
ഒരൊറ്റ വര വരച്ചാൽ മതി
പാറ്റയെ കൊല്ലാം
എന്ന് വഴിയോര കച്ചവടക്കാരൻ.
മനുഷ്യനു വരകൾ മരണ രേഖയല്ല
ഭൂപടത്തിലെ അതിരുകൾ ആണ്
അതിരുകളില്ലാത്ത ആകാശത്തിനു
കീഴിലെ അത്രയും ദുർബലവും വളരെ
നേർത്തതുമായ വിശ്വാസത്തിന്റെ രേഖ,
ഞാനെന്നും നീയെന്നും
എന്റേതെന്നും നിന്റേതെന്നും
ഓർമിപ്പിക്കുന്ന കറുത്ത വരകൾ
വരയിലൂടെ നടക്കുന്നവർക്കും
വരയ്ക്കപ്പുറം ചാടുന്നവർക്കും
വരയ്ക്കിരുവശവും അനുസരണയോടെ
യാത്രചെയ്യുന്നവർക്കും അറിയാം
എല്ലാ മത്സരങ്ങൾക്കും
ഒരവസാന വരയുണ്ട്
ശ്വാസം മുട്ടുന്ന നിമിഷവും സമയവും
അടയാളപ്പെടുത്തുന്ന
കുത്തുകൾ ഉള്ള വര …
ഭാവിയിൽ നിന്ന് ഭൂതത്തിലേക്കുള്ള
എല്ലാ വരകളും അനുസരിച്ചു
പഴയതും വിശാലവുമായ
കടലാസ് പ്രതലത്തിൽ
ജീവിതം വരയ്ക്കുമ്പോൾ
ഒരു തമാശ പോലെ തികട്ടി വരാറുണ്ട്
ആ വാക്യം
എന്തായിട്ടെന്താ
“തല വര” നന്നാവണം ….








