ഒറ്റമരം

“നമ്മക്കെന്താ ഒന്ന് പോയാല് ….?”
ഇരുമ്പ് കട്ടിലിൽ ലാമിനേറ്റ് ചെയ്ത എം.ഡി. എഫ് പലകമേൽ ചക്രം പടിഞ്ഞിരുന്ന് ലാപ് ടോപ്പിൽ നിന്ന് തല പൊന്തിക്കാതെ തന്നെയാണ് അവന്റെ ചോദ്യം. ഇരുണ്ട പച്ച നിറമുള്ള കുപ്പിയിൽ നിന്ന് ഗ്ലാസിലേക്ക് കൃത്യമായ അളവ് നോക്കി ചെരിച്ച ശേഷം അവനെയൊന്ന് നോക്കുക മാത്രം ചെയ്തു.

ഇവനെത്ര വയസ്സു കാണും..? മുപ്പത്തി അഞ്ച്‌… അതോ നാല്പത് തൊട്ട്‌ കഴിഞ്ഞോ..? ഓരോ വർഷവും പലവട്ടം അവൻ വയസ്സ് പറഞ്ഞു കാണും. എങ്കിലും ഓർക്കുന്നില്ല. സ്വന്തം ജനനദിവസം കഴിഞ്ഞു പോയ ശേഷം മാത്രം ഓർക്കാറുള്ള ഒരാൾക്ക് മറ്റൊരുവന്റെ പ്രായമെവിടെ ഓർമ്മ? നെറ്റിക്ക് മേലേ മുടിയൊക്കെ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. മിനുത്ത കഷണ്ടിയുടെ തിളക്കം അവന്റെ പ്രായം കൂടി കൂടി വരുന്നു എന്ന് ഓർമ്മപ്പെടുത്തുന്നു.

മേശപ്പുറത്ത് ഗ്ലാസിൽ ഒഴിച്ചു വച്ചതിൽ പകുതി വരെ മാത്രം വെള്ളം ചേർത്ത് അത് ചൂണ്ടിയെടുത്ത് അടുക്കളയിൽ കേറാൻ നോക്കുമ്പോൾ അവൻ തല പൊക്കി.
“നിങ്ങളില്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോവും… പറഞ്ഞേക്കാം.”
ഭീഷണിയാണ്.. ഇവനെന്തിന് ഈ കാര്യത്തിന് എന്നെ കൂട്ടു വിളിക്കുന്നു.. !?
ഒരു കഷ്ണം കാരറ്റ് മതി… അല്ലെങ്കിൽ ഇത്തിരി മിക്സ്ച്ചർ..

മഞ്ഞളും ഉപ്പും മല്ലി പൊടിയും കുറേശെ ബാക്കിയായ പ്ലാസ്റ്റിക്‌ ഡബ്ബകൾ നിസംഗരായി ഇരിപ്പുണ്ട്. എന്തൊരു ജീവിതമേടെ ഇത് എന്ന മട്ടില്…..!അതിനും പിറകിൽ ഒളിഞ്ഞിരിപ്പുണ്ടോ ഈ ചവർപ്പൻ ദ്രാവകത്തിന്റെ കൂടെ തൊട്ട് നക്കാൻ പറ്റിയ വല്ലതും   ?
ഫ്രിഡ്ജിനകത് ഒരു സവാള  കിടപ്പുണ്ട്. കറുത്ത, വാടിയ രണ്ടു കറിവേപ്പില ഇതളുകൾ… അവയും കടല് കടന്ന് വന്നവയണല്ലോ എന്നു ഒരു തമാശ തോന്നി. കടല് കടന്ന് വരുന്ന കറിവേപ്പിലകൾ..! പച്ചമുളക് മൂന്നെണ്ണം, പിന്നെയൊരു തക്കാളി തീർന്നു.

“അല്ല, രമേശേട്ടാ.. എനിക്കൊരു സംശയം, മലയാളികളും കാണില്ലേ അവിടെ… കാണുമാരിക്കും… അല്ലെ..?”

