“അത് പ്രണയമായിരുന്നില്ല. ഒരുതരം സാന്ത്വനം. നിങ്ങളുടെവസ്ത്രങ്ങൾ പോലെ… കുട പോലെ… ആഹാരവും വെള്ളവും പോലെ…ശ്വാസം പോലെ, ഒഴിവാക്കാനാവാത്ത ഒന്നായിരുന്നു, ഞാനും തുടർന്ന് മക്കളും. ശേഖരേട്ടൻറെ സെക്സ് പോലും ഒരുതരം ആശ്വസിപ്പിക്കലായിരുന്നു” ‘പ്രണയം അതൊന്നുമല്ല. അത് മനുഷ്യൻറെ ഇതുവരെ വ്യക്തമായി നിർവ്വചിക്കാത്ത മനസ്സെന്ന പ്രതിഭാസത്തിൻറെ ഏതോ അറകളിൽ ഏതോ ദിവ്യമുഹൂർത്തത്തിൽ പൊട്ടിവിടരുന്ന ഒരു പവർഫുൾ ഫീലിങ്ങാണ്. അത് ഒരിക്കലേ ഉണ്ടാകുള്ളൂ. പിന്നീടുള്ളതൊക്കെ കള്ളത്തരങ്ങളാണ്. നാട്യങ്ങളാണ്…..
ഐടിഐ പഠനം കഴിഞ്ഞു. സർക്കാർ ജോലിക്കായുള്ള അപേക്ഷകൾ പലതും അയച്ചിട്ട് ശേഖരൻ സ്ഥിരതാമസത്തിനായി, തറവാട്ടിലേയ്ക്ക് മടങ്ങി വന്നു. ഒരു സന്ധ്യയ്ക്ക്, അമ്മുമ്മ ശേഖരൻറെ അടുത്തുചെന്നു.
“മക്കളേ നിൻറെ കൈയില് ചക്രം വല്ലോം ഒണ്ടാ?”
“എന്തിനാ അമ്മുമ്മേ?”;
“വരുന്ന ബുധനാഴ്ച നമ്മട കുന്നിലെ ഊർമ്മിളേടെ കല്യാണമാണ്. സുശീലേം സോമനും കൂടി ഇവിടെ വന്നാ വിളിച്ചത്. വല്ലതും പ്ടാവയ്ക്കൊപ്പം നമ്മളും കൊടുക്കണ്ടേ?”
-എന്ത്?
ഊർമ്മിളയുടെ കല്യാണമോ? ആരോട് ചോദിച്ചിട്ട്? കൊടുംകാറ്റടിച്ചത് എവിടെയാണ്? ഇടിമിന്നലെവിടുന്നു വന്നു? കാതിനുള്ളിൽ കേട്ട പൊട്ടിത്തെറി എന്താണ്? മസ്തിഷ്ക വിസ്ഫോടനം!? സൗരയൂഥത്തിൽ നിന്നും ഭൂമി തൂത്തെറിയപ്പെട്ടു. സൂര്യൻ കത്തിയമർന്നു.കനത്ത അന്ധകാരത്തിൻറെ ചക്രവാളമിഥ്യയിൽ നക്ഷത്രങ്ങൾ ചിന്നിച്ചിതറി. എങ്ങും ഇരുട്ടുമാത്രം.
ഇരുമ്പുകമ്പികളുടെ ശൈത്യം ഉള്ളംകൈയിലെങ്ങനെ വന്നു? തലച്ചോറിൻറെ നേർത്ത ഇടനാഴികളിലൂടെ അടുപ്പിച്ചടുപ്പിച്ച് മിന്നൽപ്പിണർ പ്രവഹിപ്പിച്ചതാര്?
എന്തിന്? ഭ്രാന്താശുപത്രിയിൽ ചികിത്സയിലായിരിക്കെ, ആറ് ഷോക്ക് തന്നൂന്ന് പറഞ്ഞത് ചെറ്യമ്മയാണ്. എന്താണിങ്ങനെ പറ്റാനെന്ന്
അവർക്കാക്കുമറിയില്ല, ശേഖരനല്ലാതെ.
റഷ്യൻ വിപ്ലവപുസ്തകങ്ങളൊക്കെ വായിച്ചു വായിച്ചു മണ്ടകലങ്ങിയതാണെന്നു ചിലരൊക്കെ പറഞ്ഞു.
ബോധതലങ്ങളിലെയ്ക്ക് ശേഖരൻ മടങ്ങിവന്നപ്പോൾ ഒരു സംവത്സരം കഴിഞ്ഞിരുന്നു.
