ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍…

എം ജി റോഡിലെ ട്രാഫിക് ബ്ലോക്കിൽപ്പെട്ടു ഇഴഞ്ഞു നീങ്ങുമ്പോഴാണ് മെഡിക്കൽ ട്രസ്റ്റിന് തൊട്ടു മുൻപ് വലതുവശത്തുള്ള ആ പഴയ ഷോപ്പിംഗ് കോംപ്ലെക്സിന്റെ മുന്നിലേയ്ക്ക് ഒരു നിമിഷം അറിയാതെ നോട്ടം പോയത് . എത്ര വർഷങ്ങൾ ആയിട്ടുണ്ടാവും ഈ വഴി വന്നിട്ട്. കൃത്യമായി ഓർമ്മയില്ല. മെല്ലെ കാറിന്റെ ഗ്ലാസ് താഴ്ത്തി ചെവിയോർത്തു. പതിഞ്ഞ ശബ്ദത്തിൽ ഒരു പാട്ട് കേൾക്കുന്നുണ്ടോ ? തല കുറച്ചു പുറത്തേയ്ക്കിട്ടു മണം പിടിച്ചു. തട്ട് ദോശയുടേയും ഓംലൈറ്റിന്റെയും മണം ഈ കാറ്റിലിപ്പോഴുമുണ്ടോ? തിരക്കിട്ടു പായുന്ന കാൽനടക്കാർക്കിടയിലൂടെ ഓർമ്മകൾ വർഷങ്ങൾ പിന്നോട്ട് നടന്നു . അവിടെ, കൈയ്യിലെ സ്റ്റീലിന്റെ ചട്ടുകം തട്ടിയുണ്ടാക്കുന്ന താളത്തിൽ തന്റെ പതിഞ്ഞ ശബ്ദത്തിൽ “ഒരുപുഷ്പം മാത്രമെൻ ” പാടുന്ന കാസിം ഭായിയുടെ മുഖം ഒരു സ്‌ക്രീനിലെന്നപോലെ തെളിഞ്ഞു വന്നു .

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ, ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ.. സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍
തല്‍പമങ്ങു, ഞാന്‍ വിരിക്കാം…

ദോശ ചുടന്നതിനിടയിൽ ദോശക്കല്ലിൽ സ്റ്റീലിന്റെ ചട്ടുകം കൊണ്ട് താളം പിടിച്ചു ഫോർട്ട് കൊച്ചിക്കാരൻ കാസിം ഭായി തൻറേതായ ഒരു ശൈലിയിൽ മനോഹരമായി പാടിക്കൊണ്ടേയിരിക്കും. ചിലപ്പോൾ ചില സംഗതികളൊക്കെ കൂടുതലിട്ടൊ അതല്ലെങ്കിൽ പൈസ വാങ്ങുന്നതിന്റെ ശ്രദ്ധയിൽ ട്യൂൺ അല്പം സ്ലോ ആക്കിയോ ഒക്കെ. കച്ചവടം കഴിഞ്ഞു കട അടയ്ക്കുന്നതു വരെ എത്ര തവണ ഈ പാട്ടു തന്നെ തിരിച്ചും മറിച്ചും പാടും എന്ന് ഭായിക്ക് പോലും നിശ്ചയമില്ല. വേറെ പാട്ടൊന്നും പഠിച്ചില്ലേ ഭായി എന്ന് ചോദിച്ചാൽ ” ഇതുപോലെ വേറെ ഒന്ന് കേൾപ്പിച്ചു താ, ഭാസ്കരൻ മാഷിന്റെ വരികളാണ് ബാബുക്ക ആത്മാവിൽ നിന്ന് പറിച്ചു വെച്ച സംഗീതമാണ് നമ്മ ദാസേട്ടൻ മനസ്സറിഞ്ഞു പാടിയതാണ്. തൊള്ളായിരത്തി അറുപത്തിയേഴിൽ ഇറങ്ങിയ “പരീക്ഷ “യിലെ പാട്ടാണ് ഇപ്പോഴും എന്തേലും കുഴപ്പമുണ്ടോ. ഇത് ഇനി ഒരു അഞ്ഞൂറ് കൊല്ലം കൂടി ഇങ്ങനെ പോകും. ഈ തട്ടുകടകാരനു പോലും ഫീലടിച്ചു പാടാൻ പറ്റും . ഇങ്ങനെയൊന്നു വേറെ കൊണ്ട് താ അപ്പോ നോക്കാം ” നമ്മൾ ഒന്നും മിണ്ടാതെ നിൽക്കും . വേറെ പാട്ടില്ലാഞ്ഞിട്ടല്ല, പക്ഷേ ഇങ്ങനെ ഇതൊന്നേയുള്ളൂ. യേശുദാസ് മലയാളികളുടെ മുഴുവൻ സ്വന്തമാണെങ്കിലും ഫോർട്ട് കൊച്ചിക്കാർക്ക് കുറച്ചു കൂടുതൽ അവകാശം ഉള്ളപോലെയാണ് അവരുടെ സംസാരം. അതിന്റെ ഒരു അസൂയ പണ്ടേ നമുക്ക് അവരോടുണ്ട്. കേട്ട് കേട്ട് നമ്മൾക്കും പാടി പാടി ഭായിക്കും ആ പാട്ടിലെ ഓരോ അക്ഷരവും മനഃപാഠമാണ് .