ഓഹ്…. മലയാളി ! എന്തിനേടെ ഇതിന് മലയാളിയെയും തിരഞ്ഞു പോകുന്നത്.? സിനിമാ കഥ പറഞ്ഞു കേൾക്കാനൊന്നുമല്ലല്ലോ എന്നൊരു കയ്പ്പ് ഉള്ളിൽ നിന്നും ഊറി വന്നു.
മലയാളി വേണം പോലും…. എന്തിന്..?
ആ കയ്പ്പിനെ ഒരൊറ്റ പിടിയിൽ തൊണ്ട തൊടാതെ ആമാശയത്തിലേക്ക് കുടുകുടെയെന്ന് ഒലിപ്പിച്ചു കളഞ്ഞു. മലയാളി പെണ്ണുങ്ങൾ…. ഫൂ..! വായ്ക്കുള്ളിൽ ബാക്കി നിന്ന ചവർപ്പ് ചുണ്ടു കോക്രിച്ചു കൊണ്ട് ജനൽ വഴി ഒച്ചയില്ലാത്ത തുപ്പി ചുണ്ട് തുടച്ചു.

ജനലിനരികിൽ ഒരു കസേര വലിച്ചിട്ട് അവിടെ ഇരുന്നു കൊണ്ട് തിരക്ക് കുറഞ്ഞ റോഡിലേക്ക് നോക്കിയിരിക്കുമ്പോൾ കരിവീട്ടി പോലെ കറുത്ത് തടിച്ച ഒരുത്തി പ്രദേശം മുഴുവൻ കേൾക്കുമാറുച്ചത്തിൽ ഒപ്പമുള്ളവനോട് കലപിലായെന്ന് കയർക്കും പോലെ സംസാരിച്ചു കൊണ്ട് വേഗത്തിൽ നടന്നു പോകുന്നത് കണ്ണിൽ പെട്ടു. അവളുടെ മുടിയിഴകൾ പിരിച്ചു കൂട്ടി സ്പ്രിങ് പോലെ ഇട്ടത് നടക്കുന്ന താളത്തിനൊത്ത് തുള്ളി. എടുത്താൽ പൊങ്ങാത്ത പിറക് ഭാഗത്തിനു ബാലൻസ് ചെയ്യുന്ന കുലുങ്ങി കുലുങ്ങി നിൽക്കുന്ന അതി ഭയങ്കരമായ മുൻഭാഗം. ജീൻ വിശേഷം ആവുമെന്ന് തോന്നുന്നു. ഇവര് കുടുംബ കാര്യം പറയുന്നത് പോലും ചുറ്റുമുള്ള മുഴുവൻ ജനങ്ങളും കേൾക്കും വിധം ആണല്ലോയെന്ന പഴയ കൗതുകം വീണ്ടും ഉള്ളിൽ എത്തി നോക്കി. ഇവനെ ഇതു പോലുള്ള വല്ല പെണ്ണുങ്ങളുടെയടുത്തും കൊണ്ട് പോണം.. ഉള്ളില്‍ ഒരു ചിരി പൊട്ടി.

പുറത്തു ജൂൺ തിളക്കുകയാണ്. ഒരു പ്രാവ് ജനൽത്തട്ടിന് പുറത്ത്, എയർ കണ്ടീഷൻ വിൻഡോയുടെ ഇത്തിരി സ്ഥലത്തു കൂട് കൂട്ടിയിട്ടുണ്ട്. തള്ളി നിൽക്കുന്ന വെന്റിലേറ്റർ ഭാഗത്ത്‌ നിഴലിൽ അവൻ പതുങ്ങിയിരിക്കുന്നത് കണ്ടു. ഒറ്റയ്ക്കാണ് ഇന്ന്? അതിന്റെ ഇണയെവിടെ..! സാധാരണ രണ്ടും കൂടി അപ്പുറവും ഇപ്പുറവും ഇരിക്കുന്നതും കുറുകലിന് മറുകുറുകൽ പങ്കുവയ്ക്കുന്നതും കാണാറുണ്ടായിരുന്നു. ഇന്നെവിടെ പോയോ ആവോ..!

