ഒഹാക്കയിലെ വയലറ്റ് പൂക്കൾ

“ഓഹ്… യുവാന… പ്രിയപ്പെട്ടവളെ, നീ നിന്റെ ചുണ്ടുകൾ എനിക്ക് നൽകി പോകുക, അവ എന്നെ നിന്റെ ചുംബനങ്ങൾ മാത്രമല്ല, നിനക്കെന്നോടുള്ള ഭ്രാന്തമായ ഇഷ്ടത്തെയും ഓർമ്മിപ്പിക്കുന്നു. പ്രിയപ്പെട്ടവളെ നീ പടിയിറങ്ങിപ്പോകുന്നത് പൂന്തോട്ടം ഉപേക്ഷിച്ചു വസന്തം ഒഴിഞ്ഞു പോവും പോലെയാണ്. ശിശിരങ്ങൾ എന്റെ ഹൃദയത്തെ മരവിപ്പിക്കുന്നു. ഇല കൊഴിഞ്ഞ മേപ്പിൾ മരമാകുന്നു ഞാൻ. പ്രിയപ്പെട്ടവളെ നീ എന്നെ നോവുന്ന പ്രണയത്തിന്റെ കാവൽക്കാരനാക്കാതിരിക്കുക.”

ആ കുന്നിൻ ചെരുവിലെ പാറക്കല്ലിൽ ഇരുന്നു ഫാബിയോ എഴുതികൊണ്ടേ ഇരുന്നു. മുന്നിൽ അവന്റെ കാർ കിടപ്പുണ്ട്. കാർ എന്നു പറയാൻ മാത്രം അതിന് മോടിയൊട്ടും ഇല്ലായിരുന്നു. പെയിന്റ് ഇളകിയതും ഏറെ പഴകിയതും ആയിരുന്നു അത്. എങ്കിലും അത് അവന്റെ സന്തത സഹചാരി ആയിരുന്നു. അവന്റെ കൃഷിക്കുള്ള സാധനങ്ങൾ എത്തിക്കുന്നതും പട്ടണത്തിലേക്ക് പച്ചക്കറികൾ കൊണ്ട് പോകുന്നതും അതിലാണ്.

ആ കുന്നിൻ ചെരുവിൽ അസ്തമയം ചുവപ്പ് വിരിച്ചു തുടങ്ങി. കഴുതകളുടെ പുറത്ത് വിറകു കെട്ടും സാധനങ്ങളുമായി ആളുകൾ കുന്നിൻ ചെരിവ് കയറി വന്നു കൊണ്ടിരിക്കുന്നു. ചെങ്കുത്തായ കയറ്റം കയറി വരുന്ന ആ കൂട്ടത്തിൽ അവന്റെ അമ്മ അഡോണിയയും ഉണ്ടായിരുന്നു.

അമ്മയെ കണ്ടതും അവൻ കണ്ണീരുണങ്ങിയ കവിൾത്തടം തുടച്ചു തന്റെ കയ്യിലെ വലിയ വട്ടത്തൊപ്പി തലയിൽ വെച്ചു. അരയിലെ ബെൽറ്റ്‌ ഒന്നൂടെ മുറുക്കി അമ്മയ്ക്കരികിലേക്ക് ഓടി.

“നാളെ മുതൽ മുഴുവൻ സമയവും നീ പോകണം വയലിലേക്ക്. ഇനി എനിക്കാവില്ല ഈ ആരോഗ്യം വെച്ചു ജോലിക്ക്.”

അവന്റെ കൈയ്യിലേക്ക് കൃഷി സാധനങ്ങൾ കൊടുത്തുകൊണ്ട്, ക്ഷീണിച്ച ചിലമ്പിച്ച ശബ്ദത്തോടെ അമ്മ പറഞ്ഞു

മെലിഞ്ഞുണങ്ങിയ ആ വെളുത്ത ദേഹത്ത് വിയർപ്പ് തുള്ളികൾ ഏതോ കാറ്റിനെ പ്രതീക്ഷിക്കും പോലെ തോന്നി. അമ്മയുടെ കൈ പിടിച്ചു അവൻ ആ കയറ്റം കയറിക്കൊണ്ടിരുന്നു.