പൊതുമരാമത്തു വകുപ്പിൽ നിയമനം ലഭിച്ചുകൊണ്ടുള്ള ഒരു കത്ത് അവനെ കാത്തുകിടപ്പുണ്ടായിരുന്നു. അതുമായി ശേഖരൻ സുശീലമാമിയെ കാണാൻ പോയി. കാക്കി നിറമുള്ള പുറംകവർ ഊരിയെറിഞ്ഞ് സർക്കാർ ഉത്തരവ് ഉയർത്തിക്കാണിച്ചുകൊണ്ട്, ശേഖരൻ പറഞ്ഞു.
“ഇതാ, മാമി അന്ന് പറഞ്ഞ ഗവണ്മെന്റുജോലി. താ ,കൈപിടിച്ച് താ
എവിടെ ഊർമ്മിള?”
“അവൾ ആശുപത്രിയിലാണ്.” തെല്ലു ഭയത്തോടെയാണ് അവരത് പറഞ്ഞത്.
“എന്തുപറ്റി, അവൾക്ക്?”ശേഖരൻ ചോദിച്ചു.
“പ്രസവം കഴിഞ്ഞു, ആണ്‍കുട്ടിയാണ്.”
എങ്ങനെ പ്രസവിച്ചു, ഞാനറിയാതെ?ചിരിക്കണോ കരയണോ എന്നറിയാതെ ശേഖരൻ തിരിഞ്ഞു
നടക്കുമ്പോൾ സുശീല മാമിയുടെ അത്മഗതം പുറത്തു കേട്ടു. ‘അസുഖമൊക്കെ മാറീന്നാണല്ലോ അമ്മുമ്മ പറഞ്ഞു കേട്ടത്’ ഓ…! ഭ്രാന്ത് പറഞ്ഞതാണെന്ന് കരുതിയിട്ടുണ്ടാവും സുശീലമാമി.
ഒരുപാട് മരങ്ങൾ നിറഞ്ഞു നില്പ്പുള്ള വിശാലമായ ഒരു പറമ്പിലാണ് ആശുപത്രി. തേടിത്തേടി ഓടുവലാ മുറിയുടെ മുൻപിലെത്തുമ്പോൾ ഒരാൾ ഫ്ലാസ്കുമായി പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു. ശേഖരന് ആളെ
മനസ്സിലായി. ട്രാൻസ്പോർട്ട് കണ്ടക്ടർ രാമചന്ദ്രൻ. ഊർമ്മിളയെ വിവാഹം ചെയ്ത അവളുടെ മാമൻറെ മകൻ.
“ശേഖരൻ എന്ന് വന്നു. ആശുപത്രിയിലാണെന്ന് ആരോ പറഞ്ഞു കേട്ടു” രാമചന്ദ്രനും ആളെ മനസ്സിലാക്കിയിരിക്കുന്നു.
“ഒരാഴ്ച കഴിഞ്ഞു” ശേഖരൻ പറഞ്ഞു.
“ഇവിടെ ശേഖരൻറെ ആരെങ്കിലും കിടപ്പുണ്ടോ?”
എടാ ദ്രോഹീ, ഇവിടെ കിടപ്പുള്ള ഒരാള് എൻറെ ആരാണെന്ന് നിനക്കറിയില്ല.
“ഊർമ്മിള-?” ശേഖരൻ ചോദ്യരൂപേണെ അയാളെ നോക്കി.
“എനിക്ക് തോന്നി. നിങ്ങൾ അയല്ക്കാരും ഒന്നിച്ചുപഠിച്ചവരും അല്ലേ? ദേ, ഇത് തന്നെയാണ് മുറി. ഞാൻ ലേശം ചൂടുപാല് വാങ്ങിയിട്ട് വരാം. കുഞ്ഞിന് എൻറെ മുഖച്ഛായയാണെന്ന് വന്നവരെല്ലാം പറയുന്നു. അവള്
പറയുന്നു, അവളുടെ മുഖമാണെന്ന് .ശേഖരൻ നോക്കിയിട്ട് കൃത്യമായ ഒരഭിപ്രായം പറയണം”
മുറിയിൽ മറ്റാരുമില്ലായിരുന്നു. കട്ടിലിൽ പ്രസവാലസ്യത്തോടെ ഊർമ്മിള കിടക്കുന്നു. അസ്വസ്ഥമായ, ചുളിഞ്ഞ മുഖത്തോടെ തൊട്ടടുത്ത് ഒരു ചെറിയ ചുവന്ന കുഞ്ഞും. ശേഖരനെ കണ്ട്, ഊർമ്മിള അമ്പരന്നു. കുറേനേരം അവർ പരസ്പരം നോക്കി
എന്തേ ഊർമ്മിളയുടെ കണ്ണുകൾ നിറയാൻ?
ശേഖരൻ ഊർമ്മിളയേയും ആ കുഞ്ഞിനേയും മാറിമാറി നോക്കി.
‘ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. ഇപ്പോഴും സ്നേഹിക്കുന്നു.
ഈ അവസ്ഥയിലും തയ്യാറാണ്. ദേ സർക്കാർ ജോലിയും കിട്ടി.
