ഈയടുത്തൊന്നും ജീവിതത്തില്‍ കരയേണ്ടി വന്നിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം ശരിക്കൊന്നു പൊട്ടിക്കരയണം എന്ന് തോന്നി. വെറുതെ പറയുകയല്ല. ഒരു സിനിമ കണ്ടതാണ് കാര്യം. ‘ഒറ്റാല്‍’ എന്ന ജയരാജ് സിനിമ. ഇതെഴുതുമ്പോഴും എന്‍റെ കണ്ണുകൾ നിറയുന്നു. ഒരു പക്ഷേ എന്‍റെ ചില അനുഭവങ്ങള്‍ ഓര്‍മ്മ ആ സിനിമ തിരിച്ചു കൊണ്ടു വന്നതുകൊണ്ടാകും.
പ്ലസ് ടു കഴിഞ്ഞ സമയത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം തുടര്‍ന്നു പഠിക്കാന്‍ പറ്റിയില്ല. അങ്ങനെ വെല്ലിങ്ടണ്‍ ഐലന്റിലെ ഒരു കടയില്‍ സെയില്‍സ്മാനാവാന്‍ എന്നെ അച്ഛന്‍ കൊണ്ടു പോയി. ഈ സിനിമയിലെ വല്യപ്പച്ചായിയെ പോലെ വേറെ മാര്‍ഗ്ഗം ഇല്ലാത്തത് കൊണ്ടാണ് എന്ന് ഇപ്പോ എനിക്കറിയാം. പ്രായം കൊണ്ട് പ്രായപൂര്‍ത്തി ആയവനെങ്കിലും മനസ് കൊണ്ട് ഞാന്‍ കുട്ടപ്പായിയെ പോലെ ആയിരുന്നു അന്ന്. പോകുമ്പോ അവിടെ എല്ലാ സൌകര്യവും ഉണ്ട്. ഭക്ഷണം ഒക്കെ ഇഷ്ടമുള്ളത് കഴിക്കാം; എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അവിടെ ചെന്നപ്പോ എനിക്കു തിരിച്ചു പോരാന്‍ തോന്നി. ഒരു ഓടയുടെ മുകളില്‍ ഒരാള്‍ക്ക് കഷ്ടി നില്ക്കാന്‍ പറ്റുന്ന ഒരു കട.
” അവന്‍ ഇത് വരെ ഇങ്ങനെ ഒന്നും പോയിട്ടില്ല. ഒന്ന് ശ്രദ്ധിയ്ക്കണം ” എന്ന് അവിടത്തെ ചേട്ടനോട് പറഞ്ഞ് എന്നെ ഒന്ന് നോക്കി അച്ഛന്‍ തിരിച്ചു നടന്നു . കൺ നിറഞ്ഞപ്പോ ഞാന്‍ തല കുനിച്ചു.
ആ ചേട്ടന്‍ പാവമായിരുന്നു. എന്നെ ആശ്വസിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോ ചുറ്റുമുള്ള കാഴ്ചകള്‍ കണ്ട് എല്ലാം മറക്കാന്‍ ശ്രമിച്ച് ഞാന്‍ നിന്നു. തെറികള്‍ നിറച്ചു സംസാരിക്കുന്ന ആളുകള്‍ വന്നു എന്നെ പരിചയപ്പെട്ടു. കള്ള് കുടിക്കുമോ? കഞ്ചാവ് അടിക്കുമോ എന്നൊക്കെ ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോ എല്ലാം ശരിയാക്കാം. ഇവിടെ ഉണ്ടാകില്ലെ എന്നു പറഞ്ഞു ചിരിക്കുമ്പോ എനിക്കുള്ളിലെ നല്ല കുട്ടിക്ക് മുറിവേറ്റു.
രാത്രിയായി. ഈ മുറിയില്‍ കിടന്നാല്‍ എലി കടിക്കും. അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഏതെങ്കിലും കണ്ടെയ്നര്‍ വണ്ടിയില്‍ കിടന്നോ എന്ന് പറഞ്ഞു. മടിച്ച് നിന്ന എന്നെ പേടിക്കണ്ട എന്ന് പറഞ്ഞു ഒരു വണ്ടിക്കുള്ളില്‍ ആക്കി.ഗുഡ് നൈറ്റ് പറഞ്ഞു. ഒറ്റക്കായപ്പോ രാത്രിയിലും നീലിച്ചു നിക്കുന്ന നഗരത്തിലെ ആകാശം നോക്കി ഞാന്‍ കുറെ കരഞ്ഞു. രാവിലെ ഒരു ആശ്വാസം കിട്ടി.