പോവണം, ഭാരങ്ങൾ ഏൽക്കണം. അതിനു മുൻപ് യുവാനയെ, അവളെ ഒരു വട്ടം കൂടി കാണണം. അവൻ ഓർത്തു.

പുലർച്ചെ തന്റെ കാറിലേക്ക് പച്ചക്കറികൾ ഒക്കെ എടുത്തു വെച്ചു ഫാബിയോ. ഓർമ്മകൾ പേറിയ ചിന്തകൾ അവന്റെ പ്രവൃത്തികളെ യാന്ത്രികമാക്കിക്കൊണ്ടിരുന്നു.

“ഏയ്, ഫാബിയോ നീ മാർക്കറ്റിൽ പോവുകയാണോ.വരുമ്പോൾ അൽപ്പം വൈൻ വാങ്ങി വരണം.”

കാതറിൻ, കളിക്കൂട്ടുകാരി. അവളുടെ പപ്പയ്ക്ക് വൈൻ എത്ര കഴിച്ചാലും മതിയാവില്ല.

അവൻ ശരിയെന്ന് തലയാട്ടി. അവന്റെ ഉദാസീനത കാതറിനെ ഒട്ടൊന്നു അമ്പരപ്പിച്ചു.

അവൻ കാറിലേക്ക് കയറി. അവിടെ സീറ്റിൽ ഇന്നലെ എഴുതി നിറച്ച ഡയറി ചുവപ്പ് പട്ടുതുണിയിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്. ഒരു നിശ്വാസം അവനിൽ നിന്ന് അടർന്ന് വീണു. ചെങ്കുത്തായ ആ ഇറക്കം ഇറങ്ങി കാർ ആ മണ്ണിട്ട റോഡിലേക്ക് കയറി. ചുറ്റും പലതരം പൂക്കൾ വിടർന്നു നിൽക്കുന്നു. മലഞ്ചേരുവിന് താഴെ നദിയൊഴുകുന്നു. ആ നദിയുടെ അവസാനം ഒരു കടൽ ഉണ്ടാകും. എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടപ്പുണ്ട്. പക്ഷേ എന്നിട്ടും ഞാൻ മാത്രം എന്തേ എന്റെ പ്രിയപ്പെട്ടവളെ നഷ്ടപെട്ടവനായി. ആരോടെന്നില്ലാത്ത ഒരു പിറുപിറുക്കൽ അവന്റെ ചുണ്ടിൽ തലനീട്ടി വന്നുപോയ്ക്കൊണ്ടിരുന്നു.

മണ്ണിട്ട റോഡ് ചെന്നു ചേർന്നത് കരിങ്കല്ലുകൾ പാകിയ മറ്റൊരു റോഡിലേക്കായിരുന്നു. മെക്സിക്കോയിലെ ഏറ്റവും മനോഹരമായ സ്റ്റേറ്റ് ആണ് ​ ഒഹാക്ക. വഴിയോരങ്ങളിൽ പല വർണ്ണങ്ങളിൽ ഉള്ള വീടുകൾ ആണ് ഏറ്റവും ഭംഗി. പട്ടണം എന്നും ഫാബിയോയെ കൊതിപ്പിച്ചിട്ടുണ്ട്. എത്രയോ തവണ യുവാനയെയും കൂട്ടി സ്വപ്നങ്ങളിൽ അവൻ ഈ വഴി വന്നിട്ടുണ്ട്.

ആദ്യമായി അന്ന് അവൻ അവന്റെ പ്രണയം അവളിലേക്ക് പകർന്നപ്പോൾ, ഒരു ദീർഘ ചുംബനത്തിന് ശേഷം അവൻ അവൾക്ക് ഒഹാക്കയിലെ നെയ്ത്തുശാലയിൽ നിന്നുള്ള ചുവന്ന പട്ട് കഴുത്തിലൂടെ ചുറ്റി ഇട്ടു കൊടുത്തു. അതു നെഞ്ചോട് ചേർത്തു അവന്റെ ചുമലിൽ തലച്ചായ്ച്ചു അവൾ പ്രണയപൂർവ്വം പറഞ്ഞു.