ഫോർട്ട് കൊച്ചി മട്ടാഞ്ചേരി ഭാഗങ്ങളിൽ സംഗീതം എല്ലാവർക്കും രക്തത്തിലുണ്ട്. പഴയ ഹിന്ദി, മലയാളം സിനിമാ പാട്ടുകളോ ഗസലുകളോ കേൾക്കാതെ നിങ്ങൾക്ക് അവിടെ ഒരു തെരുവിൽ കൂടിയും നടക്കാൻ കഴിയില്ല. ഫുട്ബാൾ കളിക്കുമ്പോഴും ചീട്ടു കളിക്കുമ്പോഴും ചീന വല വലിക്കുമ്പോഴുമൊക്കെ അവർ ഏതെങ്കിലുമൊക്കെ പാട്ടുകൾ മൂളിക്കൊണ്ടിരിക്കും . കാസിം ഭായി ആ ജനുസ്സിൽ പെട്ട ഒരു ഐറ്റം ആണ് . അപൂർവമായി തലത്ത് മെഹമൂദിന്റെ ഗസൽ പാടികേട്ടിട്ടുണ്ട്. അതും കസ്റ്റമേഴ്‌സ് കുറവാണെങ്കിൽ മാത്രം.

ഷോപ്പിംഗ് കോംപ്ലെക്സിലെ കടകൾ അടച്ചു കഴിഞ്ഞേ ഭായിക്ക് തന്റെ തട്ടുകട തുറക്കുവാൻ പറ്റൂ. രാത്രി പത്തുമണി മുതൽ രാവിലെ നാലുമണി വരെ എന്നുമുണ്ടാവും . രാത്രി മുഴുവൻ തുറക്കുവാൻ പോലീസിന്റെ അനുവാദം വാങ്ങിയിട്ടുണ്ട് . മെഡിക്കൽ ട്രസ്റ്റിൽ രോഗികളുമായി വരുന്നവരൊക്കെയായി അടയ്ക്കുവോളം നല്ല തിരക്ക് തന്നെ .

