ഒരു മറുകഥ

ചില പുസ്തകങ്ങൾ, കഥകൾ ഒക്കെ വായിക്കുമ്പോൾ കഥാകൃത്ത് സഞ്ചരിച്ച വഴികളിൽ നിന്ന് അല്പം മാറി ചിന്തിച്ചു പോകാറുണ്ട്. അത്തരത്തിലൊന്നാണ് ‘പ്രണയോപനിഷത്ത് ‘. ഈ കഥ വായിച്ചപ്പോൾ മുതൽ മനസ്സിലൊരു മറുവിചാരം തോന്നിത്തുടങ്ങിയതാണ്. എന്നാൽ ഇതിന്റെ സിനിമ, അതായത് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കണ്ടപ്പോൾ ഇങ്ങനെയൊരു വിചാരം തോന്നിയതുമില്ല. കഥാകൃത്ത് എന്നോടു ക്ഷമിക്കട്ടെ!

ബോധിവൃക്ഷത്തിൻചോട്ടിലിരുന്ന ബുദ്ധന് ബോധോദയം ഉണ്ടായതുപോലെ, ബാറിലെ ഫാനിന്റെ കീഴെയിരിക്കുമ്പോൾ കഥാനായകനായ ഉലഹന്നാനു തോന്നിയ വെളിപാടാണല്ലോ പ്രസ്തുത കഥയുടെ അടിസ്ഥാനം. ആ വെളിപാടിനെ അയാൾ നട്ടുനനയ്ക്കുകയും അത് അവരുടെ താരതമ്യേന വരണ്ടുണങ്ങിയ ദാമ്പത്യത്തെ പൂത്തുതളിർപ്പിച്ച് ഫലഭൂയിഷ്ടമാക്കുകയും ചെയ്തിടത്താണ് കഥയുടെ വിജയവും പരിസമാപ്തിയും.

പറഞ്ഞുവന്നതെന്തെന്നാൽ, കഥാനായകനായ ഉലഹന്നാനു പകരം, ഭാര്യയായ ആനിമ്മയ്ക്കാണ് ഇങ്ങനൊരു ബോധോദയം ഉണ്ടാകുന്നതെങ്കിൽ അവരുടെ കുടുംബജീവിതത്തിൽ അതെങ്ങനെ വർക്കൗട്ടാകുമെന്നാണ് ഞാൻ ചിന്തിച്ചത് (പ്രതീകാത്മകം എന്നു കരുതിയാലും തെറ്റില്ല). സന്ദർഭം, ബാറിലെ ഫാനിനു ചുവട്ടിൽ എന്നതിനുപകരം ഉച്ചക്കറിക്കുള്ള മീൻനന്നാക്കുമ്പോഴോ, ദോശചുടുമ്പോഴോ അലക്കിയ തുണികൾ മടക്കിവയ്ക്കുമ്പോഴോ, അങ്ങനെ എപ്പോഴെങ്കിലുമാകാം.

ആനിമ്മയെന്ന ശരാശരി വീട്ടമ്മയുടെ നാല്പത്തിരണ്ടാമത്തെ വയസ്സിലുണ്ടായ വെളിപാടായി മാത്രം ഇതിനെ ചിന്തിച്ചാൽ പോരാ. കൊച്ചിലേ മുതൽ നല്ലൊന്നാന്തരം ദൈവഭയത്തിലും അച്ചടക്കത്തിലും വളർന്ന സത്യക്രിസ്ത്യാനിപ്പെൺകുട്ടിയാണ് ആനിമ്മ. പള്ളീൽപ്പോക്ക്, കുർബ്ബാന, കുമ്പസാരം – ഇത്യാദികളിലൊന്നും ഒരു വിട്ടുവീഴ്ചയ്ക്കും ആനിമ്മയുടെ അമ്മച്ചി സമ്മതിക്കേലായിരുന്നു. കുഞ്ഞുപാവാടക്കാലം കഴിഞ്ഞതിനുശേഷം നെരിയാണി മറയുന്ന നീളൻ പാവാടയല്ലാതെ ഒരു പരിഷ്കാരവേഷം പോലും അനുവദിച്ചിട്ടില്ല. ഒച്ചയുയർത്തി ചിരിക്കാൻ പാടില്ല. “പെമ്പിള്ളാർക്ക് അടക്കോമൊതുക്കോം വേണം, വളത്തുദോഷമാന്ന് പറേപ്പിക്കല്ല് പെണ്ണേ” എന്നൊക്കെക്കേട്ടുശീലിച്ച് സർവ്വതിനോടുമുള്ള പാപഭയവുമായി വളർന്ന കൊച്ചാണ് ആനിമ്മ.

