എപ്പോഴും കരഞ്ഞു നടക്കുന്ന
ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നു.
അച്ഛനു ചുട്ടരച്ച തേങ്ങാച്ചമ്മന്തി
വേണം ന്ന് തോന്നിയാൽ
അമ്മിക്കല്ലിനരികിലും,
അമ്മക്കു പൂതി വന്നാൽ
കാളൻ കുറുക്കാൻ
ചൂട്ടടുപ്പിനരികിലും,
ഉണ്ണിക്കൈകൾ ചിത്രം
വരച്ചതു മായ്ച്ചു കളയുവാൻ
തിരുമ്പുകല്ലിനരികിലും
പ്രാഞ്ചി പ്രാഞ്ചി നടക്കും.
പാമ്പുകളെയും പക്ഷികളെയും
തവളകളെയും കീരികളെയും
മറ്റെല്ലാ ഭൂ അവകാശികളെയും
ഒരു ലക്ഷ്മണരേഖക്കപ്പുറം നിർത്തും.
ഒരു തുള്ളി കോളയും
കട്ട് കുടിച്ചില്ല
ഒരു ബർഗർ പാത്രത്തിലും
തലയിട്ടിട്ടില്ല
ഒരെലിക്കും മണി കെട്ടാൻ
നിന്ന് കൊടുത്തിട്ടില്ല.
എന്നിട്ടും അച്ഛൻ
ഇടക്കിടക്ക് നാട് കടത്തും.
എത്ര കാടു കടന്നാലും
കടലു കടന്നാലും
കണ്ണ് നിറച്ചു തിരിച്ചു വരും
പല്ലിറുമ്മി കൊണ്ട്
ചെറിയച്ഛൻ കടത്തിയതാണെന്നമ്മ
പറയുന്നതു കേൾക്കാം.
ഒരു ദിവസം ആരോടും പറയാതെ
ഒന്നും എടുക്കാതെ
ഒറ്റ പോക്കങ്ങു പോയി
ആരും ചോദിച്ചും ഇല്ല
ഇട്ടേച്ചും പോയതൊക്കെ
എടുത്തു വെക്കുന്ന തിരക്കിലാർന്നു.
ആർക്കും വേണ്ടാത്ത
കരച്ചിൽ മാത്രം ബാക്കിയായി.
ഇന്നും എല്ലാത്തിടത്തും
ആ പൂച്ചക്കരച്ചിൽ മുഴങ്ങുന്നുണ്ട്.