ഐലാൻ കുർദി

ഉപ്പയോടൊപ്പം
പുത്തനുടുത്തിറങ്ങുമ്പോൾ
മുറ്റത്തെ മുല്ലയോടും
അടുക്കളയിലെ പൂച്ചയോടും
മൂലയിലെ കളിപ്പാട്ടങ്ങളോടും
വന്നിട്ട്
ഒക്കെ പറഞ് തരാമെന്ന്
ഉറപ്പ്കൊടുത്തിട്ടുണ്ടാവും.

പോകുന്നത്
കപ്പലിലാണെന്നും
അത് കടലിലാണെന്നും
അറിഞ്ഞപ്പോൾ
സന്തോഷം കൊണ്ട്
തുള്ളിച്ചാടിയിട്ടുണ്ടാവും.

കാഴ്ചകളെ
ഓരോന്നുമെടുത്ത്
വർണങ്ങളാക്കി
മെല്ലെ
അതൃപ്പങ്ങളുടെ ചില്ലു ഭരണിയിൽ
വെച്ചിട്ടുണ്ടാവും.

കണ്ടില്ലേ
മെഡിറ്ററേനിയൻ കടൽ തീരത്ത്
ഒരു പൂമ്പാറ്റയിരിക്കുന്നത്…
കണ്ടതൊക്കെ
ഭൂമിയുടെ
ചെവിയിൽ
ഓർത്തോർത്ത്
പറഞ്ഞുകൊടുക്കുന്നതിനിടയിൽ
ഉറങ്ങി പോയതാണത്……

ആ കുഞ്ഞുമോഹങ്ങൾ
അനാഥമാവുന്നത്
ആലോചിക്കാനാവാത്തതിനാൽ
കാലം പോലുമതിനെ ഉണർത്താതിരിക്കുന്നതാണ്.

മലപ്പുറം ജില്ലയിലെ കാടാമ്പുഴക്ക് അടുത്ത് ജനനം. വർഷങ്ങളായി പ്രസംഗ രംഗത്ത് സജ്ജീവമായി നിൽക്കുകയും ആനുകാലികങ്ങളിൽ കവിത, ലേഖനം, യാത്രാ വിവരണം, പുസ്തക ആസ്വാദനം എന്നിവ എഴുതി വരുകയും ചെയ്യുന്നു. 'കാത്ത് വെപ്പ് ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്രം, സാഹിത്യം, വിദ്യഭ്യാസം, സൂഫിസം, ഫിലോസഫി, ന്യൂനപക്ഷ രാഷ്ട്രീയം, ലൈഫ് കോച്ചിങ് തുടങ്ങിയ മേഖലകളിൽ ഊന്നി വായനയും അന്വേഷണവും.