മലയാള കാവ്യപാരമ്പര്യത്തിന് കവിതയുടെ ഊഷ്മളമായ നൈർമല്യം പകർന്ന് ഈണത്തിന്റെ രാഗലയം കവിതയിൽ ധ്വനിപ്പിച്ച് സംഗീത സാന്ദ്രമാക്കിയ മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി കുറുപ്പിന്റെ ആത്മാംശം നിറഞ്ഞ ‘പോക്കുവെയിൽ മണ്ണിൽ എഴുതിയത്’ എന്ന അനുഭവക്കുറിപ്പുകൾ അടങ്ങിയ പുസ്തകം അദ്ദേഹത്തിൻറെ കാവ്യ ജീവിതത്തെയും വ്യക്തിജീവിതത്തെയും വായനക്കാരന് അടുത്തറിയാൻ അവസരമാണ് നൽകുന്നത്.
കവിതയെ അറിയാൻ ശ്രമിച്ചു തുടങ്ങിയ കാലത്ത് ഞാൻ ഒ.എൻ. വി യുടെ രചനകളിലെ കാവ്യാത്മകതയും വീക്ഷണതലവും ആഖ്യാനശൈലിയും ആദരവോടെ നോക്കി കണ്ടു. ഇന്ന് ഈ പുസ്തക വായനാനന്തരം ഒ എൻ വി എന്ന നന്മയുള്ള മനുഷ്യനോടുള്ള ആദരവ് എത്ര മടങ്ങാണ് വർദ്ധിച്ചു വരുന്നത് എന്ന് ചിന്തിക്കുമ്പോൾ മാനവികതയുടെ കവിക്ക് ആത്മപ്രണാമം.
25 -തലക്കെട്ടുകൾക്കുള്ളിൽ ആയി ജീവിതത്തിൻറെ പല മുഹൂർത്തങ്ങളെ സ്മരിച്ച് എഴുതുകയാണ് ഈ പുസ്തകത്തിൽ കവി. തന്റെ പിതാവിനെ കുറിച്ച് ഓർക്കുമ്പോൾ അകമഴിഞ്ഞ സ്നേഹവും ഏറിയ ബഹുമാനവും ഉള്ള ഒരു മകൻറെ ചിത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. ഓർക്കാപ്പുറത്ത് പടികയറി വരുന്ന അസുഖങ്ങളിൽ നിന്നും മാറാരോഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്ന വൈദ്യനെ ദൈവത്തിന് തൊട്ടടുത്ത സ്ഥാനം നൽകി ആരാധിച്ചിരുന്ന ആ കാലത്ത് അങ്ങനെയൊരു ആദരവ് നേടാൻ കഴിഞ്ഞ ഒരാളിന്റെ മകനായി ജനിച്ചതിൽ അഭിമാനിക്കുന്ന കവി.
വീടിന് പിന്നിൽ സമൃദ്ധമായി വളർന്ന ഔഷധസസ്യങ്ങളെ തൊട്ടും തലോടിയും അച്ഛന്റെ നടത്തത്തിനൊപ്പം കൂട്ടുപോകുന്ന മകൻ. പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതിന്റെ തുടക്കം അഭിമാനപൂർവ്വം ഓർത്ത് വെക്കുന്ന കവി. 8 വയസ്സ് തികയും മുമ്പ് അതിഭീകരവും അനിവാര്യവുമായ മരണമെന്ന മഹാസത്യത്തിനു മുമ്പിൽ നിസ്സഹായനായി നിൽക്കേണ്ടിവന്ന മകൻ. അച്ഛനെ ആദരവോടെ നോക്കി കണ്ടിരുന്നവർ മരണാനന്തരം പിതാവിൻറെ ബാധ്യതകൾ കാരണം ആ കുടുംബത്തെ പുച്ഛിച്ച ജനതയ്ക്ക് നേരെ ഒ.എൻ.വി യുടെ ബാല്യ മനസ്സിൽ ഇരമ്പലായി തിരയടിച്ച ഉറച്ച തീരുമാനത്തിന്റെ മുഴങ്ങുന്ന ശബ്ദം വളരെ വലുതായി എനിക്ക് തോന്നി.