പോരാമോ? ഈ കുഞ്ഞിനെ എൻറെ സ്വന്തം കുഞ്ഞായി വളർത്തിക്കോളാം’
അങ്ങനെയൊക്കെ അവൻറെ മനസ്സ് പറയുന്നുണ്ടായിരുന്നു. ഒന്നും പറഞ്ഞില്ല.
കഴിഞ്ഞ പതിനാറ് വർഷങ്ങളായി നെഞ്ചിൻകൂട്ടിൽ ഉരുക്കഴിച്ചു വച്ചിട്ടുള്ള ഒരായിരം പ്രണയ മന്ത്രങ്ങളുണ്ട്, പറയാൻ. ഇനി പറഞ്ഞിട്ട്?
“ഏയ്” ഊർമ്മിള വിളിച്ചു.
പണ്ട്, നെല്ലിമരത്തിൻറെ ചോട്ടിൽ വച്ച് തീരുമാനിച്ചുറപ്പിച്ചിട്ടുള്ള സംബോധനകളൊന്നും അവൾ മറന്നിട്ടില്ല.
“സുഖമാണോ?’
“ഇയാൾക്കോ?”; വിറയ്ക്കുന്ന ശബ്ദത്തോടെ, വിതുമ്പുന്ന ചുണ്ടുകളോടെ, ശേഖരൻ തിരിച്ചു ചോദിച്ചു.
ഊർമ്മിളയുടെ കണ്ണുകൾ തുളുമ്പി.
ശേഖരേട്ടൻറെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്. തേയില നാലഞ്ച് കഴിഞ്ഞു. കുറേ ബീഡികളും.ഭാമ അയാളെത്തന്നെ നോക്കിയിരിപ്പാണ്.
“ഇതു കൊണ്ടാണ് പറയണോ വേണ്ടയോ എന്ന് ഞാനാദ്യംസംശയിച്ചത്” ഭാമ പറഞ്ഞു.
“എതുകൊണ്ട്?” ശേഖരേട്ടൻ മുഖം നിഴൽപ്പാടിലേയ്ക്ക് ഒളിപ്പിച്ചു. നിറകണ്ണുകൾ ഭാമ കാണരുതല്ലോ.
“ഇങ്ങനെ വിഷമം തോന്നുമെന്ന് സംശയിച്ചിട്ട്”, ഭാമ പറഞ്ഞു.
“ഒരാൾക്ക് അസുഖമെന്ന് കേൾക്കുമ്പോൾ വിഷമം തോന്നുന്നത് സാധാരണമല്ലേ?:”
“ഇത് അങ്ങനൊരാളല്ലല്ലോ. ഊർമ്മിള ചേച്ചിയല്ലേ?”
“അതെന്താ, ആനയാണോ?”
“എൻറെ മുഖത്ത് നോക്കി ശേഖരേട്ടന് പറയാമോ, അത് ആനയല്ല എന്ന്”
ഇതെന്താണ് ഭാമയിങ്ങനെ?
ഇവൾക്കെന്തറിയാം? ലോകത്ത് ഇന്നോളം ആരോടും പറയാതെ മനസ്സിൽകൊണ്ടുനടന്ന കാര്യം! എന്തിന്, ഊർമ്മിളയോട് പോലും പറയാത്ത കാര്യം. ഈ ഭാമ എന്തർത്ഥം വച്ചാണ് സംസാരിക്കുന്നത്?
“ഭാമ ഉള്ളിലെന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ?’ ശേഖരേട്ടൻ ചോദിച്ചു.
“കഴിഞ്ഞ നാൽപ്പത്തിയൊന്നു വർഷങ്ങളായി നമ്മളൊരുമിച്ചു ജീവിക്കുന്നു. ഇന്നോളം ഒന്ന്
പിണങ്ങിയതായിട്ടു പോലും എനിക്കോർമ്മയില്ല. നീയും മക്കളും, അത് മാത്രമായിരുന്നു, എൻറെ ലോകം. അങ്ങനെയല്ല എന്ന് എപ്പോഴെങ്കിലും ഭാമയ്ക്ക് തോന്നിയിട്ടുണ്ടോ”
“അങ്ങനെയല്ല, എന്ന് തോന്നിയിട്ടുണ്ട് ” ഭാമയുടെ ആ ഉറച്ച മറുപടികേട്ട് ശേഖരേട്ടൻ ഞെട്ടി.
“ശേഖരേട്ടൻ, ഒരു പെണ്ണിനെ മാത്രമേ സ്നേഹിചിട്ടുള്ളൂ. അത് ഊർമ്മിളചേച്ചിയെയാണ്”
“അപ്പൊ നീ?’
