ഒരു മാന്ത്രികദണ്ഡ്‌

ഓണം കേറാമൂല എന്ന് നമ്മൾ പറയുന്ന ഗണത്തിൽ പെടുന്ന ഒരു പാലക്കാടൻ കുഗ്രാമം. അതായിരുന്നു ഖസാക്കിന്റെ ഇതിഹാസത്തിനു പശ്ചാത്തലമാകുന്ന കാലത്ത്‌ തസറാക്. അൻപതുകളിലാണു, മിക്കവാറും അൻപത്തിയാറിൽ, ഞാൻ ആ പേരു കേൾക്കുന്നതും അതെന്റെ ഓർമ്മകളിൽ പതിയുന്നതും. ഏട്ടന്റെ (ഒ. വി. വിജയൻ) അനിയത്തിയും എന്റെ ചേച്ചിയുമായ ശാന്തക്ക്‌ തസറാക്കിലെ ഏകാധ്യാപക വിദ്യാലയത്തിൽ ജോലി കിട്ടി.
ചേച്ചി പാലക്കാട്ടെ വിക്റ്റോറിയ കോളജിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദമെടുത്തു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാൻ ചെറിയ കുട്ടിയാണു. ഏഴുവയസ്സു കാണും എന്നു കരുതുന്നു. വീട്ടിലെ വർത്തമാനങ്ങളിൽ നിന്നാണു പൊതുവെ കാര്യങ്ങൾ ഗ്രഹിക്കുന്നത്‌. ചേച്ചിക്ക്‌ തസറാക്കിൽ ചെന്ന് താമസിച്ചേ പറ്റൂ. അന്നു ഞങ്ങൾ താമസിച്ചിരുന്ന മറ്റൊരു ഓണംകേറാമൂലയായിരുന്ന മണലിയിൽ നിന്ന് പത്തോ പന്ത്രണ്ടോ കിലോമീറ്റർ ദൂരമേ അവിടേക്കുള്ളൂ. ഇന്നത്തെ കണക്കിൽ അതൊരു ദൂരമേ അല്ല.
അച്ഛനോ മുത്തച്ഛനോ ആരാണെന്ന് ഓർക്കുന്നില്ല ആ സ്ഥലത്തു ചെന്ന് അന്വേഷണങ്ങൾ നടത്തിയിട്ട്‌ (ഗോപാലൻ ?) എഴുത്തച്ഛൻ എന്ന ഒരാളിന്റെ കളം വാടകക്ക്‌ എടുത്തതായി പറയുന്നതു കേട്ടു. ഏതായാലും ചേച്ചിയും മുത്തച്ഛനും കൂടിയാണു തസറാക്കിൽ താമസിക്കാൻ പോയത്‌. പാചകത്തിനും മറ്റും സഹായത്തിനു ഒരു പെൺ കുട്ടി കൂടി ഉണ്ടായിരുന്നു എന്നു തോന്നുന്നു.
അന്നുകാലത്ത്‌ ബസ്‌ സൗകര്യം നന്നെ കുറവ്‌. അതും എല്ലായിടത്തേക്കും ഇല്ല. ഓട്ടോറിക്ഷ ജനിച്ചിട്ടില്ല. കൂടുതലും ആളുകൾ അവർക്കു ചെല്ലേണ്ട ഇടങ്ങളിലേക്ക്‌ നടക്കുകയായിരുന്നു പതിവ്‌.
  സാധാരണഗതിയിൽ ചെറുദൂരങ്ങളിലേക്ക്‌ പോകേണ്ട ആവശ്യങ്ങളേ വരുന്നുള്ളൂ താനും. അല്ലാതെ വരുമ്പോൾ ആശ്രയിച്ചിരുന്നത്‌ കുതിരവണ്ടി, കാളവണ്ടി എന്നിവയെയാണു. പാലക്കാട്ട്‌ പട്ടണത്തിൽ അതായത്‌ സുൽത്താൻപേട്ടയിലും മറ്റും ഏതാനും റിക്ഷകളുമുണ്ട്‌. മനുഷ്യൻന്മാർ വലിച്ചുകൊണ്ടുപോകുന്ന പണ്ടത്തെ ആ കൈവണ്ടികൾ. ചേച്ചി തസ്രാക്കിൽ താമസിച്ച കാലയളവ്‌ ഓർക്കുന്നില്ല. ബി.ടിക്ക്‌ (ഇന്നത്തെ ബി.എഡ്‌.) ചേരാൻ അന്ന് കുട്ടികളെ പഠിപ്പിച്ച പരിചയം കാണിക്കണം. അതിനു വേണ്ടിയാണു ചേച്ചി തസറാക്കിൽ പഠിപ്പിക്കാൻ പോയത്‌. ചുരുങ്ങിയ കാലയളവ്‌ എത്രയെന്ന് നിബന്ധനയുണ്ടായിരുന്നിരിക്കും. അത്രയും പഠിപ്പിച്ചു കാണണം. ഒരു വർഷത്തിൽ കൂടുതലാവില്ല ചിലപ്പോൾ കുറവേ കാണുകയുള്ളൂ എന്നു തോന്നുന്നു.