പുറത്ത്, റോഡിനപ്പുരത്തെ നാലു നില കെട്ടിടത്തിന്റെ ഗേറ്റിനു സമീപം കടുനീല നിറമുള്ള യൂണിഫോറമിട്ട് ഒരു ക്ളീനിംഗ് സ്റ്റാഫ് തൂത്ത് വാരുന്നുണ്ട്. ഗേറ്റിനു പുറത്തൊരു മരമുണ്ട്, ഒരു ഒറ്റമരം..! കണ്ടാൽ യൂക്കാലി പോലെ തോന്നിക്കുന്ന ഒന്ന്. അതിന്റെ ഇലകളാണ് ആ ഗേറ്റ് പടിക്കൽ മുഴുവൻ. നിറയെ ചപ്പുചവറുകൾ മാത്രം. ഓരോ പ്രഭാതത്തിലും തൂപ്പ്കാരന് പണിയുണ്ടാക്കാൻ വേണ്ടി ഒരു പാഴ് ജന്മം. !? പെട്ടെന്ന് സ്വയം തിരുത്തി. എങ്ങനെ പറയാൻ പറ്റും ആ രീതിയിൽ ! തൂപ്പുകാരന്റെ കണ്ണിൽ കൂടിയാണോ നമ്മൾ ഒരു മരത്തെ നോക്കി കാണേണ്ടത്..? അതിന്റെ കീഴിൽ ഒരു ദിവസം കുറെ നേരം നിൽക്കേണ്ടി വന്നതോർമ്മ വന്നു. കമ്പനിവണ്ടി ഏറെ വൈകിയ ഒരു ദിവസം. രാവിലെ തന്നെ അന്തരീക്ഷം ഉരുകി തുടങ്ങിയ പകൽചൂടിൽ നിന്നും കയറി നിന്ന നിഴൽ. എത്ര കിളികളാണ് അതിന്റെ പച്ചപ്പിൽ ആശ്രയം കണ്ടെത്തുന്നത്. അവർക്ക് വേണ്ടി മാത്രം നില നിൽക്കുന്ന മരു പച്ചപ്പ്. ആർക്കൊക്കെയോ വേണ്ടി ജീവിതം എന്നും പച്ചയായി നില നിർത്താൻ പാട്പെടുന്ന ഒന്ന്..! അതാണ്‌ സത്യത്തിൽ ഓരോ മരവും. മരുഭൂമിയിലെ മരങ്ങൾ കടല് കടന്നു പോയ മനുഷ്യരെ പോലെയാണ്. അവർ ഒറ്റയ്ക്കാവും എന്നത് കൂടിയുണ്ട്.
വല്ലാതെയുള്ള ഒറ്റപ്പെടൽ. കൂട്ടുകൂടാൻ ഒരു താളും തകരയും പോലും ഇല്ലാത്ത ഒറ്റ പെടൽ. നഗരങ്ങളിൽ കൃത്യമായ അകലം വിട്ട് ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റത്തിൽ നിശ്ചിത ഉയരത്തിലും ശിഖരവിന്യാസവ്യാപ്തിയിലും വളർത്തി കൊണ്ടു വരുന്ന മരങ്ങൾ..! ഓരോ മരച്ചു വടും നിശ്ചിത അകലം മറ്റൊരു ചുവടുമായി പാലിക്കപ്പെടേണ്ട ഓരോ തുരുത്താണ്.

