ഒരാൾ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ…!

“പരസ്പരം
 സംഭാഷണം നിലച്ച് പോയ
 മനുഷ്യജീവിതമാണ് നമ്മുടേത്. (ഗോവിന്ദനിലെ സിദ്ധാർത്ഥൻ – കെ. അരവിന്ദാക്ഷൻ.)

അന്ധനോ
ബധിരനോ അല്ല !
എന്നിട്ടും,
അയാൾ നിത്യവും അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
ഒരുവേള അയാളിൽ നിന്നത്
മറ്റൊരുവനിലേക്ക് .
ഏതൊരു അന്വേഷണവും
കനൽവഴികളാണ്.
എളുപ്പത്തിൽ സാധ്യമാകുന്നതല്ല.
“അറിവ് പോലെ,”
പൂർണമാകാത്ത ഒന്ന്.

ഒരിടത്ത് നിന്ന്
മറ്റൊരിടത്തേക്ക് ചഞ്ചലമാകുന്ന
കാഴ്ചയുടെ കണ്ണ്
അതൊരു തീർത്ഥാടനമാണ്
അന്ധനിൽ നിന്ന്
ബധിരനിലേക്ക്,
ലക്ഷ്യത്തിൽ നിന്ന്
മറ്റൊരു ലക്ഷ്യത്തിലേക്ക്,
ജീവനസമരത്തിൻ്റെ വ്യാകുലത –
അവസാനമില്ലാതെ കിടക്കും.

ഒരാൾ അന്വേഷിക്കുന്നതും
കണ്ടെത്തുന്നതും
ജീവിതം തന്നെ.

തീർത്തും പറയാം,
ഒഴിയാബാധയാണത്.
പലർക്കും മുന്നിൽ
വേഷം കെട്ടിയാടുന്ന
ഇജ്ജീവിതം.

തൃശൂർ ജില്ലയിലെ കാച്ചേരിയിൽ താമസം. ആയൂർവ്വേദ കമ്പനിയിൽ സെയിൽസ് ഓഫീസിർ. 'കണ്ണാടിയിൽ നോക്കുമ്പോൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക മാധ്യമങ്ങളിൽ കവിതയും, ലേഖനവും എഴുതാറുണ്ട്.