ഒരു കുട്ടിയുടെ നിലവിളി

ഷാർജയിൽ നിന്നും അജ്മാനിലേക്കുള്ള ഇരട്ട വരി പാതയുടെ കോർണിഷ് ഭാഗത്ത് നിന്ന് നോക്കിയാൽ, വാസ്തുവിദ്യ കൊണ്ട് ഒരമ്മയുടെ രണ്ട് പെൺമക്കളെപ്പോലെ തോന്നിക്കുന്ന കെട്ടിടങ്ങളാണ് റാഡിസൺ ബ്ലൂ ഹോട്ടലും ഖുബൈസി ബിൽഡിംഗും. കൗമാര ചാപല്യത്തോടെ സുന്ദരിയായിരിക്കുന്ന റാഡിസൺ ബ്ലുവിനെപ്പോലെയല്ല ഖുബൈസി. അൽപ്പം പ്രായം കൂടി, നിറം മങ്ങിയകെട്ടിടത്തിന് പ്രസന്നത വറ്റിയ വിധവയുടെ  മുഖമാണ്. അതുകൊണ്ടായിരിക്കാം  അതിൽ താമസക്കാരായി ബാച്ചിലേഴ്സിന് പ്രാമുഖ്യം നൽകിയിരുന്നത്.

ഒഴിവ് ദിവസമായ വെള്ളിയാഴ്ച, മുറികൾ വൃത്തിയാക്കുന്നതിനിടയിലാണ് കട്ടിലിനടിയിൽ കിടന്നിരുന്ന ആ കളിപ്പാട്ടം എൻ്റെ ശ്രദ്ധയിൽ പെട്ടത്. ചൈനീസ് കരവിരുതിനാൽ മനോഹരമാക്കിയെടുത്ത  ഒരു കുഞ്ഞു വിമാനം പ്ലാസ്റ്റിക്ക് ബാഗിലിട്ടു വെച്ചിരിക്കുന്നു. പുറത്ത് മാറാലകളും പൊടിപടലങ്ങളും നിറഞ്ഞു കിടന്നതു കൊണ്ട് ഇതു വരെ എൻ്റെ ശ്രദ്ധ അതിൽ പതിഞ്ഞിരുന്നില്ല. ഞാൻ ആ കളിപ്പാട്ടം നന്നായി തുടച്ചു വൃത്തിയാക്കി ട്രോളിബാഗിൽ സൂക്ഷിച്ചു വെച്ചു.

ഇത് ആര് മറന്നുവെച്ചതാവും ? ഞാനെൻ്റെ ഓർമ്മകളെ ദിവസങ്ങളുടെ ഇഴകളിലൂടെ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിപ്പിച്ചു. ഒരു ദീർഘദൂര യാത്ര കഴിഞ്ഞ തീവണ്ടിയെ പോലെ ഞാൻ ജോലി ചെയ്തിരുന്ന റെസ്റ്റോറൻ്റിൻ്റെ ചിത്രം മനസ്സിൽ തെളിഞ്ഞു. കഴിഞ്ഞ പത്തു വർഷങ്ങളിൽ നിരവധിയാളുകൾ ജോലിക്കു വേണ്ടി ജീവിതത്തിൻ്റെ ഭാരമേറിയ ഭാണ്ഡക്കെട്ടുകളുമായ് വന്നു കയറിയിട്ടുണ്ട്. ഒന്നിച്ചുണ്ടും ഉറങ്ങിയുമുള്ള ജീവിതയാത്ര, പുതിയ ബന്ധങ്ങളിൽ പരസ്പരം കൈമാറിയ വൈവിധ്യമായ അനുഭവങ്ങൾ. ദാരിദ്രത്തിൻ്റെ തീച്ചൂളയിലൂടെ നഗ്നപാദത്താൽ സഞ്ചരിച്ച അവരിൽ പലരും മുഴുമിക്കാത്ത ആഗ്രഹങ്ങളുമായി പുറം വാതിലിലൂടെ ഇറങ്ങിപ്പോയിട്ടുമുണ്ട്. ഓർത്തെടുക്കാൻ കഴിയാത്തവര്‍ നാട്ടുകാർ, ഭാഷക്കാർ. ഇവരിൽ ആരു വാങ്ങി വെച്ചതായിരിക്കും ആ കളിപ്പാട്ടം ?. അസ്വസ്ഥതയുടെ കാർമേഘങ്ങൾ എൻ്റെ മനസ്സിനെ മൂടി കൊണ്ടിരുന്നു.