ഈ നഗരത്തിലേക്ക്  വേരുകളില്ലാതെ പറിച്ചു നടപ്പെട്ട മനുഷ്യരെ പോലെ കുറെ മരങ്ങൾ…! തിരികെയും പറയാം. മരുഭൂമിയിലെ മരങ്ങളെ പോലെ കുറെ മനുഷ്യർ..!
“രമേശട്ടാ…”
വീണ്ടും അവനാണ്…. വിളി കേട്ടത് പോലെ അവന്റെ നേരെ മുഖം തിരിച്ചപ്പോൾ മലർന്ന് കിടക്കുകയാണ്. ലാപ് ടോപ്പും മൊബൈലും മാറ്റി വച്ചു കഴിഞ്ഞു. വാക്കുകൾ വന്നത് തീരെ ശബ്ദം കുറഞ്ഞാണ്.
“എന്തൊരു ജീവിതാണ്…..  നമ്മളെതൊക്കെ… അല്ലെ..!!”
ഉള്ളിൽ ചിരി പൊട്ടി. പുതിയ എന്തോ കാര്യം കണ്ടു പിടിച്ച പോലത്തെ. ഗല്ലികളിൽ ബംഗാളി പിള്ളേർ മുക്കിന്‌ മുക്കിന്‌ നിന്ന് വിതരണം ചെയ്യുന്ന കാർഡുകളിലെ മസ്സാജ് പാർലർ എന്ന പേരിൽ പരസ്യങ്ങളുടെ മുഴുത്ത പ്രലോഭനത്തിൽ നിന്ന് അവൻ അൽ – ബരഹയിലെ ഇരുമ്പ് കട്ടിലിൽ വീണു കഴിഞ്ഞു.

“നിനക്ക് വട്ടായാടാ…? ഒരു പെഗ്ഗ് പിടിക്ക് എന്നിട്ട്  നമ്മക്കിരിക്കാം ലോകത്തെ പറ്റി വിശദമായി ചിന്തിക്കാം. പോരെ… അല്ലേലും രണ്ടു വീശിയിട്ട് മാത്രം ചിന്തിക്കേണ്ട വിഷയമല്ലേ ഇതൊക്കെ..!”
“നിങ്ങള് പോടപ്പാ..”
അവൻ ചൂടിലാണ്‌….
“കൊല്ലം പതിനഞ്ചു കഴിഞ്ഞു ഈ നശിച്ച മണ്ണിൽ ഇറങ്ങീട്ട്….. ജീവിതം തുലയ്ക്കാനായിട്ട്…. ഏത് നായിന്റെ മോനാണോ ഈ ഗൾഫ് കണ്ടു പിടിച്ചത്..”

ഇവൻ ആരോട് പറയുന്നു.? ഈ കൊല്ല കണക്ക് അടുത്ത ഒക്ടോബറിൽ ഇരുപത്തി അഞ്ചു കൊല്ലം തികയുന്ന  മനുഷ്യനോട്..!
അവൻ മുഖം എന്റെ നേർക്ക് തിരിച്ചു.
“കല്യാണം കഴിഞ്ഞാൽ ഞാൻ ഇനി ഇങ്ങോട്ട് വരൂലപ്പാ. എന്തേലും നോക്കി നാട്ടിലെന്നെ നിന്നോളും…. പക്ഷേ….
അവൻ എഴുന്നേറ്റു വീണ്ടും മൊബൈൽ തപ്പി.
“എന്ത്…. ന്ന് പക്ഷേ..? “
ആ ചോദ്യത്തിന് നേരെ അവൻ നിശബ്ദനായി. മൊബൈൽ സ്‌ക്രീനിന്റെ മങ്ങിയ വെളിച്ചം അവന്റെ നെറ്റിയ്ക്ക് മീതെ കഷണ്ടിയിൽ നീല നിറം പ്രതിഫലിപ്പിക്കുന്നത് നോക്കിയിരുന്നപ്പോൾ പെട്ടെന്ന് അവൻ ഒന്നും പറയാതെ തന്നെ  മറുപടി എന്റെ ഉള്ളിൽ നിന്ന് തന്നെ പൊട്ടിത്തെറിച്ചു.
കെട്ടാൻ   ഒരു പെണ്ണ് കിട്ടണ്ടെ.”.?  ആലോചിച്ചപ്പോൾ  ചിരിക്കണോ..കരയണോ എന്ന അവസ്ഥയിലായി.
25 കൊല്ലം മുമ്പ് ഗൾഫുകാരൻ ആണെന്ന പേരിൽ വലിയ വീട്ടിലെ പെണ്ണിനെ കെട്ടിയത് അനുഭവിക്കുന്ന എന്റെ മുന്നിൽ പ്രവാസി ആയത് കൊണ്ട് ഒരു പെണ്ണ് കിട്ടാതെ പോയ അവൻ..! കാലത്തിന്റെ ഓരോ കോമാളിത്തരങ്ങൾ.

