ഒരേ വൈകുന്നേരം

ജോലിക്കാരി
നത്തോലി വറുക്കുന്നു.
അങ്ങോട്ടുമിങ്ങോട്ടും നോക്കി ഉറപ്പുവരുത്തി
ഇടക്കിടെ നന്നായി
സ്വാദ്‌ നോക്കുന്നു.

മുറികളിലൂടെ ഒഴുകിയെത്തുന്നു;
സൂര്യകാന്തിയെണ്ണയിലേയ്ക്ക്‌
കുഞ്ഞുമീനുകളെ ഇടുന്ന ശബ്ദം,

എരിയൻ ഗന്ധം,
തടുക്കാനാവാത്ത ഏതോ ഓർമ്മകൾ
ഒക്കെയൊക്കെ.

ഏതോ പാനീയത്തിലേയ്ക്ക്‌
മഞ്ഞുകട്ടകൾ വീഴുന്നതിന്റെ,
പല സ്ഫടികഗ്ലാസുകൾ ഒന്നിച്ച്‌
തമ്മിൽക്കിലുങ്ങുന്നതിന്റെ,
കറുമുറാ എന്നിരിക്കുന്ന
തൊട്ടുകൂട്ടലുകളെ
ഇടക്കിടെ രുചിക്കുന്നതിന്റെ

അങ്ങനെയെന്തൊക്കെയോ
വീണ്ടും വീണ്ടും വരുന്ന ചിന്തകൾ.
അയാളുടെ കാലുകൾ അറിയാതെ
അടുക്കളയിലേയ്ക്ക്‌ നീങ്ങി.

പൊടുന്നനെ,
രാത്രിയായില്ല,
ആരും ഉറങ്ങിയില്ല,
സാധനം കൈയിലുമില്ല
എന്നിങ്ങനെയുള്ള തിരിച്ചറിവുകളാൽ
തിരികെ പോന്ന്
ഉമ്മറത്തെ കസേരമേൽ കാൽനീട്ടിവച്ച്‌
ചുവരിൽ മാറിമാറിത്തെളിയുന്ന
നിറക്കാഴ്ചകൾ കാണാനിരുന്നു.

രണ്ടു വീടുകൾക്കപ്പുറം,
തന്റെ ചെറിയ ജോലിയിടത്തിലെ
തൊഴിലാളികൾക്ക്‌ മാസശമ്പളം
നൽകാനാവാത്തതിന്റെ നിസഹായതയിൽപ്പെട്ട
ഒരു ഗൄഹനാഥൻ

കഴുക്കോലിന്റെ മീതെനിന്ന്
ഞാന്നുകിടക്കുന്ന കയർക്കുരുക്കിന്റെ
വട്ടം പരിശോധിക്കുകയായിരുന്നു.

കുറച്ചകലത്തുള്ള പ്രധാനനിരത്തിൽ
ഗതാഗതവിളക്കുകൾക്ക്‌ കീഴെ
താമസിച്ചിരുന്നേടം ഒഴിയേണ്ടിവന്ന്
മുഖമറയിട്ട കുറേ അന്യസംസ്ഥാനക്കാർ
ദിശ മറന്ന് വിശന്നിരുന്നു.

ഊണുകഴിച്ച്‌,
കെട്ടുപിണച്ചിലുകളഴിക്കാത്ത
ഒരു കൊലപാതകരഹസ്യകഥയും
വലക്കുരുക്കിൽ തടഞ്ഞുകിടപ്പില്ലല്ലോ
എന്ന വിഷമത്തിൽ,
വാരാന്ത്യമായിട്ടും ഒരവധിക്കാലവസതിയിലേക്കും
യാത്ര പോവാൻ പറ്റുന്നില്ലല്ലോ
എന്ന വേവലാതിയിൽ,
തുറക്കാത്ത നിശാശാലകളെ പിന്നെയും പ്രാകി
മനസില്ലാമനസ്സോടെ
അയാൾ ഉറക്കത്തിലേയ്ക്ക്‌ വീണു.

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് സ്വദേശിനി. സാങ്കേതികമേഖലയിൽ‌ ബിരുദധാരി. ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.