പ്രണയം എന്ന മൂന്നക്ഷരം കൂട്ടിവായിക്കുന്നതുപോലും പാപമാണെന്നാണ് വയ്പ്. എന്നാലും മൂന്നാം ക്ലാസ്സിൽവച്ച് സഹപാഠിയായ സെബാൻ കണ്ണിറുക്കിക്കാണിച്ചപ്പോൾ, തെറ്റാണെന്നു മനസ്സു പറഞ്ഞിട്ടും ആനിമ്മ തിരിച്ചൊന്നു പുഞ്ചിരിച്ചു. പിന്നെ അഞ്ചാം ക്ലാസ്സുമുതൽ കന്യാസ്ത്രീമാരുടെ പെൺപള്ളിക്കൂടത്തിലായതിനാൽ പാപം ചെയ്യാൻ അധികമവസരം പിശാച് കൊടുത്തില്ല.

എന്നാലും പത്തീപ്പഠിക്കുമ്പോൾ പള്ളി കഴിഞ്ഞെറങ്ങിവരുന്ന നേരത്ത് പടിക്കെട്ടിലൂടെ ധൃതി പിടിച്ചമട്ടിലോടിയ ജോനാച്ചൻ ദേഹത്തൊന്നു മുട്ടിയേച്ചു പോയത് അറിയാതല്ല എന്നു മനസ്സിലായിട്ടും മിണ്ടാതിരുന്നതും ക്വയറിൽ ഒപ്പംപാടിയ സണ്ണിക്കുട്ടൻ പാട്ടുപുസ്തകത്തിനുള്ളിൽ തിരുകി വച്ച പ്രേമലേഖനം ആരും കാണാതെ കീറിക്കളഞ്ഞെങ്കിലും അതിനു മുമ്പ് ഒരക്ഷരം വിടാതെ വായിച്ചതും പ്രായത്തിന്റെ കുഴപ്പം ഒന്നുകൊണ്ടു മാത്രമാണ്. ( അപ്പോഴൊക്കെയും കുമ്പസാരം എന്നൊരു പാപമോചന മാർഗ്ഗം മുമ്പിലുണ്ടല്ലോ എന്നതായിരുന്നു ഒരാശ്വാസം.)

ഇത്തരം കാര്യങ്ങളെല്ലാം കുഴപ്പമാണെങ്കിൽ ഇപ്രായത്തിൽ ഇത്തരം ആഗ്രഹങ്ങളും ചിന്തകളും തോന്നിപ്പിക്കുന്നതും തെറ്റല്ലേ കർത്താവേ എന്ന് ആനിമ്മ രഹസ്യമായി കർത്താവിനോട് ചോദിച്ചിട്ടുണ്ടെന്നതാണ് സത്യം.