നീ ഭാഗ്യവാൻ ആണെന്ന് എങ്ങനെയാണ് ഇവനെ ഞാൻ ബോധ്യപ്പെടുത്താൻ.? ജീവിതം പൂർണ്ണമാവാൻ വിവാഹം വേണമെന്ന് ചിന്തിക്കുകയും ഒടുവിൽ വിവാഹം കഴിച്ചെന്ന കുറ്റത്തിന് ജീവിതം തന്നെ കൈ വിട്ടു പോവുകയും ചെയ്യുന്നവരെ പറ്റി വിവാഹം കഴിഞ്ഞിട്ടില്ലാത്തവരോട് പറഞ്ഞു മനസിലാക്കാൻ ആർക്ക് പറ്റും..?

അനുഭവിച്ചറിയണം അത് നീയൊക്കെ… ഉള്ള് വീണ്ടും  ചിരിച്ചു..

പുറത്ത് ജനാലയിൽ ഇരുന്ന  പ്രാവ് എങ്ങോട്ടോ പറന്നു പോയി. വിശാലമായ ആകാശങ്ങൾ അവയ്ക് സ്വന്തം..! അരുടേതുമല്ലാത്ത ഇണകൾ അവയുടെ അവകാശം. ആർക്ക് വേണ്ടിയും എങ്ങും പാറി പോവേണ്ടതില്ലായെങ്കിലും ആകാശത്തിന്റെ അതിരുകൾ വരെ തിരികെ വരണം എന്ന നിബന്ധന ഇല്ലാതെ പാറി നടക്കാൻ കഴിയുന്ന കുഞ്ഞു ജീവിതങ്ങൾ.. പ്രാവുകൾ..! പക്ഷികളെല്ലാം അനുഭവിക്കുന്ന ജീവിതം പെട്ടെന്നോർത്തു. അവർക്കിടയിലെ ശാപം കിട്ടിയ ജന്മമായ വേഴാമ്പലിനെ കുറിച്ചും…  പറക്കമുറ്റും വരെ  കുഞ്ഞുങ്ങൾക്ക് കൂട്ടിരിക്കുന്ന ഇണ വേഴാമ്പലിന് വേണ്ടി ജലപാനം വെടിയേണ്ടിവരുന്ന ആകാശം പോലും ഇല്ലാതാവുന്ന ശാപം കിട്ടിയ ജന്മമാണത്.

അഞ്ചു കൊല്ലത്തിനിടയിൽ അവന്റെ ഓരോ നാട്ടിലേക്കുള്ള യാത്രയും രണ്ടോ മൂന്നോ പെണ്കുട്ടികളുടെ ഫോട്ടോ കണ്ട ആവേശപ്പുറത്താവും. വിവാഹ കമ്പോളത്തിൽ  തുടരെ പരാജയപ്പെട്ട ഒരുത്തൻ!  വേണ്ട സമയത്ത് ഒരു പെണ്ണിനെ വളയ്ക്കാതിരുന്നത് മോശമായി പോയെന്ന് അവനു തന്നെ ഇപ്പൊ തോന്നുന്നതായി പലപ്പോഴും ഉള്ളിൽ നിന്ന് പുറത്തു ചാടി കേട്ടിട്ടുണ്ട്.