രാത്രി കറക്കത്തിനൊടുവിൽ വിശപ്പില്ലെങ്കിലും ഒരു പുഷ്പം കേട്ട് ചൂട് ദോശ കഴിക്കുവാൻ മിക്കപ്പോഴുമവിടെ പോകും. ഒരിക്കലും ദോശ ആവിശ്യത്തിന് സ്റ്റോക്ക് ഉണ്ടാവില്ല. ചുടുന്നതിനനുസരിച്ചു ആവശ്യക്കാർക്ക് നേരെ പാത്രത്തിലേയ്ക്ക് ഇട്ടു കൊടുക്കുകയാണ്. അതുകൊണ്ടു ഓർഡർ കൊടുത്തു നോക്കി നിൽക്കണം. കിട്ടി കഴിഞ്ഞാൽ നിരത്തിയിട്ടിരിക്കുന്ന ബഞ്ചിൽ സ്ഥലമുണ്ടെങ്കിൽ ഇരുന്ന് കഴിക്കാം . കുടിക്കുവാനുള്ള വെള്ളം മുന്നിലെ പ്ലാസ്റ്റിക് സ്റ്റാൻഡിൽ കൊണ്ട് വെയ്ക്കും. രണ്ടാമത് വേണോ എന്ന ചോദ്യമില്ല. ചുട്ടെടുത്ത ദോശയുമായി നേരെ നമ്മുടെ അടുത്ത് വന്നു ഒന്ന് നോക്കും. വേണമെങ്കിൽ കണ്ണുകൊണ്ടു ഒരു ആഗ്യം, ദോശ പാത്രത്തിൽ. ദോശയ്ക്ക് കൂട്ടാൻ കടുക് വറുത്ത ചൂട് ചമ്മന്തിയുമുണ്ടാവും. കടുകിനൊപ്പം ചുവന്ന മുളക് മുറിച്ചിട്ടതും കറിവേപ്പിലയും ചേരുമ്പോൾ ചമ്മന്തിക്ക് അസാദ്ധ്യ രുചിയാണ് . വിശപ്പു കൂട്ടുന്ന ഒരുതരം മണമാണ് അതിന്. ദോശ കഴിച്ചു തീരാറാവുമ്പോൾ സിംഗിൾ ഓംലെറ്റിന് പറയും . നമ്മൾ ഓരോ തവണ ഓംലെറ്റ് എന്ന് പറയുമ്പോഴും കാസിംഭായി അത് തിരുത്തി ഓംപ്ലേറ്റ് എന്നാക്കും എന്നിട്ടു ബ്ലഡി ഗ്രാമവാസി എന്ന രീതിയിൽ നമ്മളെ ഒരു നോട്ടവും നോക്കും. ബഞ്ചിൽ ഇരുന്ന് സ്റ്റീൽ പാത്രം കൈയ്യിൽ പിടിച്ചാണ് കഴിക്കുന്നത്. മുന്നിലുള്ള സ്റ്റാൻഡിൽ ഓംലെറ്റിനൊപ്പം റമ്മിന്റെ കളറിൽ ചൂട് കട്ടൻ ചായയും വെച്ച് ദോശ പാത്രം വടിച്ചു അവസാന രുചിയും അകത്താക്കുന്ന നമ്മളെ നോക്കി ഭായി സ്ഥിരം കോമഡി പറയും ” പാത്രം ഞങ്ങൾ കഴുകിക്കൊള്ളാം ” . ഇതൊക്കെ നമ്മൾ എത്ര കേട്ടതാണ് എന്ന മട്ടിൽ പാത്രം ക്ലീൻ ആക്കി പയ്യെ ഓംലെറ്റിലേയ്ക്ക് ശ്രദ്ധ തിരിക്കും .

സ്റ്റീലിൻറെ ഗ്ലാസ്സിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന ചെറിയ ഉള്ളിയുടേയും പച്ചമുളകിന്റേയും ഉപ്പിന്റേയും കോമ്പിനേഷൻ കുറച്ചു അതിലേക്കിട്ടു സ്പൂൺ കൊണ്ട് കുറച്ചു നേരം അടിക്കും. പിന്നെ ദോശക്കല്ലിന്റെ ഒരു മൂലയിൽ കുറച്ചു എണ്ണ തേച്ചു അതിലേയ്ക്ക് ഒഴിച്ചിട്ടു നമ്മുടെ സ്പെഷ്യൽ റിക്വസ്റ്റ് പ്രകാരം കുറച്ചു കുരുമുളക് പൊടികൂടി വിതറും . അപ്പോൾ ഒരു മണമുണ്ട് . ഓംലെറ്റ് ഇഷ്ടമില്ലാത്തവനും കഴിച്ചു പോകുന്ന മണം . തട്ടുകടകൾക്കു മാത്രം നൽകാൻ കഴിയുന്ന മണം.

മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍പോയല്ലോ,
മമസഖീ, നീയെന്നു വന്നു ചേരും…
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖീ, നീയെന്നു വന്നുചേരും…

കാസിം ഭായി പാടിക്കൊണ്ടേയിരിക്കും. വിരഹത്തിന്റെ നേർത്ത സ്പർശമുണ്ട് അയാളുടെ പതിഞ്ഞ ശബ്ദത്തിന്. നമ്മുടെ കയ്യിലുള്ള കട്ടൻചായ തനിയെ റം ആയി മാറിയോ എന്ന് തോന്നിപ്പോകുന്ന അവസ്ഥ.

1967 ലാണ് പരീക്ഷ എന്ന ചത്രത്തിനു വേണ്ടി പി.ഭാസ്കരന്റെ രചനയിൽ ബാബുരാജ് സംഗീതം നൽികിയ ഈ നിത്യഹരിത ഗാനം പുറത്തിറങ്ങിയത് . പ്രാണസഖി ഞാൻ വെറുമൊരു … അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല … തുടങ്ങി ആറു ഗാനങ്ങളായിരുന്നു ഈ ചിത്രത്തിലുണ്ടായിരുന്നത്. യേശുദാസും, എസ് .ജാനകിയുമായിരുന്നു ഗായകർ . ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിന്ദുസ്ഥാനി രാഗങ്ങളിലായിരുന്നു ബാബുക്ക ചെയ്തത് . എൻ. വാസമേനോൻ നിർമ്മിച്ചു പി.ഭാസ്കരൻ സംവിധാനം ചെയ്ത പരീക്ഷയിൽ നസീർ , ശാരദ ,തിക്കുറിശ്ശി ,അടൂർഭാസി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ടായിരുന്നു . ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം എം ബി ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയും, ബാബുരാജിന്റെ അസ്സിസിറ്റന്റ് എ.ആർ. റഹ്മാന്റെ പിതാവ് ആർ.കെ. ശേഖറുമായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങൾ ഒളിപ്പിച്ചുവെച്ച ഒരുപുഷ്പത്തിന്റെ വരികൾ ഹിന്ദുസ്ഥാനി ദേശ് രാഗത്തിലാണ് ബാബുരാജ് ചിട്ടപ്പെടുത്തിയത് . പ്രണയവും പ്രതീക്ഷയും മനോഹരമായി യേശുദാസിന്റെ ആലാപനത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു .

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ …

ഈ ഗാനം കേള്‍ക്കുമ്പോള്‍ എല്ലാവർക്കും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പ്രേംനസീറിന്റെയും യേശുദാസിന്റെയും മുഖങ്ങളാണെങ്കിൽ എനിക്ക് കാസിം ഭായിയുടെ മുഖം കൂടി ഓർമ്മ വരും. തിരിച്ചു വീടെത്തുന്ന വരെ ” ഒരുപുഷ്‌പം ” മനസ്സിൽ പലതവണ റീവൈൻഡ് ആകും. ഹിന്ദുസ്ഥാനി ഗസൽ കേൾക്കുന്ന അനുഭൂതി ഹൃദയത്തിൽ അറിയാതെ നിറയും. സംസാരത്തിന്റെ ഇടവേളകളിൽ അറിയാതെ നമ്മൾ കാസിം ഭായി ആവും.

സോഫ്റ്റ്‌വെയർ കൺസൾട്ടൻറ്. ആക്സന്റാസ് സോഫ്റ്റ്‌വെയർ ടെക്നൊളജിസ് മാനേജിങ്ങ് ഡയറക്ടർ. ദുബായിൽ താമസം