രാവിലെ ജോഗിങ് കഴിഞ്ഞു വന്ന ഒരു അച്ചായന്‍ ചായ കുടിച്ചു കൊണ്ടു കടയിലെ ചേട്ടനോട് എന്നെ ചൂണ്ടി ” ഇതാരാ പുതിയാള് ” എന്ന് തിരക്കി. ഇന്നലെ വന്നതാ. ചേട്ടന്‍ ചിരിച്ചു. ഞാനും.
” ഓ.. ഈ കേരളത്തീ നല്ല രീതീ പോകുന്ന പിള്ളേര് കഴിഞ്ഞുള്ള എല്ലാ മട്ടും വന്നടിയുന്നത് ഈ ഐലന്റില്‍ ആണല്ലോ ”
അയാളുടെ ആ ഡയലോഗ് എന്‍റെ തല പൊളിച്ചുള്ള ഒരു അടിയായിരുന്നു.വരച്ചു വരച്ചു നീ വല്യ ആളാകും എന്നൊക്കെ ടീച്ചര്‍മാര്‍ പുകഴ്ത്തിയ ഞാന്‍ ഇപ്പോ… അല്ലാതെ തന്നെ അമിതമായി ലാളിക്കപ്പെട്ട എല്ലാ കാര്യത്തിലും സ്പെഷ്യല്‍ പരിഗണന കിട്ടി വളര്‍ന്ന എനിക്ക് ” ഞാന്‍ ” എന്ന ഒരു ഭാവം ഉണ്ടായിരുന്നു.എന്തു ചെയ്യാനാണ്. ഞാന്‍ ചിരിച്ചു. സഹിച്ചു.
കുറച്ചു കഴിഞ്ഞപ്പോ ചേട്ടന്‍ ” വിഷ്ണൂ അരിക്ക് വെള്ളം ഇട്ടോ ” എന്നു പറഞ്ഞു.
എനിക്കറിയില്ല.
ഓ അതൊക്കെ എന്ന അറിയാനാ. ചേട്ടന്‍ റോഡരികില്‍ സ്റ്റൌ കത്തിച്ച് എന്നോടു കലം വെച്ചു അരി കഴുകി ഇടുന്ന രീതി കാണിച്ചു ചെയ്യാന്‍ പറഞ്ഞു. എനിക്ക് ഭയങ്കര മാനക്കേട് തോന്നി. ചെയ്യാതെ പറ്റില്ലല്ലോ. പെട്ടെന്ന് എന്‍റെ പ്രായമുള്ള ഒരു ഗാങ് അത് വഴി ചിരിച്ച് ഉല്ലസിച്ച് ബാഗ് ഒക്കെ തോളില്‍ തൂക്കി കടന്നു പോയി. ഞാന്‍ ഏതെങ്കിലും വണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാം എന്ന് ആലോചിച്ചു. പക്ഷേ അതിനുള്ള ധൈര്യം പോലും ഇല്ലായിരുന്നു.
ഇത്രയൊക്കെ വിശദീകരിച്ചത് രണ്ട് കാര്യങ്ങള്‍ പറയാനാണ്. കുട്ടികളെ അമിതമായി ലാളിക്കരുത്. ജീവിതം വഴി മുട്ടിയാലും പൊരുതാന്‍ അങ്ങനെ ഉള്ളവര്‍ക്ക് പാടാണ്. ഞാന്‍ അനുഭവത്തില്‍ നിന്നും പഠിച്ചതാണ്. അതിനെക്കാള്‍ വലിയ കാര്യം, നിങ്ങളൊക്കെ കടകളില്‍ പോകുമ്പോഴൊക്കെ ഇത് പോലെയുള്ള സെയില്‍സ്മാന്‍ കുട്ടികളെ ഒക്കെ കാണുമ്പോ അവരെ വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ .. ഉദാഹരണം ‘ എന്താണ് പഠിക്കാന്‍ പോകാതിരുന്നത് ” അങ്ങനെ ഉള്ളവ ഒഴിവാക്കണം. പറ്റിയാല്‍ അവരെ സഹായിക്കണം. ആരും സ്വയം തിരഞ്ഞെടുക്കുന്ന വഴി അല്ല. ജീവിതം അവിടെ എത്തിക്കുന്നതാണ്.
ഞാനൊക്കെ കുറെ പേടിച്ചോടിയതാണ്. ഇതിനേക്കാള്‍ ഭീകരമായ സാഹചര്യങ്ങളില്‍ പിടിച്ച് നില്‍ക്കുന്ന നിസ്സഹായരുണ്ട്. ഇന്നസെന്‍റ് ഒരു സിനിമയില്‍ പറഞ്ഞ പോലെ ” അനുഭവിക്കുമ്പോ വിഷമിപ്പിക്കുമെങ്കിലും പിന്നെ ഓര്‍ക്കുമ്പോ എല്ലാം കഥകള്‍ ആണ്. ”
ഒറ്റാൽ എന്ന സിനിമയാണ് എനിക്ക് അധികമാരും അറിയാത്ത എന്റെ പഴയകാലത്തെ ഓർത്തെടുക്കാൻ കാരണമായത്. ആ കറുത്ത കാലത്തിൽ നിന്ന് നിറങ്ങളുടെ ലോകത്തെ അല്പമെങ്കിലും അറിയപ്പെടുന്ന ഒരാളായി ഞാൻ മാറിയത് എങ്ങനെ എന്ന് അറിയണ്ടേ.
