ഒരലസന്റെ മാനിഫെസ്റ്റോ

ഒതുക്കമുള്ള മുടിയിഴകള്‍ പ്രത്യേകതകളില്ലാത്ത ജീവിതത്തിന്റെ അടയാളങ്ങളാണ്. അവര്‍ ഭയപ്പാടോടെ ജീവിക്കുന്നു. എന്നാല്‍ മുടി തോന്നും വിധത്തില്‍ അലസമായി ചീകുന്നവര്‍ പ്രതിഭാശാലികളാണ്. അവര്‍ ലോകത്തേയും ലോകരേയും തങ്ങള്‍ക്കൊപ്പം ക്ഷണിക്കുന്നു.  അലസജീവിതത്തിലെ ആക്ഷൻ ഹീറോകളെ പറ്റി എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖ് എഴുതുന്നു   ഒരലസന്റെ മാനിഫെസ്റ്റോ 

മുടി നീണ്ടു വളര്‍ന്ന് തോളറ്റം വരേയും ഇടതൂര്‍ന്ന് ഇഴകള്‍ ഇടയ്‌ക്കെങ്കിലും കവിളിലേക്കും ചുണ്ടിലേക്കും പടര്‍ന്നു വീഴുന്ന ഹെയര്‍ സ്റ്റൈലുള്ളവരെ കാണാന്‍ തന്നെ ഒരു ചന്തമാണ്. ഒരുതരം ബൊഹീമിയന്‍ ലുക്ക് ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുള്ളത് കൃത്യമായ അനുഭവവും. ഒരു കാലത്ത് ഏതാണ്ടതേ പോലൊരു ഹെയര്‍ സ്‌റ്റൈല്‍ സ്വപ്‌നം കാണുകയും അതിനായി പരിശ്രമിക്കുകയും ചെയ്തത് ഇന്നും കുളിരോര്‍മകളാണ്. വിശ്വപ്രസിദ്ധരായ എഴുത്തുകാരും സംഗീതഞ്ജരും നടന്‍മാരും തത്വചിന്തകരും ശാസ്ത്രഞ്ജരുമല്ലാം തങ്ങളുടെ മുടിയിഴകളെ സ്വതന്ത്രരായി, അലസമായി അലയാന്‍ വിട്ടവര്‍ കൂടിയായിരുന്നു എന്ന് കൗതുകത്തോടെ ഓര്‍ക്കാറുണ്ട്. 

കുട്ടിക്കാലത്ത് അലസന്റെ മാനിഫെസ്റ്റോ എന്ന വണ്ണം ആദ്യമായി മുടിയിഴകള്‍ പടര്‍ത്തി മുന്നിലെത്തിയത് ലോകപ്രശസ്ത ശാസ്ത്രഞ്ജരും തത്വചിന്തകരുമൊക്കെയായിരുന്നു. ഐസക് ന്യൂട്ടനും മൈക്കല്‍ ഫാരഡേയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമല്ലാം പാഠപുസ്തകങ്ങളില്‍ നിന്നും മുടിയിഴകള്‍ വാരിവലിച്ചിട്ട് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. രസതന്ത്രത്തിലേയും ഊര്‍ജതന്ത്രത്തിലേയും സമവാക്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനൊപ്പം പാഠപുസത്കങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട അവരുടെ ഫോട്ടോകള്‍ കൂടി മനസിലേക്ക് ഇനിയേതു കാലത്തും മറക്കുകില്ലെന്നവണ്ണം കൂടു കൂട്ടി. ഇടതൂര്‍ന്ന തോളറ്റം വരെ നീണ്ട അവരുടെ മുടിയിഴകള്‍ കാറ്റത്ത് പാറിനടന്നു. ഒരു കോമാളിച്ചിരിയും ചിരിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അവര്‍ക്കിടയില്‍ വ്യത്യസ്തനുമായി. പിന്നീട് ബീഥോവനും മൊസാര്‍ട്ടും ഓസ്‌കാര്‍ വൈല്‍ഡും ഫ്രഞ്ച് വിപ്ലവകാരികളും ഇറ്റാലിയന്‍ നവോത്ഥാനനായകരുമല്ലാം ഉയര്‍ന്ന ക്ലാസുകളില്‍ ചരിത്രപാഠമായപ്പോള്‍ പതിയെ അവരുടെ മുടിയിഴകളും മനസിനകത്തേക്ക് ചരിത്രത്തിനൊപ്പം, അവര്‍ മെനഞ്ഞെടുത്ത കലാസങ്കല്‍പങ്ങള്‍ക്കൊപ്പം മാര്‍ച്ച് ചെയ്തു. അവര്‍ക്കിടയില്‍ നമ്മുടെ നാടിന്റെ പ്രതിനിധിയായി ടാഗോറും. 