തന്നെക്കാളും തന്റെ മക്കളെക്കാളും മറ്റാരെക്കാളും അറിയപ്പെടുന്നവനായിട്ട് നല്ലവനായിട്ട് ആളുകൾ ഇഷ്ടപ്പെടുന്നവൻ ആയിട്ട് ഞാൻ ഇവിടെ വളരും. അതൊരു വല്ലാത്ത വീറും വീര്യവും പകർന്ന് ഒ.എൻ.വി എന്ന പ്രതിഭയുടെ വളർച്ചയിലേക്കുള്ള തുടക്കമായി മാറുകയായിരുന്നു. മലയാളത്തിൽ വിദ്യാരംഭം നടത്തിയത് അച്ഛൻ തന്നെയായിരുന്നു ദേവനാഗരി ലിപി എഴുതാൻ പഠിപ്പിച്ച്. അതിനപ്പുറം പഠിപ്പിക്കാൻ പിതാവിനോട് അകമഴിഞ്ഞ ആദരവുള്ള രണ്ട് ട്യൂട്ടർ മാരെ ഏർപ്പാടാക്കി. ഇങ്ങനെ ഓർത്തെടുത്ത് കുറിക്കുന്ന കവിയെ കണ്ടപ്പോൾ അച്ഛൻ എന്ന സ്നേഹത്തിന്റെ അണയാത്ത ജ്വാലയാണ് ഒഎൻവിയെ തലകുനിക്കാതെ മുന്നോട്ട് നടത്തിയത് എന്ന് തിരിച്ചറിയാൻ സാധിച്ചപ്പോൾ മനസ്സ് നീറ്റലോടെ ആണെങ്കിലും അഭിമാനത്തോടെ വായിക്കാൻ തോന്നി.
ആത്മശമുള്ള രചനകൾ പലപ്പോഴും ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ ആയാണ് എനിക്ക് തോന്നാറ്. ഈ ഒരു പുസ്തകവും പല സന്ദർഭങ്ങളിലായി എനിക്ക് അങ്ങനെ അനുഭവപ്പെട്ടു. കാലവും ദേശവും ചരിത്രവും അടയാളപ്പെടുത്തുന്ന രചനകൾ മഹത്തരം എന്ന് പറയാതെ വയ്യ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ അർത്ഥത്തിൽ കൂടെ വായിക്കുമ്പോൾ ഈ സൃഷ്ടിക്ക് മുന്നിൽ കൂപ്പുകൈ നൽകാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഹൃദയത്തിൻറെ ഭാഷയിൽ കോറിയിട്ട കാവ്യം പോലുള്ള ഈ രചനയ്ക്ക് .
കേരളത്തെ മുഴുവൻ കണ്ണീരിൽ ആഴ്ത്തിക്കൊണ്ട് ചങ്ങമ്പുഴ മരണമടഞ്ഞതിനെ കവിയോർക്കുമ്പോൾ പി ഭാസ്കരനും വയലാറും ഒഎൻവിയും ഉൾപ്പെട്ട ചെറുപ്പക്കാരായ ആ തലമുറയിലെ കവികൾ ചങ്ങമ്പുഴയുടെ കലശലായ സ്വാധീനത്തിന് വിധേയരായിരുന്നു എന്ന് അടയാളപ്പെടുത്തിയത് കാണുമ്പോഴും ചങ്ങമ്പുഴയെ കുറിച്ച് ഒ.എൻ.വി കവിതകൾ എഴുതി വാരികകളിൽ പ്രസിദ്ധീകരിച്ചതും വായിച്ചപ്പോൾ മലയാള കവിതയെ ചങ്ങമ്പുഴയുടെ കാവ്യവിപഞ്ചികയെ ഓർത്ത് എൻ്റെ ഹൃദയം വിങ്ങിയപ്പോൾ പുരോഗമന സാഹിത്യ സമ്മേളനത്തിൽ ചങ്ങമ്പുഴയുടെ പേരിൽ നടത്തിയ കവിതാരചനയിൽ ഒ എൻ വി മെഡലിന് അർഹനായത് അറിയുമ്പോൾ എന്നിലെ വായനക്കാരി ആനന്ദവതി ആവുകയായിരുന്നു.
