ഓർമയിൽ വിരിഞ്ഞ ഒരു താമര

ഒരാളോടും ഒരു വന്‍ സദസ്സിനോടും ഒരേ ഗൗരവത്തില്‍ ആശയ സംവേദനം ചെയ്യുന്ന പ്രതിഭയായിരുന്നു എം. എൻ.വിജയൻ.  അമ്പലപ്പുഴ പാൽപ്പായസം പേരുകേട്ടത് അതുണ്ടാക്കിയ ആളെ കൊണ്ടല്ല, അതു കുടിച്ചയാളെ കൊണ്ടാണ് എന്നു പറഞ്ഞിരുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ട് എനിക്കും സധൈര്യം പറയാം; എന്റെ മാഷിനെ ഞാൻ ഉണ്ടാക്കുകയായിരുന്നു. അദ്ദേഹത്തെ ഏകലവ്യനെ പോലെ ഗുരുവായി സ്വീകരിച്ച  റഫീക്ക് തിരുവള്ളൂര് ആ  കഥ പറയുന്നു: ഓർമ്മയിൽ വിരിഞ്ഞ ഒരു താമര.

ഓർമിക്കാൻ ഏറെയും ഉസ്താദുമാരുള്ള ശൈശവവും കൗമാരവുമായിരുന്നു എന്റെ കിസ്മത്ത്. മാഷമ്മാരെ ഉസ്താദ് എന്നു തന്നെ വിളിക്കുന്നതായിരുന്നു ദാറുൽ ഹുദയിലെ നടപ്പ്. സ്കൂളിൽ അഞ്ചാം തരം വരെയുള്ള പഠിപ്പിനിടെ പറയത്തക്ക മാഷമ്മാരൊന്നുമുണ്ടായതുമില്ല. എനിക്കും വേണമായിരുന്നു ഒരു മാഷ്. ഞാനങ്ങനെ എന്റെ മാഷിനെയുണ്ടാക്കി. അമ്പലപ്പുഴ പാൽപ്പായസം പേരുകേട്ടത് അതുണ്ടാക്കിയ ആളെ കൊണ്ടല്ല, അതു കുടിച്ചയാളെ കൊണ്ടാണ് എന്നു പറഞ്ഞിരുന്ന ഒരാളാണ് ആ മാഷ്. അതുകൊണ്ട് എനിക്കും സധൈര്യം പറയാം; എന്റെ മാഷിനെ ഞാൻ ഉണ്ടാക്കുകയായിരുന്നു. 

അതിങ്ങനെ ആയിരുന്നു.

പണ്ടു പണ്ടൊരു പകല്‍. 04842808492 എന്ന നമ്പറിലേക്ക് ആദ്യമായി വിളിച്ച പകല്‍. ആ നമ്പര്‍ കുറേയായി കയ്യില്‍ കിടപ്പായിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂരിലെ, ലോകമലേശ്വരത്തെ കരുണയിലെ താമസക്കാരന്‍ മറുതലക്കല്‍ ഫോണെടുത്തു. ആരാണെന്ന ചോദ്യവുമായി എം.എന്‍ വിജയന്‍ മാഷ് ഹലോ പറയുന്നു. കോഴിക്കോട്ടു നിന്നാ, മാഷിനെ ഒന്നു കാണണം, മാഷ് വീട്ടില്‍ ഉണ്ടാകുമോ?. ഇന്നുണ്ടാവില്ല, നാളെ വന്നോളൂ, രാവിലെ ഒന്നു കൂടി വിളിച്ചിട്ട് പുറപ്പെട്ടാല്‍ മതി. പിറ്റേന്ന് കാലത്ത് പിന്നെയും വിളിച്ചു. ഇപ്പോ പോന്നാല്‍ റഫീക്കിന് ഊണിന് ഇവിടെ എത്താം. വൈകിയാല്‍ (ഒരു ചിരി) ഞാന്‍ കഴിക്കാതെ കാത്തിരിക്കേണ്ടി വരും. ഉച്ചക്കെത്തിയാല്‍ നമുക്കൊന്നിച്ച് കഴിക്കാം. പിന്നെയും ഒരു ചെറുചിരി. ഗുരുവായൂരിറങ്ങി ഊണു കഴിക്കാതെ നേരെ കൊടുങ്ങല്ലൂര്‍ ബസ്സില്‍ കേറി, വഴി ചോദിച്ച് അന്നു കരുണയില്‍ ചെന്നു കയറി. മാഷ് അരികിലിരുത്തി ചോറു തന്നു. അമ്മ വിളമ്പുകാരിയായി അരികില്‍ നിന്നൂട്ടി. അത്രയും രുചിയോടെ ചോറു തിന്നിട്ടില്ല മുമ്പും പിമ്പും. മനുഷ്യപറ്റ് കൂട്ടിയുണ്ടാക്കിയ അന്നത്തിന് രുചി കൂടുമെന്ന് ഇന്നും ആ ഉച്ച. ഇവന്‍ തലശ്ശേരി ഭാഗക്കാരനാ. നമ്മുടെ ഈ ഒറ്റക്കറിയും പയറും വാട്ടിയതും വരട്ടിയതും പോര, ഞങ്ങള്‍ രണ്ടു പേരല്ലേ (അമ്മയെ നോക്കി) ഇവിടെ ഉള്ളൂ. മാഷ് ഊണ് ലഘുവായതിനു കാരണം പറഞ്ഞു. അന്നത്തെ ദിവസം മുതല്‍ വീണ്ടും വീണ്ടും മടക്കി വിളിക്കുന്ന കരുണയായി ആ വീട്. 

