കവിതകള്‍ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്ന ഒന്നായ് മാറിയിരിക്കുന്നു ഇന്നെന്ന് തോന്നുന്നുണ്ട് . കാരണം കവിതകള്‍ സംഭവിച്ചുപോയിരുന്ന കാലത്ത് നിന്നും കവിതകള്‍ ഉണ്ടാക്കുന്ന കാലത്തിലേക്ക് കവികള്‍ പരാവര്‍ത്തം ചെയ്യപ്പെട്ടിരിക്കുന്നതായി വായനകള്‍ ദ്യോതിപ്പിക്കുന്നു . പലപ്പോഴും കവിതകള്‍ വായിക്കാന്‍ തോന്നുക കവിതകള്‍ നല്‍കുന്ന താളമോ സൗന്ദര്യബോധമോ നോക്കിയല്ല . ആ കവിതകള്‍ക്ക് എന്തെങ്കിലും പറഞ്ഞു തരാന്‍ ഉണ്ടാകും എന്നൊരു ധാരണയിലാണ് . പക്ഷേ കാലദേശങ്ങളും ഭാഷയും ഒരുപാട് മാറിമറിഞ്ഞുവെങ്കിലും മാറ്റങ്ങളെ പരീക്ഷണമാക്കാന്‍ കവികള്‍ക്ക് ഇനിയും താത്പര്യമില്ല എന്നു തോന്നുന്നു . സോഷ്യല്‍ മീഡിയ നല്‍കുന്ന സേവനം ഇത്തരുണത്തില്‍ വിസ്മരിക്കാന്‍ കഴിയുകയില്ല . കാരണം കവിതകളുടെ വിവിധങ്ങളായ ലോകത്തെ അത് നല്കുന്നുണ്ട് . കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്ക് മേലെയായി ഫേസ് ബുക്ക് കവിതകളുടെ ഒരു വിശാലവും വ്യത്യസ്ഥതയും നിറഞ്ഞ ലോകം ആസ്വാദകര്‍ക്കായി തുറന്നിട്ടു തന്നിട്ട് . ബ്ലോഗുകള്‍ ജനപ്രീതിയില്‍ അത്രകണ്ട് മുന്നിലായിരുന്നില്ല എന്നതിനാല്‍ത്തന്നെ അതിനെ അറിയാനോ പരിചയപ്പെടാനോ അധികമാര്‍ക്കും അവസരവും ലഭിച്ചിരുന്നില്ല . തര്‍ജ്ജമകള്‍ മുതല്‍ പുതുപുത്തന്‍ പരീക്ഷണങ്ങളും ചര്‍ച്ചകളും വിവാദങ്ങളും വരെ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരിടമാണ് മുഖപുസ്തകം എന്നു പറയാന്‍ കഴിയും . സാഹിത്യ ചോരണവും പറ്റിക്കപ്പെടലുകളും ഒരുപാട് നടക്കുന്ന ഒരിടമാണ് ഇതെന്നുകൂടി പറയേണ്ടിവരും . നല്ല വരികള്‍ പ്രത്യേകിച്ചും പ്രണയം വിരഹം തുടങ്ങിയവ അടിച്ചു മാറ്റി സ്വന്തമാക്കുന്ന വിരുതുകള്‍ ഒത്തിരിയുണ്ടിവിടെ. അതുപോലെതന്നെ ഹിന്ദിയും സംസ്കൃതവും ഉറുദുവുമൊക്കെ അറിയുന്നവര്‍ അവയില്‍ നിന്നുമുള്ള കവിതകള്‍ , ഗസലുകള്‍ ഒക്കെ അതുപോലെ അടിച്ചുമാറ്റി സ്വന്തം പേരില്‍ കവിതകള്‍ ആക്കുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ടു . മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരായ ചിലര്‍ ഇത്തരം പ്രണയകവിതകളുടെ വരികളെ ഉറുദുവില്‍ നിന്നൊക്കെ മലയാളത്തിലേക്കു മൊഴിമാറ്റി സ്വന്തം വാൾ അലങ്കരിക്കുന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട് . കവിതാ ചോരണം അല്ല ഇവിടെ പറയാന്‍ ഉദ്ദേശിച്ച വിഷയം . ഇവിടെ പറയാന്‍ ശ്രമിക്കുന്നത് കവിതകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് . ഇത്തരം ഒരു ചിന്തയ്ക്ക് കാരണം എന്താകും എന്നതിനെ പറഞ്ഞിട്ടു അതിലേക്കു വരാം എന്നു കരുതുന്നു .