“അത് പ്രണയമായിരുന്നില്ല. ഒരുതരം സാന്ത്വനം. ശേഖരേട്ടൻറെവസ്ത്രങ്ങൾ പോലെ… കുട പോലെ… ആഹാരവും വെള്ളവും പോലെ…ശ്വാസം പോലെ, ഒഴിവാക്കാനാവാത്ത ഒന്നായിരുന്നു, ഞാനും തുടർന്ന് മക്കളും. ശേഖരേട്ടൻറെ സെക്സ് പോലും ഒരുതരം ആശ്വസിപ്പിക്കലായിരുന്നു”
ശേഖരേട്ടൻ തളർന്നുപോയി. ‘ഒരു തിരുമണ്ടി’ എന്ന് മനസ്സിൽ കരുതികൊണ്ട് നടന്നിരുന്ന, ഭാമയാണോ ഈ മുന്നിലിരിക്കുന്നത്?
“പണ്ട്, മദ്യപിക്കുമായിരുന്ന കാലത്ത്, എത്രയോ രാത്രികളിൽ ഞാൻ ഊർമ്മിളയായിരുന്നു, അറിയ്വോ, ശേഖരേട്ടന്?”
മദ്യം നിർത്തിയിട്ടു ഇരുപത്തിയഞ്ച് വർഷങ്ങളെങ്കിലുംകഴിഞ്ഞിരിക്കണം. അതിനും മുൻപ്?
‘എന്നെ കെട്ടിപ്പിടിച്ച്, ഊർമ്മിളേന്ന് വിളിച്ച ആദ്യത്തെ പ്രാവശ്യം ഞാൻ ശരിക്കും ഞെട്ടി. പിന്നെപ്പിന്നെ അതൊരു ശീലമായി.”
മദ്യത്തിൻറെ ലഹരിയിൽ അങ്ങനെയും സംഭവിച്ചോ? എന്നിട്ടും സ്നേഹത്തിന് ഒരൽപം പോലും കുറവ് വരാതെ ഇവളെങ്ങനെ ഇത്രനാൾ ?
“ഒരിക്കലും പുറത്തു പറയരുതെന്ന് കരുതിയതാണ്. ഇന്നൊരവസരം വന്നു. ഒരു പക്ഷെ, നമ്മളിലാരെങ്കിലും നിന്നനിൽപ്പിലങ്ങുപോയാൽ…? അതിനുമുൻപ് ഞാനിതറിഞ്ഞിരുന്നു എന്ന് ശേഖരേട്ടനും അറിയണമല്ലോ’
മുഖമൊളിപ്പിക്കാൻ സ്ഥലമില്ല.
“ആരാണ് ഈ ഊർമ്മിള , എന്ന അന്വേഷണം ഞാൻ ആരംഭിച്ചത്
അക്കാലത്താണ്” ഭാമ തുടരുകയാണ്, ഒക്കെ ആലോചിച്ചുറപ്പിച്ചതുപോലെ.
‘കുന്നിൽ വീട്ടിലെ, ശേഖരെട്ടൻറെ ബാല്യകാലസഖിയെ, ഞാൻകണ്ടുപിടിച്ചു. എന്നെ കാണുമ്പോൾ ഒരു നേർത്ത ചിരിയോടെ അവർ ഒഴിഞ്ഞുമാറി പോകാറാണ് പതിവ്. ഞാൻ എന്നേയും അവരേയും താരതമ്യം ചെയ്തു നോക്കി. എന്നെക്കാളും വലിയ ചന്തമൊന്നുമില്ല. പ്രായവും പത്തു വയസ്സ് കൂടുതൽ. എന്നാൽ ഒരാനച്ചന്തം ഇല്ലാതില്ല. സ്വത്തിൻറെ കാര്യത്തിൽ അവർ എന്നെക്കാൾ വളരെവളരെമോളിലാണ്, പക്ഷെ എനിക്ക് സർക്കാർ ജോലിയുണ്ട്. പിന്നീടാണ് ഞാനെൻറെ മണ്ടത്തരം ഓർത്തത്’
‘പ്രണയം അതൊന്നുമല്ല. അത് മനുഷ്യൻറെ ഇതുവരെ വ്യക്തമായി നിർവ്വചിക്കാത്ത മനസ്സെന്ന പ്രതിഭാസത്തിൻറെ ഏതോ അറകളിൽ ഏതോ ദിവ്യമുഹൂർത്തത്തിൽ പൊട്ടിവിടരുന്ന ഒരു പവർഫുൾ ഫീലിങ്ങാണ്. അത് ഒരിക്കലേ ഉണ്ടാകുള്ളൂ. പിന്നീടുള്ളതൊക്കെ കള്ളത്തരങ്ങളാണ്. നാട്യങ്ങളാണ് ‘
ശേഖരേട്ടൻ അന്തംവിട്ടിരിക്കുകയാണ്.ഇത് ഭാമ തന്നെയാണോ? പ്രൈമറി ക്ലാസ്സിലെ കുട്ടികളുടെ ഉത്തരക്കടലാസുകളുമായി, ‘ഇതൊന്നു നോക്കിത്താ ശേഖരേട്ടാ’ എന്നുംപറഞ്ഞ്, പിന്നാലെ നടന്ന് കൊഞ്ചിയിരുന്ന ഭാമ റ്റീചർ?