1995 ലാണെന്നോര്‍മ്മ. മാതൃഭൂമി വാരന്തപ്പതിപ്പിലെ ഒരഭിമുഖരൂപത്തിലാണ് ഒരറബിക്കോളേജ് വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലേക്ക് എം.എന്‍ വിജയന്‍ സംഭവിച്ചത്. ഹമീദ് ചേന്നമംഗലൂര്‍ ചോദിക്കുന്നതിന് എം.എന്‍.വിജയന്‍ ഉത്തരം പറയുന്നു. മതം, മാക്സിസം, മുതലാളിത്തം. അന്ന് ‘മാക്സിസം: ഒരു വിമര്‍ശന പഠനം’ എന്നൊരു പുസ്തകം പാഠപുസ്തകാമായി ഉണ്ടായിരുന്നു ദാറുല്‍ഹുദാ സിലബസിൽ. ഒന്നിനെയും എങ്ങനെ വിമര്‍ശിക്കരുത് എന്ന് പഠിക്കാന്‍ ആ കൃതി നന്ന്. ‘കവിതയും മനശ്ശാസ്ത്രവും’ അന്നേ ഞങ്ങളുടെ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. മലയാളം ഉസ്താദുമാരായി വന്ന ആരോ ചെയ്ത സുകൃതം. ദീന്‍ പഠിപ്പിക്കുന്നവരും ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നവരും ഉസ്താദുമാരായിരുന്നു അവിടെ. ആ ബുക്കിലെ മാമ്പഴത്തെ കുറിച്ചുള്ള പഠനം മാത്രം കുറച്ചെന്തൊ തലയില്‍ക്കേറി. ക്ലാസ്സുമുറിക്കു പുറത്ത് എഴുതുന്നതിന്‍റെ, വായിക്കുന്നതിന്‍റെ, ചിന്തിക്കുന്നതിന്‍റെ, ഇതു വരെ കണ്ടിട്ടില്ലാത്ത വന്‍കരകള്‍ കിടപ്പുണ്ടെന്ന അറിവിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു പതുക്കെ. അതുവരെ വലുതായിരുന്ന കാമ്പസ് ഒരു ദ്വീപായി. നോമ്പിനു പള്ളികളില്‍ ചെന്നു പ്രസംഗിച്ചു പോലും പണമുണ്ടാക്കി, പുസ്തകങ്ങല്‍ സ്വന്തമാക്കി. 

