരുമ്പോള്‍ നീര്‍ദോഷം വരാതിരിക്കാന്‍ എന്റെ തല തോര്‍ത്തിത്തന്ന കൈ.. സ്‌കൂളിലയ്ക്കുമ്പോള്‍ ഉടുപ്പണിയിച്ച, തലമാടിത്തന്ന. കുറുമ്പുകാട്ടിയപ്പോഴൊക്കെ മൈലാഞ്ചി വടിയെടുത്ത് കാര്‍ക്കശ്യത്തോടെ തല്ലിയ …. അതേ കൈ…
കത്തിയമർന്ന പുളിമാവിൻ വിറകു കൊള്ളികൾക്കൊപ്പം … ചാരത്തിൽ പുതഞ്ഞ് അസ്ഥിക്കഷ്ണങ്ങൾ….
തെങ്ങിന്‍ചുവട്ടില്‍ കരിയലകള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ കനലുകള്‍….
വേരുകളോട് ചേര്‍ത്ത് ആരാണ് ഇങ്ങിനെ തീയ്യിടുന്നത്. തെങ്ങ് കരിഞ്ഞു പോകുമല്ലോ.. പറമ്പില്‍ കൂനകൂട്ടുന്ന പണിക്കാര്‍ക്ക് അറിയില്ലല്ലോ വല്യമ്മയുടെ സ്മരണകളൊന്നൊന്നായി പൂത്തുനില്‍ക്കുന്ന ഈ ഗൗളിപാത്രത്തെങ്ങിന്റെ മഹത്വം..
ആളനക്കമില്ലാതെ, ഒറ്റപ്പെട്ടു പോയ തറവാട്ടുമുറ്റത്തേക്ക് പതിയെ ഞാന്‍ നടന്നു. ഈ ഭാഗം മുത്തച്ഛന്‍ വല്യമ്മയുടെ പേര്‍ക്ക് ഭാഗ ഉടമ്പടി ചെയ്ത് നല്‍കിയതാണ്. കാലശേഷം എനിക്കും യേട്ടനുമുള്ളതാണ് ഇതെന്ന് വല്ലമ്മ ഇടയ്ക്ക് പറയുമായിരുന്നു. അമ്മയുടെ വിഹിതം വല്യമ്മയുടെ പേര്‍ക്ക് എഴുതി നല്‍കിയതുമുണ്ടത്രെ.
മുറ്റത്ത് നിന്ന് അടുക്കളയുടെ ജനലുകള്‍ ഞാന്‍ തുറന്നു ഇരുണ്ടയടുക്കള. മേലെ ചില്ലോടില്‍ നിന്നുള്ള അരണ്ട വെളിച്ചത്തില്‍ ഒരു ചുണ്ടെലിയുടെ ഓട്ടം കണ്ടു.
വല്യമ്മയുടെ ജീവിതം അടുപ്പിലെ വിറകു പോലെ എരിഞ്ഞടങ്ങിയത് ഈ അടുക്കളയിലാണ്.. അതിരാവിലെ എഴുന്നേല്‍ക്കുന്ന വല്യമ്മ പകല്‍ മുഴുവനും ഈ അടുക്കളയില്‍ തന്നെ എന്തെങ്കിലും പണിയുമായി കഴിഞ്ഞു കൂടും. ചോറും പലഹാരങ്ങളുമായി ഈ അടുക്കള സദാ സമൃദ്ധമായിരുന്നു. സാമ്പാറിന്റെ രുചിവിരസത പലഹാരങ്ങള്‍ക്കില്ലായിരുന്നു.
തെക്കേതിലെ മുത്തശ്ശിയുടെ അടുക്കളയില്‍ തേങ്ങാ ചട്ണിയും ദോശപ്പൊടിയും ആഡംബര വിഭവങ്ങളായുണ്ടായിരുന്നുവെങ്കിലും അവിടുത്തെ ചിറ്റമ്മയുടേയും അമ്മാവന്റെയും മക്കള്‍ക്ക് വായില്‍ രുചിയുള്ള ചായപ്പലഹാരങ്ങള്‍ കഴിക്കണമെങ്കില്‍ വല്യമ്മയുടെ ഈ അടുക്കള കനിയണമായിരുന്നു.