ശ്രീമതി ചിത്രാ മാധവന്റെ ഓളപ്പരപ്പിലെ മിന്നുന്ന പരല്‍മീനുകള്‍ എന്ന കവിത സമാഹാരം വായിക്കുകയുണ്ടായി . അന്‍പത്തൊന്നു കവിതകള്‍ അടങ്ങിയ ഈ പുസ്തകം ഹരിതം പബ്ലീഷെഴ്സ് ആണ് പുറത്തിറക്കിയിരിക്കുന്നത് . വി.കെ. ഷാജിയുടെ പഠനവും ജോര്‍ജ്ജ് ഓണക്കൂറിന്റെ ആശംസകളും അടങ്ങിയ ഈ പുസ്തകത്തിലെ കവിതകള്‍ സമ്മിശ്രങ്ങളായ കവിതാ വിഷയങ്ങളാല്‍ സമ്പുഷ്ടമാണ് . പ്രണയമില്ലാത്ത കവികളോ കവിതകളോ ഇല്ല എന്നതിനാല്‍ ഈ പുസ്തകത്തിലും പ്രണയം വിഷയമായ കവിതകള്‍ ഉണ്ട് . അതുപോലെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയും പ്രകൃതി വിഷയങ്ങളെക്കുറിച്ചും, പൊതുവിഷയങ്ങളിലും കവിതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് . ഓരോന്നായി എടുത്തുപറഞ്ഞുകൊണ്ടു ഒരു കവിതാ വിശകലനമോ പുസ്തക വിചാരമോ ചെയ്യുക ഭാരിച്ച പണിയായതിനാല്‍ അതിലേക്കു നീങ്ങുന്നില്ല . പ്രണയത്തിനെ ക്കുറിച്ചുള്ള കവിതകള്‍ എല്ലാം തന്നെ ശുഭസൂചകങ്ങളായ പരിഭവങ്ങളും ഓര്‍മ്മകളും മാത്രമാണു ഉള്ളത് . കരഞ്ഞു കണ്ണീരൊഴുക്കി അനുവാചകരെ കണ്ണീര്‍ സീരിയലുകളിലേക്ക് കൊണ്ട് പോകാന്‍ കവി ഉദ്ദേശിച്ചിരുന്നില്ല എന്നുള്ളത് വ്യക്തമാണ് അത്തരം കവിതകളില്‍ . പ്രണയവും രതിയും ഇഴകലര്‍ന്ന മനോഹരമായ സൌന്ദര്യലഹരിയാണ് പ്രണയത്തെ അടയാളപ്പെടുത്താന്‍ കവി ഉപയോഗിച്ച് കണ്ടത് . ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള കവിതകള്‍ ആണ് ഇനിയുള്ളത് . ഈ കവിതകള്‍ പെരുംബാവൂരിലെ ജിഷ , കാശ്മീരിലെ ക്വത്വയിലെ പെണ്കുട്ടി , ആദിവാസിയായ മധു , കരിമണല്‍ ഖനനം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള കടന്നുപോക്കാണ് ഇത്തരം കവിതകളില്‍ പ്രധാനമായും കാണാന്‍ കഴിഞ്ഞിട്ടുള്ളത് . ഒരു സ്ത്രീയുടെ ഭാഗത്ത് നിന്നുകൊണ്ടുള്ള വികാരവിക്ഷോഭങ്ങള്‍ , ഒരു മനുഷ്യനായി നിന്നുള്ള സഹജീവികളോടുള്ള സ്നേഹവും പ്രകൃതിയോടുള്ള കരുതലും ഒക്കെ ഇത്തരം കവിതകളില്‍ ദര്‍ശിക്കാന്‍ കഴിയും . പൊടുന്നനെയുണ്ടാകുന്ന രോക്ഷം കവിതകള്‍ കുറിക്കുവാന്‍ പ്രചോദനമാകുന്ന ഒരു അവസ്ഥയാണ് പൊതുവില്‍ സോഷ്യല്‍ മീഡിയ കവിതകളില്‍ കാണാന്‍ കഴിയുക . ഇതിന് ചിത്രാ മാധവനും ഒഴിവല്ല. അതൊരു കുറ്റമോ കുറവോ ആയിട്ടല്ല പറയുന്നതു പക്ഷേ അവിടെ സംഭവിക്കുന്ന ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കണം എന്നു തോന്നുന്നു . വികാരം വരികളില്‍ പ്രതിഫലിപ്പിക്കുമ്പോള്‍ വാക്കുകള്‍ കൈവശം വന്നുകിടന്നങ്ങു തിളച്ചു മറിയും അപ്പോള്‍ എഴുതുന്നതില്‍ കവിത നഷ്ടപ്പെടുകയും വികാരവിക്ഷോഭങ്ങളുടെ കുറച്ചു വരികള്‍ താളത്തിലോ അല്ലാതെയോ നിറയുകയും ചെയ്യും . പറയാനുള്ളത് പറഞ്ഞു എന്നല്ലാതെ അതില്‍ ഒരു കവിതയുടെ സാംഗത്യം ഉണ്ടാകുകയില്ല . ഈ ഒരു പ്രശ്നം കവിയില്‍ പ്രകടമായി കാണാന്‍ കഴിയുന്നുണ്ട്, പ്രത്യേകിച്ചും ആനുകാലിക വിഷയങ്ങളില്‍ കടന്നു കയറുമ്പോള്‍ . ഇതിനെ മാറ്റി നിര്‍ത്തിയാല്‍ ആ കവിതകള്‍ക്ക് കൂടുതല്‍ ഭംഗിയും തിളക്കവും സംഭവിച്ചേക്കാം . പൊതു വിഷയങ്ങളെ സംബന്ധിച്ചുള്ള കവിതകളില്‍ പൊതുവായി സംഭവിച്ചത് കുറച്ചു ഗൃഹാതുര കാഴ്ചകളെ വരച്ചിടാന്‍ കഴിഞ്ഞു എന്നുള്ളതാണ് . അച്ഛനോര്‍മ്മകളും ബാല്യ കൌമാര ചിന്തകളും ആദ്യമായി ഋതുവായ പെൺമനസ്സും തുടങ്ങി പല വിഷയങ്ങള്‍ അവിടെ വരുന്നുണ്ട് . ചിലയിടങ്ങളില്‍ ഉപമകളും ബിംബങ്ങളും കൊണ്ട് വരുമ്പോള്‍ കവി ഉദ്ദേശിച്ചത് വായനക്കാരന് അറിയാന്‍ കഴിയാതെ പോവുകയും അവയെ വ്യക്തത വരുത്തി അറിയുവാന്‍ കവിയെ തിരഞ്ഞു പോകേണ്ടിയും വരുന്ന ഒരു അവസ്ഥ ഒരു പുസ്തകത്തിനും ഉണ്ടാകേണ്ടുന്ന ഒരു ഗുണമായി തോന്നുന്നില്ല . ഈ വിഷയം കവികള്‍ എല്ലാവരും ശ്രദ്ധിയ്ക്കുക തന്നെ വേണം.
