സത്യം തന്നെ, എന്റെ കണ്ണുകൾക്ക് ഇപ്പോൾ ഒരു അത്ഭുത ശക്തിയുണ്ട്. കാഴ്ചയുടെ ഏത് ആഴങ്ങളിലേക്കും ഇറങ്ങിച്ചെല്ലാം, ഏത് സൂഷ്മ ജീവിയേയും കാണാം. പ്രെയിസ് ദ ലോർഡ്… മനസ്സ് പറയുന്നു, ജാമ്പവാനെപ്പോലെ ഒന്നു കുതിച്ചു ചാടാൻ, ശരീരം പറയുന്നു പറ്റില്ലാ എന്ന്.
പുതിയ കാഴ്ച അനുഭവത്തിൽ മുങ്ങിക്കുളിച്ച് സ്വയം മറന്ന് നിൽക്കുമ്പോഴാണ്, തേനൂറുന്ന ഒരു ശബ്ദം കാതുകളിൽ പതിഞ്ഞത്.
“അല്ലയോ മഹാനുഭാവ, ഞാൻ അങ്ങയുടെ കരങ്ങളിൽ അല്പ സമയം വിശ്രമിക്കുന്നതിൽ വിരോധമില്ലെന്ന് കരുതുന്നു”.
എന്തൊരു കുലീനത, എന്തൊരു സംസ്കാരം… ഹാ ഹാ.. കൈയ്യിലല്ല, എടുത്തു മടിയിലിരുത്തണം.
ആരാണിവൻ, ആകാംക്ഷ കൊണ്ട് സൂം ഔട്ട് ആയ ഹൈടെക് കണ്ണുകൾ സൂമിൻ ചെയ്ത് ഞാനാ അത്ഭുതക്കാഴ്ചക്കായി തയ്യാറായി.
കളർ ചെയ്ത കുറ്റി മുടിയുമായി പുഞ്ചിരി തൂകി ഒരു ചപ്രത്തലയൻ… ഉരുണ്ട ശരീരം എന്റെ കൈയ്യിലേക്ക് ഉന്തി കയറ്റാനുള്ള ശ്രമത്തിലാണ്. എവിടെയോ കണ്ട മുഖം. ഇന്റെർനെറ്റ് പാണൻമാർ പാടി നടക്കുന്ന ലവൻ തന്നെയല്ലേ ഇവൻ…. ഇവനെയാണോ മടിയിലിരുത്താൻ പോയത്… ഒന്നു ഞെട്ടിയെങ്കിലും പേടി പുറത്തു കാണിച്ചില്ല.
“അല്ലയോ മാന്യദേഹമേ, ഈ മധുര ശബ്ദത്തിന്റെ ഉടമയായ അങ്ങ് ആരാണ്? ദേവനോ യക്ഷകിന്നരൻമാരോ ഗന്ധർവനോ?”
ഭാഷയിലും സംസ്കാരത്തിലും നമ്മൾ ഒരു ജീവിക്കും പിറകിലാവരുത്….നോ കോംപ്രമൈസ്!!
“വോ ഷി സിൻ സിംഗ് ഗ്വാൻ ചാങ്ങ് ബിങ്ങ്ഡു”
എത്ര സംഗീതാത്മകം, കേൾക്കാനെന്ത് സുഖം. എന്താണാവോ ഉദ്ദേശിച്ചത്
(സന്ദർഭവുമായി യാതൊരു ബന്ധമില്ലെങ്കിലും, എന്തോ, അമീർ ഖാന്റെ ഫുൻസുക് വാങ്ങ്ഡുവിനെ ഓർമ്മ വന്നു )
വായും പൊളിച്ചിരിക്കുന്ന എന്റെ അമ്പരപ്പ് കണ്ടത് കൊണ്ടാവണം കുഞ്ഞൻ മലയാളത്തിലേക്ക് മൊഴിമാറ്റി.
“ഓ ചൈനീസ് അറിയില്ല അല്ലേ… ഞാൻ നോവൽ കൊറോണ വൈറസ്…. കോവിഡ് 19”.
