(വിഖ്യാത ചലച്ചിത്രകാരൻ ബർഗ് മാന് …)
” അനന്തരം കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറക്കുകയും, അപ്പോൾ സ്വർഗത്തിൽ അരമണിക്കൂർ നേരത്തേക്ക് നിശബ്ദത നിറയുകയും ചെയ്തു. ദൈവത്തിൻ മുമ്പാകെ നിർത്തപ്പെട്ട ഏഴു മാലാഖമാരുടെയും പക്കലായി ഏഴു കാഹളങ്ങൾ കാണപ്പെട്ടു.”
വെളിപാട് പുസ്തകം
1.
മരണം നൃത്തം ചവിട്ടിയ
പ്രേതരാത്രിയായിരുന്നു.
ഇരുട്ട് ,
അതിൻ്റെ നിലപാടുകളെല്ലാം കയ്യൊഴിഞ്ഞ്
സുതാര്യമായി.
നിറങ്ങളന്ന് അവധിയെടുത്തു.
ചരിത്രസ്വഭാവമുള്ള നരച്ച പൊടി
എങ്ങും മൂടിക്കിടന്നു.
തങ്ങൾ എത്തിപ്പെട്ടത്
പഴയ ഏതോ നൂറ്റാണ്ടിലാണെന്ന
തിരിച്ചറിവിൽ ,
സംവിധായകൻ കാമറാമാനെ നോക്കി.
ചുറ്റും പാറി നടക്കുന്ന
പ്ലേഗിൻ്റെ അണുക്കളിൽ
ആർത്തിയോടെ തിരയുകയായിരുന്നയാൾ.
പിന്നിൽ അവരുടെ
ടൈം ട്രാവലർ
ആകമാനം എലികൾ മൂടുന്നത് കണ്ടു.
എലികളെപ്പോലെ
വഴിയിൽ ഇഴഞ്ഞുനീങ്ങുകയാണ്
മോക്ഷദാഹികളായ ജനക്കൂട്ടം.
ആജാനുബാഹുവായ
വെളുത്ത മരണം അല്പമകലെ
അവരെ നോക്കി നിന്നു.
അപ്പോൾ തോന്നിയ
ഒരു കുസൃതിയിൽ
കാമറമാൻ അതിൻ്റെ മുഖത്തേയ്ക്ക്
മിഴികൾ സൂം ചെയ്തു.
‘വെളുപ്പ്,
വെളുപ്പ് മാത്രം’
അയാൾ മന്ത്രിച്ചു.
മരണം
സ്വയമേവ മൂടുന്ന
വെളുത്ത ശവക്കച്ചയാണ്.
അത്
മറ്റുള്ളവരൊത്ത് ചുവടുവച്ചകന്നപ്പോൾ
സംവിധായകനും
ഛായാഗ്രാഹകനും മടങ്ങി.
നഗരമാകെ എലികളുടെ
പ്രേതവാഴ്ച തുടർന്നു.
2.
അതൊരു കൊട്ടാരമായിരുന്നു.
രാജസദസിൽ ഒരു മജീഷ്യനെത്തി.
ജാലവിദ്യയിലൂടെ അയാൾ
എല്ലാവരെയും മയക്കി.
കാമറക്കണ്ണുകളെപ്പോലും.
അപ്പോൾ
സംവിധായകൻ
ഛായാഗ്രഹനോട് പറഞ്ഞു:
‘ഷിഫ്റ്റ്’
അയാൾ നോക്കി.
‘എന്തേ ?’
‘പോകാം.
ഇവിടെ മരണം ഇല്ല.
എങ്ങും ജീവൻ്റെ മായാജാലം.’
“അതല്ലേ, നിങ്ങൾ ?”
” പക്ഷെ,
ജീവിതത്തിൻ്റെ മിഴിവ് കറുപ്പിനാണ് .
വെളുത്ത മരണങ്ങളിൽ
നമുക്കൊന്നും ചെയ്യാനില്ല.”
ടൈം ട്രാവലർ പ്രവർത്തിച്ചു.
3.
ഇരുപതാം നൂറ്റാണ്ടിലെ,
സ്ത്രീകൾ മാത്രമുള്ള ഒരു വീട്ടിൽ
കാമറയ്ക്ക് ജീവൻ വച്ചു.
