ഒരാള്‍..

വര്‍ഷങ്ങള്‍ക്കു ശേഷം
ഇന്നവന്‍ എന്നെ കാണാന്‍ വന്നു
ഇന്‍ഡോര്‍ ചെടികളെ തലോടി,
വീടകമാകെ കണ്ണാലുഴിയവെ
ചുവരൊട്ടി കിടക്കും ചിത്രങ്ങള്‍
മിന്നിമിന്നി തെളിയും പ്രകാശബള്‍ബുകള്‍
ചില്ലുഗ്ലാസ്സില്‍ വാലിട്ടടിച്ച്
സ്വാതന്ത്ര്യം നിഷേധിച്ച അലങ്കാരമത്സ്യങ്ങള്‍
അടുക്കിയൊതുക്കിയ പുസ്തകത്തട്ടുകള്‍
മുറിക്കോണിലെ ചില്ലലമാരിയില്‍
അലങ്കരിച്ച യാത്രാസുവനീറുകള്‍
എന്‍ കണ്ണുകളിലേക്ക് ഒന്നു നോക്കി
ഒരപരിചിതനെപ്പോലെ സോഫയിലിരുന്നു
അവന്‍ പറഞ്ഞു,
നീ അന്ന് പറഞ്ഞ പോലെ തന്നെ എല്ലാം.
“നല്ല ഭംഗി”

പിന്നണിയില്‍ ശാന്തമായൊരു സംഗീതം പടരവെ
ഒരായിരം ചോദ്യങ്ങളൊളിപ്പിച്ച നിശബ്ദത
ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി.
ഒരിക്കല്‍ തളിര്‍ത്തു നിന്നിരുന്ന
സ്വപ്നങ്ങളുടെ കരിന്തിരിമണം
മനസ്സിനുള്ളില്‍ പുകഞ്ഞു.
മരുന്നുകള്‍ കയറിയിറങ്ങി
ചുക്കിച്ചുളിഞ്ഞ എന്‍ കൈവിരലുകളില്‍
ഒന്നു തൊടാന്‍ കൊതിയെന്ന്
അവന്‍ ശബ്ദമിടറി പറയവേ
നാലുകണ്‍കോണുകളില്‍ പൊടിഞ്ഞ നീര്‍ക്കണം
തുളുമ്പാതെ
ചിരിക്കാന്‍ ശ്രമിച്ച് പരാജിതരായി
ഉരിയാടാപ്പക്ഷികളായ് തളരവെ,
“എന്റെ അവസാനക്കാഴ്ചയായ്
ഒന്നു കാണണമെന്ന് തോന്നി”
എന്നുര ചെയ്യെ ഞാന്‍
അവന്റെ കണ്ണുകളില്‍ കണ്ട
നഷ്ടപ്രണയത്തിന്റെ നോവിനു
ഒരായുഷ്കാലത്തെ ഓര്‍മ്മകളുടെ നിറമായിരുന്നു.

ഇത്ര നാള്‍ കാണാന്‍ കൊതിച്ച ആളെത്തിയപ്പോള്‍,
ഞാന്‍ ആ ഓര്‍മകളിലൂടെ
കണ്ണില്‍ കത്തി നിന്ന പ്രണയത്തിന്റെ ചിതയില്‍
സ്വയം ഉരുകവെ
“എല്ലാം കഴിഞ്ഞു, ഇനി കണ്ണ് തിരുമ്മിയടച്ചോളൂ”
ആരോ പറഞ്ഞു..!

നൂറനാട്‌ പടനിലം സ്വദേശി.അമേരിക്കയിൽ കുടുംബസമേതം താമസിക്കുന്നു. ഇണനാഗങ്ങൾ( പായൽ ബുക്സ്‌) , യാർഡ്‌ സെയിൽ (പ്രഭാത്‌ ബുക്സ്‌), കാമുകനെ ആവശ്യമുണ്ട്‌ (പ്രഭാത്‌ ബുക്സ്‌) എന്നീ കവിതാസമാഹാരങ്ങളുംപ്രണയവീഞ്ഞ്‌ (പായൽ ബുക്സ്‌) എന്ന പേരിൽ പ്രണയക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.-