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ എൻ്റെ ചിന്തയിലേക് ക്ഷണിക്കപ്പെടാതെ തന്നെ ആ കളിപ്പാട്ടവും, മുന്ന് വയസ്സു തോന്നിക്കുന്ന ഒരു കുട്ടിയുടെ മുഖവും തെളിഞ്ഞു വന്നു. മുമ്പിതു വരെ കണ്ടിട്ടില്ലാത്തൊരു കുഞ്ഞു മുഖം. നേർത്തു വന്ന സ്വബോധത്തിൻ്റെ അറിയാത്ത ഏതോ വഴിയിൽ വെച്ച് ഞാനൊരു നിലവിളി കേട്ടു. ഒരു കൊച്ചു കുട്ടിയുടെ നിലവിളി!. ഒറ്റത്തവണ മാത്രം ആ ശബ്ദം എൻ്റെ കാതിലലച്ചു. പിന്നെയൊരു നീണ്ട നിശബ്ദത അവിടെയെങ്ങും വ്യാപിച്ചു.

ഞാൻ അസ്വസ്ഥതയോടെ പലതവണ കാതുകൾ കൂർപ്പിച്ചു. ഇല്ല, ഒന്നും കേൾക്കുന്നില്ല.കളിപ്പാട്ടത്തിന് വേണ്ടി വാശി പിടിച്ച് കരഞ്ഞു തളർന്ന് ആ കുട്ടിയിപ്പോൾ ഉറങ്ങിയിട്ടുണ്ടാവും.

ചുറ്റുമുള്ള നാലുചുവരുളെയും തണുപ്പിച്ച് കൊണ്ട് എ സി യുടെ നിർത്താതെയുള്ള മുരൾച്ച മുറിയിലെങ്ങും വ്യാപിച്ചു കൊണ്ടിരുന്നു.

ഓർമ്മകളിലേക്ക് എൻ്റെ ബാല്യകാലം കടന്നു വന്നു. മാമൻ ഖത്തറിൽനിന്നു വന്നപ്പോഴൊരിക്കൽ എന്നോട് പറഞ്ഞു.
‘നിനക്ക് വേണ്ടി ഞാനൊരു കളർ ബോക്സ് വാങ്ങിയിരുന്നു. ഒരു പാട് നല്ല കളർ പെൻസിലുകളുണ്ടായിരുന്നു അതിൽ, പക്ഷേ ഇവിടെയെത്തി പെട്ടി പൊളിച്ചപ്പോൾ അതെവിടെയും കാണുന്നില്ല.ചിലപ്പോൾ അത് അവിടെ തന്നെ മറന്നു വെച്ചു കാണും.”

മാമന് മനസ്സിലാകാത്ത വിധത്തിൽ ആ വീടിൻ്റെ പലഭാഗത്തും എൻ്റെ കണ്ണുകൾ ആ കളർ ബോക്സ് പരതി. അവിടെയെങ്ങാനും കണ്ടിരുന്നെങ്കിൽ..  ഇനിയത് കിട്ടാനുള്ള സാധ്യതയില്ല എന്നറിഞ്ഞു കൊണ്ടു തന്നെ മാസങ്ങളോളം ഞാനതിനെ പ്രതീക്ഷിച്ചിരുന്നു. ഇപ്പോ ആ കുട്ടിയും ഈ ഭൂമിയിലെവിടെയെങ്കിലും പ്രതീക്ഷയോടെ ഒരു കുഞ്ഞു വിമാനത്തെ കാത്തു കിടക്കുന്നുണ്ടാവും. എനിക്ക് വല്ലാത്ത സങ്കടം തോന്നി.