എട്ടാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയത്ത് ഫ്രണ്ട് ലൈൻ മാഗസിന്‍ ഒരു ബുക് ലറ്റ് ഇറക്കി. നല്ല ഭംഗിയുള്ളത്. ബൈന്‍ഡു ചെയ്ത മിനുമിനുത്ത കവറും അത് പോലെ തന്നെ തിളങ്ങുന്ന പേജുകളും ഉള്ള അതില്‍ മുഴുവനും ഫോട്ടോകള്‍ ആയിരുന്നു. ഹിമാലയവും അവിടെയുള്ള പൂക്കളും സ്ഥലങ്ങളും. കണ്ടാല്‍ മണിക്കൂറുകളോളം നോക്കിയിരിക്കാന്‍ തോന്നിക്കുന്നത്. കുറെക്കാലം ഞാനത് സൂക്ഷിച്ച് വെച്ചിരുന്നു. ഇപ്പോ കാണാനില്ല.
വലുതാകുമ്പോ എന്താകണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പാടുപെടുന്ന സമയത്താണ് ഞാന്‍ ഇത് കാണുന്നത്. പിന്നെ കൂടുതല്‍ ഒന്നും ചിന്തിച്ചില്ല.ഫോട്ടോഗ്രാഫര്‍ ആകാം എന്നുറപ്പിച്ചു. കാമറയുടെ വിലവിവരം ഒക്കെ അറിഞ്ഞപ്പോ ചിത്രകാരന്‍ ആകാം എന്ന തിരുത്തി. പക്ഷെ പഠിത്തം മുടങ്ങി വെല്ലിങ്ടണ്‍ ഐലന്റിലെ ഒരു കടയിൽ നിന്ന് മാറിയ ശേഷം പല പല സ്ഥാപനങ്ങളില്‍ ജോലി ചെയ്തു.
ജീവിതം വഴിതിരിച്ചത് ഫേസ്ബുക്കാണ്. വരച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു തുടങ്ങിയപ്പോള്‍ മികച്ച പ്രതികരണം കിട്ടിത്തുടങ്ങി. പുസ്തകങ്ങളില്‍ കവര്‍ ചെയ്യാന്‍ അവസരങ്ങള്‍ കിട്ടി. ഞാന്‍ കുട്ടിക്കാലത്ത് ഒരുപാട് ആഗ്രഹിച്ച പോലെ സാഹിത്യ രംഗത്ത് വരക്കാന്‍ കൂടുതല്‍ ചാന്‍സ് കിട്ടി. വി .ദിലീപ് എഴുതിയ മിമിക്രി എന്ന പുസ്തകത്തിന് ചിത്രീകരണം ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 40 ഓളം പുസ്തകങ്ങൾക്കു വേണ്ടി വരച്ചു.മാധ്യമം, മലയാളം, എഴുത്ത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വരക്കാന്‍ അവസരം കിട്ടി.
ഞാന്‍ വിശ്വസിക്കുന്നത് നടക്കുമോ എന്ന് യാതൊരു ഉറപ്പും ഇല്ലാതിരുന്നിട്ടും ഈ മേഖല ഞാന്‍ ഒരുപാട് സ്വപ്നം കണ്ടിരുന്നു. സ്വയം സമാധാനിക്കാന്‍ ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കഥാപാത്രങ്ങളെ വരച്ചു ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു ആശ്വസിച്ചു. അത് കണ്ടാണ് എനിക്ക് അവസരങ്ങള്‍ കിട്ടിയത്. എനിക്ക് പറയാനുള്ളത് സ്വപ്നം കാണൂ… അവസരം നമ്മളെ തേടി വരും അതിശയപ്പെടുത്തിക്കൊണ്ട് …ഇതാണ് എന്‍റെ അനുഭവം.
ഇപ്പോ ഫോട്ടോഗ്രാഫര്‍ ആകണം എന്ന്‍ തോന്നുമ്പോ ടൈമര്‍ ഓണാക്കി ക്ലിക്..ക്ലിക്. ഈ മോഡലുകളൊന്നും നുമ്മ വിചാരിക്കും പോലെ ഇരുന്നു തരില്ല എന്നൊരൊറ്റ പരാതിയെ ഉളളൂ.