ഒരു ഒറ്റപ്പെടൽ
പരിചയമില്ലാത്ത നാട്
കണ്ണുകളിൽ
മുളക്കാത്ത വാക്കുകളുടെ കൂമ്പാരം
തൊണ്ടയിൽ മൗനക്കെട്ട്
മനസ്സിൽ വരണ്ട ഉപ്പുപാടം
ഭീതിയൊഴിയാത്ത ഹൃദയത്തിന്റെ
കനൽ വഴികളിൽ
സ്നേഹബന്ധങ്ങൾ
കബന്ധങ്ങളുടെ മാല കോർക്കുന്നു.
ഇതളുകൾ കൊഴിഞ്ഞ പ്രണയത്തിന്റെ
കേവുഭാരവും താങ്ങിയുള്ള കാത്തിരിപ്പ്
ഓർമകളിലാകെ
ലിപികളില്ലാത്ത
ഹൃദയഭാഷ്യങ്ങളുടെ
അസ്ഥിപഞ്ജരങ്ങൾ.
ഒരുനാൾ
മനുഷ്യരില്ലാത്ത കുന്നുകൾക്കിടയിൽ
നമ്മുടെ പ്രണയത്തിന്റെ ഒറ്റമരം പൂക്കും.
നമുക്കുമാത്രം കാണാവുന്ന വർണ്ണങ്ങളിൽ
ആ പൂക്കൾ നമ്മോട് ചിരിക്കും.
കാലം പിന്നെയും നമുക്കിടയിലെ
ഭിത്തിക്ക് കനം കൂട്ടും.
കടലൊരിക്കലും വറ്റില്ലെന്ന്
വൃഥാ ഉറപ്പിക്കും
സ്നേഹത്തിന്റെ വേലിയേറ്റങ്ങളും
മറവിയുടെ വേലിയിറക്കങ്ങളും
നമ്മൾ കാലത്തിനു വിട്ടുകൊടുത്തതാണെന്ന്
അവരറിയുന്നില്ല…