പലപ്പോഴും ചിന്തിക്കാറുണ്ട്, ഒതുക്കമുള്ള മുടിയിഴകള്‍ ഒരു പക്ഷേ പ്രത്യേകതകളില്ലാത്ത ജീവിതത്തിന്റെ അടയാളങ്ങളാണ്. അവര്‍ ഭയപ്പാടോടെ ജീവിക്കുന്നു. അവര്‍ അരിയുടേയും പഞ്ചസാരയുടേയും പച്ചമുളകിന്റേയും വില കൂടിയാല്‍ ദു:ഖിക്കുന്നു. എന്നാല്‍ മുടി തോന്നും വിധത്തില്‍ അലസമായി ചീകുന്നവര്‍ പ്രതിഭാശാലികളാണ്. അവര്‍ ലോകത്തേയും ലോകരേയും തങ്ങള്‍ക്കൊപ്പം ക്ഷണിക്കുന്നു. ഈ തോന്നലുകളുടെ ഉപസംഹാരമായാണ്, ഒരു കാലത്ത് ഞാനും മുടിയിഴകളെ മനപൂര്‍വമെന്നോണം നീട്ടിവളര്‍ത്തിത്തുടങ്ങിയത്. ഓരോ പ്രാവശ്യം കണ്ണാടിയില്‍ നോക്കിക്കഴിയുമ്പോഴും ചുറ്റും നിരവധി ക്യാമറകള്‍ കൂടി മിഴി തുറന്നിരിക്കുമെന്ന് തോന്നും. എന്റെ അലസചലനങ്ങളെല്ലാം ഒപ്പുന്ന ഒരുപാട് ഛായാഗ്രഹകര്‍. അതിനാല്‍ എന്നും എവിടെയും ബോധപൂര്‍വം ഒരഭിനേതാവിനുണ്ടായിരിക്കേണ്ട സൂക്ഷ്മത എന്നില്‍ നിറച്ചു. 

അലസതയ്ക്കും സൗന്ദര്യമുണ്ടെന്ന് പിന്നീടറിഞ്ഞത് മാര്‍ക്ക് വോയുടെ ക്രിക്കറ്റ് ഇന്നിംഗ്‌സുകള്‍ കണ്ടുതുടങ്ങിയതു മുതലാണ്. ഓരോ കവര്‍ ഡ്രൈവിലും സ്‌ക്വയര്‍ കട്ടിലും ഒരലസന്റെ ഭാവാഹാദികള്‍ കൃത്യമായി ആവാഹിച്ച് ബാറ്റ് ചുഴറ്റി ക്രീസില്‍ നൃത്തമാടിയ മാര്‍ക്ക് വോയില്‍ ഞാന്‍ എന്നെത്തന്നെ കണ്ടു. കോപ്പി ബുക്ക് ശൈലിയ്‌ക്കൊപ്പം അലസസൗന്ദര്യം കൂടിയായപ്പോള്‍ മാര്‍ക്ക് വോ എളുപ്പം മനസിലേക്കും ചേക്കേറി. കുട്ടിക്കാല ഓര്‍മകളിലെ ഹീറോ പരിവേഷം സെന്റര്‍ ഫ്രെഷിനും ബിഗ് ഫണ്‍ ബബിള്‍ഗത്തിനുമൊപ്പം ലഭിക്കുന്ന ക്രിക്കറ്റ് കളിക്കാരുടെ സ്റ്റാറ്റിസ്റ്റിക്‌സ് അടങ്ങിയ കാര്‍ഡുകളിലേക്കും നുഴഞ്ഞുകയറിയപ്പോള്‍ ഒരു അലസന്റെ പോർട്രേറ്റായി മാര്‍ക്ക് വോ കൂളിങ് ഗ്ലാസും വെച്ച് ചിരിച്ചുനിന്നു. ആ കൂളിങ് ഗ്ലാസിനു മേല്‍ പ്രതിബിംബിച്ച വര്‍ണ ആകാശങ്ങളിലേക്ക് സ്വപ്‌നങ്ങളും പടര്‍ന്നു.

കോളേജില്‍ പഠിക്കുമ്പോഴാണ് ഇനി ഇതുപോലെ നീട്ടി വളര്‍ത്തിയ മുടിയുമായി വന്നാല്‍, ക്ലാസില്‍ കയറ്റുകയില്ലെന്ന് ഇംഗ്ലീഷ് പ്രഫസര്‍ ജയരാജ് മുഖത്തു നോക്കി താക്കീത് നല്‍കിയത്. 

