ഒപ്പമുണ്ടെന്നതിനോളം

യാത്രാമധ്യത്തിലെ
ചെങ്കുത്തായ
മലയിടുക്കിനിടയിലാണ്
ചിറകു തളർന്നു
വാടിവീണൊരു
അപ്പൂപ്പന്‍താടിയെ കണ്ടത്.

ഒരു നേർത്ത ചുംബനത്തിന്റെ
ദയപോലുമില്ലാതെ
യാത്രയിലേക്ക് മാത്രമായി ഞാന്‍
ധൃതിപിടിച്ചോടി.

കയറ്റിറക്കങ്ങളുടെ
കിതപ്പിൽ
മടുത്തു മരവിച്ചൊരു
തെക്കന്‍കാറ്റ്
ആഞ്ഞിലിച്ചില്ലയിൽ
ആത്മഹത്യയ്ക്കൊരുങ്ങവേ,
പ്രതീക്ഷകളേറ്റി
നിരനിരയായ് പോകുന്ന
ഉറുമ്പിൻ കൂട്ടത്തിനിടയിലേക്ക്
പറന്നു വീണൊരു പൂമ്പാറ്റച്ചിറക്
ഉടലുമുയിരും നഷ്ടപ്പെട്ട
ദൈന്യതയുടെ
നേർത്ത നീറ്റലിലും
മിനുമിനുത്ത്
പതുപതുത്ത്
കാറ്റിനൊപ്പമൊരു
യാത്രയ്ക്കായി കൊതിക്കുന്നു.

ഒറ്റയാവലിന്റെ
മഹാസമുദ്രം ഭേദിച്ച്
കാറ്റ് ആഞ്ഞിലിച്ചില്ല വിട്ട്
പൂമ്പാറ്റച്ചിറകിനു നേരെ
കൈകൾ നീട്ടുന്നു.

യാത്രയുടെ
അവസാനത്തെ വളവിനു
തൊട്ടു മുൻപ്
അലങ്കാരങ്ങളേറ്റിയിട്ടും
അവശേഷിച്ചു നിന്ന
അപൂണ്ണതയുടെ
ഉള്ളുലക്കങ്ങളിൽ
കാൽ കുരുങ്ങി
ഒരടി പോലും മുന്നോട്ടുനിങ്ങാൻ കഴിയാതെ
ഉള്ളു വേവിക്കുന്നൊരുഷ്ണക്കാറ്റിനൊപ്പം
അതിവേഗത്തില്‍
പിന്നോട്ടു പാഞ്ഞു.

വാടിവീണിട്ടും വറ്റാത്ത
പ്രതീക്ഷയുമായിക്കിടന്ന
അപ്പൂപ്പന്‍താടിയെ
വാരിയെടുത്ത്..
ഉമ്മ വച്ച്.. വിട്ടുപോകില്ലെന്ന്
മാറോടണക്കവേ..
“അത്രമേൽ ഹ്രസ്വമാകയാൽ
ഇത്രമേലാഴത്തിലടുത്തിരിക്കാം” എന്ന്
വസന്തത്തിന്റെ വരവുകാത്തു കിടന്ന
പൂമൊട്ടുകളത്രയും
നേരവും
കാലവും നോക്കാതെ
നമുക്ക് ചുറ്റും
വിടർന്നു ചിരിച്ചു. 

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. 'ഒറ്റിലമരം' കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.