അയൽക്കാരിയും ആനിമ്മയുടെ അടുത്ത കൂട്ടുകാരിയുമായ നാൻസി വിശാല ഹൃദയയാണ്. എന്നുവച്ചാൽ, ഹൃദയത്തിൽ ഇഷ്ടംപോലെ ഇടമുള്ളവൾ. ഒരേസമയം ഒന്നിലധികംപേരെ പ്രേമിക്കുന്നവൾ. അവൾ ഒച്ചയിൽ സംസാരിക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്തുപോന്നു. കൂട്ടുകാരിയൊക്കെയാണെങ്കിലും ആനിമ്മയ്ക്ക് അവളൊരു പിടികിട്ടാപ്പുള്ളിയാണ്. നാൻസിയുടെ പല പ്രവൃത്തികളിന്മേലും ആനിമ്മയ്ക്ക് ‘ഇങ്ങനെയൊക്കെച്ചെയ്യാമോ’ എന്നു മനസ്സിൽ ചോദ്യമുയർന്നിട്ടുണ്ടെങ്കിലും ചെറിയൊരു ആരാധനയോ അസൂയയോ ഒക്കെ ഉണ്ടുതാനും. കാര്യം, രണ്ടുപേരുടെയും അമ്മച്ചിമാർ അടുപ്പക്കാരികളൊക്കെയാണേലും ആനിമ്മയുടെ അമ്മച്ചിക്ക് നാൻസിയെ അത്ര പിടുത്തം പോരാ. ‘ആ നെഗളിപ്പുകാരി ‘ എന്നാണ് നാൻസിയെക്കുറിച്ച് ആനിമ്മയോടു പറയാറ്.

മിക്കവാറും ആനിമ്മയും നാൻസിയും ഒരുമിച്ചാണ് കുമ്പസാരിക്കാൻ പോകുന്നത്. ആനിമ്മയെ കുമ്പസാരിപ്പിക്കാൻ അച്ചന് അത്ര ഉത്സാഹമൊന്നും കണ്ടിട്ടില്ല. ഒരുതരം ഉദാസീനത. എന്നാൽ നാൻസിയുടെ ഊഴംവരുമ്പോൾ അങ്ങനല്ലതാനും. ഒരുദിവസം രണ്ടുപേരും കുമ്പസാരമൊക്കെ കഴിഞ്ഞ് പള്ളീന്നെറങ്ങിവരുന്നവഴി, ആനിമ്മ അറച്ചറച്ച്, എങ്കിലും രണ്ടുംകല്പിച്ച് നാൻസിയോടൊരു ചോദ്യം!

“അല്ല നാൻസീ, നീ കുമ്പസാരിക്കുമ്പ അച്ചനോട് എല്ലാം തൊറന്നുപറയുവോന്ന്…. ഞാൻ.. ചുമ്മാ ചോദിച്ചെന്നേയുള്ളൂ കേട്ടോ “

നാൻസി ആദ്യം കാണുന്ന പോലെ ആ നിമ്മയെ ഒരു നോട്ടം!

എന്നിട്ട് ഒരൊറ്റപ്പൊട്ടിച്ചിരി! “അയ്യടാ, അങ്ങനെ അച്ചനിപ്പം സുഖിക്കണ്ട!

എന്റെ ആനിമ്മേ, നീയിത്ര പൊട്ടിയാണല്ലോ? എടീ നമ്മളു പറേന്നതല്ലേ അച്ചൻ കേക്കൂ. നമ്മളെന്നാ പറയണോന്ന് നമ്മളല്ലേടി തീരുമാനിക്കുന്നെ.. ”

ആനിമ്മേടെ തുറന്ന വായിൽ കൂടി ഈച്ച കയറിയില്ലെന്നേയുള്ളു. പുല്ലരിയാനും വിറകൊടിക്കാനുമുള്ള നാൻസിയുടെ ഒറ്റയ്ക്കുള്ള ഉത്സാഹഭരിത സാഹസികയാത്രകൾ ആദ്യത്തെ ചോദ്യത്തിനൊപ്പം പുറത്തു വരാതെ ആനിമ്മയുടെ മനസ്സിലങ്ങ് ഞെരിഞ്ഞമർന്നുപോയി.