കലാലയ ജീവിതത്തിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ കവിയെഴുതി വെച്ചത് കണ്ടപ്പോൾ ഒരു രാഷ്ട്രീയ നേതാവിന്റെ കരുത്തുറ്റ സംഘടന മികവും ദിശാബോധവും ആണ് എനിക്ക് കാണാൻ കഴിഞ്ഞത്. എസ് എൻ കോളേജ് യൂണിയൻ, പാർലമെൻറ് പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള ആഗ്രഹവും എന്നാൽ എ കെ ജി കൊല്ലത്ത് പ്രസംഗിക്കുന്നതിനും നാലാൾ കൂടുന്നിടത്ത് പ്രത്യക്ഷപ്പെടുന്നതിനും കൂടെ നിരോധനാജ്ഞ പുറപ്പെടുവിച്ച സമയത്ത് ഏതെങ്കിലും ഒരു വലിയ ഹോസ്റ്റലിലെ മുൻ വാതിൽ അടച്ച് അവിടത്തെ ഹാളിൽ വെച്ച് കഴിയുന്നത്ര വിദ്യാർഥികളെ കാണാനുള്ള ആസൂത്രണം എ കെ ജി തന്നെ നിർദ്ദേശിച്ചതിനെ തുടർന്ന് നടപ്പിലാക്കിയപ്പോൾ ആൺകുട്ടികളും ഒട്ടേറെ പെൺകുട്ടികളും കാത്തിരിക്കുന്ന കാഴ്ച എ കെ ജിയെ വികാരഭരിതനാക്കിയത് രേഖപ്പെടുത്തുമ്പോൾ ഇതിൻെറ പരിണിതഫലമായി പരീക്ഷാ സമയം ഒ എൻ വിയുടെ ഹാൾടിക്കറ്റ് മാനേജ്മെന്റ് പിടിച്ച വച്ചതിൽ പ്രശ്നപരിഹാരം ഉണ്ടായെങ്കിലും ബിരുദാനന്തരബിരുദം പഠിക്കാൻ യൂണിവേഴ്സിറ്റി കോളേജിൽ വിലക്കായി മാറിയതും അമ്പരപ്പോടെ വായിച്ചു പോകാനേ എനിക്ക് കഴിഞ്ഞുള്ളൂ. ഈ വർഷം പഠനം തുടരാൻ സാധ്യമായില്ലെങ്കിലും വരുംവർഷം ഇഷ്ടകലാലയത്തിൽ തന്നെ പഠിക്കുമെന്ന് ഉറച്ച തീരുമാനത്തോടെ തല ഉയർത്തി നിന്ന കവിയെ കണ്ടപ്പോൾ എനിക്ക് അഭിമാനവും തോന്നി.