‘പക്ഷേ, എനിക്ക് ഷേക്‌സ്പിയറാവണം, സര്‍..’

ഞാന്‍ തിരിച്ചടിച്ചു.

‘പക്ഷേ, ഷേക്‌സ്പിയര്‍ക്ക് ഇങ്ങനെ മുടിയുണ്ടായിരുന്നില്ല..’

പ്രഫസര്‍ വീണ്ടും പറഞ്ഞു.

‘എന്തുകൊണ്ട് ഷേക്‌സ്പിയര്‍ക്ക് എന്റെ പ്രായത്തില്‍ ഇതുപോലെ മുടിയുണ്ടായിരുന്നുവെന്ന് എനിക്ക് സങ്കല്‍പിച്ചുകൂടാ?’

അദ്ദേഹം എന്നോട് ‘ഗെറ്റ് ഔട്ട്’ എന്ന് അലറുന്നതിനു മുമ്പ് ഞാന്‍ ചോദിക്കും.

സങ്കല്‍പങ്ങള്‍ക്ക് എന്തുമാവാമല്ലോ!

എന്റെ ഉമ്മാമയ്ക്കും ഞാന്‍ മുടി നീട്ടി വളര്‍ത്തുന്നത് ഇഷ്ടമായിരുന്നില്ല. മുടിയൊന്ന് നീണ്ടു തുടങ്ങുമ്പോഴേക്കും അവര്‍ പരാതിയുമായി വരും. 

‘പോടാ, പോയി മുടിവെട്ട്. ഇങ്ങനെ മുടിയും വെച്ച് കാട്ടാളനെപ്പോലെ നടക്കാന്‍ ഞാന്‍ സമ്മതിക്കൂല..’ 

ബാര്‍ബറെ ഞാന്‍ വെറുത്തിരുന്ന കാലമായിരുന്നു അത്. ബച്ചന്‍ കട്ട് എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന പ്രത്യേകതരം മുടി വെട്ടലായിരുന്നു അന്നത്തെ ട്രേഡ് മാര്‍ക്ക്. മുടി മുഴുവനും പറ്റെ വെട്ടുമ്പോള്‍ ഞാന്‍ ഉള്ളില്‍ വേദനിക്കുകയായിരിക്കും. അധികാരം നഷ്ടപ്പെടുന്ന രാജാവിന്റെ അതേ വികാരം. അധികാരം തിരിച്ചുപിടിക്കാന്‍ ഏതായാലും ഇനി ദിവസങ്ങളെങ്കിലുമെടുക്കും.

പിന്നീടെപ്പോഴോ ബെക്കാമിന്റെ ശൈലിയിലായി മുടി ചീകല്‍. പുഴയ്ക്കരികിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഞാന്‍ ബെക്കാമിനെപ്പോലെയാവും. അപ്പോഴൊക്കെയും കാറ്റത്ത് മുടിയിഴകള്‍ പാറിപ്പറക്കും. ചിലപ്പോള്‍ ഒന്ന് രണ്ട് മുടിഴിയ എന്റെ നെറ്റിയിലേക്കും നീളും. ഇവയിങ്ങനെ കൃത്യമായി നെറ്റിയില്‍ വീഴുന്ന ടെക്‌നിക്കിനെക്കുറിച്ച് കൂട്ടുകാര്‍ ചോദിക്കുമ്പോഴൊക്കെ ഞാന്‍ അഭിമാനപൂര്‍വം എന്റെ പെര്‍ഫക്ഷനെക്കുറിച്ചോര്‍ക്കും. എന്റെ പെര്‍ഫക്ഷന്‍ എന്റെ മുടിയാണെന്ന് ശ്രീബുദ്ധന്‍ സ്‌റ്റൈലില്‍ കൈകളുയര്‍ത്തി തത്വജ്ഞാനം പറയുകയും ചെയ്യും. 

ഒരര്‍ഥത്തില്‍ എന്റെ ദുരഭിമാനം എന്റെ മുടിയിഴകള്‍ പോലെത്തന്നെയാണ്. ചിലപ്പോള്‍ ചില പ്രത്യേക അവസരങ്ങളില്‍ അവ തഴച്ചു വളരും. മറ്റു ചിലപ്പോള്‍ അവ കാരണങ്ങളില്ലാതെ പൊഴിഞ്ഞ് ഭൂമിയിലേക്കു വീഴും. 

