കളിമണ്ണിൽ തീർത്ത വെളുത്ത നിറമുള്ള ഒരു ജഗ്ല് വളരെ പണ്ട് മുതലേ സുമിത്രയുടെ വീട്ടിലുണ്ടായിരുന്നു. അതിൻ്റെ തൂവെള്ള കഴുത്തിൽ സ്വർണ്ണ നിറമുള്ള അലുക്കുകളും രണ്ടു വശത്തും സ്ഫടികത്തിൻ്റെ കൈപ്പിടികളും ഉണ്ടായിരുന്നു. സാധാരണ വീട്ടുപയോഗത്തിനായി അലുമിനിയം പാത്രങ്ങളും തകരപ്പാത്രങ്ങളും ഉപയോഗിച്ചിരുന്ന ആ കാലത്ത് അവളുടെ ചേട്ടനായ അപ്പുവിന് മൂന്നാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് സ്ക്കൂളിൽ നിന്നും പാരിതോഷികമായി കിട്ടിയതായിരുന്നു നല്ല ഭംഗിയുള്ള ആ ജഗ്ഗ്. തൻ്റെ തുടർന്നുള്ള ജീവിതത്തിൻ്റെ മുഴുവൻ പ്രതീക്ഷകളും നിറച്ചു വച്ചിരിക്കുന്നത് ആ ജഗ്ഗിനുള്ളിലാണ് എന്ന് കാഴ്ചക്കാരിൽപ്പോലും സന്ദേഹം ജനിപ്പിക്കുന്ന വിധത്തിലായിരുന്നു അത് കയ്യിൽ കിട്ടിയതിനു ശേഷമുള്ള അവളുടെ അമ്മയുടെ ഭാവഹാവാദികൾ.
വീട്ടിൽ വിരുന്നുകാർ വരുന്ന ദിവസങ്ങളിൽ മാത്രം അമ്മ പത്തായത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ആ ജഗ്ഗ് സൂക്ഷ്മതയോടെ പുറത്തെടുത്ത് ചന്ദന നിറമുള്ള ആവി പറക്കുന്ന ചായ അതിൽ നിറച്ചു വയ്ക്കും. അപ്പോൾ നാടൻ പശുവിൻ പാലിൽ വെന്ത തേയിലയുടെ കൊതിപ്പിക്കുന്ന ആവി മണം ജഗ്ഗിൻ്റെ വലതു വശത്തുള്ള അറ്റം വളഞ്ഞ ചെറിയ സുഷിരത്തിലൂടെ പുറത്തേക്കു വരും.
അപ്പോൾ അമ്മ തല ഉയർത്തിപ്പിടിച്ചു കൊണ്ട് പതുക്കെ പറയും…
“ൻ്റെ അപ്പൂന് സ്ക്കൂളിൽ നിന്നും സമ്മനമായി കിട്ടിയതാ…. ഓൻ മിടുക്കനാ. ൻ്റെ മോൻ ൻ്റെ ഭാഗ്യാ”
അത് കേൾക്കുന്നവരൊക്കെ അപ്പുവിനെ തോളിൽ തട്ടി ‘മിടുക്കൻ’ എന്ന് അഭിനന്ദിക്കുന്നതും, “നിനക്ക് ഒന്നും കിട്ടിയില്ലേ?” എന്ന വ്യംഗ്യത്തോടെ സുമിത്രയെ പുച്ഛിക്കുകയും ചെയ്യുന്നത് അവരുടെ വീട്ടിൽ പതിവായിരുന്നു. പിന്നീടുള്ള എല്ലാ വർഷങ്ങളിലും സ്കൂളിലെ ബസ്റ്റ് സ്റ്റുഡൻ്റിനുള്ള സമ്മാനം അപ്പുവിന് തന്നെ കിട്ടി. അപ്പോഴൊക്കെയും അവനെ ചുണ്ടിക്കാണിച്ചു കൊണ്ട് അമ്മ പറയും
“ൻ്റെ അപ്പൂ മിടുക്കനാ”
അതു കേൾക്കുന്ന സുമിത്രയും മനസ്സിൽ പറയും,
” എൻ്റെ അപ്പേട്ടേൻ പണ്ടേ മിടുക്കനാ”
പഠിത്തത്തിൽ അപ്പുവിൻ്റെ അത്രയും മികവു പുലർത്താത്തതു കൊണ്ട് ശാന്തമ്മ സാറും, ലിസി ടീച്ചറും, മറിയാമ്മ സാറുമൊക്കെ അവളെ നിരന്തരം വഴക്കുപറയുകയും, കളിയാക്കുകയും ചെയ്യുക പതിവായിരുന്നു. അത്രയും മിടുക്കനായ അപ്പുവിന് ഇങ്ങനെയൊരു പൊട്ടിക്കാളി അനിയത്തിയുണ്ടായതെങ്ങനെയെന്ന് കത്രീനാമ്മ സാർ അടക്കം പറയും.
