ഒരുവനെ കൊലപ്പെടുത്തുന്നവിധം

ഞാനിപ്പോൾ
ചിന്തിക്കുന്നത്
ഒരുവനെ എങ്ങനെ 
കൊലപ്പെടുത്താമെന്നതിനെക്കുറിച്ചാണ്!

അല്പം പോലും 
ചോര ചിന്താതെ
മുറിവേല്പിക്കാതെ
നിശ്ശബ്ദമായി
കൊല്ലുവാനുള്ള
മാർഗ്ഗങ്ങളെക്കുറിച്ച്…

വേദനയൊട്ടുമറിയിക്കാതെ
കണ്ണുകൾ കലങ്ങാതെ
ഭീതിയുടെ ചാലുകൾ വെട്ടിത്തെളിക്കാതെ
നിസ്സംഗതയോടെ
കൊല്ലുന്നതിനെക്കുറിച്ച്…

കൂർത്ത പല്ലുകളാൽ
തുരന്നെടുത്ത
മൗനത്തിന്റെ
പൊത്തിലൊളിച്ചിരുന്ന്
നീണ്ട നെടുവീർപ്പിനാൽ
വാക്കുകളൊക്കെയും
മൂർച്ചയുള്ളതാക്കി,

അടിമുടി വിഴുങ്ങുന്ന 
അവന്റെ 
സ്നേഹത്തിന്റെ വായെ,
‘നിങ്ങളെന്റെ ആരാണ്’
എന്ന അപസ്വരത്തിന്റെ
ശീലയാൽ മുറുക്കെക്കെട്ടി,

എന്റെയിടതുനെഞ്ചിൽ
തകർക്കപ്പെടാത്ത
ശില നാട്ടിയിട്ട്,
‘സ്നേഹിച്ചിരുന്നില്ലെ’ന്ന
ഒറ്റവാക്കിന്റെ കത്തിയാൽ
അവനെ
പലകുറി കുത്തി,

മറവിയുടെ ഇരുണ്ട 
ഭൂപ്രദേശങ്ങളിൽ
ഇനിയൊരിക്കലും
ഉയിർത്തെണീക്കാനാകാത്ത വിധം
കല്ലറയൊരുക്കി,

തളിർപ്പിന്റെ 
സാധ്യതകളെയെല്ലാം
ഇടിച്ചു നിരത്തി
മനസ്സിലൊരു വേവിന്റെ
മണൽക്കൂനയൊരുക്കി,
കൊല്ലുന്നതിനെക്കുറിച്ച്…

അത്രമേൽ 
പ്രിയമുള്ളൊരാളെ
ഈവ്വിധമല്ലാതെ
പിന്നെപ്രകാരമാണ്
ഞാൻ കൊല്ലേണ്ടത്?

എറണാകുളം ജില്ലയിലെ ആയവന സ്വദേശിനി. ഡിജിറ്റൽ മാഗസിനുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമായി കഥയും കവിതയും എഴുതുന്നു.