ഒറിവൊയർ

ഭൗ.. ഭൗ…
ജാക്കിന്റെ കുരകേട്ട് ബെറ്റ ഞെട്ടിയുണർന്നു.
സമയം ഏറെ വൈകിയിരിക്കുന്നു. ആദം ഉണർന്നിട്ടില്ല. വാഷ്ബേസിനിൽ മുഖംകഴുകി അടുത്തുള്ള കർച്ചീഫിൽ മുഖം തുടയ്ക്കുന്നതിനിടെ വിന്റോകർട്ടൻ മാറ്റി അവൾ പോർച്ചിനടുത്തുള്ള ഷെഡ്‌ഡിലേക്ക് നോക്കി. ഇത്രസമയമായിട്ടും എന്നെ കാണാത്തതിലുള്ള പരിഭവമാണ്.

ഇന്നെനിക്കെന്താ പറ്റിയെ? സാധാരണ ഈ സമയമാകുമ്പോഴേക്കും ആദമിന്റെ കുളിയും ഭക്ഷണവുമെല്ലാം കഴിയുന്നതാണ്. ജാക്കിനും ഫുഡ്‌ കൊടുത്തു കഴിഞ്ഞാൽ ഞാനും കുളിച്ചു ഫ്രഷ് ആയിട്ടിരുന്നു ആദമിനോട്  ഓരോന്നുസംസാരിച്ചിരിക്കും. കഴിഞ്ഞ നാല്പത് കൊല്ലമായിട്ടുള്ള ദിനചര്യയാണ്.

“പാക്കോ ഡി വെക്കാസ്പെസോ കുമോർ നോൺ ടോക്ക “

ഈ ഇറ്റാലിയൻ പഴമൊഴി ബെറ്റ ആദ്യമായികേട്ടത് ഈഫൽ ടവറിനടുത്തു നിന്ന് ചുംബനങ്ങളിലഭിരമിച്ചു നിൽക്കുന്ന കാമിനീകാമുകൻമാരുടെ ഇടയിൽ വച്ചായിരുന്നു.

ബെറ്റ ധൃതിയിൽ കിച്ചണിലേക്ക് നടന്നു. ആദമിനിഷ്ടം ഫ്രഞ്ച് ഫ്രൈസ്, നെഗ്ഗറ്റ്സ് ഒക്കെ ആയിരുന്നു. ഈവെനിംഗിൽ കുസൈൻ, കാപ്പോച്ചിനോ ഒക്കെ ആയി സെയ്ൻ നദിയിലെ തിരകളെണ്ണിയും മറ്റും സോഫിസ്റ്റിക് ആയിട്ടുള്ള ആളുകളിൽ നിന്നും വിഭിന്നമായി ഫുട്ബോളിൽ തന്റെ കരിയർ നിലനിർത്താനുള്ള ചിട്ടവട്ടങ്ങളിൽ ആദം ശ്രദ്ധിച്ചുപോന്നു.

ഗോൾവലയിൽ കുടുങ്ങിയ പന്ത് ഹൃദയത്തിൽ പതിഞ്ഞ പ്രണയംപോലെ. ഗോൾവല മുറിച്ചുകടന്നു പുറത്തേയ്ക്കുരുളുമ്പോൾ അത് ജീവിതംപോലെ. എന്നാണെനിക്കിപ്പോൾ തോന്നുന്നത്.

അന്നൊരിക്കൽ ഫെബ്രുവരി പതിനാലിനു ഞങ്ങൾ ഫ്രണ്ട്സിനൊപ്പം കറങ്ങുന്നതിനിടയിലാണ് കൂട്ടുകാരിലൊരുവൻ ഒരു റോസുമായി എന്നെ സമീപിക്കുന്നത്. അതുകണ്ട ആദം ഒറ്റ ചാട്ടത്തിന് അടുത്തെത്തി എന്റെ കയ്യും പിടിച്ചൊരോട്ടമായിരുന്നു ഈഫൽ ടവറിലേക്ക്. അതിന്റെ ഉച്ചിയിൽ എത്തിയപ്പോഴേക്കും ഏകദേശം ശ്വാസം നിലച്ചുപോകുമെന്ന അവസ്ഥയായിരുന്നു. അതുവരേക്കും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു ഞങ്ങൾ.