“ഓഹ് ഫാബിയോ… പ്രിയപ്പെട്ടവനെ എന്റെ ഹൃദയം ഞാൻ ഇതിൽ സൂക്ഷിക്കുന്നു. എന്നെങ്കിലും ഒരുനാൾ നിനക്ക് ഞാൻ നഷ്ടമാകുമ്പോൾ ഇതു നിന്റെ കൈകളിൽ തിരികെയെത്തും. എന്റെ ഓർമ്മകൾ ഇതിൽ ഇഴകൾ ആകും.”

“എനിക്ക് നീ നഷ്ടമാവില്ല യുവാന… നമ്മൾ ഈ ഒഹാക്കയിലെ വർണ്ണ കുടിലിൽ ഒരു സ്വർഗ്ഗം പണിയും.അവിടെ എന്റെ പ്രണയം നിന്നിലൂടെ തളിർക്കും. നഷ്ടപെടലുകളുടെ ആധികളെ നമ്മുക്ക് മറക്കാം. വരൂ നമ്മുക്ക് സ്വപ്നങ്ങളെ നെയ്തുകൂട്ടാം.”

അവൻ അവളെ തന്നോട് ചേർത്തു പിടിച്ചു കാതരമായി പറഞ്ഞു.

ഓർമ്മകളിൽ ഉഴറിയ ഫാബിയോ ആക്സിലേറ്റർ ആഞ്ഞു ചവിട്ടി, വണ്ടി ഓർമ്മകൾ പോലെ കുതിച്ചു കൊണ്ടിരുന്നു.

ഡ്രൈവിംഗ് സീറ്റിനടുത്തായി അപ്പോൾ ചുവപ്പ് പട്ടു ഫാബിയോയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

അവൻ പോകുന്ന വഴിയിൽ ചന്തയിലെത്തുന്നതിന് മുന്നേയുള്ള ഒരു വളവുണ്ട്. ആ വളവിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് താഴ് വരയിലെ ചന്തയിലേക്ക് ചെറിയ ഇറക്കമാണ്. ഇടത്തേക്ക് തിരിഞ്ഞാൽ ഇരുവശവും ഹൈഡ്രേജ്യ പൂക്കൾ കാടുപിടിച്ചുകിടക്കുന്ന ചെറിയ കയറ്റം. ആൽപ്സിൽ നിന്നു കൊണ്ടുവന്നതാണെന്ന് തോന്നുന്നത്ര കരിമ്പച്ച നിറമുള്ള പാറക്കല്ലുകൾ പാകിയ മൂന്നു വളവുകൾ ചെന്ന് അവസാനിക്കുന്നത് ചുട്ടെടുത്ത ഓട്ടുകല്ലുകൾ നിരത്തിയ വീതികൂടിയ വഴിയിലേക്കാണ്. അത് ചെന്നവസാനിക്കുന്നത് ഏതുനേരവും മഞ്ഞിൽ മറഞ്ഞുനിൽക്കുന്ന ചാപ്പലിൻറെ മുന്നിലേക്കും.

ഫായിയോയുടുടെ കാർ വലത്തേക്ക് തിരയുന്നതിന് മുന്നേ പത്തിരുപത് പേരുടെ ഒരു സംഘം എതിർ ദിശയിൽ വഴി നിറഞ്ഞു കടന്നുവന്നു. കുന്തിരിക്കത്തൊട്ടി തൂക്കിയാട്ടി അവിടെമാകെ പുകകൊണ്ട് സുഗന്ധപൂരിതമാക്കി അവർ ഇടത്തേക്കുള്ള വഴിയിലേക്ക് പ്രവേശിച്ചു. അവർക്ക് പോകാനായി അവൻ തന്റെ കാർ അരികിലേക്ക് മാറ്റി നിർത്തി.

