
കരിഞ്ഞ പാടം, വല്ല്യരമ്പ്,
തെളിഞ്ഞ നട്ടുച്ച!
വരണ്ട തോടിൽ പഴുത്തുവീഴും
മധുരമാങ്കനികൾ
പറങ്കിമാവ്, വരിക്ക മാവ് ,
കറുത്തമൂവാണ്ടൻ
തെറിച്ചപിള്ളേരെറിഞ്ഞു വീഴ്ത്തും
ചനച്ചമാങ്കനികൾ
പറങ്കിമാവിൻ തണലിൽ തോടിന്
മൂന്നു കൈവഴികൾ
നിറഞ്ഞകരിയില, പാമ്പുകളിഴയും
ഇരുണ്ട മുക്കുട്ട !
കരയ്ക്ക് നിൽക്കും കുറ്റിക്കാട്
കൈതപ്പൊന്തകളും
ചിണുങ്ങി വീശും തെക്കൻ കാറ്റിന്
കൈതപ്പൂഗന്ധം
പകലുറക്കം വെടിഞ്ഞു പിള്ളേർ
പതുങ്ങിയോടുന്നു
വെളിക്കിരിക്കാം, പുകച്ചിരിക്കാം
തെളിഞ്ഞ നട്ടുച്ച!
പറഞ്ഞു തന്നൂ കഥകളൊരായിരം
രാത്രിയിൽ അമ്മൂമ്മ
നട്ടുച്ചകളിൽ തോട്ടിലിറങ്ങും
ഉച്ചപിശാചുക്കൾ !
ഉച്ചിയിൽ സൂര്യനുദിച്ചാൽ
പിന്നീടവരുടെ വിളയാട്ടം
തനിച്ചുപോയാൽ ഒറ്റമുലച്ചി
പിടിച്ചു കൊണ്ടോവും
ഒറ്റമുലച്ചി, രൂപം മാറും
രാക്ഷസിയാണത്രെ!
കടുത്ത ജ്വരവും ഭ്രാന്തും
തന്നവൾ മിന്നിമറഞ്ഞീടും
അമ്മൂമ്മക്കഥ കേൾക്കെ
കൗതുകമേറും ബാല്യത്തിൽ
ഉറക്കമില്ലാ രാത്രികളവളെൻ
സ്വപ്നങ്ങളിലെത്തി
കൈതപ്പൂവിൻ മാദകഗന്ധം!
ഞാനും പ്രിയസഖിയും
ഒറ്റമുലച്ചിയെ കാണാൻ
അന്നാ മുക്കുട്ടയിലെത്തി
വിജനം, ഭീകരമേതോ നിഴലുകൾ
ഇണചേരുന്നവിടം
പൊഴിയും മധുരക്കനികൾ
പെറുക്കെ കാറ്റിൽ മണിനാദം!
തലയ്ക്കു മീതെ, ചിറകടിയൊച്ച
ഞെരിയും കരിയിലകൾ
ചിലമ്പിനൊലിയത്, ഒറ്റമുലച്ചി!
തരിച്ചു ഞാൻ നിന്നൂ.
ഒരൊറ്റ മാറാണവൾക്കതയ്യോ
നീണ്ടുകിടക്കുന്നു
തുടുത്തകയ്യാൽ ചുരുട്ടിചുമലിൽ
മടക്കിവെയ്ക്കുന്നു
ഒലിച്ചിറങ്ങും രക്തച്ചാലുകൾ
കവിളു നനയ്ക്കുന്നു
അലർച്ചയോ, അത് ചിരിയോ
ഞാനതിൽ മയങ്ങി നിൽക്കുന്നു
പനിച്ചുവോ, മേൽ വിറച്ചുവോ
നിന്നുലഞ്ഞുവോ, ചുറ്റും
പഴുത്ത മാങ്കനി തെരുതെരെ വീഴും
തെളിഞ്ഞ നട്ടുച്ച !
പനിക്കിടക്കയിലാരോ
നെറ്റിയിൽ മൃദുലം തടവുന്നു
വസൂരിയായ് പിന്നൊഴിഞ്ഞു
പോയ്, ഒരു കറുത്ത നിഴൽ മാത്രം
********
പ്രവാസനാളിന്നവധിക്കാലം
മധുരം പകരുമ്പോൾ
പാടവരമ്പിൽ അലസം കാറ്റിൻ
ശ്രുതികൾ കാതോർക്കേ
വിടർന്നകണ്ണിൽ കുസൃതിത്തിരകൾ
നിറച്ചവൾ വന്നൂ
സഖി, ബാല്യത്തിൽ കയ്പ്പും മധുരവും
എത്ര നുകർന്നില്ല !
പറങ്കിമാവിൻ ചോട്ടിൽ
പൊഴിയും കനികൾ പെറുക്കീടാൻ
കലപില കൂട്ടും കുട്ടികളില്ലാ-
ക്കറുത്ത മുക്കുട്ട !
“ഓർക്കുന്നോ നാമെത്ര
കളിച്ചീ കൈതപ്പൊന്തകളിൽ
ഒറ്റമുലച്ചിയെ തേടിയകാലം
കണ്ണിൽ തെളിയുന്നു”
“പറയട്ടെ, ഞാനൊരു കഥ?
കഥയിലെ ഒറ്റമുലച്ചി ഞാൻ
കുരുന്നുപിള്ളേരെന്നെ വിളിക്കും
ഞാനും വിളികേൾക്കും”
നിറഞ്ഞ വേദന, ഇടറും വാക്കുകൾ
മിഴികൾ ചുവക്കുന്നു
കവിൾത്തടത്തിലെ ശോണിമ
അവളിൽ രൗദ്രം പകരുന്നോ?
നിശബ്ദരോഗം കവർന്നുതിന്നും
ഇടത്തുമാറിടവും
കരിഞ്ഞമുറിവാൽ കോറിവരച്ചൊരു
വലത്തുമാറിടവും
ചുവന്നമിഴികളിൽ നിറയും കണ്ണീർ
പെയ്തു തുടങ്ങുന്നു
ആർത്തുചിരിച്ചവൾ,
അവളോടൊപ്പം കൈതപ്പൊന്തകളും.
പനിച്ചുവോ, മേൽ വിറച്ചുവോ
നിന്നുലഞ്ഞുവോ,ചുറ്റും
പഴുത്ത മാങ്കനി തെരുതെരെ വീഴും
തെളിഞ്ഞ നട്ടുച്ച !
*മുക്കുട്ട -തോട് മൂന്നു കൈവഴിയായി പിരിയുന്ന സ്ഥലം