എങ്കിലും ഈ കഷണ്ടി, നെറ്റിത്തടം അതിക്രമിച്ച് കയറുന്ന കാലത്തും ഞാന്‍ പ്രാര്‍ഥനയിലാണ്, പ്രതീക്ഷയിലാണ്. എന്റെ ഭാവാഭിനയങ്ങള്‍ക്ക് ആരുടെയും മാനിഫെസ്റ്റോയായി രൂപാന്തരപ്പെടാനുള്ള ശേഷിയുണ്ടാവുമെന്നോര്‍ത്ത്. 

അതിനിടയിലും ഒരു പുസ്തകമെഴുതുക, അത് പ്രസിദ്ധീകരിക്കുക; കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു അത്. ചിലപ്പോള്‍ പത്രത്താളുകളില്‍ കുഞ്ഞെഴുത്തുകാരുടെ കൃതികളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ ഫീച്ചറുകള്‍ വരുമ്പോള്‍ അസൂയയോടെ നോക്കിനില്‍ക്കുമായിരുന്നു. പലപ്പോഴും ഈ അസൂയ ഈര്‍ഷ്യയിലേക്കും ദേഷ്യത്തിലേക്കും നയിക്കുകയും പിന്നെ അര്‍ധരാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ദൈവത്തോട് വാചകമേള നടത്തുന്നിടം വരെ എത്തുകയും ചെയ്യും. 

അത്തരം വാചകമേളകളുടെയും ചിന്തകളുടേയും സമാഹാരമായി വേണമെങ്കില്‍ ഈ പുസ്തകത്തെ വിളിക്കാം. ഈ കുറിപ്പുകളില്‍ അസൂയയുണ്ട്, ദു:ഖങ്ങളുണ്ട്, വേദനകളുണ്ട്, ദുരഭിമാനങ്ങളുണ്ട്, സന്തോഷങ്ങളുമുണ്ട്. നന്‍മയും തിന്‍മയുമെല്ലാമുണ്ട്. ഇത് കഥകളോ ഓര്‍മകളോ അല്ല, ഏതാനും തോന്നലുകളുടെ എഴുത്തുരൂപം. വെറുതെയിരിക്കുമ്പോഴെല്ലാം, ചിന്തകളുടെ വേലിയേറ്റത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്, ഒരു ആര്‍ടിക് ടേണ്‍ ആയി രൂപാന്തരപ്പെട്ടാലെന്ന്. അങ്ങനെയെങ്കില്‍ ഒരു ഇടവേളയ്‌ക്കെങ്കിലും മരിച്ചതു പോലെ പിരിഞ്ഞ് വീണ്ടും അപ്രതീക്ഷിതമായി തിരിച്ചെത്താമല്ലോ, പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തന്നെ. ഒരുപക്ഷേ, അത്തരം ചിന്തകളാകാം ഈ എഴുത്തിനു പ്രേരകം.  

ഇഷ്ടപ്പെട്ടവരെക്കുറിച്ചും മനസിലെപ്പോഴൊക്കെയോ കൂടു കൂട്ടിയവരെക്കുറിച്ചും ചിന്തകള്‍ക്ക് കടിഞ്ഞാണില്ലാത്ത അവസ്ഥകളെക്കുറിച്ചുമല്ലാം കുറിച്ചിട്ടുണ്ട്. ഒരുപക്ഷേ, എന്നെങ്കിലുമൊരിക്കല്‍ എഴുത്തിനു പൂര്‍ണവിരാമമിടുമ്പോള്‍ ഒരു വിടവാങ്ങല്‍ കുറിപ്പായി, പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിച്ച തോന്നലുകളുടെ സമാഹാരമാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന പുസ്തകം.

എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍, മാര്‍ക്കോ മറ്റരാസി സിനദയിന്‍ സിദാനോട് പറഞ്ഞത്എന്നീ കഥാസമാഹാരങ്ങളും കടവത്തൂര്‍ കനവുകള്‍, എനിക്ക് ചേതന്‍ ഭഗത് ആവണം എന്നീ നോവലുകളും പ്രസിദ്ധീകരിച്ചു. ബാലകൃഷ്ണന്‍ മാങ്ങാട് കഥാപുരസ്‌ക്കാരം, ഗ്രീന്‍ ബുക്‌സ് നോവൽ പുരസ്‌ക്കാരം എന്നിവ നേടിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും 1983 എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറുമാണ്. കണ്ണൂര്‍ തലശേരിക്കടത്തുള്ള കടവത്തൂർ സ്വദേശി.