ഒറ്റപ്പന

നിൽക്കൂ ..
എന്നിലേക്ക്‌ നടക്കരുത്
അടർന്നു പാറുന്ന വെയിൽ വഴികൾക്ക്,
കണ്ണിപ്പെടാനാവാത്തത്ര  ദൂരമുണ്ട് എന്നിലേക്ക്‌.

തണുപ്പിനാൽ തുന്നിയിഴുകപ്പെട്ട ,
കൊടും കറുപ്പ് കുടിച്ചു
വറ്റിപ്പിടിച്ച  മണ്ണാണ് എനിക്ക്.
തിരികെ നടക്കാൻ
വഴികൾ ആർക്കും അവശേഷിപ്പതില്ല.

നിഗൂഢത പുതച്ചു തെറിച്ചു നിന്ന് തലയാട്ടുന്ന ,
എന്നിലേക്ക്‌ പഥ്യപ്പെട്ടു
പച്ചജീവൻ തിള പൊട്ടുമ്പോൾ ,
നിഴലുകൾ കോർക്കുമ്പോഴൊക്കെയും  ,
ഉടുമുണ്ട് ഉതിർന്നും ചുണ്ടുകളിഴുകിയും,
അവരെനിക്ക് ചുറ്റും പരന്നൊഴുകും  .

ഒടുക്കം, കുരുത്തു മുഴുത്തു ഊറിപ്പിടിച്ചതൊന്നു-
അടിവയറ്റിലാഞ്ഞു മിടിച്ചും ,
ഊക്കിനൊരു ഛർദിയാൽ കുടലൊന്നടങ്കം –
ഊരിപിഴുതപ്പെട്ടു തൊണ്ടക്കുഴിയിൽ തട്ടിച്ചുരുങ്ങിയും ,
ഒറ്റയൊറ്റയെന്നു വരണ്ട പെൺഹൃദയങ്ങളാലും,  
ഞാനടിവേരടക്കം വിറകൊള്ളും.  

തിരസ്ക്കരിക്കപ്പെടുന്നവരുടെ  
ചീറ്റിയ ചുടുചോരയാൽ വെന്തും,
നിർത്താതെ അലമുറയിടുന്ന ചീന്തപ്പെട്ട ,
മാംസക്കഷ്ണങ്ങളാൽ പൊതിയുന്ന വിഹ്വലതകളാലും ,
എൻ കണ്മുന്നിൽ  
കുരുക്കിണക്കി മുറുക്കി പിടയുന്നവരാലും ,
നരകമെന്നപോൽ ഞാൻ നിന്നെരിയും .

നിൽക്കൂ,
എന്നിലേക്ക്‌ നടക്കരുത്.
ഒറ്റപ്പനയെങ്കിലും എണ്ണമില്ലാത്തത്ര സ്പന്ദനങ്ങൾ –
വിഴുങ്ങാൻ തരിക്കുന്ന പെരുംചുഴിയാണ് ഞാൻ.
തിരികെ നടക്കാൻ വഴികളാർക്കും അവശേഷിപ്പതില്ല.

തിരുവനന്തപുരം സ്വദേശിനി. എറണാകുളത്തത്ത് താമസം. കുറച്ചു വർഷങ്ങൾ ഹ്യൂമൻ റിസോഴ്സ് ലീഡ് ആയി ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ വീട്ടമ്മ