ഓരോ സൗഹൃദവും പുതിയ പുസ്തകങ്ങള്‍ തേടിപ്പിടിക്കാന്‍ ഉള്ളതായി അതില്‍ പിന്നെ. ചെമ്മാട് നിന്ന് വടകരക്കുള്ള യാത്രക്കിടക്ക് കോഴിക്കൊട്ടെ ഒരിടത്താവളമായി മള്‍ബറി ബുക്സ്. പാപ്പിയോണ്‍ നൗഷാദായും പിന്നീട് ഒലിപ്പിയോണ്‍ (പാപ്പിയോണ്‍+ഒലിവ്) നൗഷാദായും ഇപ്പോൾ മാതൃഭൂമി ബുക്സിന്റെ മാനേജരായും വന്നയാളെ അവിടന്നാണു കണ്ടുകിട്ടുന്നത്. മള്‍ബറിയുടെ ഗ്രീന്‍ കാര്‍ഡ് ലേശം പൈസക്കു തന്നു ഷെല്‍വി. വെള്ളമുണ്ടും തൊപ്പിയും കുപ്പായവുമിട്ടു വരുന്ന കുട്ടിയോട് ഷെല്‍വിക്കു തോന്നിയിരിക്കുക ഏതിനം കരുണയായിരിക്കും. എം.എന്‍ വിജയനെ അറിയാന്‍ ജി.എന്‍ പിള്ളയുടെ ‘ഓര്‍മ്മയില്‍ ഒരു താമര’ തന്നു ഷെല്‍വി മറ്റൊരിക്കല്‍. ആ ബുക്കിന്‍റെ കവര്‍ പക്ഷേ ചതിച്ചു. ഉള്ളില്‍ സക്കറിയയുടെ ലേഖനങ്ങളായിരുന്നു. ബൈന്‍റിങ്ങില്‍ പറ്റിയ അബദ്ധം. പിറ്റേ മാസം ഓര്‍മ്മയില്‍ ഒരു താമര തന്നെ കിട്ടി. എം.എന്‍ വിജയനെ അടുത്തു പരിചയപ്പെട്ടു അതിലെ ഹൃദയം തൊട്ട കുറിപ്പിലൂടെ. പിന്നെപ്പിന്നെ ഡിസി ബുക്സായി ഉന്നം. അവിടെ ഒരു വി.ഐ.പി മെമ്പര്‍ഷിപ്പിനു പണം തന്ന് ഒരാള്‍ എന്‍റെ ഹൃദയം ദത്തെടുത്തു. ഷാഹിനത്ത പതിവു സന്ദര്‍ശകനായ കുട്ടിയെ കുഞ്ഞന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അതിനിടെ മാഷിന്‍റെ എല്ലാ ബുക്കുകളുടേയും ഉടമയായിക്കഴിഞ്ഞിരുന്നു വായന. എല്ലാം മാഷ് കൈയ്യൊപ്പിട്ടു തന്നവ.  

ചന്ദ്രിക പത്രാധിപരായ റഹീം മേച്ചേരിയാണ് ഒരു സബ് എഡിറ്റര്‍ ട്രൈനിയുടെ കുപ്പായം ഇടുവിച്ചതും എം.എന്‍ വിജയനെ പോയി കണ്ടിട്ടു വാ എന്ന് അസ്സൈന്‍മെന്‍റ് തന്നതും. അങ്ങനെ പത്രക്കാരനായി മാഷിനു മുന്നില്‍. ചന്ദ്രികക്ക് മാഷിനെ പിടിച്ചു വരുന്ന കാലമായിരുന്നു. ചുവപ്പും മാഷും തമ്മിലുള്ള വിരോധങ്ങള്‍ കൂടുന്നതിനനസുരിച്ച് പച്ചക്ക് തോന്നിയൊരിഷ്ടം.  ചന്ദ്രിക മാഷിനു പേജുകള്‍ ധാരാളം നീക്കി വച്ചു. മാഷ് പാര്‍ട്ടിയില്‍ നിന്നകലും തോറും എനിക്ക് യാത്രകളുടെ ആക്കം കൂടി, ചെലവ് കുറഞ്ഞു. വഴിച്ചെലവ് ചന്ദ്രികയുടെ പറ്റിലായി. അല്‍പ്പ നേരം കണ്ണടച്ച് ഈ ലോകം വിട്ടു പോയി പുത്തനാശയങ്ങളുമായി മടങ്ങി വരുന്ന മഹാമാന്ത്രികനായി മാഷ് പല വട്ടമെന്‍റെ മുന്നിലും. മാഷിന്‍റെ ക്ലാസ്സ് മുറികളില്‍ ഇരുന്നവര്‍ പറഞ്ഞു പരത്തിയവ ഉമ്മറത്തെ കസേരകളില്‍ ഇരുന്നനുഭവിച്ചു. ഒരാളോടും ഒരു വന്‍ സദസ്സിനോടും ഒരേ ഗൗരവത്തില്‍ ആശയ സംവേദനം ചെയ്യുന്ന മാഷ്. ചന്ദ്രികക്കു വേണ്ടതു കഴിഞ്ഞാല്‍ സംസാരം നിര്‍ബാധമായി. മതം, ദൈവ വിശ്വാസം, പ്രവാചകത്വം, അറിവിന്‍റെ ഉറവിടം, സംന്യാസം, പലായനം, മോക്ഷം, സമത്വം എന്നിങ്ങനെ മിക്കപ്പോഴുമത് ഇസ്ലാമിനെ ചുറ്റിപ്പറ്റിയാവാന്‍ തുടങ്ങി. ഉള്ളിലെ സന്ദേഹങ്ങളും മാഷിനുള്ളിലെ അറിവുകളും പൊരുത്തപ്പെട്ടും പൊരുത്തം കെട്ടും നീങ്ങി. ഒരിക്കലും ഹതാശരായില്ല എന്‍റെ അന്വേഷണങ്ങള്‍. അപ്പോള്‍ സംഭാഷണങ്ങളെ ക്രമേണ ചിട്ടപ്പെടുത്താന്‍ തുടങ്ങി മനസ്സ്. അവ ഒരു ക്രമത്തിലായി. അപ്പപ്പോള്‍ റെക്കോഡ് ചെയ്ത അവ ഇസ്ലാം കാര്യങ്ങള്‍ എന്ന തലക്കെട്ടോടെ പുസ്തകമാക്കിയാലോ എന്ന് നീണ്ടു ആലോചന. വിജയന്‍ മാഷിനെ ഉപയൊഗിച്ച് ഗ്രന്ഥകാരന്‍മാരാകുന്ന സബെഡിറ്റേര്‍സ് ട്രൈനികളുടെ കൂട്ടത്തില്‍ കൂടണ്ട എന്ന് നിരുത്സാഹപ്പെടുത്തി ചില കൂട്ടുകാര്‍. സംഭാഷണങ്ങള്‍ രേഖപ്പെടുത്തിയ കാസറ്റുകള്‍ വീട്ടില്‍ സൂക്ഷിപ്പായി. 