“ഇറ്റ് വാസ് ബാക് ഇൻ ഡിസംബർ
വീ ഹെർഡ് ഓഫ് ദാറ്റ്‌ ന്യൂ വൈറസ്
വി ഓൾ റിമെംബർ
വി ഡിഡിന്റ് തിങ്ക് ഇറ്റ് വാസ് ഡയിൻജറസ്…”
ചാൾസ് ഫ്രഞ്ച് എഴുതിയ സോങ് വൈറലായതിൽ പിന്നെ റിംഗ് ടോൺ പോലുമതാണ്.

“ഹലോ!”
“യെസ്, മാ ഹൗ ആർ യു?
“ഫൈൻ ഡിയർ…. എന്റ് യു?”
“ഫൈൻ മമ്മി.വൈ ഡിഡിന്റ്  യു കാൾ മി ടുഡേ?”
‘ബിക്കസ് ആം ലേറ്റ്”
“ലേറ്റ്, വാട്ട്‌ ഹാപ്പന്റു ടു യു മോം “
“അനിവായ്   ആഫ്റ്റർ ബ്രേക്ക്‌ ഫാസ്റ്റ് കാൾ മി. ടേക്ക് കെയർ”
“ക്കെ. ബൈ’

വലിയ ഫുട്ബാളർ ആയി ഉയർന്നു വരികയായിരുന്നു ആദം. അപ്പോഴേക്കും വിവാഹം കഴിഞ്ഞു മോനുണ്ടായിരുന്നു. പരിക്കുപറ്റിയ കാൽമുട്ടിന് ചെറിയ ശാസ്ത്രക്രിയ ഉടൻ വേണമെന്ന് അന്ന് ഡിജോണിൽ വച്ചു ഡോക്ടർ പറഞ്ഞു. നല്ല തിരക്കുള്ള ഹോസ്പിറ്റൽ ഒരേസമയം എട്ടോളം സർജറികൾ. അന്നവിടെവച്ച് അനസ്തീഷ്യനൽകിയതിൽ പിന്നെ ആദം ഉണർന്നതേയില്ല. എങ്കിലും ഈ കഴിഞ്ഞനാല്പത് വർഷമായി എന്റെ കഥകൾ കേൾക്കാൻ ഒരാൾ. മകൻ വളർന്നു ജോലിയും കുടുംബവുമായി. കൂടെപോകാൻ വിളിച്ചെങ്കിലും ആദമിന്റെ വീട്ടിൽ ഇവിടെ കഴിയാൻ തീരുമാനിച്ചു.

കോഫിയുമായി ആദമിനടുത്തെത്തി.

“ആദം, എന്തുപറ്റി?” ഇന്ന് ജാക്കിന്റെ കുരകെട്ടിട്ടൊന്നും ആദം ശരീരം ഒന്നനക്കുക പോലും ചെയ്യുന്നില്ലല്ലോ?

ആദം… ആദം…

“കണ്ണ് തുറക്ക് ആദം. പിന്നെ,ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. പറയട്ടെ?”

“ആദം…”

ആദം… അവളുടെ വിളി ഡിജോൺ കടന്നു സെയ്ൻ നദിയും കടന്ന് ഈഫൽ ടവറിൽ തട്ടി പരീസിലാകെ അലയടിച്ചു. “കവിളിൽ നൽകുന്ന മുത്തം ഹൃദയത്തിൽ നിന്നുള്ളതാണ്”
(പാക്കോ ഡി വൊക്കാസ്പെസോ കുമോർ നോൺ ടോക്ക ).

(ഒറിവൊയർ – വിട)

അദ്ധ്യാപികയാണ്. ഒന്നരദശാബ്ദക്കാലം സൗദിയിലായിരുന്നു. അവിടെ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. കഥ, കവിത,ലേഖനം ഓർമ്മക്കുറിപ്പുകൾ എഴുതാറുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്. "ഒറ്റ നക്ഷത്രം "എന്ന കവിതാസമാഹാരമുണ്ട്.