ഉണ്ടാക്കുന്ന കവിതകള്‍ എന്ന വിഷയം, ഈ കവിതകള്‍ വായിക്കുമ്പോള്‍ തോന്നാന്‍ കാരണം മേല്‍പ്പറഞ്ഞ സീസണ്‍ കവിതകള്‍ എഴുതുബോൾ ഉണ്ടാകുന്നതാണ് അതെന്നതിനാലാണ് . മുഖപുസ്തക കവികളില്‍ മിക്കവരും ഇത്തരം നിമിഷ വികാരങ്ങളെ കവിതകള്‍ ആക്കി അതിനു മുകളില്‍ അടയിരിക്കുന്നവര്‍ ആണ് . ഒരു ദുരന്തമോ ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമോ സംഭവിച്ചാല്‍ അതിനെക്കുറിച്ചുള്ള നൂറു കവിതകള്‍ സോഷ്യല്‍ മീഡിയയില്‍ വരുക സാധാരണ സംഭവമാണ് . ഒരു വാരം ആഘോഷിച്ചു വിടുന്ന കവിതകള്‍ ആണവ എന്നു പറയേണ്ടി വരും . കാരണം ഇക്കാലത്ത് വരുന്ന വാർത്തകള്‍ ഒന്നും തന്നെ ആദ്യം കേള്‍ക്കുന്നതാകില്ല കുറച്ചു കഴിയുമ്പോള്‍ കേള്‍ക്കുക . പക്ഷേ കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കാന്‍ ഓടുന്ന കവികള്‍ അപ്പോഴേക്കും കവിതകള്‍ എഴുതിക്കഴിഞ്ഞിരിക്കും . മാക്സിമം ലൈക്കും ഷെയറും കമന്റുകളും ലഭിക്കുക പറ്റിയാല്‍ ഒന്നു വൈറലായി കിട്ടുക ഇതാണല്ലോ ഇന്നത്തെ സോഷ്യല്‍ മീഡിയ കവിതകളുടെ മിക്കവയുടെയും ലക്ഷ്യം .
ഓളപ്പരപ്പിലെ മിന്നുന്ന പരല്‍മീനുകള്‍ കെട്ടിലും മട്ടിലും വളരെ നല്ല നിലവാരം പുലര്‍ത്തുന്ന ഒന്നായിരുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ് . ചിത്രാ മാധവന്‍ ഭാഷയെ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്ന ഒരാളായി അനുഭവപ്പെട്ടു . തന്‍മയത്തോടെ ഭാഷയുടെ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട് കവിതകളില്‍ . ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്ക്കർ പുരസ്കാരമടക്കം കുറച്ച് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ചിത്രാ മാധവന് ഇനിയും മലയാള ഭാഷയില്‍ കൂടുതല്‍ കവിതകള്‍ കയ്യടക്കത്തോടെയും കാവ്യഭംഗിയോടെയും സമ്മാനിക്കട്ടെ എന്നാശംസിക്കുന്നു . എഴുത്തിന്റെ ലോകത്ത് വികാരത്തെ വാക്കുകള്‍ ആയി വിവേകപൂര്‍വ്വം പ്രയോഗിക്കുന്നവര്‍ മാത്രമേ കാലത്തെ അതിജീവിക്കുകയുള്ളൂ എന്ന ലോകതത്ത്വം അറിയുന്നവരാകട്ടെ എല്ലാ കവികളും.
ഓളപ്പരപ്പിലെ മിന്നുന്ന പരല്‍മീനുകള്‍ (കവിത)
ചിത്രാ മാധവന്‍
ഹരിതകേരളം
വില : ₹ 120.00