ഒറ്റ

കാലത്തിന്റെ വേഗതയിൽ
കുതിക്കുവാനാകാതെ ഞാൻ
പഴിപറഞ്ഞിരിക്കുന്നീ-
പ്പാതയോരത്ത്.

പഴഞ്ചനെന്നതാം വിളി
കേട്ടുകൊണ്ടേ ജീവിക്കുന്നൂ
വീട്ടിലും നാട്ടിലുമൊറ്റ –
പ്പെട്ടുപോകുന്നു.

നന്ദിവേണ്ട സ്നേഹം വേണ്ട
കടപ്പാടുതീരെ വേണ്ട-
യെന്ന ചിന്തപേറും കൂട്ടർ
ചുറ്റും കൂടുന്നു!

പ്രണയത്തിൽ ചതി പിന്നെ
സൗഹൃദത്തിൽ ചതി സ്നേഹ –
ബന്ധങ്ങളിൽ ചതി മാത്രം
കാട്ടും കാലത്ത് ,

പൊളി പറഞ്ഞെന്തും നേടും
പുമാന്മാർ മദിക്കും നാട്ടിൽ
ദേശസ്നേഹം വാക്കിൽ മാത്രം
പൂക്കുന്ന നാട്ടിൽ,

സ്വാർത്ഥതമുഖമുദ്രയായ് –
ത്തീർന്നുകൊണ്ടിരിക്കും നാട്ടിൽ
സ്വന്തം മുഖച്ചന്തം മാത്രം
ചിന്തിക്കും നാട്ടിൽ !

ഒറ്റപ്പെട്ടുപോയൊരുത്തൻ
ഒന്നിനും കൊള്ളാതിരിപ്പൂ
പോയകാല നന്മകളെ –
യോർമ്മിച്ചുംകൊണ്ടേ !

കാലത്തിന്റെ വേഗതയിൽ
കുതിക്കുവാനാകാതെ ഞാൻ
പഴിപറഞ്ഞിരിക്കുന്നീ-
-പ്പാതയോരത്ത്.

പാലക്കാട് പുതുശ്ശേരി സ്വദേശി. പ്രണയഋതു, അക്ഷരനിവേദ്യം, മുക്കുറ്റി, നിമിഷച്ചിറകിൽ, സ്നേഹപ്പച്ച എന്നീ കവിതാസമാഹാരങ്ങളും കൃഷ്ണ, അന്യം, മോക്ഷവാതിൽ കടന്ന ഒരാൾ , മൂകാംബിക, ശബരീമോക്ഷം എന്നീ ഖണ്ഡകാവ്യങ്ങളും ആത്മാവിൽ മുട്ടിവിളിച്ചതുപോലെ, മനോജ്ഞം, സംഗീതപരബ്രഹ്മം എസ്പി ബി, അക്ഷരസുകൃതം അക്കിത്തം, സുഗത എന്ന ഒറ്റമരത്തണൽ, കാവ്യവൃക്ഷത്തിലെ കുയിലിന്റെ പാട്ടുകൾ എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതുന്നു