അതിനിടെ ദാറുൽ ഹുദയിലെ എന്റെ പിന്മുറക്കാർ മാഷിനെ കോഴിക്കോട്ടൊരു സദസ്സിലേക്കു വരുത്തി പ്രസംഗിപ്പിച്ചു. മാഷ് മറ്റൊരിടത്തും അങ്ങനെ ഒരു പ്രഭാഷണം നടത്തിയിട്ടില്ല. അറിവിന്റെയും മനുഷ്യരുടെ അന്വേഷണ തൃഷ്ണയുടെയും വഴിക്കുള്ള സഞ്ചാരമായിരുന്നു അത്. ധ്യാനത്തിലും മനനത്തിലും സ്ഫുടം ചെയ്ത വാക്കുകൾ കേട്ടിരിക്കുന്നവരിൽ ഉളവാക്കുന്ന സ്ഫോടനം അവരുടെ മുഖത്തെ മിന്നലുകളിൽ ദൃശ്യമായിരുന്നു. ദൈവം, ജ്ഞാനം, പ്രവാചകത്വം ഒക്കെയായിരുന്നു മുന്നിൽ മിഴിച്ചിരിക്കുന്നവർക്ക് മാഷ് അന്നു കൊത്തിയരിഞ്ഞിട്ടു കൊടുത്ത കായ്കനികൾ.

ഗള്‍ഫില്‍ നിന്ന് കൊണ്ടു വരുന്നത് എന്നതായിരുന്നു ചന്ദ്രിക ഉള്‍പ്പെടുത്തിയ സംഭാഷണങ്ങളില്‍ ഒടുവിലത്തേത്. ഗള്‍ഫ് പണത്തേയും കേരളത്തിന്‍റെ സാമൂഹിക ജീവിതാവസ്ഥയേയും കുറിച്ചുള്ള നിരീക്ഷണങ്ങളായിരുന്നു അതില്‍. രോഷം ഗള്‍ഫില്‍ നിന്ന് കൊണ്ടു വരുന്നതല്ല, എന്ന് അന്ന് മാഷ് രോഷാകുലനായി. ഭക്ഷണം കൊടുക്കാതെ പൂഴ്ത്തിവെക്കുന്ന മനുഷ്യനാണ് മണ്ണു തുരച്ചു കിഴങ്ങു തിന്നുന്ന പെരുച്ചാഴികളെ ഉണ്ടാക്കുന്നത്, പട്ടിണി കിടക്കുന്നവരുടെ അണ്ടര്‍ ഗ്രൌണ്ട് പോരാട്ടമാണ് പെരുച്ചാഴികളുടേത് എന്ന് മാഷ് ചിരിപ്പിച്ചു. 