ഗർഭിണി,
വൃദ്ധ,
പുരുഷൻ ഉപേക്ഷിച്ചവൾ,
പുരുഷനെ ഉപേക്ഷിച്ചവൾ,
അങ്ങനെ പലേ സ്ത്രീകൾ
ഓരോ പെണ്ണും
ഓരോ മേഘമായിരുന്നു.
ഉടഞ്ഞ കണ്ണാടിച്ചില്ലുകളുടെ
ഉപമ അർഹിക്കുംവിധം
മൂർച്ചയും മുറിവുമുള്ളവർ
സംവിധായകനും ഛായാഗ്രാഹകനും
അദൃശ്യരായി,
അവർക്കിടയിൽ ജീവിച്ചു.
കാമറ എല്ലാം ആർത്തിയോടെ ഭുജിച്ചു.
മേഘം മൂടിയ മണൽപ്രദേശം പോലെ
ചലച്ചിത്രം കളർ ഗ്രേഡ് ചെയ്യപ്പെട്ടു.
ചാരം പുരണ്ട പകലുകളിലൂടെ
സമയസഞ്ചാരികൾ
അടുത്ത നൂറ്റാണ്ടിലേക്ക് പോയി.
4.
യുദ്ധത്തിനും അധികാരത്തിനും
ഇടയിൽ പെട്ട
നിസഹായനായിരുന്നു
മരണം
പൂർവദേശങ്ങളിൽ
അതിന്
സ്ത്രീരൂപമായിരുന്നു,
കാമറയുടെ ദൈവദൃഷ്ടി
അതിനെ
ജ്ഞാനസ്നാനം ചെയ്യും വരെ.
5.
ലൊക്കേഷൻ വാർത്ത:
ഭാവിലോകത്തിലെ
മരങ്ങളില്ലാത്ത ദ്വീപ്.
അവിടെ
പടുകൂറ്റൻ മനുഷ്യശിരസുകൾ.
മപ്പറ്റുകൾ
കുന്നിൽ നിന്നിറങ്ങി വന്ന
കന്യാനദിയാൽ
മണ്ണും ചെടികളും തലമുടിയും നനയ്ക്കപ്പെട്ടു.
”അദൃശ്യവാഹനത്തിലെ
സഞ്ചാരികളെഴുതിയ
ദൃശ്യങ്ങൾ കാണുവാൻ
യാത്രയ്ക്കൊരുങ്ങുവിൻ”
സുവിശേഷകൻ വിളിച്ചു പറഞ്ഞു.
നിശബ്ദതയുടെ കുമിളയ്ക്കുള്ളിൽ
ചിന്തകളുടെ ദൈവം ഒറ്റയ്ക്കിരുന്നു.
ഒരു കവിയെപ്പോലെ
മരണത്തിൻ്റെ മനസിലെ
വലിയ ഏകാന്തത
വായിച്ചെടുക്കാൻ തുടങ്ങി.
തനിക്കൊപ്പം നൃത്തംവച്ചു നീങ്ങാൻ
ആരുമില്ലാതെ
മരണം ഹതാശനായി.
അതായിരുന്നു പര്യവസാനം.
സ്ത്രീയുടെയും
മരണത്തിൻ്റെയും മനസിലേക്ക് തിരിഞ്ഞ കാമറ,
ബ്ലാക്ക് ഹോളിൻ്റെ ഇരുളിലേക്ക്
ഉറ്റുനോക്കിക്കൊണ്ടിരുന്നു.
പിന്നിൽ ചലച്ചിത്രകാരൻ
ചിന്താമഗ്നനായി.
അയാളുടെ സമയയാനം
വേഗപ്രപഞ്ചത്തിലേക്ക്
കൂപ്പുകുത്തി.
കലയുടെ ദൈവം അയാളോട്
ആ രഹസ്യം
പറഞ്ഞു കൊടുത്തിരുന്നു:
ചലച്ചിത്രമൊഴിഞ്ഞ
തിരശീലകൾ
ശവക്കച്ചകൾ മാത്രമാണെന്ന്.