“അവൾക്ക് ബുദ്ധിയില്ലാഞ്ഞല്ല പക്ഷേ ശ്രദ്ധയില്ല” ശാന്തമ്മ സാർ മറുപടി പറയും.
അപ്പുവിൻ്റെ അനിയത്തിയായതുകൊണ്ടുതന്നെ അപ്പുവിൻ്റെയത്രയും തന്നെ കഴിവുകൾ സുമിത്രയ്ക്കും ഉണ്ടെന്നും എന്നാൽ അവൾ പൊതുവെ ഒരു ‘ഉഴപ്പി’ യാണെന്നും മറിയാമ്മ സാറും സമർത്ഥിക്കും.
സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള വിശാലമായ പാടത്തിൻ്റെ കൈത്തോടുകളിൽ നിന്നും പരൽ മീനുകളെ കൊത്തിയെടുത്ത് പറന്നകലുന്ന വെള്ളക്കൊറ്റികളെ സങ്കടത്തോടെ നോക്കി നിൽക്കുന്ന അവളുടെ ചുമലുകളിൽ നുള്ളിക്കൊണ്ട് ലിസി ടീച്ചർ പറയും
“വെറുതെ അവിടെയും ഇവിടെയും കറങ്ങി നടന്നു സമയം കളയാതെ വല്ല പുസ്തകവുമെടുത്ത് വായിക്കൂ കുട്ടി. ഒന്നൂല്ലേലും ഇയാൾ അപ്പൂൻ്റെ സിസ്റ്ററ്റല്ലേ? അവന് നാണക്കേടുണ്ടാക്കല്ലേ “
താൻ നന്നായി പഠിച്ചില്ലെങ്കിൽ അത് അപ്പൂന് നാണക്കേടുണ്ടാക്കും എന്നത് സുമിത്രയ്ക്ക് പുതിയൊരു അറിവായിരുന്നു. ആ അറിവിൻ്റെ സമ്മർദ്ദത്തിൽ പലപ്പോഴും അവളുടെ ഉള്ളു പൊള്ളി. അപ്പോഴൊക്കെ അവൾ വിചാരിക്കും .
“ഇക്കൊല്ലം ഇങ്ങനെ പോവട്ടെ. അടുത്ത വർഷം മുതൽ ഞാനും അപ്പേട്ടനേപ്പോലെ പഠിക്കും.”
എന്നാൽ സുമിത്രയ്ക്ക് ഒരിക്കലും അതിനു കഴിഞ്ഞില്ല.
“തെക്കേ തൊടിയിൽ ഇന്നലെ കണ്ട നീല തൂവലുള്ള പക്ഷിയുടെ പേരെന്തായിരിക്കും? “
കത്രീനാമ്മ സാർ ‘ലാസാഗു’ വും ‘ഉസാഹ’യുമൊക്കെ തകൃതിയായി പഠിപ്പിക്കുമ്പോൾ അവൾ ആലോചിക്കും.
“രാവിലെ വഴിയിൽ കണ്ട ചുവന്ന ഇലകളുള്ള കുറ്റിച്ചെടിയിലെ പൂക്കളുടെ നിറം മഞ്ഞയ്ക്കു പകരം പച്ച ആയിരുന്നുവെങ്കിൽ കാണാൻ എന്തൊരു ചേലാവുമായിരുന്നു!” ശാന്തമ്മമ്മ സാർ കുചേലവൃത്തം വഞ്ചിപ്പാട്ട് ചൊല്ലിപ്പഠിപ്പിക്കുമ്പോൾ അവൾ മനസ്സിൽ പിറുപിറുക്കും.
ഗൗരവമായി പഠിച്ചു തുടങ്ങണമെന്നു വിചാരിക്കുമ്പോഴൊക്കെ ഇത്തരം ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ ഒരു കുരുക്കു പോലെ അവളെ വന്നു പൊതിയുകയും അത് അവളെ കൂടുതൽ വിവശയാക്കുകയും ചെയ്തു കൊണ്ടിരുന്നു.