ചേച്ചി ഇടക്ക്‌ വീട്ടിൽ വരുമായിരുന്നു. ഏട്ടനാണെങ്കിൽ തമിഴ്‌ നാട്ടിലെ കോളജുകളിൽ താൽക്കാലികമായി ജോലി ചെയ്യുന്ന കാലം. ചേച്ചി വരുമ്പോൾ ചിലപ്പോൾ ഏട്ടനും വീട്ടിൽ ഉണ്ടാവും. അവർ തമ്മിൽ വലിയ കൂട്ടായിരുന്നു. ഞാൻ ചുറ്റിപ്പറ്റി അവരുടെ അടുത്തൊക്കെ ഉണ്ടാവും. അവരുണ്ടെങ്കിൽ എനിക്ക്‌ വലിയ സന്തോഷമായിരുന്നു.
വലിയ പ്രായ വ്യത്യാസം ഉണ്ടായിരുന്നതുകൊണ്ട്‌ എന്നോട്‌ കാര്യങ്ങൾ പറഞ്ഞിരുന്നില്ല. എങ്കിലും ഞാൻ ചുറ്റിപ്പറ്റി നിൽക്കുന്നതിൽ അവർക്ക്‌ വിരോധമൊട്ടും ഉണ്ടായിരുന്നില്ല. എന്നേക്കാൾ ഏട്ടനു പതിനെട്ടും ചേച്ചിക്ക്‌ പതിന്നാലും വർഷം മൂപ്പുണ്ടായിരുന്നു.
അവരുടെ വർത്തമാനങ്ങളിൽ എപ്പോഴോ തസറാക് നിറയാൻ തുടങ്ങി.
അപ്പോഴേക്ക്‌ ഞാൻ മലയാളം വായിക്കാറായിരുന്നു. വീട്ടിൽ സ്ഥിരമായി വാങ്ങിക്കൊണ്ടു വന്നിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയും മറ്റും സ്ഥിരമായി വായിക്കും. കഥകളും കവിതകളും എന്നെ ആകർഷിച്ചു തുടങ്ങിയിരുന്നു. സാഹിത്യമായിരുന്നു പലപ്പോഴും ഏട്ടന്റെയും ചേച്ചിയുടെയും സംസാരവിഷയം.
അവരോടുള്ള ഇഷ്ടക്കൂടുതലും എന്നിൽ നാമ്പിട്ടു തുടങ്ങിയ സാഹിത്യപ്രേമവും കൊണ്ട്‌ എന്റെ ശ്രദ്ധ അവരുടെ സംഭാഷണങ്ങളിൽ പതിയുമായിരുന്നു.
തസറാക് അവരുടെ ചർച്ചയിൽ വന്നതിനു ആ സാഹചര്യത്തിലാണു ഞാൻ സാക്ഷിയാവുന്നത്‌. തസറാക്കിലെ ആളുകളെപ്പറ്റിയും താൻ പഠിപ്പിക്കുന്ന കുട്ടികളെപ്പറ്റിയും ചേച്ചി സംസാരിക്കുന്നത്‌ കേൾക്കാൻ ഇമ്പമായിരുന്നു. പുതിയ കഥകളായിരുന്നു അവ. ആ കൊച്ചുകൊച്ചു സംഭവങ്ങൾ പലതും ഏട്ടൻ അദൃശ്യമായ ഏതോ മാന്ത്രികദണ്ഡ്‌ പ്രയോഗിച്ച്‌ നവ്യമായ ഒരു മാനം നൽകി തന്റെ ആദ്യനോവലിൽ ഉപയോഗിച്ചു. തസറാക്കിനെ ഏട്ടൻ ഖസാക്ക്‌ ആക്കി മാറ്റി.
1948 ല്‍ ജനനം. പ്രശസ്ത സാഹിത്യകാരനായ ഒ.വി.വിജയന്‍റെ സഹോദരി. അഗ്നി മിത്രനൊരു കുറിപ്പ്, ധ്യാനം, സ്നേഹഗീതികള്‍ എന്നീ കവിതാ സമാഹാരങ്ങളും നിലംതൊടാമണ്ണ് എന്ന കഥാസമാഹാരവും ഷാഹിദ് നാമ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുഴയൊഴുകും വഴി, കാറ്റിനിലേവരും ഗീതം, നിശബ്ദതയുടെ സൗഖ്യം തുടങ്ങിയവയും ഒ.വി. ഉഷയുടെ രചനകളാണ്. ഇപ്പോള്‍ തിരുവനതപുരം ശാന്തിഗിരി ആശ്രമത്തിൽ അന്തേവാസി.