പുറത്ത് ഒറ്റമരത്തിൽ ഏതൊക്കെയോ കിളികൾ പാറി വരുന്നുണ്ട്. അവ വന്നും പോയും ഇരുന്നു. കലഹവും ആഹ്ളാദവും കാമവും ചില്ലകളിൽ കലമ്പൽ കൂട്ടി. വെയിൽ ചൂടിൽ ഒറ്റമരം അവയ്ക്ക് വീടും കളിയിടവും മണിയറയും ഒക്കെയായി മാറി. ഒറ്റമരത്തിന്റെ മുകളിൽ കൂടെ ഒരു പ്രാവ് പറന്നു നടക്കുന്നുണ്ട്. ഇവിടെ കൂടു കൂട്ടുന്നവൻ തന്നെയാണോ..?. ഇടയ്ക്കത് എങ്ങോ പാറി മറഞ്ഞു.. ആകാശം ചുളിവുകൾ വീഴാത്ത ഒരു വെളുത്ത കിടക്കവിരിപോലെ  ശൂന്യമായി കിടന്നു.

കുറെ ദൂരെ ഫിഷ് മാർക്കറ്റിന് അപ്പുറം മലർന്നു കിടക്കുന്ന നഗരത്തിന്റ പുകക്കുഴൽ പോലെ ഉയർന്നു നിൽക്കുന്ന ഹയാത്ത് ഹോട്ടൽ. ആ കെട്ടിടത്തിന്റെ മുകളിൽ മാത്രം ഒരു നീല മേഘക്കീറ് വെറുതെ അലഞ്ഞു നടക്കുന്നുണ്ട്. ഒരു ഒറ്റമേഘം..!

“നിങ്ങൾ തന്നെ പറ.. ഇതൊക്കെ വലിയ കാര്യണോ രമേശേട്ടാ .?”

ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.

അപ്പോഴേക്കും ആ പ്രാവ് ! അല്ല… രണ്ട് പ്രാവുകളുണ്ട് ഇപ്പോൾ…! അവന്റെ കൂടെയിപ്പോൾ ഒറ്റമരത്തിനു മുകളിൽ വട്ടമിട്ടു പറക്കുന്നത് ഇന്നലെ ഒപ്പം കണ്ട പെണ് പ്രാവ് തന്നെയാവുമോ..? ആലോചിച്ചു തുടങ്ങുമ്പഴേക്കും ആദ്യം അവനാണ്‌ പാറി വന്ന് ജനൽ പടിയിലിരുന്നത് .

അവന്റെ വീട്.! പിറകേ അവളും പറന്നുവന്നിരുന്നു. ജനൽ ചില്ലിനിപ്പുറം ഒരു മനുഷ്യൻ നോക്കിയിരിക്കുന്നത് അറിയാതെ അവ കുറുകി കുറുകി അടുത്തു. പുതിയൊരു ഇണപ്രാവ് ! ഇന്നലെ വരെ ഉണ്ടയിരുന്നതല്ലയിത്… വേറൊന്ന്.!
പെട്ടെന്നാണ് അവനോടായി പറഞ്ഞത്.
“ഡാ…  ഇന്ന് വൈകിട്ട്  തയ്യാറായിക്കോ… നമ്മക്ക് പോകാട്ടാ..”
പറഞ്ഞ വാക്കുകൾ അവന്റെ ചുറ്റും ചിത്രശലഭങ്ങൾ പോലെ ചിറകടിച്ചു വട്ടമിട്ട് പറക്കുന്നത് ഉള്ളിൽ കണ്ടു. അവന്റെ മുഖത്തെ ഭാവപകർച്ച കാണാൻ മുഖം തിരിച്ചില്ല.. .
ഗ്ലാസ്സിൽ ഗുളൂ ഗുളൂ..എന്ന് വീഴുന്നത്  കേട്ടു.
ഒന്നിന് പിറകെ മൂന്നു വട്ടം.
“ഇങ്ങള് മുത്തണ്…. മുത്ത്..”
“ഞാൻ കാട്ടി തരും… ഒറ്റയ്ക്ക് കേറി പൊയ്ക്കൊള്ളണം.”
സൂപ്പർ മാർക്കറ്റിന് തൊട്ടടുത്ത ഫ്ലാറ്റുകളിൽ ഒന്നിൽ താമസിക്കുന്ന മുത്തു കൃഷ്‌ണൻ ഒരാഴ്ച്ച മുന്നേ പറഞ്ഞ അറിവ് മാത്രമേ ഉള്ളുവല്ലോയെന്ന് ഉള്ളിൽ ചിരിച്ചു. അവന്റെ റൂം ഉള്ള അതേ നിലയിൽ തൊട്ടടുത്ത റൂമിലെ കച്ചോടം ഇതാണ് എന്നത് തമാശ രൂപത്തിൽ ആണ് അവൻ അന്ന് പറഞ്ഞത്. കൂട്ടത്തിൽ ഒരു മലയാളി പെണ്ണ് കൂടി ഉണ്ടെന്ന് അവൻ സൂചിപ്പിച്ചത് ഓർത്തു.