പഠിച്ച ക്ലാസ്സുകളിൽ നിന്നെല്ലാം മികച്ച വിദ്യാർത്ഥിക്കുള്ള സമ്മാനവും വാങ്ങി ഓരോ വർഷവും സ്റ്റേജിൽ നിന്നും ഇറങ്ങി വരുന്ന അപ്പുവിനെ കാണുമ്പോഴൊക്കെയും അമ്മയോടൊപ്പം അവളും അഭിമാനിച്ചിരുന്നു.
അതോടൊപ്പം തന്നെ അപ്പുവിനെ പുകഴ്ത്തുന്ന നാവുപയോഗിച്ച് തന്നെ എപ്പോഴും ഇകഴ്ത്തിപ്പറയുന്ന അമ്മയുടെ സ്വഭാവം അവൾക്ക് ഒരു ശീലമായിത്തീർന്നു. പോകപ്പോകെ അവൾക്കതിൽ പരാതിയേ ഇല്ലാതായി. അങ്ങനെ വർഷങ്ങൾ ചിലതു കഴിഞ്ഞു.
അപ്പോഴേക്കും സ്റ്റീൽ പാത്രങ്ങളും തുണികളുമൊക്കെ ഇൻസ്റ്റാൾമെൻ്റ് വ്യവസ്ഥയിൽ വില്ക്കുന്ന തമിഴ് അണ്ണാച്ചിമാർ നാട്ടിൻ പുറങ്ങളിൽ സർവ്വസാധാരണമായി. വലിയ വിലയുള്ള പല സാധനങ്ങളും മുൻകൂറായി നൽകി ആഴ്ചതോറും തവണ വ്യവസ്ഥയിൽ പണം പിരിച്ച് സ്വന്തം നാട്ടിലേക്കു കൊണ്ടു പോകുന്ന അണ്ണാച്ചിമാരുടെ ചതി പാവം അമ്മമാർ അറിഞ്ഞതേയില്ല. പാലു വിറ്റും, ചിട്ടി പിടിച്ചുമൊക്കെ തങ്ങളുടെ കടങ്ങൾ വീട്ടാനായി അവർ പെടാപ്പാടുപെട്ടു.
സ്റ്റീൽ പാത്രങ്ങളുടെ വെള്ളിത്തിളക്കവും ഉപയോഗിക്കാനുള്ള സൗകര്യവും മനസ്സിലാക്കിയതോടു കൂടി പഴയ തകരപ്പാത്രങ്ങളുടെയും, അലുമിനിയം പാത്രങ്ങളുടെയുമൊക്കെ ഉപയോഗം വീട്ടമ്മമാർ കുറച്ചു. സ്റ്റീൽ ഗ്ലാസ്സുകളും, ജഗ്ഗുകളും, പ്ലേറ്റുകളും കൊണ്ട് അവർ തങ്ങളുടെ അടുക്കളകൾ നിറച്ചു.
സുമിത്രയുടെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. എങ്കിലും അപ്പുവിന് സമ്മാനമായി ലഭിച്ച ആ വെളുത്ത ജഗ്ഗു മാത്രം തൻ്റെയൊരു സ്വകാര്യവസ്തുപോലെ അമ്മ പിന്നെയും സൂക്ഷിച്ചു.
പാലും മുട്ടയും വിറ്റുകിട്ടുന്ന നോട്ടുകളും, ചില്ലറത്തുട്ടുകളും അവർ അതിൽ അടുക്കി വെച്ചു. അണ്ണാച്ചിക്ക് പൈസ കൊടുക്കേണ്ട ദിവസങ്ങളിൽ അമ്മ ജഗ്ഗിനുള്ളിലെ മുഴുവൻ പണവും പുറത്തെടുത്ത് എണ്ണി തിട്ടപ്പെടുത്തി ഉടുത്തിരിക്കുന്ന മുണ്ടിൻ്റെ മടിക്കുത്തിൽ സൂക്ഷിച്ചുവയ്ക്കും. ശേഷം ജഗ്ഗിൻ്റെ സ്വർണ്ണ അലുക്കുകളിൽ വിരലോടിച്ച് നിർവൃതിയടയും.
പിന്നെയും വെയിലും മഴയും മാറി മാറി പലവട്ടം വന്നു. അതോടൊപ്പംതന്നെ സുമിത്രയും വളർന്ന് ഒമ്പതാം ക്ലാസിലെത്തുകയും കുറച്ചകലെയുള്ള കോൺവെൻ്റ് സ്ക്കൂളിൽ ചേരുകയും ചെയ്തു.