ചുരുക്കത്തിൽ, അരുതുകളുടെ ലക്ഷ്മണരേഖയിൽ ആനിമ്മയുടെ വിവാഹപൂർവ്വ കാലഘട്ടം പ്രണയശൂന്യമായിപ്പോയി. പൂർണ്ണതയിലെത്താത്ത പ്രണയം എന്നു പോയിട്ട്, ബാലവാടിവരെയെത്തിയൊരു പ്രണയം പോലും അമ്മച്ചി, അപ്പച്ചൻ, കുഞ്ഞാങ്ങള ഇത്യാദി തലയ്ക്കു ചുറ്റും കണ്ണുള്ള രക്ഷിതാക്കളാൽ, പാവത്തിനു നിഷേധിക്കപ്പെട്ടു. പ്രണയിക്കപ്പെടാനുള്ള മോഹം ഏതൊരു പെണ്ണിനെയും പോലെ മനസ്സിന്റെ കോണിൽ എത്രയടക്കി വച്ചിട്ടും ഇടയ്ക്കിടെ തലപൊക്കി വന്നുകൊണ്ടിരുന്നതുമാത്രം മിച്ചം!

ആളുമാറി വന്ന കല്യാണാലോചന ആണെങ്കിലും ഉലഹന്നാനെ ആദ്യ കാഴ്ചയിൽത്തന്നെ ആനിമ്മയ്ക്ക് ഇഷ്ടമായി; ആനിമ്മയെ ഉലഹന്നാനും. വരാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധമായിരുന്നുതാനും. സർക്കാർ ജോലി, മോഹൻലാലിനെപ്പോലെ സുന്ദരൻ. രണ്ടു പേരും തമ്മിൽ നല്ല ചേർച്ച. നാൻസിയുടെ മുഖത്തെ അസൂയ ആനിമ്മയെ ഉള്ളുകൊണ്ട് തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അവൾക്കു മുമ്പേ തന്റെ കല്യാണം നടന്നല്ലോ. അവൾക്കു കിട്ടാനിടയുള്ളതിനേക്കാൾ എത്രയോ യോഗ്യനാണ് തന്റെ ഇച്ചായൻ. ഇത് വിലക്കപ്പെട്ടതല്ലല്ലോ അനുവദിക്കപ്പെട്ട കനിയല്ലേ എന്നോർത്ത് ആനിമ്മയുടെ ഏദൻതോട്ടത്തിൽ പ്രണയസ്വപ്നങ്ങൾ വീണ്ടും പൂത്തുലഞ്ഞു.

കെട്ടുകഴിഞ്ഞപ്പോഴാണ്, വിവാഹ ജീവിതത്തിലും അരുതുകളുടെ ഒരു ഘോഷയാത്ര തന്നെയുണ്ടെന്ന് ആനിമ്മയ്ക്കു മനസ്സിലായത്. ഭാര്യാ ഭർത്താക്കന്മാരാണെന്നതു നേര്, എന്നു വച്ച് മറ്റുള്ളോരുടെ മുമ്പിൽ, പ്രത്യേകിച്ച് കാർന്നോമ്മാരുള്ളിടത്ത്, മുട്ടിയുരുമ്മിയിരുന്നു കൂടാ, അടുത്തിടപഴകിക്കൂടാ, എന്നെല്ലാമുള്ള വിലക്കുകൾ. കുട്ടികളായാൽപ്പിന്നെ അവരുടെ മുമ്പിൽ അതിലുമധികം ശ്രദ്ധ വേണം. ചുരുക്കത്തിൽ, സിനിമയിലും വല്ലപ്പോഴും വായിച്ചിരുന്ന വാരികകളിലും കണ്ടു പോന്ന ദമ്പതികളും യഥാർത്ഥ ജീവിതത്തിലെ ദമ്പതികളും തമ്മിലുള്ള അന്തരം ഒരു വലിയ സത്യമായി നിലകൊണ്ടു.

