സാഹിത്യത്തിലൂടെ ലോകത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതും വിവർത്തന ഗ്രന്ഥങ്ങൾ വായിച്ചു കൊണ്ട്. ‘ഒരു പെയിൻറ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ’ എന്ന പുസ്തകം വ്യത്യസ്തമാക്കുന്നത് അതുകൊണ്ടു തന്നെയാണ്. മുഹമ്മദ് അബ്ബാസ് എന്ന എഴുത്തുകാരൻ വായിച്ചു തീർത്ത പുസ്തകങ്ങളിൽ ചിലതിനെ കുറിച്ച വിചാരങ്ങളാണ് ഈ പുസ്തകം. ‘നിങ്ങൾ വായിക്കാൻ പോകുന്നത് നിരൂപണമോ, പഠനമോ, ഖണ്ഡനമണ്ഡന വിമർശനമോ, സാഹിത്യ ആസ്വാദനമോ ഒന്നുമല്ല……’ എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്.
35 അധ്യായങ്ങളിലായി ഇന്ത്യൻ-വിദേശ കൃതികളെക്കുറിച്ചും രചയിതാക്കളെ കുറിച്ചുമുള്ള കുറിപ്പുകൾ ആണ് ഈ പുസ്തകത്തിൽ. ഓരോ പുസ്തകവും വായനക്കാരൻ എന്ന നിലയിൽ ഗ്രന്ഥകാരനിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് തനത് ശൈലിയിൽ എഴുതി വെക്കുകയാണ്. പുസ്തകങ്ങളിലെ കഥാപാത്രങ്ങളും കഥകളും ചിലപ്പോൾ രചയിതാവിന്റെ ജീവിതവും ഒക്കെ വായനക്കാരനെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും വിഷാദത്തോളം എത്തിക്കുകയും ചെയ്യുന്നുണ്ട്.
ഹുവാൻ റൂൾഫോയുടെ ‘പെഡ്രോ പരാമോ’ (Pedro Paramo), ഏണസ്റ്റ് ഹെമിംഗ് വേയൂടെ ‘കിഴവനും കടലും’ (The Old Man and the Sea), ഡേവിഡ് ടോസ്കാനയുടെ ‘അവസാനത്തെ വായനക്കാരൻ’ (The Last Reader), അലക്സാണ്ടർ ഡ്യുമാസിന്റെ ക്ലാസിക് കൃതി ‘കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’ (Count of Monte Cristo), 2006 ൽ ബുക്കർ പ്രൈസ് നേടിയ അരവിന്ദ് അഡിഗയുടെ ‘വെള്ള കടുവ’ (White Tiger), കാർലോസ് ഫ്യുവന്തസിന്റെ ‘ഇനസിന്റെ കാമനകൾ’ (Inez), അകാലത്തിൽ പൊലിഞ്ഞുപോയ യുവ ഡോക്ടർ പോൾ കലാനിധി മരണക്കിടക്കയിൽ വെച്ച് എഴുതിയ ‘പ്രാണൻ വായുവിലലിയുമ്പോൾ’ (When Breath Becomes Air), ഷൂസെ സരമാഗുവിന്റെ ‘മരണം മാറുന്ന ഇടനേരത്ത്’ (Death at Intervals), പി. വി അഖിലാണ്ഡത്തിൻറെ ‘ചിത്തിരപാവൈ’, ഒ. ഹെൻട്രിയുടെ പ്രശസ്തമായ ‘ദി ലാസ്റ്റ് ലീഫ്’ (The Last Leaf), സാദിഖ് ഹിദായത്തിന്റെ ‘കുരുടൻ മൂങ്ങ’ (The Blind Owl) തുടങ്ങിയ പുസ്തകങ്ങളെ കുറിച്ചുള്ള കുറിപ്പുകൾ ചിന്താർഹമാണ്.
ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും വിശദമായി തന്നെ പറയുന്നുണ്ട് ‘ശൂന്യതയുടെ ശിഖരങ്ങൾ’ എന്ന അധ്യായം. ‘എഴുതാതിരിക്കാൻ വയ്യ, ജീവിച്ചിരിക്കുകയാണെങ്കിൽ ഇനിയും എഴുതിപ്പോകും’ എന്ന് മരണമൊഴി എഴുതിവെച്ച് എഴുത്തിലെ സ്വാതന്ത്ര്യത്തിനുവേണ്ടി ആത്മത്യാഗം ചെയ്ത രാജലക്ഷ്മിയെ സ്മരിക്കുന്നുണ്ട് മറ്റൊരു അധ്യായത്തിൽ. നളിനീ ജമീല, ആനന്ദ്, ഷക്കീല, ഖലീൽ ജിബ്രാൻ, കാഫ്ക, മോപ്പസാങ്, എം കൃഷ്ണൻ നായർ, ഒ. വി. വിജയൻ എന്നിവരുടെ ജീവിതവും എഴുത്തും പല അധ്യായങ്ങളിലായി കുറിച്ച് വച്ചിട്ടുണ്ട്.
പാട്രിക് സുസുകിന്റയുടെ ‘പെർഫ്യൂം’ (The Perfume), യെസുനാരി കവാബത്തയുടെ ‘ബ്യൂട്ടി ആൻഡ് സാഡ്നെസ്സ്’ (Beauty and Sadness), വിഭൂതിഭൂഷൻ ബദ്ധ്യോപാധ്യായയുടെ ‘ആരണ്യകം’, മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണം’, ഓർഹാൻ പാമുക്കിന്റെ ‘മ്യൂസിയം ഓഫ് ഇന്നസെൻസ്’ (Museum of Innocence), വില്യം ഫോക്നറിന്റെ ‘ദുർഗ്ഗം’ (The Castle), ഇന്ദു മേനോൻറെ ‘കപ്പലിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം’, എം പി നാരായണപിള്ളയുടെ ‘കള്ളൻ’ തുടങ്ങിയ രചനകളുടെ ആസ്വാദനം വായനക്കാരിൽ മൂലകൃതികൾ വായിക്കാനുള്ള താല്പര്യം ജനിപ്പിക്കും.
അബ്ബാസിന്റെ ‘ലോക സഞ്ചാരങ്ങൾ’ വായനക്കാർക്ക് പുതിയ പുസ്തകങ്ങൾ തേടിപ്പിടിക്കാനും, വായിക്കാനും പ്രചോദനം നൽകുന്നു. എന്തു വായിക്കണം എന്ന് അന്വേഷിക്കുന്ന പുതിയ വായനക്കാർക്ക് വഴികാട്ടിയാണ് ഈ പുസ്തകം .