‘ഉത്സവപ്പറമ്പുകളിൽ…. കല്യാണ വീടുകളിൽ… റോഡിലേയ്ക്കുള്ള വഴികളിൽ ….. ഒക്കെ വച്ച് ഞങ്ങൾ പരസ്പരം കാണാറുണ്ട്.’; ഭാമ നിർത്താൻ ഭാവമില്ല.
‘അപ്പോഴൊക്കെ ഒരു കുറ്റവാളിയെപ്പോലെ, അവർ ഒഴിഞ്ഞുമാറി പോകാറാണ് പതിവ്”
“എന്തിന്? അവളെന്തു കുറ്റം ചെയ്തിട്ട്?” ഭാമ വിചാരിക്കും പോലെ ഇങ്ങനൊരു സംഭവം അവൾക്കറിയില്ല. ഞാൻ ലോകത്താരോടും ഇന്നോളം പറഞ്ഞിട്ടില്ല. അവളോട് പോലും”
“എന്നാരു പറഞ്ഞു? നിങ്ങൾക്കുള്ളതിലും ശക്തമായി അവരത് ഉള്ളിൽ സൂക്ഷിച്ചിരുന്നു”
എന്ത്? ഈ ഭാമയ്ക്ക് വട്ടോ?
ഒരിക്കൽപ്പോലും ഊർമ്മിളയോട് പറയാനാകാതെ താൻ ഉള്ളിലൊളിപ്പിച്ച രഹസ്യം, അവളും മനസ്സിൽ സൂക്ഷിക്കുകയായിരുന്നോ? അതായിരിക്കുമോ, അന്ന് പ്രസവാശുപത്രിയിൽ വച്ച് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞത്?
‘കാത്തുകാത്തിരുന്ന് ഒരു ദിവസം ഞാനവരെ പിടികൂടി’ഭാമ ഓർമ്മകൾ നിരത്തുകയാണ്. വേനല്ക്കാലം! കുന്നിന്മുകളിലെ കുളങ്ങളിലൊക്കെ വെള്ളം കുറവ്. ഊർമ്മിളച്ചേച്ചി കുളിക്കാനായ് വന്നത് നമ്മുടെ
കൈതത്തോട്ടിൽ. അന്നേരം ഞാനവിടെ ഉണ്ടായിരുന്നു. വേറാരും ഇല്ല. നട്ടുച്ച.
“ഞാൻ കഴിയാറായി, ഊർമ്മിള ചേച്ചി വന്നോളൂ’
‘തെരക്കില്ല ഭാമേ”
“ചേച്ചി തുടങ്ങിക്കോ. എനിക്കീ തുണികളും തിരുമ്മാനുണ്ട്.”
“സ്ക്കൂള് പൂട്ടി ,ല്ലേ, ഭാമയ്ക്ക്?”
“ഇന്നലെക്കൂടി പോണമായിരുന്നു, കഴിഞ്ഞു” ഇങ്ങനെയായിരുന്നു, ഞങ്ങൾ വർത്തമാനം പറഞ്ഞു തുടങ്ങിയത്. എത്ര വർഷങ്ങൾക്കു മുൻപുള്ളഒരു പകൽ! പക്ഷെ, ഇന്നലെ ഉച്ചയ്ക്കെന്ന പോലെ ഇപ്പോഴും എൻറെ കണ്മുന്നിലുണ്ട്, ഓരോ വരികളും….ഓരോ മൂളലും. ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ വിഷയമെടുത്തിട്ടു. അവർ കുറേനേരം എന്നെ മിഴിച്ചുനോക്കിക്കൊണ്ടിരുന്നു. എന്നിട്ട് പൊട്ടിക്കരയാൻ തുടങ്ങി. ഞാനാശ്വസിപ്പിച്ചു, എന്നെ വിസ്വസിക്കാമെന്നുറപ്പുകൊടുത്തു. അവരാദ്യം എന്നോട് കണ്ണീരോടെ ചോദിച്ചതെന്താണെന്നറിയ്വോ? ‘ഭാമേട ശേഖരേട്ടന് സുഖാണോ’; എന്ന്. ഞങ്ങൾ ഒരുപാട് സംസാരിച്ചു. രാമചന്ദ്രൻ സാറിനെപ്പറ്റി ഞാൻ ചോദിച്ചു.
‘സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം മനുഷ്യൻ. പക്ഷെ,തിരിച്ചു കഴിയുന്നില്ല ഭാമേ… മനസ്സ് ഒരാൾക്ക് പറിച്ചുകൊടുത്തു പോയില്ലേ എന്നായിരുന്നു മറുപടി’ ഒന്ന് നിർത്തിയിട്ട് ഭാമ പറഞ്ഞു.