പ്രാർത്ഥനാ വചനങ്ങൾ ചൊല്ലികടന്നുപോകുന്ന അവരുടെ പിന്നാലേ വലിയ സൈക്കിൾ ചക്രങ്ങളിൽ ഉപ്പിച്ച ഒരു ശവമഞ്ചം ഉണ്ടായിരുന്നു. വെളുത്ത കൈയ്യുറ ധരിപ്പിച്ച് അതിൽ തിരുകിവച്ച കാട്ടുള്ളിപൂക്കളുമായി ആരോ ഈ ഭൂമിക്ക് മുകളിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുൻപുള്ള അവസാന സമയം. അത് കാണെക്കാണെ മനസിൽ വല്ലാത്ത ഒരു ശൂന്യത വന്നുനിറയുന്നതായി ഫാബിയോക്ക് തോന്നി.

ഗിയർ ലിവർ ചലിപ്പിച്ച് പതിയെ വാഹനം മുന്നോട്ടെടുത്ത് സ്റ്റിയറിങ്ങ് വലത്തേക്ക് തിരിച്ചു. ഒരായാസവുമില്ലാതെ കുന്നിൽ ചരുവിലെ ചന്തയിലേക്ക് ആ വണ്ടി ചെറിയ ഇറക്കമിറങ്ങി മുന്നോട്ട് പോയി. എതിരേ വരുന്ന കുതിരകൾ, വലിയ  വലിയ കച്ചവടത്തിന്റെ ഏജൻറുമാർ, ഭാരം വലിച്ചു കയറ്റിവരുന്ന ചക്രവണ്ടികൾ. ഓരോന്നിനേയും മറികടന്ന് ചന്തയിലെ ആൾതിരക്കിലേക്ക് ഫാബിയോ ചെന്നിറങ്ങി. വ്യാഴാഴ്ച മാർക്കറ്റ് പതിവിലേറെ തിരക്കിൽ ആയിരുന്നു. ഭക്ഷണങ്ങളും ഇറച്ചിയുലപ്പന്നങ്ങളും എല്ലാം ഉണ്ടവിടെ.

അവൻ വണ്ടി നിർത്തി ആ തിരക്കിലേക്ക് അലിഞ്ഞു.

യുവാനയെ തിരഞ്ഞു ഒടുവിൽ മാർക്കെറ്റിനു പിന്നിലെ ഇടുങ്ങിയ ഇടവഴിയിൽ എത്തി.

ഉപയോഗിക്കാതെ പൂട്ടിക്കിടക്കുന്ന പഴയ പണ്ടകശാലയുടെ പിന്നിലെ വലിയ മുറ്റത്തേക്കായിരുന്നു ആ ഇടവഴി ചെന്നവസാനിച്ചത്. വഴിയുടെ അറ്റത്ത് ആ കുമ്മായ കെട്ടിടം തലയുയർത്തി നിൽക്കുന്നു. ചുറ്റും പൂന്തോട്ടമാണ്. പിന്നിലേക്കുള്ള വഴിയിലേക്ക് നടന്നു കയറവേ ഫാബിയോയുടെ മനസ്സ് യുവാനയെ കാണുമെന്ന പ്രതീക്ഷയുടെ പാരമ്യത്തിലെത്തിയിരുന്നു. മരങ്ങൾ നിറഞ്ഞ കാട്ടുപാതയെന്നു തോന്നിപ്പിക്കുന്ന തണൽ വഴിയിലേക്ക് അവൻ നടന്ന് കയറി.

അവിടെ ഇലകൾ കൊഴിഞ്ഞു കിടക്കുന്ന പച്ച നിറമുള്ള ചാരുബെഞ്ചിൽ അവൻ ഇരുന്നു. തനിച്ചിരിക്കലിന്റെ മുഷിച്ചിൽ അവന്റെ കൈകാലുകളെ ഇളക്കി കൊണ്ടിരുന്നു. കാറ്റിൽ അവന്റെ ചെമ്പൻ നിറമുള്ള മുടി പാറിക്കൊണ്ടിരുന്നു.