ഹ് ഹ് ഹ് ഹ ഹ ഹാ…. ഒരു ചിരി കൂടി പ്രതീക്ഷിച്ചെങ്കിലും, അതുണ്ടായില്ല..
ഭയങ്കരനാണിവൻ… വലതു കൈ അറിയാതെ അടുത്തു കിടന്ന ചുറ്റികയിലേക്ക് നീണ്ടു. ഒറ്റ അടിക്ക് വെട്ടിപ്പൊളിച്ചാലോ ഇവന്റെ ഉണ്ടത്തല. തെറിക്കണം ചോര. അല്ലെങ്കിൽ വേണ്ട, സോപ്പു വെള്ളം തളിക്കാം… അലിഞ്ഞലിഞ്ഞില്ലാതാവണം.. നീചൻ. നോ.. നോ സാനിറൈറസർ ഈസ് ദ ബെസ്റ്റ്, പിടഞ്ഞു പിടഞ്ഞ് ശ്വാസം കിട്ടാതെ ചാവണം ബീസ്റ്റ് …. ഓക്സിജൻ കിട്ടാതെ ശ്വാസം മുട്ടി മരിച്ച ജീവനുകൾക്കു വേണ്ടി ഒരു മധുരപ്രതികാരം കൂടിയാവും അത്. മനസ്സിൽ തന്ത്രങ്ങളുടെ ഒരു വേലിയേറ്റം.
മലപ്പുറം കത്തി ആയാലോ ..ഏത് ആയുധം വേണമെന്നറിയാതെ അന്തം വിട്ടിരുന്ന എന്നെ ചിന്തയിൽ നിന്നും ഉണർത്തി വീണ്ടും ഇമ്പമുള്ള തേൻ മൊഴി.
“അങ്ങെന്താണ് ആലോചിക്കുന്നത്? എന്നെ തീർക്കാനുള്ള പരിപാടി വല്ലതും.”
ഭീകരൻ, മനസ്സു പോലും വായിക്കുന്നു… സൂക്ഷിക്കണം.
“Why do you hate me man?” … വീണ്ടും വൈറസ്
അപ്പൊ ഇംഗ്ലീഷും അറിയാം… എങ്ങനെ അറിയാതിരിക്കും, ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചവൻ…A true Global Citizen… ലോകമേ തറവാട്.
പിന്നെ, വെറുക്കാതെ… എത്ര പേരെ നീ ശ്വാസം മുട്ടിച്ച് കൊന്നു. ആഗോള സമ്പദ് വ്യവസ്ഥ നീ തകർത്തില്ലേ.. തൊഴിൽ നഷ്ടപ്പെട്ട് എത്ര പേർ നട്ടം തിരിയുന്നു. മനസ്സ് മടുത്ത് മരവിച്ച് എത്ര പേർ തൂങ്ങി മരിച്ചു. സ്കൂളിൽ പോകാനും കളിക്കാനും വിടാതെ പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടിലടച്ചില്ലേ. കള്ളുകുടിയൻമാർ കള്ള് കിട്ടാതെ അലയുന്നു. ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നു? പിന്നെ എങ്ങനെ നിന്നെ വെറുക്കാതിരിക്കുമെടാ പിശാചെ… അതൊക്കെ പോട്ടെ, മാസ്ക് കെട്ടി വളഞ്ഞ ചെവികൾക്കും ശ്വാസം കിട്ടാതെ ഞെരിഞ്ഞമർന്ന് പതിഞ്ഞു പോയ മൂക്കിനും ആര് സമാധാനം പറയും.
മനസ്സിൽ കെട്ടിവെച്ച ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും കെട്ടഴിച്ച ആശ്വാസത്തോടെ നോക്കിയപ്പോൾ കൗണ്ടററ്റാക്കിനായി തയ്യാറായി വൈറസ്. അവനിപ്പോൾ പൂർണ്ണമായും കൈകളിൽ പിടിച്ചു കയറിയിരിക്കുന്നു.
