ഒരൊഴുക്ക്

നാണുവേട്ടൻ പോയിട്ടെത്രയായി എന്ന് കേൾക്കുമ്പോഴെല്ലാം ജാനുവേട്ടത്തി ഒരു നെടുവീർപ്പോടെ ആ ദിനം ഓർക്കും. എന്നിട്ടതൊന്നുറക്കെ ഉരുവിട്ട ശേഷം ജനുവേട്ടത്തി അവിടെ നിന്ന് ശരവേഗത്തിൽ നടന്ന് വീട്ടിലെത്തും.

വീട്ടുമുറ്റത്തങ്ങിങ്ങായി കാണുന്ന മുളകു തൈകൾ നാണുവേട്ടൻ നട്ടതാണ്. കുട്ടികൾക്കായി ഉഗ്രനൊരു ഫലവൃക്ഷശേഖരവും വീട്ടുമുറ്റത്തുണ്ടെങ്കിലും നാണുവേട്ടനും ജനുവേട്ടത്തിക്കും കുട്ടികളില്ല. നാണുവേട്ടൻ പോയതിൽ പിന്നെ അവിടെ അവർ ഒറ്റക്കാണ്.

അഞ്ച് കഴിഞ്ഞ് നാൽപതു കഴിഞ്ഞ് ആണ്ടും കഴിഞ്ഞാരുദിനം ജാനുവേട്ടത്തി സുലോചനയോടൊരു രഹസ്യം പറഞ്ഞു. ഇനി പറയുന്നത് ഒരു രഹസ്യമാണെന്ന മുന്നറിയിപ്പ് നൽകിക്കൊണ്ട് സുലോചന മറ്റ് പലരോടും അത് വെളിപ്പെടുത്തി “നാണുവേട്ടൻ എവിടെയും പോയിട്ടില്ലത്രേ ..! ഇന്നും അതിയാന്റെ കൂടെ താൻ ജീവിക്കുന്നുണ്ട് എന്നാ ജാനുവേട്ടത്തി പറഞ്ഞത് “.

കേട്ടവരിൽ ചിലരൊക്കെ കാര്യങ്ങൾ നേരിൽ കണ്ട് ബോധിക്കാൻ അവിടെ വരെയൊന്ന് പോയി. ഭാവ വ്യത്യാസമോ അസ്വസ്ഥതകളോ പ്രകടിപ്പിക്കാത്ത ജാനുവേട്ടത്തിയെ കണ്ട് അവർ സമാധാനമായി മടങ്ങി.

“ഓരെന്നെയല്ല, നിങ്ങളെ കാണാനാവന്നത് !” ഇതും പറഞ്ഞൊരൊറ്റച്ചിരിയായിരുന്നു ജാനുവേട്ടത്തി.

ആ ചിരിയിൽ വയലിലെ വെള്ളക്കെട്ടിൽ ഉറങ്ങിക്കിടന്നിരുന്ന പരൽ മീൻ പോലും വിറച്ച് പോയി. മുറ്റത്തെ ചെടിയിലകൾ പോലും ഒരൽപ്പം തലയുയർത്തി വീട്ടിനകത്തേക്ക് നോക്കി. വൈദ്യുതീകരിച്ച വീട്ടിലെ മുഴുവൻ പ്രകാശവും അണച്ചുവച്ച് രാത്രിയിൽ ജനുവേട്ടത്തി കട്ടിലിനടിൽ നിന്ന് പഴയ മണ്ണെണ്ണ വിളക്ക് പൊടിതട്ടിയെടുത്ത് കത്തിച്ചു വച്ചു.

”നാളെ നാലു മൂട് കപ്പ നട്ടാലോ നാണുവേട്ടാ…? ചൊരത്തീന്ന് വന്നവരൊക്കെ നാളെ കാട് കരിക്കും ന്നാ കേട്ടേ.” ആ ശാന്തതയിൽ ജാനുവേട്ടത്തിയുടെ ശബ്ദവും ചിരികളും മാത്രം മുഴങ്ങി.

രാവിരുണ്ടു വെളുത്തപ്പോൾ തോട്ടിൻ കരയിലൂടെ നടന്നു പോയ ആരൊക്കെയോ താണസ്വരത്തിൽ പറഞ്ഞൂത്രേ.. ‘ജാനുവേട്ടത്തി മരിച്ചു പോയെന്ന് !’.

വയനാട് കൊയിലേരി സ്വദേശിനി . കാലിക്കറ്റ് സർവ്വകലാശാലയിൽ ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതി വരുന്നു.