എവിടെയാണ് പ്രണയത്തിന്റെ സ്ഫടിക പാത്രം ഉടഞ്ഞു പോയത്. ഇന്നലെകളിലേക്ക് അവന്റെ മനസ്സ് ആഴപരപ്പിലെ മത്സ്യത്തെ പോലെ ഊളിയിട്ടു.

അന്ന് ഈ മാർക്കറ്റിൽ വച്ചായിരുന്നു അവളെ കണ്ടത്. വലിയ കുട്ട നിറയെ സ്ട്രോബെറി പഴങ്ങളും പൂക്കൂടകളുമായി ആ വഴിയോരത്ത് അവളുണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു അവൾ അവിടെയെന്ന് അവളുടെ കണ്ണിലെ വെപ്രാളം പറയുന്നുണ്ടായിരുന്നു. ഇരുണ്ട തലമുടി രണ്ട് ഭാഗവും മെടഞ്ഞിട്ട്, പൂക്കളുടെ ചിത്ര തുന്നലുകൾ ഉള്ള ടെഹുഹാന വസ്ത്രമിട്ടു മറ്റൊരു പുഷ്പമായി അവൾ. അന്നവൾ തന്റെ ഹൃദയത്തിൽ നിറച്ചത് പുതിയൊരു വസന്തമായിരുന്നു. പിന്നീടുള്ള ഓരോ വ്യാഴാഴ്ചകളും മിഴികൾ തേടിയത് അവളെ ആയിരുന്നു.

ഒടുവിൽ ഒരു വ്യാഴാഴ്ച ഗ്രാമത്തിലേക്കുള്ള വഴിയോരത്ത് മേപ്പിൾ മരത്തിനു ചോട്ടിൽ അവളെ വീണ്ടും കണ്ടു. തന്നെ കണ്ടതും അവൾ തല താഴ്ത്തി വേഗം നടന്നകന്നു. അസ്തമയം അപ്പോൾ അവളിലും ഓറഞ്ച് നിറം വിതറിയിരുന്നു. പിന്നീടുള്ള നാളുകൾ ഒന്നും പറയാതെ എല്ലാം മൗനമായി പറഞ്ഞ ദിനങ്ങൾ. ഒടുവിൽ  നിറങ്ങൾ വാരി വിതറിയ വീടുകൾ നിറഞ്ഞ ഒഹാക്കയിലെ ഈ പള്ളിയുടെ വഴിത്താരയിൽ അന്ന് പരസ്പരം ഹൃദയം കൈമാറി.

ഓരോ വ്യാഴ്ചകളും  അവൾക്കായുള്ള കാത്തിരിപ്പുകളായി. ഈ വഴികളും പൂക്കളും ചെടികളും പ്രണയത്തിന് സാക്ഷികളായി. ഓരോ ചുംബനങ്ങളും ആലിംഗനങ്ങളും പ്രണയത്തെ തീവ്രമാക്കി.

അവസാനമായി അവൾ തന്റെ അരികിലേക്ക് വന്നത് വെളുത്ത ഗൗൺ ധരിച്ചായിരുന്നു. ഒരു മാലാഖയെ പോലെ അവൾ അരികിൽ വന്നപ്പോൾ അവളെ ചുംബനങ്ങളാൽ സ്വീകരിക്കാതിരിക്കാൻ ആയില്ല.

“പൂന്തോട്ടത്തിന്റെ ഉൾക്കാടുകളിൽ ഫാബിയോ ഒരു വസന്തം നമ്മളെ കാത്തു നിൽക്കുന്നു. നീയെന്റെ ഉള്ളംകൈ ചേർത്തു പിടിക്കൂ. എന്നോടൊത്ത് നീ ആ വസന്തത്തിലേക്ക് വരൂ.” ഗാഢമായ ഒരു ആലിംഗനത്തിനിടയിൽ  ചെവിയിൽ അവൾ മെല്ലെ മന്ത്രിച്ചു.