ഉലഹന്നാൻ സ്നേഹമില്ലാത്തവനൊന്നുമല്ല. സ്നേഹമുള്ള ഭർത്താവാണ്. കരുതലുള്ള അച്ഛനാണ്. പക്വതയുള്ള പെരുമാറ്റം. ഉള്ളവരുമാനംകൊണ്ട് ആവശ്യങ്ങളൊക്കെ ആകുംവിധം നിവർത്തിക്കുന്ന ആളാണ്. അതിലൊന്നും ആനിമ്മയ്ക്ക് പരാതിയൊന്നുമില്ല. ‘കെട്ട്യോനു കീഴ്പ്പെട്ട് ജീവിക്കണം’ എന്ന വേദപ്രമാണം ശിരസ്സാവഹിക്കുന്ന ഒരുത്തമഭാര്യയായി ആനിമ്മയും തന്റെ റോൾ ഭംഗിയായി നിർവ്വഹിച്ചു. വീട്ടുപണികളെല്ലാം ഏറ്റവും ഭംഗിയായി, ഒറ്റയ്ക്കു ചെയ്തു. കെട്ട്യോന്റേയും കുട്ടികളുടേയും കാർന്നോമ്മാരുണ്ടായിരുന്നപ്പോൾ അവരുടെയും ഇഷ്ടാനിഷ്ടങ്ങളെല്ലാം കൃത്യമായി നോക്കി. ആഴ്ചക്കുർബ്ബാനമുടക്കാതെ പള്ളിയിൽപ്പോയി. നോയമ്പുകളെല്ലാം നിഷ്ഠയോടെ നോക്കി. വിരുന്നുകാരെ സൽക്കരിക്കുകയും വിശേഷങ്ങൾക്ക് പോകേണ്ടിടത്തൊക്കെ പോകുകയുംചെയ്തു. അങ്ങനെ, വർഷങ്ങൾപോകെ, ജീവിതത്തിന് ഒരു യാന്ത്രികത കൈവന്നു.

ഇതിനിടയിൽ മഴനനയാതെപോയൊരു വിത്തുപോലെ പ്രണയം ജീവിതത്തിലെവിടെയോ മറഞ്ഞുകിടന്നെന്നുമാത്രം. അല്ലെങ്കിലും അടഞ്ഞമുറിയിലെ ഇരുട്ടിൽമാത്രം പൊട്ടിത്തെറിക്കാൻ, പ്രണയം കുക്കറിലിട്ട് ചൂടുകൊള്ളാൻവച്ച പോപ്കോണൊന്നുമല്ലല്ലോ?

വിരസതയ്ക്കുമൊരു വിരസതയൊക്കെയില്ലേ? കെട്ടു കഴിഞ്ഞിട്ട് പത്തൊമ്പതു കൊല്ലങ്ങളായി. ജീവിതത്തിന്റെ നല്ല പ്രായത്തിലെ പത്തൊമ്പതു വർഷങ്ങൾ. തറതുടച്ചും വിഴുപ്പലക്കിയും, വിയർപ്പിൽ മുങ്ങിയുമെല്ലാം കടന്നുപോകുന്ന കാലത്തെ നോക്കിനിൽക്കെ ആനിമ്മയ്ക്ക് ഈയിടെയൊരു വീണ്ടുവിചാരം. കൊച്ചുങ്ങടെ കൊച്ചു പ്രായമൊക്കെ കഴിഞ്ഞു. ഇപ്പോ ഇച്ചായനും പിള്ളേരും രാവിലെ പോയാൽ, വീട്ടുജോലികളും കഴിഞ്ഞ് സീരിയലും സിനിമയും ഒക്കെ കാണാൻ സമയം കിട്ടാറുണ്ട്. ജീവിതവും ചെറുപ്പവും പ്രണയവും ഒക്കെ ഇഷ്ടം പോലെ അവയിൽ കാണാനുണ്ട്. പ്രണയം പോലെ ജീവിതത്തെ മനോഹരമാക്കുന്ന മറ്റൊന്നുമില്ല. ആകെയുള്ള ഒരേയൊരു ജീവിതം പ്രണയശൂന്യമായി എന്തിനു തീർക്കണം? നാല്പതുകടന്നാൽ പ്രണയിച്ചുകൂടാ എന്നില്ലല്ലോ.