നന്ദി വേണമെടാ, നന്ദി; കക്കൂസിൽ പോയി വന്നാൽ പോലും കൈകഴുകാത്ത നീന്നെയൊക്കെ സോപ്പിട്ട് വൃത്തിക്ക് കൈ കഴുകാൻ പഠിപ്പിച്ചില്ലേ. വാഹനങ്ങളും ഫാക്ടറികളും പൂട്ടിച്ച് അന്തരീഷം ശുദ്ധമാക്കിയില്ലേ.. തോടും പുഴയും തടാകങ്ങളും വൃത്തിയായി. കുട്ടികൾ സ്കൂളിൽ പോയില്ലെങ്കിലെന്താ ഹൈടെക് ആയി.. . പരീക്ഷകളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും രക്ഷപ്പെട്ട പിള്ളേർ സൂമും ഗൂഗിൾ മീറ്റും ടീംസും കൈയ്യിലെട്ത്ത് അമ്മാനമാടുന്നു. കള്ളുകുടിയൻമാർ പലരും കുടി നിർത്തി വീട്ടിൽ ശാന്തിയും സമാധാനവും വിളയിക്കുന്നു. ലോക്ക് ഡൗൺ കാരണം ഫാമിലി ബോണ്ടിങ്ങ് കൂടിയില്ലേ. ബോണ്ടയും ഉണ്ടൻ പൊരിയും കഴിച്ച് വീട്ടിൽ സുഖമായി ഇരിക്കാൻ പറ്റിയില്ലേ. അടക്കി വെച്ച കലാവാസനകൾ പലതും പലരും പൊടി തട്ടിയെടുത്തില്ലേ. ഇതൊക്കെ ചെറിയ കാര്യമാണോ? പിന്നെ സമ്പദ് വ്യവസ്ഥ.. അത് നിൽക്കും, നടക്കും വീണ്ടും ഓടും… ദാറ്റ് ഈസ് ലോ ഓഫ് ഇകണോമിക്സ്.
“പിന്നെ ഇതൊക്കെ പ്രകൃതിയുടെ ദീർഘായുസ്സിനായുളള ഒരു മെയിന്റെനൻസായി കണ്ടാൽ മതി… ഒരു
താൽക്കാലിക ഷട്ട് ഡൗൺ “… ഇത്രയും പറഞ്ഞ് പാവം നിന്നു കിതച്ചു. ഒറ്റയടിക്ക് പറഞ്ഞതു കൊണ്ടാണെന്ന് തോന്നുന്നു, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.
പറഞ്ഞത് ശരിയാണല്ലോ… പക്ഷെ വിശ്വസിക്കാൻ പറ്റില്ല, അസുരൻമാർ പലതും പറഞ്ഞ് പറ്റിക്കും. ഇവനെ പറഞ്ഞു മയക്കി സൂത്രത്തിൽ കൊല്ലണം.
അല്ലാ അപ്പോ ഉദ്ദേശലക്ഷ്യം സാധിച്ച സ്ഥിതിക്ക് തിരിച്ച് പോയിക്കൂടേ? വൈറസ് ഒരു നിമിഷം ചിന്തയിലാണ്ടു…. ഇതു തന്നെ പറ്റിയ തക്കം. സാനിറൈറസർ കൈയ്യിലെട്ത്ത് കൃത്യമായി ഒരു തുള്ളി തലയിൽ തന്നെ ഉറ്റിച്ചു. ഹാ ഹാ.. എന്തൊരാശ്വാസം.
സാനിറൈറസറിൽ മുങ്ങിക്കുളിച്ച വൈറസ് അലിഞ്ഞലിഞ്ഞില്ലാതായതോ കണ്ണുകളുടെ ദിവ്യ ശക്തി മങ്ങി മറഞ്ഞതോ?….. ഉണരുമ്പോൾ അറിയാം.
തൽക്കാലം പുതപ്പിനുള്ളിലേക്ക് ആഴ്ന്നിറങ്ങി ഉറക്കത്തെ പുണർന്ന് കണ്ണുമടച്ച് അടുത്ത സ്വപ്നത്തിനായി കാത്തു കിടക്കാം.