ഓർമ്മകളുടെ നക്ഷത്രപ്പൂക്കൾ

പൊട്ടിത്തെറിച്ച ആ രാത്രിക്ക്
വല്ലാത്ത ഇരുട്ടായിരുന്നു

അരക്കുപ്പി റമ്മടിച്ച്
ഞാനെന്റെ കവിതയിൽ ഉറങ്ങാതിരുന്നു

ആത്മഹത്യയിൽ വെന്തുപോയ
നനുനനുത്ത സ്വപ്നത്തിന്റെ തൂവലിൽ
ചോര പറ്റിപ്പിടിച്ചിരിക്കുന്നു

തീവണ്ടി മുട്ടിമരിച്ച നിന്റെ പ്രണയിനി
കവിതയിൽ ചിതറിത്തെറിച്ച് കിടക്കുന്നു

നീ മറന്നുപോയ ആ പുഴയ്ക്ക്
അക്കരെ ഓർമകൾ
നക്ഷത്രപ്പൂവായ് വിരിയുന്നു.

നീ ചുംബിച്ച പാടുമാത്രം അവശേഷിപ്പിച്ച്
ഒരു മയിൽപ്പീലി പറന്നു നടക്കുന്നു

നിന്റെ മനസ് വറ്റിപോയ ഒരു കടലായി
എന്നിൽ വിതുമ്പുന്നു

ഇയ്യാംപാറ്റകളുടെ ചിറക് പൊട്ടി
വിരിയുന്ന ശബ്ദം കവിതയിൽ കേൾക്കുന്നു

പാതി തളർന്ന നിന്റമ്മ
കടുംനിറത്തിലുള്ള സാരി ഉടുത്തിരിക്കുന്നു

നിന്റെ കുറെ ചോദ്യങ്ങളിൽ
ഭ്രാന്തിന്റെ മുറിവുണ്ടായിരുന്നു

തെളിവില്ലാത്ത ഒരു ജീവിതം
രക്തം വാർന്ന് വാർന്ന് മരിച്ചിരിക്കുന്നു

വൃത്തമില്ലാത്ത എന്റെ കവിതയിൽ
നീ ആത്മഹത്യ ചെയ്യുമ്പോൾ
നിനക്കറിയില്ലായിരുന്നു
നാളെ ഈ കവിത
ഏറ്റവും നല്ല കവിതയാകുമെന്ന്.

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ പ്രവീൺ മോഹനൻ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും ചെറുകഥയും എഴുതാറുണ്ട്. വറുതികളുടെ പെരുമഴ നനഞ്ഞ് എന്ന കവിതാ സമാഹാരം 2019 ൽ പ്രകാശനം ചെയ്യപ്പെട്ടു.