“പാവം, ആ മനുഷ്യൻ! എൻറെ അതേ വിധി’
ഭൂതകാലങ്ങളിലെയ്ക്ക് മനസ്സിനെപായിച്ച് സ്തബ്ധനും നിശ്ശബ്ദനുമായിട്ടിരിപ്പാണ് , ശേഖരേട്ടൻ.
“അവർ വേനൽക്കാലത്ത് കുളിക്കാൻ വരുമ്പോൾ, നിങ്ങൾ അവരെക്കാണാനായി ഒളിഞ്ഞിരിക്കാറുള്ള രാമച്ചക്കാട് വരെ കാണിച്ചുതന്നു. ഈശ്വരാ അതവൾ കണ്ടായിരുന്നോ? താനവിടെ ഉണ്ടെന്നറിഞ്ഞ്
കൊണ്ടുതന്നെയായിരുന്നോ, അവൾ അങ്ങനെയൊക്കെ കുളിച്ചത്?
‘ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത്, ഒരു തുലാവർഷത്തിൽ കുടമറന്നദിവസം, വലിയ തേക്കിലയും തലയ്ക്കുപിടിച്ച് രണ്ടുപേരും കൂടി മുട്ടിയുരുമ്മി നടക്കുന്നതിനിടയ്ക്ക് അവരുടെ കവിളിലും ചുണ്ടിലും
നിങ്ങൾ ഉമ്മവച്ച കാര്യവും പറഞ്ഞുതന്നു;. ഞാൻ അത്ഭുതപ്പെട്ടു. അന്ന് നിങ്ങൾ എന്ത് ചെറിയ കുട്ടികളായിരുന്നു!?
അതും അവളോർത്തിരുന്നോ?
ഒരിക്കലെങ്കിലും നിനക്കെന്നോട് പറയാമായിരുന്നില്ലേ, ഊർമ്മിളേ?
‘പറഞ്ഞുതുടങ്ങിയപ്പോൾ, അവർ സ്ഥലകാലം മറന്നു. അവർ മറ്റേതോ ലോകത്തായിരുന്നു.” ഭാമ തുടർന്നു.
“ചുമരിൽ അവരുടെ ഒരു പടം വരച്ചുതൂക്കിയിരുന്നത്, ഇപ്പോഴും അവിടെങ്ങാനും ഉണ്ടോ എന്നെന്നോട് ചോദിച്ചു. അവരുടെ വീട്ടിലെ ആരുടേയും കണ്ണിൽപ്പെടാതെ എത്രയോ രാവും പകലും മോളിലെ
മാഞ്ചോട്ടിൽ വന്ന്, ഈ വീട്ടിലേയ്ക്ക് നോക്കി നിൽക്കാറുണ്ടായിരുന്നെന്നും അവർ പറഞ്ഞു. ഒടുവിൽ പെട്ടെന്നായിരുന്നു, ആ വിവാഹതീരുമാനം. ഒളിച്ചോടാനുറപ്പിച്ച്, ശേഖരെട്ടനെക്കാണാൻ വരാനിറങ്ങിയപ്പോഴാണ് മാനസികനിലതെറ്റി, ശേഖരേട്ടൻ ആശുപത്രിയിലായ വിവരം അവരറിയുന്നത്. ഊർമ്മിളചേച്ചിയാണ് കാരണം എന്നവര് അറിഞ്ഞിരുന്നേയില്ല. വിവാഹം കഴിഞ്ഞ് വിരുന്നിനു വന്ന ദിവസം ആരുംകേൾക്കാതെ ഇവിടുത്തെ, ശേഖരെട്ടൻറെ മരിച്ചുപോയ അമ്മുമ്മ പറഞ്ഞാണ്, അവരാ വിവരം അറിയുന്നത്. പിന്നീടങ്ങോട്ട് അവരനുഭവിച്ച മാനസിക വേദനയെപ്പറ്റി പറഞ്ഞുകേട്ടപ്പോൾ എനിക്ക് കരച്ചില് വന്നു”
“തേയില വേണോ?” ഭാമ ഒരുനിമിഷം നിർത്തിയിട്ട് ചോദിച്ചു
“വേണ്ട” ശേഖരേട്ടൻ ഒരു ബീഡി കൊളുത്തി.