ഇന്നെന്താണ് ചായപ്പലഹാരം എന്നു ചോദിച്ച് ചിറ്റമ്മയുടെ മകനായ ശ്രീയേട്ടന്‍ എത്തുമായിരുന്നു. ഇലയട, മധുരമുള്ള കൊഴക്കട്ട, ഉണ്ണിയപ്പം, അവല്‍ കുഴച്ചത്. എള്ളുണ്ട, ചെറുപയറുണ്ട, ഉഴുന്നു വട, പരിപ്പു വട, പഴമ്പൊരി. ഇങ്ങിനെ വിഭവങ്ങളുടെ നിര നീളുന്നു. ഓരോ ദിവസവും ഒന്നോ രണ്ടോ വിഭവങ്ങള്‍ ഉറപ്പായുമുണ്ടാകം. സ്കൂള്‍ വിട്ടു വരുമ്പോള്‍ ഇതെല്ലാം ചായയോടൊപ്പം വാഴയിലക്കീറില്‍ നിരന്നിട്ടുണ്ടാകും..
ഒരിക്കല്‍ ഒരു വിവാഹ സല്‍ക്കാരത്തിന് പോകാന്‍ ഞങ്ങള്‍ ഒരുങ്ങി. ചിറ്റമ്മയും അമ്മാവനും മക്കളും .കൂടെ ഞാനും യേട്ടനും. കാറിലേറിയപ്പോള്‍ ഏവര്‍ക്കും പോകാന്‍ ഇടമില്ല. ഒരാള്‍ ഇറങ്ങണം. യേട്ടനാണ് വാശിപ്പിടിച്ചത്.
വല്യമ്മ എന്നെ നോക്കി
നീ പോണ്ട,, ഇറങ്ങിക്കോ,
ഞാന്‍ കരഞ്ഞു.
വല്യമ്മ ആശ്വസിപ്പിച്ചു.
എന്താടാ , ഈ ചായസല്‍ക്കാരത്തിന് പോയാല്‍ കിട്ടുന്നത്. അതൊക്കെ ഇവിടെ വല്യമ്മ ഇണ്ടാക്കിത്തരാം.
എനിക്ക് ദേഷ്യം സഹിക്കാനാകുമായിരുന്നില്ല…
ലഡ്ഡു, മിക്‌സ്ചര്‍, ബോളി…. വല്യമ്മയ്ക്കറിയോ ഇണ്ടാക്കാന്‍. ?
ഞാന്‍ വാവിട്ടു കരഞ്ഞു..
നീ സ്‌കൂളിലേക്കുള്ളത് പഠിക്ക്.. ചായയ്ക്ക് ഇതൊക്കെ വല്യമ്മ ഇണ്ടാക്കിത്തരാം.
തീന്‍മേശയിലെ സ്ഥിരദുരന്തമായ സാമ്പാറു പോലയല്ല.. മധുരപലഹാരമുണ്ടാക്കാന്‍ വല്യമ്മയ്ക്ക് ഒരു കരവിരുതും കൈപ്പുണ്യവുമൊക്കെയുണ്ട്. എന്നാലും എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞതാകും. ബോളിയും ലഡ്ഡുവും മിക്ചറുമൊക്കെ ഉണ്ടാക്കാന്‍ വല്യമ്മയ്ക്കറിയില്ല. അത് എനിക്ക് ഉറപ്പായിരുന്നു.
ഇതൊക്കെ ബേക്കറിക്കാര്‍ക്ക് കഴിയും .
ഈ അടുക്കളുയും, ഈ തറവാടും വിട്ട് പുറത്തുപോകാത്ത ഈ വല്യമ്മയ്ക്ക് എങ്ങിനെ ഇതൊക്കെ …?