പിന്നീടുള്ള പല രാത്രികളിലും ചില പകലുകളിലും ആ കുട്ടിയുടെ നിലവിളി എൻ്റെ കാതിൽ മുഴങ്ങി. പരാധീനതകൾകിടയിലും സ്വന്തം കുഞ്ഞിന് സ്നേഹ സമ്മാനം വാങ്ങി വെച്ച ഏതോ പിതാവിൻ്റെ അപൂർണ്ണമായ ചിത്രങ്ങൾക്ക്  പരിചിതരുടെ നിറം നൽകാൻ ഞാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും എൻ്റെ ഓർമ്മയിൽ അയാളുടെ മുഖഛായ തെളിഞ്ഞു വന്നില്ല.

കടയിൽ വെറുതെയിരിക്കുന്ന സമയത്താണ് ഒരു കുട്ടിയെയും കൂട്ടി ഫലസ്തീൻകാരിയായ സ്ത്രീ കയറി വന്നത്. നാടും വീടുമില്ലാതെ അഭയാർത്ഥികളായി അലഞ്ഞു നടത്തുന്നവരുടെ കൂട്ടത്തിൽ ഞാനവരെ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു ബോട്ടിൽ വെള്ളം വാങ്ങിക്കുടിച്ച് മരുഭൂമിയിലെ ചൂടിനെ വിയർപ്പിലൂടെ തുടച്ചെടുക്കുകയാണ് അവർ രണ്ടു പേരും. കുട്ടിയുടെ കണ്ണുകൾ അലമാരയിലിരിക്കുന്ന ബിസ്കറ്റുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. അതിനിടയിൽ അവൻ്റെ കൈവിരലുകൾ ബിസ്കറ്റുകൾക്ക്  നേരെ ചലിച്ചു തുടങ്ങി. അപ്പോൾ അറബിയിൽ എന്തോ പറഞ്ഞു കൊണ്ട് ആ സ്ത്രീ കുട്ടിയെ പിടിച്ച് വലിച്ച് അവളിലേക്ക് ചേർത്തുനിർത്തി. കയ്യിലിപ്പോൾ പൈസയില്ല എന്നായിരിക്കും അവർ പറഞ്ഞിരിക്കുക, ഞാൻ ഊഹിച്ചു.

ട്രോളിബാഗിൽ കിടന്നിരുന്ന കളിപ്പാട്ടത്തെകുറിച്ച്  പെട്ടെന്നാണ് എനിക്കോർമ്മ വന്നത്. ഒരു നിമിഷം ആലോചിച്ചു. പിന്നെ വേഗം പോയി ആ കളിപ്പാട്ടം കൊണ്ടുവന്ന് അവൻ്റെ കുഞ്ഞു കൈകളിൽ വച്ചു കൊടുത്തു. കാർമേഘങ്ങൾകിടയിലൂടെ പുറത്തേക്ക് വരുന്ന സുര്യപ്രഭ ആ കുഞ്ഞു മുഖത്ത് തെളിഞ്ഞു വന്നു. നടന്നകലുമ്പോഴും അവനാ സ്ത്രീയോട് കളിപ്പാട്ടത്തെ കുറിച്ച് എന്തൊക്കെയോ അത്ഭുതത്തോടെ പറയുന്നുണ്ടായിരുന്നു. ഏറ്റവും മനോഹരമായ കാഴ്ച്ചകളിൽ ഒന്നെന്ന പോലെ പോലെ ഞാൻ അത് നോക്കി നിന്നു. 
സ്വപ്നങ്ങളും ചിന്തകളും വിട്ടൊഴിഞ്ഞ സമയങ്ങളിൽ ഞാനെൻ്റെ കാതുകൾ കുർപ്പിച്ചു. ഇല്ല, പലപ്പോഴായി പല ദിക്കുകളിൽ നിന്നും കേട്ടു കൊണ്ടിരുന്ന ആ അജ്ഞാത ബാലൻ്റെ നിലവിളി ഇപ്പോൾ നിലച്ചിരിക്കുന്നു.

വാണിമേൽ സ്വദേശം, ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും ചെറുകഥകൾ എഴുതാറുണ്ട്. വിരൽ സാഹിത്യ വേദി ചെറു കഥ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഷാർജയിൽ ജോലി ചെയ്തുവരുന്നു..