വഴിതെറ്റി വന്നൊരു
കുഞ്ഞാടെന്നോട് ചോദിച്ചു,
“സംഘർഷത്തിലാണു ഞാൻ,
മാടിവിളിക്കുന്നുവെന്നെ
സ്വർഗ്ഗവും നരകവും!
ഏതുവഴിയേ
പോകണമെന്നുപദേശിക്കണേ
തമ്പുരാനേ…”
ഞാൻ തലയാട്ടി,
കൈയിലുള്ള കത്തിക്കു
മൂർച്ച കൂട്ടി.
പാറയിൽ
കത്തിയുരഞ്ഞു
അഗ്നിസ്ഫുലിംഗങ്ങൾ
ആർത്തിയായ് ചിതറി …
പുറംകണ്ണടച്ചിരുട്ടാക്കി
അകക്കണ്ണിൽ തിരിതെളിച്ച്
അനുസരണയോടെ
തന്റെ തല
പാറയിൽ ചേർത്തുവച്ചു
കുഞ്ഞാട്!
കത്തിക്ക് മൂർച്ചയില്ല,
പാറ പൊടിഞ്ഞുതുടങ്ങി
എന്റെ കൈവിരലുകളോ
ഉരഞ്ഞുതീർന്നു…
കുഞ്ഞാടിനിപ്പോൾ
ഉണ്ണീശോയുടെ ഛായ!
വഴിമുട്ടി,
മൊഴിമുട്ടിയ ഞാൻ
പാറയ്ക്കു മുൻപിൽ
മുട്ടുകുത്തി…
പാറയൊരു
പറുദീസയായ്
പരിണമിച്ചു.
പറുദീസയിലെ
കനി തേടുന്ന
പാപിയായ് ഞാനും.