വൈകിട്ട് പ്രധാനറോഡിൽ നിന്ന് ഗല്ലിയിലേയ്ക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവനോട് ചോദിച്ചത് ഇതാണ്.
“ഈ പണിക്ക് പോവാൻ എന്തിനാടാ നീ എന്നെ കൂട്ട് പിടിക്കുന്നത്.. നിനക്കങ്ങ്  പോയാ പോരെ..?”
“ഓ.. പോരാഞ്ഞിട്ടല്ല…. എന്നാലും നിങ്ങള്  ഉള്ളത് ഒരു ധൈര്യം…. ആദ്യല്ലേ നമ്മള്….”
“പോടാ കോപ്പേ… ഞാൻ കാട്ടി തരും അങ്ങു പോയേക്കണം.. എനിക്ക് വേറെ പണിയുണ്ട്..”
ഇരുപത്തി അഞ്ചു വർഷങ്ങൾക്കുള്ളിൽ ഒരിക്കൽ പോലും ഗല്ലികളുടെ ഓരങ്ങളിലെ കെട്ടിടങ്ങളിലേക്ക് ഈ ഒരു കാര്യത്തിന് കയറി ചെന്നിട്ടില്ല. ഇനി ഒരിക്കലും അതുണ്ടാവുകയുമില്ല. ഗല്ലി റോഡുകൾ ഇലഞരമ്പുകൾ പോലെ പിരിഞ്ഞും പിന്നെ മുട്ടിയും പല വഴി ചിതറി കിടക്കുകയാണ്, ഹൃദയ ധമനികൾ പോലെ. അതിലൊന്നിൽ കയറി നടന്നത് എത്തിനിന്ന കെട്ടിടം നാല് നിലയിൽ ഉള്ളതായിരുന്നു. തിരിഞ്ഞു നിന്ന് അവന്റെ കണ്ണിൽ നോക്കി.

“രണ്ടാം നില 201 നമ്പർ റൂം. മലയാളിയാണ് ഒന്ന്. പിന്നൊരു തമിഴത്തി.. ആന്ധ്രാക്കാരി…. ഊരും പേരും ഒന്നും ചികയാൻ പോകണ്ട. കാര്യം കഴിഞ്ഞാ അങ്ങു റൂമിലേക്ക് വിട്ടോ..”

അവനെ കൂട്ടി ഇറങ്ങും മുന്നേ ആലപ്പുഴക്കാരൻ മുസ്തഫ വാട്‌സ്ആപ്പിൽ പറഞ്ഞു തന്ന കാര്യങ്ങൾ അവനു നൽകി. അതിൽ കൂടുതൽ തനിക്കൊന്നും അറിയില്ല താനും..! ഡോർ അടഞ്ഞു തുടങ്ങിയപ്പോൾ അവനെ വിട്ടിട്ടു പോകണമോ എന്ന ചിന്ത വന്നു. വേണ്ട, വരും വരെ കാക്കാം. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയ ശേഷം നേരെ അപ്പുറത്തെ കഫറ്റീരിയയിൽ കയറി ഒരു നാടൻ ചായ പറഞ്ഞു. കുടിച്ചു തീരും മുന്നേ അവൻ ഇറങ്ങി വരുന്നത് കണ്ടു. ഒപ്പം നടന്നെത്തിയപ്പോ അവൻ വേറെ ലോകത്താണ്.