ഉൾക്കാടുകളിൽ അവൾ മെത്തയൊരുക്കിയിരുന്നു. ലില്ലി പൂക്കൾ പുൽമെത്തയിൽ കൊരുത്ത് വെച്ചിട്ടുണ്ട്.

വസന്തം പൂത്ത കാട്ടിൽ ഒരു മഴപോലെ പ്രണയം പെയ്തിറങ്ങി. ഉടലുകൾ പ്രണയാതുരമായി. ഒടുവിൽ ഗ്രീഷ്മത്തിലേക്കിറങ്ങിയ ഉടലുകളിൽ മഞ്ഞിൻ കണമായി വിയർപ്പിറ്റു. ഋതുക്കൾ നൃത്തം വെച്ച പൂന്തോട്ടത്തിൽ അവൾ അന്ന് തന്നിൽ അലിഞ്ഞു ചേർന്നു. പിന്നെയും എത്രയോ വ്യാഴാഴ്ചകൾ അവിടെ ആ ഉൾക്കാടുകളിൽ പ്രണയം പെയ്തു നിറഞ്ഞു. ഒരിക്കൽ ഒടുവിലൊരാലസ്യത്തിൽ മിഴി തുറന്ന തന്റെ അരികിൽ ഈ ചുവന്ന പട്ട് മാത്രമായിരുന്നു ബാക്കിയായത്. ഒരു കടങ്കഥ പോലെ അവൾ എങ്ങോട്ടോ മറഞ്ഞിരുന്നു.

ഓർമ്മകളുടെ കയത്തിൽ നിന്നും നീന്തിക്കയറിയ ഫാബിയോ കരയിൽ പിടിച്ചിട്ട മീനിനെ പോലെ നോവിൽ പിടഞ്ഞു. അവന്റെ പ്രതീക്ഷയും ആ പകലും അസ്തമായത്തിന്റെ പടിക്കൽ എത്തി നിൽക്കവേ അവൻ ആ പൂന്തോട്ടം വിട്ടിറങ്ങി.

നെഞ്ചോട് ചേർത്ത് പട്ടിൽ ചുറ്റിയ ആ ഡയറിയും ഉണ്ടായിരുന്നു. കണ്ണീരൊഴുകുന്ന കവിൾത്തടവും പാറിപ്പറന്നു കിടക്കുന്ന ചെമ്പൻ മുടിയും കരുവാളിച്ച കൺതടങ്ങളും അവന്റെ നോവ്‌ വിളിച്ചു പറഞ്ഞു.

“യുവാന, ഇനിയും എന്റെ നേർക്ക് മൗനമെറിയാതിരിക്കൂ. രാവുകളും പകലുകളും എനിക്ക് നിദ്രയെ അന്യമാക്കിയിരിക്കുന്നു. പ്രണയം നോവാണ് എന്ന പഴമൊഴി നീ സത്യമാക്കിയല്ലോ പ്രിയപ്പെട്ടവളെ. എന്റെ അപരാധം, നിന്നോട് തോന്നിയ പ്രണയമാണെങ്കിൽ ഞാൻ വേണ്ടെന്ന് വെയ്ക്കാം.പക്ഷെ നിന്റെ മൗനം അതെന്നെ ഒരു ഭീരുവാക്കുന്നു. കർത്തവ്യങ്ങളിൽ നിന്നും പിൻവലിക്കുന്നു.”

അവന്റെ മനസ്സ് പ്രണയത്താൽ പരിതപിച്ചു കൊണ്ടേ ഇരുന്നു.

മടക്കയാത്രയിലുടനീളം ഹൈഡ്രേജ്യ പൂക്കളുടെ മണമില്ലാത്ത വിളറിയ വൈലറ്റു നിറവും ആ വഴിയിൽ തങ്ങിനിന്ന കുന്തിരക്ക ഗന്ധവും തനിക്കൊപ്പമുള്ളതായി അവന് തോന്നി.

കടലാഴങ്ങളിൽ എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ എഴുതുന്നു. മയ്യഴി സ്വദേശി