ഭാവസന്ധികളുടെ
വാക്പ്രതോദത്താലിരുൾ
കൊത്തിനോവിക്കാനോരോ
ചിന്തകൾ മദിക്കുമ്പോൾ
മാറ്റിവെക്കുവാനായി
പണ്ടെന്നോ പറിച്ചൊരു
മുറ്റത്തെച്ചെടിയുടെ
കാര്യമാണോർമ്മച്ചെപ്പിൽ
വേരുണങ്ങതിൻ മുന്നെ
നട്ടുവെച്ചൊരാ തണ്ടിൻ
നീരുവറ്റിയോരില
വാട്ടുമോരുഷ്ണം പോലെ
കൂമ്പിയ ചെന്താമര-
ത്തണ്ടുപോൽ വദനത്തിൽ
മിന്നിമായുന്നുണ്ടകം
വേവുന്ന ഗൃഹാതുരം
പാകമാകുമോ കണ്ണിൻ
നരച്ച തിളക്കങ്ങൾ
വൈധവ്യം നനച്ചിട്ട
നിർവ്വികാരത്തെത്തേടി
മുലപ്പാൽ മണംകെടാ
ചുണ്ടുകളിടയ്ക്കിടെ
ചൂടുതേടുവാനെങ്ങാ-
നെത്തിയാലെന്താകുമോ
വരിഞ്ഞുമുറുകിയ
തണുപ്പിൻ ശീല്ക്കാരത്തിൽ
ആദ്യഗന്ധത്തിൻ പേരു
മാറിയുച്ചരിക്കുമോ
ഓർത്തെടുക്കുവാനുള്ള
വാക്കുകൾ മുറിയുന്ന
മൗനവും പേറിക്കൊണ്ടീ
രാത്രികളൊടുങ്ങുമോ
അടയാൻ മടിക്കുമീ
മിഴിയോരത്തെ ഭയം
പതിവായയ്യാളുടെ-
യുറക്കം കെടുത്തുമോ
പൂർവ്വബന്ധത്തെച്ചൊല്ലി
ഓർക്കുവാൻ മടിക്കുന്ന
വാക്കുകളിടയ്ക്കിടെ
ചോദ്യമായെറിയുമോ
നഷ്ടനാളുകളുടെ
ബാക്കിയായ് മുറിച്ചിട്ട
കേശഭാരത്തിൽ വിര-
ലോടിക്കാൻ മടിക്കുമോ
പാതി പിന്നിടും ജീവ
നാളുകളെണ്ണിക്കൊണ്ടീ
ദേഹമിങ്ങനെ വെറും
ഭോഗമായ് കണ്ടീടുമോ
ഹേമന്തം തണുപ്പിക്കും
പുലരിപ്പെണ്ണിൻ മൃദു-
സ്മേരവും കളഞ്ഞങ്ങു
വേഗത്തിലുണരുമോ
യാന്ത്രിക സ്വഭാവത്തിൻ
തീക്ഷ്ണമാം ജ്വരംകേറി
നിർവികാരതയുടെ
ഉമ്മറത്തിരിക്കവേ
വീണുകിട്ടിയ പോലെ-
യാർത്തലച്ചിരമ്പുന്ന
പ്രേമവുമായിട്ടയാളെ-
ത്തിയാലെന്താകുമോ
ചിന്തകൾ കൂടാരംപോൽ
കണ്ണുകൾ ചലിപ്പിക്കും
പാതിയൊട്ടിയപീലി-
യൊതുക്കി കിടക്കവേ
ഇടനാഴിയിലൂടെ
മാറിലിട്ടാലോലമാ-
മെന്റെ ജീവനെയെയാൾ
താരാട്ടിയുറക്കുന്നു.