ഇപ്രായത്തിൽ എന്തുകൊണ്ട് എന്നതിന് സ്വയം ഉത്തരം കണ്ടെത്തിയപ്പോൾ അടുത്ത ചോദ്യം ആരെ എന്നതാണ്. ദിനംപ്രതി കാണുന്ന ഓരോ പുരുഷ മുഖങ്ങളും ഓർത്തു. ഒറ്റക്കാഴ്ചയിൽത്തന്നെ ശരീരത്തിന്റെ നീളം, വീതി, വ്യാപ്തം മുതലായവയെല്ലാമളക്കുന്ന നോട്ടങ്ങൾ ഓർമ്മ വന്നപ്പോൾത്തന്നെ മനംപിരട്ടി വന്നു. അപ്പച്ചനും ആങ്ങളയും കഴിഞ്ഞാൽ, ജീവിതത്തോടേറ്റവും ബന്ധമുള്ള പുരുഷൻ ഇച്ചായൻ തന്നെയാണ്. ഇത്രയും അടുപ്പമുള്ള, അടുത്തറിയാവുന്ന ഇച്ചായനെ പ്രണയിച്ചില്ലെങ്കിൽ മറ്റാരെ പ്രണയിക്കാനാണ്? ഏറ്റവും സുരക്ഷിതമായ പ്രണയം ഭർത്താവിനോടുതന്നെയാണ്.

തീരുമാനമായി. പക്ഷേ ഇച്ചായനോട് എങ്ങനെ പറയും? എന്തു കരുതും? “നമുക്ക് പ്രേമിച്ചാലോ?” എന്നു ചോദിച്ചാൽ ഇതുവരെ പ്രേമമില്ലായിരുന്നോ എന്നു കരുതിയാലോ?

“നമുക്ക് വീണ്ടും പ്രണയിക്കാം” എന്നു പറയാം. അതിനും തീരുമാനമായി.

രണ്ടും കല്പിച്ച് ഒരു ദിവസം രാത്രി ആനിമ്മ ഉലഹന്നാനോട് ചോദിച്ചു,
“ഇച്ചായാ, നമുക്ക് ഒന്നൂടെ പ്രേമിച്ചാലോ ?”