പിന്നീട് കരുണയിലേക്ക് പോയത് ഞാന്‍ ഗള്‍ഫിലേക്ക് പോകുന്നു എന്ന് പറയാനായിരുന്നു. കൂടെ കല്യാണ നിശ്ചയം കഴിഞ്ഞ കൂട്ടുകാരന്‍ ഷെരീഫും വന്നു. ഒരാള്‍ പണം കിട്ടാന്‍ പോകുന്നു, മറ്റെയാള്‍ പെണ്ണു കെട്ടാന്‍ പോകുന്നു, രണ്ടും പോക്കു തന്നെയാ എന്ന് മാഷ് പറഞ്ഞു. മടങ്ങുമ്പോള്‍ ഷരീഫ് പറഞ്ഞു: ഇനി നമ്മളീ വീട്ടില്‍ വരാനിടയില്ലെടാ, മാഷ് വല്ലാതെ ക്ഷീണിച്ചിരുന്നു അപ്പോള്‍. പായസം തന്നാണ് അമ്മ അന്ന് സല്‍ക്കരിച്ചത്. അന്നാദ്യമായി മാഷ് മുറ്റത്തേക്കിറങ്ങി ഞങ്ങളെ യാത്രയാക്കി. റോഡിലേക്ക് തുറക്കുന്ന ഗൈറ്റിനരികില്‍ എത്തിയപ്പോള്‍ തിരിഞ്ഞു നോക്കി, ഞങ്ങള്‍ മടങ്ങുന്നത് നോക്കി മാഷ് നില്‍ക്കുന്നു. 

മാഷ് പോയീന്ന് ആദ്യം എസ്സെമ്മെസ്സ് അയച്ചത് ഡോ.യൂസുഫ് ആയിരുന്നു. ഉടനെ ഉറക്കം നിര്‍ത്തി ടി.വി തുറന്നു, അപ്പോള്‍ ചാനലുകളില്‍ മരണത്തിന്‍റെ തത്സമയ സംപ്രേഷണം. നാട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ സൂക്ഷിച്ചു വച്ച ആ കാസറ്റുകള്‍ ഉണ്ടല്ലോ വീട്ടില്‍ എന്നായിരുന്നു ഉള്ളിലെ ഒരു വെമ്പല്‍. വീട്ടിലെത്തി അലമാരയില്‍ അവ വച്ചിരുന്ന സ്ഥാനത്തു നോക്കിയപ്പോള്‍, അവിടെ ഉപ്പാന്‍റെ പയറ്റു കണക്കിന്‍റെ ബുക്കുകള്‍. വീട്ടില്‍ ടി.വി വന്നിരുന്നു. കാസറ്റുകളും ടേപ്പ് റിക്കാര്‍ഡറും കാലഹരണപ്പെട്ടിരുന്നു. പഴയ സാധങ്ങള്‍ക്ക് പകരം അടുക്കളപ്പാത്രങ്ങള്‍ തരാമെന്നു പറഞ്ഞു വന്ന അണ്ണാച്ചിക്ക് തൂക്കിവിറ്റവക്കൊപ്പം ആ കാസറ്റുകളും ഒഴിവാക്കി എന്ന് പെങ്ങള്‍ സന്തോഷത്തോടെ പറഞ്ഞു. പുസ്തകങ്ങള്‍ അവളവളുടെ പൊന്നു നോക്കുന്ന പോലെ കാത്തു വച്ച അവളെ ഞാനെന്തു പറയാനാണ്. പഴയ സാധനങ്ങള്‍ വീടിനും നാടിനും ബാധ്യതയാണ്. അവ ഒഴിവാക്കുന്നതാണ് നല്ലത്. പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വിലയേറിയതായിരുന്നല്ലോ മാഷും. 

മാഷമ്മാരുടെ ദിവസം ഓർമയിൽ ഒരു താമര വിരിഞ്ഞതാണ്.

ഉമ്പാച്ചി എന്ന പേരിൽ ബ്ലോഗിലൂടെ ശ്രദ്ധ നേടിയ കവി. തിരുവള്ളൂര്, ഉപ്പിലിട്ടത് എന്നീ കവിതാസമാഹാരങ്ങളും ഉറുദി എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു. അന്നയും റസൂലും അടക്കമുള്ള ചിത്രങ്ങളുടെ ഗാനരചയിതാവുമാണ്. വടകര-തിരുവള്ളൂർ സ്വദേശി. അബുദാബിയിൽ താമസം.