ഈ ഇടവേളയിൽ യഥാർത്ഥത്തിൽ കെ പി എസി യുടെ നാടകങ്ങളിലേക്ക് ഒ എൻ വി വല്ലാതെ അടുക്കുകയായിരുന്നു. കവിയുടെ ബന്ധുവിന്റെ തറവാട്ട് വീട്ടുമുറ്റത്ത് നാടക റിഹേഴ്സലിന്റെ പന്തൽ ഉയർന്നപ്പോൾ എല്ലാ ഒരുക്കങ്ങൾക്കും ശേഷം ഏത് നാടകം കളിക്കണമെന്ന് ആലോചനയിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് ഏകകണ്ഠമായി തീരുമാനിച്ചപ്പോൾ, ഒന്നാമത്തെ ഈ നാടകത്തിൽ തന്നെ പാട്ടെഴുതാൻ കവിയോട് ആവശ്യപ്പെടുകയായിരുന്നു. ഗാനരചനയുടെ മേഖലയിലേക്കുള്ള ചുവടുവെപ്പിന്റെ അലയൊലികൾ വായിച്ചപ്പോൾ മലയാള ചലച്ചിത്രത്തിലെയും നാടകങ്ങളിലും ശ്രുതി മധുരമായ ഒ എൻ വി യുടെ കവിത്വമുള്ള വരികൾ ഒന്നൊന്നായി എന്റെ മനസ്സിലേക്ക് കടന്നു വന്നപ്പോൾ എന്നിൽ ആത്മഹർഷം നിറഞ്ഞു.
പിന്നീട് മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായി ആഗ്രഹിച്ച കോളേജിൽ പഠനം തുടരുകയും ഒടുവിൽ കോളേജ് അധ്യാപകനായി മാറിയ കവി തന്റെ കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകനായി മാറുന്നത് കണ്ടപ്പോൾ ഒ എൻ വി എന്ന ഗുരുനാഥനോട് ബഹുമാനം ഏറുകയായിരുന്നു എനിക്കും.
ഒരു കവിക്ക് ലോകം നൽകുന്ന സ്നേഹവായിപ്പ് വളരെ വലുതാണെന്ന് എനിക്ക് പലപ്പോഴായി തോന്നിയിട്ടുണ്ട്. അത് ഒന്നുകൂടി എന്നിൽ തെളിഞ്ഞു സ്ഫുരണമായ് നിറയുകയായിരുന്നു ഈ വായനയിലൂടെ.
മലയാള കവി എന്ന നിലയിൽ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒ.എൻ.വി സഞ്ചരിച്ചപ്പോൾ ഉണ്ടായ ഓരോ അനുഭവങ്ങളും നിറച്ചാർത്തോടെ കവി വർണ്ണിക്കുന്നത് അറിയുമ്പോൾ.
ബോംബെയിൽ വെച്ച് നടന്ന ഈപ്റ്റ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെ ഇവർക്ക് അരികിലേക്ക് കലാപരിപാടികൾ റിപ്പോർട്ട് ചെയ്യുന്ന ഒരു പത്രപ്രവർത്തകൻ എത്തുമായിരുന്നു. ഡേവിഡ് കോഹൻ. ജന്മനാ യഹൂദനായ ഒരു യുവാവ്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ചത് അനുസരിച്ച് ലോകസമാധാന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളുമായി ബോംബയിൽ കുറെ നാളായി താമസിക്കുന്ന അദ്ദേഹം ഒരു കവിയാണെന്ന് സത്യം ഒ എൻ വി തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ രചനയിൽ ഉള്ള മനോഹാരിത പരസ്പരം ബന്ധങ്ങളുടെ ഇഴയടുപ്പം വർദ്ധിപ്പിക്കുകയായിരുന്നു. ഒരു ദിവസം ഒ എൻ വി അദ്ദേഹത്തോട് താങ്കൾ ഒരു പെൺകുട്ടിയുമായി സ്നേഹത്തിലാണെന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കുമോ എന്ന് ചോദ്യത്തിന് ഒരു കവിക്ക് മറ്റൊരാളുടെ മനസ്സു വായിക്കാൻ കഴിയുമെന്ന മറുപടി പറഞ്ഞ് യാത്ര പറയേണ്ട അനിവാര്യ ദിനത്തിൽ ഇരുവരും പിരിഞ്ഞപ്പോൾ വർഷങ്ങൾക്കുശേഷം ലണ്ടനിൽ ഹൈഗേറ്റ് സെമിത്തേരിയിൽ സന്ദർശിച്ചപ്പോൾ കാൾ മാർക്സിന്റെ ശവകുടീരത്തിനു സമീപം തികച്ചും ആകസ്മികമായി മാർബിൾ ഫലകത്തിൽ കൊത്തിവെച്ച വാക്യം ‘In memory of a dear comrade David Cohen. ബോംബെയിൽ ജോലി നോക്കിയ യഹൂദ പെൺകുട്ടിയോട് കലശമായ പ്രണയമായിരുന്നു പക്ഷേ അവൾ വിശ്വസ്ത ആയിരുന്നില്ല. കോഹൻ ദുഃഖിതനായിട്ടാണ് മടങ്ങിയത്. ആ സന്ദർഭത്തിലെ വേദനയുടെ ആഴം ഒ എൻ വി കുറച്ചിട്ടത് കണ്ടപ്പോൾ സൗഹൃദത്തിനും വ്യക്തിബന്ധങ്ങൾക്കും കവി നൽകിയിരിക്കുന്ന മൂല്യം അനുഭവ വേദ്യമാവുകയായിരുന്നു എനിക്ക്.