മയക്കത്തിലേക്ക് വീണു പൊയ്ക്കൊണ്ടിരുന്ന ഉലഹന്നാന് ഒന്നും മനസ്സിലായില്ല. തട്ടിയുണർത്തി ആനിമ്മ വീണ്ടും ചോദിച്ചു, ഇത്തവണ ഉലഹന്നാൻ ചോദ്യം വ്യക്തമായി കേട്ടു . ആദ്യമായി കാണുന്ന പോലെ ഭാര്യയെ നോക്കി. ആ നോട്ടത്തിൽ ‘ കർത്താവേ, ഇവൾക്കെന്നാ പറ്റിയേ’ എന്ന ഞെട്ടലുണ്ടായിരുന്നു. ഉറക്കപ്പിച്ചിൽ ഇച്ചായൻ ശരിക്കും കേട്ടു കാണില്ല എന്ന വിചാരത്തിൽ ആനിമ്മ മൂന്നാമതും ചോദ്യം ആവർത്തിക്കേ, ഉലഹന്നാന്റെ മനസ്സ് പലവിധമായ ചിന്തകളിലായിരുന്നു. നാല്പതു കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഇളക്കമാണ് എന്ന് കഴിഞ്ഞ ദിവസം കൂടി വൈകുന്നേരത്തെ ടൂലാർജ് കമ്പനിയിൽ ടോമിച്ചൻ പറഞ്ഞതേയുള്ളു. അപ്പോഴും, ആ കടമ്പ കടന്ന് രണ്ടു കൊല്ലം കൂടി കഴിഞ്ഞ ആനിമ്മ എത്ര അടക്കമൊതുക്കമുള്ളവളാണ് എന്നോർത്ത് അന്തരംഗം പുളകിതമായതാണ്. കൗമാരത്തിലും യൗവനാരംഭകാലത്തിലുമായി പ്രണയിച്ചിട്ടുള്ള അനേകം തരുണീമണിമാരെ ഓർമ്മവന്നു. അതിൽ, ഒരേ സമയം പലരെ വിജയകരമായി പ്രണയിക്കുന്നു എന്നു കണ്ടെത്തി ( താനും മോശമൊന്നുമായിരുന്നില്ലല്ലോ) ഒഴിവാക്കിയവരുടെ മുഖങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ആനിമ്മയുമായി ബന്ധപ്പെടുത്തി ഈ മുഖങ്ങളൊന്നും ഓർക്കേണ്ട യാതൊരാവശ്യവും ഇല്ലാഞ്ഞിട്ടും ഇപ്പോൾ ഉലഹന്നാന് അതെല്ലാം ഓർമ്മവന്നു എന്നുള്ളതാണ് സത്യം. ആനിമ്മയുടെ ആവശ്യത്തിന്റെ ഉദ്ദേശശുദ്ധിയെക്കാൾ, ആ ചോദ്യം ചോദിക്കാനുള്ള സാഹചര്യമെന്തെന്നുള്ളതാണ് ഉലഹന്നാനെ അലട്ടിയത്. മീൻകാരന്റെയും പച്ചക്കറിക്കാരന്റെയും തുണിതേപ്പുകാരന്റെയുമടക്കം പല മുഖങ്ങളും ഒരു ചോദ്യച്ചിഹ്നത്തോടെ ഈ ചുരുങ്ങിയ നിമിഷങ്ങൾക്കകം അയാളുടെ മനസ്സിലൂടെ തെളിഞ്ഞു വന്നു എന്നത് അതിശയകരമായിരുന്നു….

ഈ മറുകഥ ഞാൻ ഇവിടം കൊണ്ടു നിർത്തുന്നു. ബാക്കി വായനക്കാർക്കുള്ളതാണ്.

ഭർത്താവിന്റെ വിനീതവിധേയദാസി എന്നതിനാൽ, ഉലഹന്നാനുണ്ടായ ബോധോദയവും തീരുമാനവും ആദ്യം കേട്ടപ്പോൾ തെല്ലൊരു ഞെട്ടലുണ്ടാക്കിയെങ്കിലും അതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി സസന്തോഷം പ്രായോഗികമാക്കാൻ ആനിമ്മയ്ക്ക് അത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല. പോരെങ്കിൽ ഉള്ളിന്റെയുള്ളിൽ അവളുമാ പ്രണയം ആഗ്രഹിച്ചിരുന്നതല്ലേ? ഇവിടെ അതേ ബോധോദയം ആനിമ്മയുടെ ഭാഗത്തുനിന്നായതിനാൽ അതിന്റെ വിജയസാദ്ധ്യത എത്രത്തോളമുണ്ടെന്ന് നിങ്ങൾക്കോരോരുത്തർക്കും തീരുമാനിക്കാവുന്നതാണ്!

കോട്ടയം സ്വദേശി. ജോലി റബ്ബർ ബോർഡിൽ.ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും മുഖപുസ്തകത്തിലുമൊക്കെ കഥകളും കവിതകളുംഎഴുതാറുണ്ട്