“ഒരു ക്ഷമാപണത്തോടെ അവരെന്നോട് പറഞ്ഞതെന്താണെന്നറിയ്വോ, ശേഖരേട്ടന്? പത്താംകല്ലിന്റവിടാണല്ലോ അവരെ കല്യാണം കഴിച്ചുകൊണ്ടുപോയ വീട്. ബസ് സ്റ്റോപ്പിലെയ്ക്ക് തുറക്കുന്ന ജനലുള്ളത് അവരുടെ മുറിയിലായിരുന്നുവത്രേ! എല്ലാ ദിവസവും ശേഖരേട്ടൻ രാവിലെ ബസ് കയറാൻ വരുന്നതും തിരികെ പോകുന്നതും അവർ കർട്ടനിടയിലൂടെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നൂന്ന്. എന്നോടത്
പറഞ്ഞ ദിവസവും രാവിലെ അവർ ജനൽക്കൽ കാത്തുനിന്നിരുന്നുവത്രേ”
എത്ര ദിവസം, ആ വീട്ടിലേയ്ക്ക്, ആ ജാലകത്തിലേയ്ക്ക് നോക്കിനിന്നിട്ടുണ്ട്. ഒരിക്കല്പ്പോലും താൻ കണ്ടിട്ടില്ലല്ലോ.
“കുളിച്ചുപോകാൻ നേരം, അവരെന്നെക്കൊണ്ട് തലയിലടിച്ചു ഒരു സത്യം ചെയ്യിച്ചു. അവരുടെ മരണം വരെ ഈ രഹസ്യം ശേഖരെട്ടനോട് പറയരുതെന്ന്”
“പിന്നെന്തിനാ ഇപ്പൊ പറഞ്ഞത്?”
“എൻറെ മനസ്സുപറയുന്നു, അവരിനി ജീവിക്കില്ലാന്ന്. വയസ്സും എഴുപത്തിയൊന്നായി, ധാരാളം അസുഖങ്ങളും:”
“എനിക്കും ആയി, എഴുപത്തിയൊന്ന്”
ഭാമ, ഒരു ഞെട്ടലോടെ അയാളെ നോക്കി. അങ്ങനെ പറയേണ്ടിയിരുന്നില്ലാന്ന് അവൾക്ക് തോന്നി.
“ഭാമേ, ഇനി ഞാനൊന്ന് ചോദിച്ചോട്ടെ?”
“എന്ത്?”
“ഈ കാലമത്രയും ഇതൊക്കെ അറിഞ്ഞുവച്ചിട്ട്, താൻ എന്നോട് കാണിച്ചത് സ്നേഹമായിരുന്നോ, അതോ താൻ പറഞ്ഞത് പോലെ നാട്യമായിരുന്നോ?”
“ദുഷ്ടത്തരം പറയരുത്” ഭാമ കയർത്തു
“എൻറെ ഉള്ളിൽ വേറെ വിഗ്രഹങ്ങലോന്നുമില്ലായിരുന്നു. ശേഖരേട്ടൻ കാണിച്ചതാണ് നാട്യം. ഊർമ്മിളച്ചേച്ചി എന്നോട്, ഉള്ളത് തുറന്നുപറയുകയെങ്കിലും ചെയ്തു. അവർ അവരുടെ ഭർത്താവിനെ സ്നേഹിച്ചിട്ടില്ല, അങ്ങനെ അഭിനയിച്ചിട്ടേയുള്ളൂ എന്ന്. അങ്ങനെ തുറന്നുപറയാനുള്ള ദയയെങ്കിലും എന്നോട് കാണിക്കാമായിരുന്നു,ശേഖരേട്ടന്”
ഭാമ, അയാളുടെ കാൽക്കൽ ചാരിയിരുന്നു കരഞ്ഞു. ശേഖരേട്ടൻ അവളുടെ നരവീണ മുടിയിഴകളിൽ തലോടി.
ശേഖരേട്ടൻ മുറ്റത്തേയ്ക്കിറങ്ങി. ഇനി വെളുക്കാൻ കുറച്ചു നാഴികകൾ കൂടി മാത്രം. ആദ്യവണ്ടിക്ക് തന്നെ മെഡിക്കൽ കോളേജിൽ എത്തണം. കഴിഞ്ഞ അറുപത്തിയാറ് സംവത്സരങ്ങളായി ഉള്ളിലടക്കിപ്പിടിച്ചുകൊണ്ടു നടന്നത് അവളോട് പറയണം. അവളുടെ നാവിൽനിന്നുതന്നെ അതൊന്നു നേരിട്ട് കേൾക്കുകയും വേണം. എന്നാൽ മാത്രമേ ഈ ജീവിതം ധന്യമാകൂ. ‘ഈശ്വരാ, ഞാനെത്തും മുൻപ് ഒന്നും വരുത്തല്ലേ.’ അയാൾ മുകളിലേയ്ക്ക് നോക്കി, കൈകൂപ്പി ഉരുവിട്ടു.കിഴക്കൻ ചക്രവാളത്തിൽ ശുക്രനുദിച്ചു.
“ഇന്നെന്തേ ഇത്ര നേരത്തെ വെള്ളിപൊട്ടി?”
ശേഖരേട്ടൻ മെഡിക്കൽ കോളേജിലെത്തുമ്പോൾ നേരംവെളുത്തു തുടങ്ങുന്നതേയുള്ളൂ.