വിവിധ ഇന്ത്യൻ ഭാഷകളിലെ കവികളുടെ സമ്മേളനം റിപ്പബ്ലിക് ദിന തലേന്ന് ദില്ലിയിൽ സംഘടിപ്പിക്കുന്നത് ആകാശവാണി തുടങ്ങിവച്ചപ്പോൾ മലയാളത്തിന്റെ പ്രതിനിധിയായി ജി ശങ്കരക്കുറുപ്പ് പങ്കെടുത്തത് റേഡിയോയിലൂടെ ആസ്വദിച്ച് കേട്ടിരുന്ന ഒ എൻ വി വർഷങ്ങൾക്കിപ്പുറം ആ കവിസമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചപ്പോൾ ആ കവിഹൃദയം അനുഭവിച്ച ആഹ്ലാദം വായിച്ചറിയുമ്പോൾ എന്നിൽ ഹർഷവായിപ്പ് നിറയുകയായിരുന്നു.
ഭോപ്പാലിൽ ഇന്ത്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാരുടെ സംഗമത്തിന് കളം ഒരുക്കുന്ന ഭാരത് ഭവനിൽ സ്വന്തം കവിതകൾ അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ച് ഒ എൻ വി പോയപ്പോൾ ഉജ്ജയിനിയിലേക്ക് യാത്രയായ വേളയിൽ കാളിദാസൻ തന്റെ മേഘസന്ദേശത്തിൽ വിശേഷിപ്പിച്ചിട്ടുള്ള ശിപ്രാ നദിയുടെ തീരത്തെ ഉജ്ജയിനി സൗന്ദര്യത്തിന്റെ നഗരം . ശിപ്രയിലെ തെളിനീരിന്റെ ശുദ്ധി നഷ്ടപ്പെടാതെ നാട്ടുകാർ സൂക്ഷിക്കുമ്പോൾ പേരാറിന്റെയും പെരിയാറിന്റെയും പുണ്യം പറയുകയും നിരന്തരം മലിനമാക്കി കൊണ്ടിരിക്കുന്നതും ഓർത്ത് ദുഃഖിതനായ കവി യാത്രാനന്തരം ചില വരികൾ കൂടി എഴുതിച്ചേർത്ത് ഉജ്ജയിനി എന്ന ഒ എൻ വിയുടെ മഹത്തായ കാവ്യസൃഷ്ടി പൂർത്തീകരിച്ചത് വായിക്കുമ്പോൾ ഹൃദയനന്ദം ആയിരുന്നു എന്നിലെ വായനക്കാരിക്ക്.
