ഉറക്കത്തിൽ തീവണ്ടിയിലായിരുന്നു.
വിചിത്രമായ തീവണ്ടി..!
ആദ്യം ഓട്ടോറിക്ഷ കയറ്റം കയറി
വരുന്ന ശബ്ദമായിരുന്നു.
അതൊരു വലിയ പാലത്തിലേക്ക്
കടന്നപ്പോഴാണ്, ശബ്ദം ഒരു സൈക്കിള്‍
വലിയ ഇറക്കത്തിലെക്കെന്നപോലെ
മാറിപ്പോയത് .
ഒരു മൂന്നു വയസുകാരന്
സൈക്കിളിന് പിറകിലെന്നപോലെ
ഞാന്‍ ആരെയൊക്കെയോ അരണ്ട്പിടിച്ചിടുണ്ട്.
ഇപ്പോള്‍ തീവണ്ടിയിക്ക്
എന്നെപോലെ പേടിച്ചരണ്ടവരുടെ
കിതപ്പിന്റെ ശബ്ദമാണ് .
നിങ്ങള്‍ വിശ്വസിക്കുമോ …!
പാലത്തില്‍ നിന്നും ഞങ്ങളേയുംകൊണ്ട്
ഒരു കൂട്ടം പശുക്കളുടെ കുളമ്പിന്ശബ്ദം പോലെ
ആകാശത്തിലേക്ക് തീവണ്ടി കുതിച്ചു പാഞ്ഞു.
ഇപ്പോള്‍ തീവണ്ടിയും ഞങ്ങളെല്ലാവരും
തല കീഴായാണ് സഞ്ചരിക്കുന്നത്.
കാവല്ക്കാരാല് ബാലത്സഘം ചെയ്യപ്പെട്ടവരുടെ
ദയനിയമായ ശബ്ദംപോലെ,
കുട്ടികളുടെ നിലവിളികള്‍ ഉയര്‍ന്നപ്പോഴാണ്
ഞാന്‍ അപായ ചങ്ങലയില്‍ പിടിച്ചു വലിച്ചത്.
ഒരു ബസ് സഡന്‍ബ്രേക്കിട്ടപോലെ തീവണ്ടി നിന്നത്.
അപ്പോള്‍; പീതവര്ണ്ണത്തിലേക്ക് കുങ്കുമവും
പച്ചയും പടര്‍ന്ന കടുംകറുപ്പ് നിറമുള്ള
ഒരു സ്റ്റേഷനില്‍ ആളുകള്‍ തലകുത്തിതന്നെ
കൂട്ടത്തോടെ ഇറങ്ങിപോയി.
ഇപ്പോഴാണ് ഞാന്‍ ആ നഗരം ശ്രദ്ധിച്ചത്
അവിടെ എല്ലാവരും തലകുത്തിയാണ് നടക്കുന്നത്
തലകുത്തി മാത്രം നില്ക്കുന്ന
അധികാരിയുടെ നിയന്ത്രണത്തിലുള്ള
ഒരു വിചിത്ര നഗരത്തില്‍,
അങ്ങനെ മാത്രമേ അവിടെ നിങ്ങള്‍ക്ക്
നടക്കാന്‍ കഴിയു
അല്ലങ്കില്‍ ഉടലിനുമീതെയുള്ള കാലുകള്‍ കാണില്ല.
ഇനി എനിക്കുറപ്പുണ്ട്! ജീവിച്ചിരിപ്പുണ്ടെങ്കില്‍
ഈ സ്വപ്നത്തില്‍ നിങ്ങളും വിശ്വസിക്കും