“ഞാൻ വിചാരിചു നീ ആ പെണ്ണുങ്ങളെ കൂടെ കൂടി കളയുന്ന..”

പകരമായി അവൻ പറഞ്ഞത് നാളത്തെ സാമ്പാർ വയ്ക്കാനുള്ള തക്കാളിയുടെ കാര്യമാണ്. “കേരറ്റ്… വേണ്ടക്ക… ഉള്ളി ഇത് മൂന്നും വാങ്ങണം. നിങ്ങൾ നടന്നോ… ഞാൻ വാങ്ങിച്ചു വരാം ഇന്നൊരു മത്തി ഫ്രെ കൂടി ആക്കണം…. പിന്നെ ഒന്ന് വാങ്ങി വയ്ക്കണേ…  ആ പയ്യനെ വിളിച്ച് പറഞ്ഞാ മതി.. റൂമിൽ എത്തിക്കും, കുപ്പി..!
സൂപ്പർ മാർക്കറ്റിന് അപ്പുറം രണ്ടു വരി പാതയുടെ സീബ്ര വരയ്ക്കും അപ്പുറം ചുവപ്പ് കത്തി നിൽക്കുന്നത് നോക്കി കൊണ്ട് അവൻ പെട്ടെന്ന് പറഞ്ഞു..
“ഞാൻ ഇക്കൊല്ലം നാട്ടിലേക്ക് പോണില്ല.. ലീവ് കെൻസൽ ആക്കാ.. ന്ന് വച്ചു…”
നന്നായി..!
അവന്റെ വാട്‌സ്ആപ്പിൽ ഇന്നലെ കൂടി ഏതോ ബന്ധു അയച്ചു കൊടുത്ത ഒരു പെണ്ണിനെ കാണിച്ചു തന്ന പുള്ളിയാണ്..
“നിനക്കപ്പോ പെണ്ണ് കാണണ്ടേ..?
പെണ്ണും വേണ്ട പിട കോഴിയും വേണ്ട …
ഒരു ചായ കുടിക്കാൻ നിങ്ങളെ പോലെ ചായകട കച്ചോടമാക്കാൻ ഞാനില്ല…….”

കുതിച്ചു പായുന്ന റോഡ് സൂപ്പർ മാർക്കറ്റിന് മുന്നിലെ സീബ്ര ലൈനിൽ ചുവപ്പിനു മുന്നിൽ സ്തംഭിച്ചു നിന്നപ്പോൾ റോഡിനപ്പുറത്ത് നിന്ന് ഞാനും അവനും താമസിക്കുന്ന അപർട്മെന്റിലെ  ലിഫ്റ്റിൽ കണ്ടു പരിച്ചയമുള്ള ഒരു ഫിലിപ്പീനി പെണ്ണ് പുതിയൊരു കൂട്ടുകാരനുമായി മെല്ലെ സീബ്ര ലൈൻ മുറിച്ചു കടന്നു. മുകളിൽ ആ പ്രദേശത്തുള്ള മുഴുവൻ പ്രാവുകളും വട്ടമിട്ടു പറന്നു തുടങ്ങി. എനിക്കൊന്നു ചിരിക്കണമെന്ന് തോന്നി. അവനാണെങ്കിൽ ഫിലിപ്പീനി പിള്ളേരുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടാണ് കടയിലേക്ക് നടന്നു തുടങ്ങിയത്. 
ഇന്നത്തേക്ക് മാത്രമുള്ള തക്കാളിയും ഉള്ളിയും പച്ച മുളകും.