ഒരു ജനത മറ്റൊരു ജനതയെ കീഴടക്കുമ്പോൾ അദൃശ്യവും എന്നാൽ അതിശക്തവുമായ ഒരായുധമായി പ്രവർത്തിക്കുന്നത് കീഴ്പ്പെടുത്തുന്നവരുടെ ഭാഷയാണ് എന്ന് ഓർക്കുന്ന കവി ഒ എൻ വി സഹജമായ ശാരദ ലിപി മാറ്റി പകരം വേർഷൻ ലിപി സ്വീകരിച്ചതോടെ കാശ്മീരി ഭാഷയ്കുണ്ടായ അപചയത്തെപ്പറ്റി കാശ്മീരി സാഹിത്യകാരനായ ഡോക്ടർ റാഫി പറഞ്ഞത് ചിന്തിക്കുമ്പോൾ
മലയാളം ശ്രേഷ്ഠഭാഷാ പദവിയിലേക്ക് കൊണ്ടുപോകാൻ പ്രവർത്തിച്ച ഭാഷാ സ്നേഹിയായ കവി ഒ.എൻ.വിയുടെ പ്രവർത്തനങ്ങളിലെ അടയാളപ്പെടുത്തലുകൾ ഭാഷ സ്നേഹിയായ എന്നിൽ ഭാഷയുടെ പൈതൃകത്തിന്റെ മഹനീയത അനന്തമായ വേരുകളുടെ ചില്ലകളായി പടരുമ്പോൾ ആത്മനിർവതി അല്ലാതെ മറ്റ് എന്താണ് എന്നിൽ എന്ന് ആനന്ദപൂർവ്വം ചിന്തിക്കുമ്പോൾ എല്ലാം ഒന്നെന്ന സങ്കൽപ്പത്തിന്റെ മാസ്മരികമായ താളം വായനയുടെ രാഗലയതാളമായി എന്നിൽ മാറുകയും ചെയ്യുന്നു. ഏഴു “കടലെന്നൊക്കെ നാം പറയുകയും പാടുകയും ചെയ്താലും കടൽ ഒന്നേയുള്ളൂ മനുഷ്യരാശിയും ഒരേ കടലാണ്. ഭാഷകളും ഒരേ കടലിന്റെ സ്വരഭേദങ്ങളാണ്” എന്തുമാത്രം താത്വികമായ ചിന്തകൾക്കിടം നൽകേണ്ടുന്ന വാക്യങ്ങൾ ആണിത്.
ഒഎൻവി എന്ന മലയാള കാവ്യസപരിയുടെ ആത്മകഥയായ പോക്കുവയിൽ മണ്ണിനെഴുതിയത് ചിന്താ പ്രസാദനം ചെയ്ത പുസ്തകം ഓർമ്മ കുറിപ്പുകളിൽ ജീവസുറ്റ അക്ഷരങ്ങളുടെ തുടിക്കുന്ന സ്മരണകളായി ഞാൻ അനുഭവവേദ്യമായി അറിഞ്ഞപ്പോൾ അനുബന്ധമായി കേരള സർവ്വകലാശാലയുടെ ഓണററി ഡിലീറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗം 2007ലെ എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണം ജ്ഞാനപീഠം പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണം ഇവയും വായിച്ചു കഴിഞ്ഞപ്പോൾ ഒ.എൻ വി കുറുപ്പ് എന്ന അനന്തമായ കാവ്യ നഭസിന്റെ ജീവിതത്തിലുടനീളം സഞ്ചരിക്കാനായി ഒന്ന് ശ്രമിക്കാൻ ചിറകുവിടർത്തുന്നവളായി മാറുമ്പോൾ മനസ്സിലാക്കുന്നതിലും ഏറെയാണ് മനസ്സിലാക്കുവാൻ എന്ന സത്യം അറിയുമ്പോൾ ഈ കാവ്യ സമ്പന്നതയ്ക്ക് നന്മയുള്ള മനുഷ്യനെ അകമഴിഞ്ഞ ഹൃദയാദരവോടെ കൂപ്പുകൈ.