പേവാർഡിൻറെ നടയിൽ ഒരാംബുലൻസ് !
അതിനടുത്തു നിന്ന് തേങ്ങിക്കരയുന്നതാരാണ്? ഊർമ്മിളയുടെ ഇളയമകൾ.’
‘ചതിച്ചോ ദൈവമേ’; ശേഖരേട്ടൻ ആകാശത്തേയ്ക്ക് നോക്കി.
‘വെളുപ്പിന് നാലുമണിക്ക്’ ആരോ ആരോടോ പറയുന്നത് കേട്ടു.
അപ്പോൾ താൻ വെളുപ്പിനേ കണ്ട നക്ഷത്രം അവളായിരുന്നോ?
പേവാർഡിൽ ആരൊക്കെയോ നിൽപ്പുണ്ട്. ശേഖരേട്ടൻ മുറിയിൽ കയറി. കട്ടിലിൽ അവൾ കിടക്കുന്നു, വെള്ളപ്പുതപ്പിനുള്ളിൽ.ആരോ മുഖം കാണിച്ചുകൊടുത്തു. കണ്മഷീം എഴുതി , ചാന്തുപൊട്ടും തൊട്ട്, ചുവന്ന റിബ്ബണ്‍ കൊണ്ട് രണ്ട് മുടിക്കൊമ്പും ഒരുക്കിയാൽ ആ അഞ്ചുവയസ്സുകാരി തന്നെ. അതേകിളുന്നു മുഖം…. ദിവ്യശാന്തത…!
ഊർമ്മിളേ, എൻറെ ഉള്ളിലുള്ളത് നേരിട്ടൊന്നു പറയാൻ അവസരം തരാതെ ഇപ്പോഴും നീ ഓടിക്കളഞ്ഞു.അല്ലെ? ഒരിക്കലെങ്കിലും എന്നോടൊന്നു സൂചിപ്പിക്കാമായിരുന്നില്ലെ, ഇത്രയും കാലം, ഞാൻ
തനിച്ചുകൊണ്ടുനടന്ന ആ തീവ്രനൊമ്പരം, നീയും ഉള്ളിൽക്കൊണ്ടു നടക്കുകയായിരുന്നൂന്ന്.
“എല്ലാരും പുറത്തിറങ്ങൂ. ബോഡി എടുക്കാറായി” വാതിക്കൽ വന്നു നിന്ന് ആരോ പറഞ്ഞു. അവിടെ നിന്നവരെല്ലാം പുറത്തേയ്ക്ക് നടന്നു. ഒരുനിമിഷം ശേഖരേട്ടന് ഊർമ്മിളയെ തനിച്ചുകിട്ടി.
ഇതാണവസരം.
ശേഖരേട്ടൻ, കുനിഞ്ഞ്, അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. ഒരു മാത്ര അവളുടെ കവിൾത്തടം തുടിച്ചു.
ഒരു കമ്പനം!!
സത്യമാണോ? അവൾ ഒന്ന് തുടിച്ചില്ലേ? ശേഖരേട്ടൻ അമ്പരന്നു നില്ക്കുകയാണ്. ഊർമ്മിളയുടെ ചുണ്ടിൽ അതുവരെ യില്ലാത്ത ഒരു മന്ദഹാസം പൂത്തുനിന്നു. ആരും ആവശ്യപ്പെടാതെ തന്നെ, ശേഖരേട്ടൻ ആംബുലൻസിൽ ഊർമ്മിളയുടെ തലയ്ക്കൽ ഇരുന്നു. രാമചന്ദ്രൻ ഇല്ലാത്ത കുറവ് ഊർമ്മിള അറിയരുത്. കർമ്മങ്ങളൊക്കെ നടത്തിക്കേണ്ടത് താൻ തന്നെയാണ്.
അയാള് കൈകൂപ്പി.
ഈശ്വരാ… ഈ ജന്മം, നീ ഞങ്ങളെ കബളിപ്പിച്ചു.
അടുത്ത ജന്മം നീ ഇതിന് പ്രായശ്ചിത്തം ചെയ്യണം.
അതേ കുന്നിലും താഴ്വരയിലുമായി നീ ഞങ്ങളെ ഒരിക്കൽക്കൂടി ജനിപ്പിക്കണം.
മഴവെള്ളത്തിൽ നനഞ്ഞ്, മുട്ടിയുരുമ്മി, ഒരു ബാല്യംകൂടി ഞങ്ങൾക്ക് സ്കൂളിൽ പോണം.
പരസ്പരംതുറന്നു പറഞ്ഞുകൊണ്ട് ഞങ്ങൾക്ക് ഒരുവട്ടംകൂടി പ്രണയിക്കണം.
ദൈവമേ, ഞങ്ങൾക്ക് നീ ഒരവസരം കൂടി തരണം.
ഒരുവട്ടംകൂടി