അതോടുകൂടി സത്യത്തിൽ അവൾ സ്വതന്ത്രയാവുകയായിരുന്നു. അവിടെ അവൾക്ക് അപ്പുവിൻ്റെ അനിയത്തി എന്നൊരു ലേബലില്ലാത്തതു കൊണ്ടു തന്നെ പ്രതീക്ഷയുടെ അമിത ഭാരം ആരും അവളിൽ അടിച്ചേല്പ്പിച്ചില്ല. മിർലറ്റ് സിസ്റ്ററ്റും ആഗ്നസ് സിസ്റ്ററും അവളുടെ പാടാനും പടം വരയ്ക്കാനുമൊക്കെയുള്ള കഴിവുകളെ പ്രേത്സാഹിപ്പിച്ചു. അങ്ങനെ കുറ്റപ്പെടുത്തലുകളും, കളിയാക്കലുകളുമില്ലാത്തൊരു സാഹചര്യത്തിലെത്തിയപ്പോൾ സുമിത്ര അടിമുടി മാറുകയായിരുന്നു. അവളിൽ ഉറങ്ങിക്കിടന്ന കഴിവുകളെ കൂടുതൽ ജ്വലിപ്പിക്കുവാൻ ആരൊക്കെയോ കൂടെയുണ്ടായതു പോലെ ….
എവിടെയൊക്കെയോ താനും അംഗീകരിക്കപ്പെടുന്നതു പോലെ ടീച്ചറുമ്മാരുടെ മുഖത്തെ സ്നേഹത്തിളക്കങ്ങളിൽ നിന്നും അവൾ വായിച്ചെടുത്തു…
അതോടെ അവളുടെ മനസ്സിൽ നിന്നും കാലുഷ്യത്തിൻ്റെ തിരകൾ ഒഴിഞ്ഞു പോവുകയും അവിടെ പ്രതീക്ഷയുടെ പ്രകാശം പരക്കുകയും ചെയ്തു.
അക്കൊല്ലം സെൻ്റ് തെരേസാസ് സ്ക്കൂൾ പ്രിൻസിപ്പലിൽ നിന്നും ലഭിച്ച ഒമ്പതാം ക്ലാസ്സിലെ ബസ്റ്റ് സ്റ്റുഡൻ്റിനുള്ള ട്രോഫി വീട്ടിലെ മീൽ സേഫിനു മുകളിൽ വയ്ക്കാനൊരുങ്ങിയപ്പോഴാണ് സേഫിൻ്റെ മുകൾത്തട്ടിലിരിക്കുന്ന വെള്ളയിൽ സ്വർണ്ണ അലുക്കുകളുള്ള ആ പഴയ ജഗ്ഗ് അവളുടെ കണ്ണിൽ പെട്ടത്.
ഇത്ര കാലും താൻ അനുഭവിച്ച അപമാനത്തിൻ്റെ പ്രതീകം പോലെ അത് ഇപ്പോൾ അവളെ മുറിപ്പെടുത്തുകയാണ്….. തൻ്റെ ജീവിതത്തിലെ പരാജയങ്ങളുടെയും, കളിയാക്കലുകളുടേയും പ്രഭവസ്ഥാനം പോലെ ഇത്രകാലവും ഇത് ഇവിടെത്തന്നെ ഉണ്ടായിരുന്നുവല്ലോയെന്ന് ഒരു മാത്ര അവൾ അത്ഭുതപ്പെട്ടു. തിരസ്കൃതമായ ഒരു ഭൂതകാലത്തിൻ്റെ മുറിവുകൾ പോലെ ആ കാഴ്ച അവളെ പിന്നെയും പിന്നെയും നോവിച്ചുകൊണ്ടിരുന്നു
എപ്പോഴോ തോന്നിയ ഒരു ധൈര്യത്തിൻ്റെ പിൻബലത്തോടെ തൻ്റെ കൈ തട്ടി താഴേക്ക് വീണതാണെന്നു തോന്നിപ്പിക്കുന്നത്ര ലാഘവത്തോടെ ആ വെളുത്ത ജഗ്ഗിൻ്റെ വലത്തു പിടിയിലേക്ക് അവൾ വിരലുകൾ ചേർത്തു…
പിന്നെ….
ഒരു പൂ കൊഴിയുന്നത്ര ലളിതമായി ആ കളിമൺപാത്രം താഴെ സിമൻറ് പൂശിയ തറയിൽ വീണു ചിതറി.