എന്നാല്‍, എന്നെ അമ്പരപ്പിച്ച് വൈകീട്ടത്തെ ചായയ്ക്ക് വാഴയിലക്കീറുകളില്‍ നിരന്നത് ബോളി, ലഡ്ഡു, പിന്നെ മിക്‌സ്ചര്‍ … കല്യാണ ടീ പാര്‍ട്ടിയ്ക്കുള്ള വിഭവങ്ങളെല്ലാം..
വല്യമ്മ ബേക്കറിയില്‍ പോയി എല്ലാം വാങ്ങിയല്ലേ… ?
എന്റെ ചോദ്യം വല്യമ്മയെ ശുണ്ഠിപ്പിടിപ്പിച്ചു.
ഒലക്ക…
ഇതെല്ലാം ഞാന്‍ ഇവിടെ ഈ അടുക്കളയില്‍ കഷ്ടപ്പെട്ട് ഇണ്ടാക്കിയതാ.. ഇതും ബേക്കറിയാണ് ഉണ്ണി…നിന്റെ ഈ വല്യമ്മയുടെ സ്വന്തം ബേക്കറി….
എനിക്ക് വിശ്വസിക്കാനായില്ല.. വല്യമ്മയ്ക്ക് ബോളി, ലഡ്ഡു മിക്‌സ്ചര്‍ രസക്കൂട്ടുകളൊക്കെ പറഞ്ഞു കൊടുത്തത് ആരായിരിക്കുമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. പണ്ടൊരിക്കല്‍ എള്ളുകറിയും സാമ്പാര്‍സാദവും വെച്ചുതന്നത് ഇതുപോലെ എന്നെ കുഴക്കിയിട്ടുണ്ട്..
ഒക്കെ വല്യമ്മയ്ക്കറിയാം.. എന്നൊരുത്തരമായിരിക്കും ഇതിനൊക്കെയുള്ള മറുപടി..
വല്യമ്മയുടെ അടുക്കളയിലെ ആ ടീ പാര്‍ട്ടി എനിക്ക് പകര്‍ന്നു നല്‍കിയ ആനന്ദം എന്തായിരുന്നുവെന്ന് ലഡ്ഡുവും ബോളിയും ഒരുമിച്ച് വായിലിട്ടവർക്കു മാത്രം അറിയാം.. വെളിച്ചെണ്ണയില്‍ മൊരിഞ്ഞ മിക്‌സ്ചറും അതിലെ കപ്പലണ്ടിമണിയും … വല്യമ്മ വിചാരിച്ചാല്‍ ഈ ലോകത്തെ ഏത് പലഹാരവും ഇവിടുത്തെ അടുക്കളയില്‍ പിറവികൊള്ളും. അതിന്റെ രുചി ആര്‍ക്കും പറഞ്ഞറിയിക്കാനാവില്ല . അനുഭവിച്ചു മാത്രം അറിയണം.
ഇതൊക്കെ ഉണ്ടാക്കുമെങ്കിലും രുചി നോക്കാന്‍ പോലും ഈ പലഹാരങ്ങള്‍ വല്യമ്മ കഴിക്കുന്നത് കണ്ടിട്ടില്ല.
കരച്ചില്‍ മാറിയ എന്റെ മുഖത്ത് മധുരപ്പുഞ്ചിരി വിടര്‍ന്നു… വായ നിറയെ പലഹാരങ്ങള്‍…
സ്വാദിഷ്ടമായ പലഹാരങ്ങള്‍ക്ക് സമീപിക്കുക വല്യമ്മ ബേക്കറി, വടക്കേ മുറി , വടക്കാഞ്ചേരി,, പി ഒ..
ലഡ്ഡുവായിലിട്ടുകൊണ്ട് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു .
വല്ല്യമ്മ ചിരിച്ചു. നിര്‍ത്താതെയുള്ള ചിരി… എന്നെ വാരിപ്പുണര്‍ന്നുള്ള ചിരി..
ലഡ്ഡുവും ബോളിയും വായിലമര്‍ത്തി ഞാനും ചിരിച്ചു…
അടുക്കളയാകെ മാറ്റൊലി കൊണ്ട് നിര്‍ത്താതെയുള്ള പൊട്ടിച്ചിരി….