ഓർമകളുടെ അകാല മരണങ്ങൾ

ഒരിക്കലും
മറക്കില്ലെന്നെന്നോട്
വാക്ക് പറഞ്ഞവരാണ്
ഓർമകളുടെ ശ്മശാനത്തിൽ
നിന്നെന്നെ
ആദ്യമെടുത്തു
ദഹിപ്പിച്ചു കളഞ്ഞത്.

പിരിയില്ലൊരിക്കലുമീ
ജന്മമെന്ന്
കരം കവർന്ന്
മൊഴിഞ്ഞവരാണ്
എനിക്ക് ശവമഞ്ചമൊരുക്കാൻ
ധൃതി കൂട്ടിയത്..

‘ഓർമകൾക്ക് മരണമില്ലെന്നും’
‘മരിച്ചാലും മറക്കില്ലെന്നും’
വടിവൊത്ത
അക്ഷരങ്ങളാലെഴുതപ്പെട്ട
ഓട്ടോഗ്രാഫെൻ്റെ
നെഞ്ചകത്തേക്കുതിർക്കുന്നത്
ഒരു നൂറായിരം
വെടിയുണ്ടകളാണ്..

ചിതലരിച്ച സ്വപ്നങ്ങളെയിനി
തട്ടിക്കുടഞ്ഞെടുക്കുന്നത്
ആർക്കു വേണ്ടിയാണ്..
ബാക്കി വെച്ച മോഹങ്ങളെ
ചില്ലു കൂടാരത്തിലിട്ട്
താലോലിക്കുന്നതെന്തിനാണ്..
ഞാനുമിനി ശ്രമിക്കട്ടെ
വിസ്മൃതിയെ
തഴുകിത്തലോടാൻ..
ഇല്ലെങ്കിലിവയെല്ലാമോർത്ത്
ബാക്കിയായ സ്വപ്നങ്ങളുടെ
ഭാരവും കൂടി
ഒറ്റക്കു ചുമന്നു
തളരേണ്ടി വരും ഞാൻ..

ഓർമകൾക്ക്
മരണമില്ലെന്നാര് ചൊല്ലി..
അവക്കുമുണ്ട് മരണം,
സ്വാഭാവികമല്ല
അകാല മരണങ്ങൾ..

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ വിളയൂർ സ്വദേശി. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു.