ഉണ്ണി ആറിന്റെ മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്ന ഒരു കഥയാണ് “എന്റെയാണെന്റെയാണീകൊമ്പനാനകൾ. ഭാഷയുടെ കാര്യമെടുക്കുകയാണെങ്കിൽ, മറ്റു മിക്ക കഥകളിലും ഉള്ളത്ര ആലങ്കാരികത ഈ കഥയിലെ ഭാഷയിലില്ല. ഈ കഥ ഉൾപ്പെടുന്ന ‘കോട്ടയം 17’ എന്ന സമാഹാരത്തിന്റെ ആമുഖത്തിൽ കഥാകൃത്ത് ഇങ്ങനെ പറയുന്നുണ്ട്: “ഈ കഥകൾ എഴുതിത്തുടങ്ങിയപ്പോൾ അവിടുത്തെ തൊണ്ടുകളും വീടുകളും മരങ്ങളും എല്ലാം കെട്ടിപ്പെറുക്കി കുടമാളൂർ തിരുവനന്തപുരത്തെ എന്റെ വീട്ടിലേക്ക് വന്നു.”- എന്നാൽ എഴുത്തുകാരന്റെ ജന്മദേശമായ കുടമാളൂരിന്റെ സ്പർശവും മറ്റു കഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കഥയിൽ തുലോം കുറവാണ്. പ്രധാന കഥാപാത്രത്തിന്റെ ഭൂതകാലത്തെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ കൂടുതൽ പറയാതെ കഥാസാഹചര്യം മാത്രമാണ് വിവരിക്കപ്പെടുന്നത്.
ഒരു പ്രത്യേക സാഹചര്യത്തിൽ വർഷങ്ങളായി സമ്പാദിച്ചു വെച്ച പുസ്തകങ്ങൾ വിൽക്കാൻ തീരുമാനിക്കുന്ന പ്രഭാകരൻ എന്ന നായകനിലാണ് കഥ തുടങ്ങുന്നത്. (കഥയിലെ ആദ്യവാചകം തന്നെ “ഈ പുസ്തകങ്ങളെല്ലാം വിൽക്കാൻ പോകുന്നു” എന്നാണ്). രണ്ടേകാൽ ലക്ഷം രൂപയ്ക്ക് തന്റെ കയ്യിലെ മുഴുവൻ പുസ്തകങ്ങളും അലമാരയോടൊപ്പം വിറ്റുകളഞ്ഞ ശേഷമാണ് പ്രഭാകരൻ തീവ്രമായ ഒരു നഷ്ടബോധം അനുഭവിക്കാൻ തുടങ്ങുന്നത്. പലിശസഹിതം പണം മടക്കിക്കൊടുത്തും പുസ്തകം തിരികെ വാങ്ങാൻ തയ്യാറായി അയാൾ പുസ്തകങ്ങൾ വാങ്ങിയ ഡോക്ടർ ജോണിന്റെ വീട്ടിലെത്തുന്നു. പുസ്തകങ്ങൾ തിരികെ ലഭിക്കില്ലെന്നുറപ്പായതോടെ, വീണുകിട്ടിയ ചെറിയൊരിടവേളയിൽ മോഷ്ടിച്ചെടുത്ത ഒരു പുസ്തകവുമായി ഡോക്ടറുടെ വീട്ടിൽ നിന്ന് പുറത്തേക്ക് കടക്കുന്ന പ്രഭാകരനെ വിവരിച്ചുകൊണ്ട് കഥ അവസാനിക്കുന്നു.
ഈ കഥയിൽ എനിക്ക് രണ്ടു ചോദ്യങ്ങളാണുണ്ടായിരുന്നത്. (കഥയിൽ ചോദ്യമില്ല എന്ന സാമാന്യ നിയമത്തെ തൽക്കാലം ലംഘിക്കുന്നു). ഒന്ന് – എന്തിനാണ് പ്രഭാകരൻ ഈ പുസ്തകങ്ങളെല്ലാം വിൽക്കുന്നത്? കഥയിൽ അതിന് കൃത്യമായ ഉത്തരങ്ങളൊന്നുമില്ല. സാമ്പത്തികബാധ്യത എന്ന ഉത്തരം അത്രകണ്ട് ശരിയായിരിക്കുമെന്ന് തോന്നുന്നില്ല. കാരണം, പുസ്തകം വിറ്റ പണം മക്കളുടെ പേരിൽ ബാങ്കിലിടാമെന്നും, അല്ലെങ്കിൽ ഭാര്യക്ക് ആഭരണം വാങ്ങാൻ ഉപയോഗിക്കാമെന്നുമൊക്കെയാണ് അയാൾ പദ്ധതിയിടുന്നത്. പൊടുന്നനെ വീട്ടേണ്ട കടങ്ങളൊന്നും തന്നെ ആ കുടുംബത്തെ ബാധിച്ചിട്ടുള്ളതായി തോന്നുന്നില്ല. മാത്രമല്ല, ഒന്നിൽക്കൂടുതൽ ഇടങ്ങളിൽ ഭാര്യയായ പത്മിനി പുസ്തകങ്ങൾ വിൽക്കുന്നതിനെ വിലക്കുന്നുമുണ്ട്.
പുസ്തകങ്ങൾ വിൽക്കാൻ പ്രഭാകരൻ പറയുന്ന കാരണങ്ങൾ ഓരോന്നും വ്യക്തിനിഷ്ഠമാണ്; അഥവാ ആ കാരണങ്ങളെല്ലാം പ്രഭാകരൻ സ്വയം ചിന്തിച്ചുണ്ടാക്കിയവയാണ്. “ഈ സമ്പാദ്യം (പുസ്തകങ്ങൾ) കൊണ്ട് നിനക്കോ നമ്മുടെ മക്കൾക്കോ എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? ഞാനിവിടെ ഒരു കുഴിയാനയെപ്പോലെ കുഴീം കുഴിച്ചിരുന്ന് വായിക്കുന്നതല്ലാതെ ഈ വീട്ടിലെ എന്തെങ്കിലും കാര്യമറിയുന്നുണ്ടോ? നീയുള്ളതുകൊണ്ട് എല്ലാമങ്ങ് നടന്നുപോകുന്നു… നമ്മള് കല്യാണം കഴിച്ച സമയത്തെങ്കിലും ഞാൻ ഇതൊക്കെ ആലോചിക്കേണ്ടതായിരുന്നു. ഇപ്പൊ, ഈ അമ്പതാം വയസിലാണ് ഇങ്ങനെയൊരു തോന്നലുണ്ടായത്.” എന്നൊക്കെ അയാൾ സ്വയം തന്റെ തീരുമാനത്തെ ന്യായീകരിക്കുന്നുണ്ട്. ഇതിനൊന്നും തന്നെ ഭാര്യയായ പത്മിനി മറുപടി പറയുന്നുമില്ല. പുസ്തകങ്ങൾ വാങ്ങുന്നതിനെച്ചൊല്ലി അവർ വഴക്കിട്ടതായോ, പുസ്തകവായനയെ ഭാര്യ എതിർത്തതായോ കഥയിൽ ഒരിടത്തും സൂചനയുമില്ല. അപ്പോൾ പിന്നെ എന്താവാം പുസ്തകങ്ങൾ വിൽക്കാനുള്ള കാരണം? അത് പ്രഭാകരൻ എന്ന വായനക്കാരന്റെ ആത്മീയമായ ഒരു വ്യധയാകാനെ വഴിയുള്ളൂ. എല്ലാ നല്ല വായനക്കാരും നേരിടുന്ന- എന്തിനിങ്ങനെ വായിച്ചു കൂട്ടുന്നു എന്ന- വായനക്കാരന്റേതായ അസ്തിത്വവ്യഥ. കഥയിലൊരിടത്ത് എഴുത്തുകാരൻ പറയുന്നുണ്ട്: “ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളാണ് വായനക്കാർ. എഴുത്തുകാരന് പണവും പ്രശസ്തിയും ലഭിക്കുന്നു. വായനക്കാരനോ? പണം നഷ്ടപ്പെടുന്നു. ഉറക്കം നഷ്ടപ്പെടുന്നു. മുറിയിലെ സ്ഥലം നഷ്ടപ്പെടുന്നു. കുടുംബസമാധാനം നഷ്ടപ്പെടുന്നു. ഒരാളും വായനക്കാരനെ അറിയുന്നില്ല. ഒരുപക്ഷേ, അയാളത് ആഗ്രഹിക്കുന്നുണ്ടാവില്ല. എന്തിനാണ് വായിക്കുന്നതെന്ന് ഒരാൾ ചോദിച്ചാൽ സാധാരണക്കാരന്റെ നാക്കിനു വഴങ്ങാത്ത ചില വാക്കുകൾ തപ്പിയെടുത്ത് പറയും. ഒരുപക്ഷേ, ഈ ചോദ്യത്തെ എപ്പോഴെങ്കിലും നേരിടേണ്ടി വരുമെന്നുള്ള മുൻകരുതൽ കൊണ്ടാകണം ഓരോ വായനക്കാരനും അതിനുള്ള ഉത്തരവും കൈയ്യിൽ പിടിച്ച് നടക്കുന്നത്. എന്തിനെഴുതുന്നു എന്ന ചോദ്യത്തെ എപ്പോൾ വേണമെങ്കിലും അഭിമുഖീകരിക്കേണ്ടി വരുമെന്നുള്ള ബോധ്യത്തിൽ എഴുത്തുകാരൻ നടക്കുന്നതുപോലെ. എന്തിനു വായിക്കുന്നു എന്ന ചോദ്യം മാത്രമാണ് ഒരു വായനക്കാരൻ അയാളുടെ ജീവിതത്തിൽ സാർത്ഥകമായി ഉത്തരം പറയേണ്ടിവരുന്ന ഒരേയൊരു സന്ദർഭം. പക്ഷേ, അതുകൊണ്ട് എന്തു നേടുന്നു? ഒന്നുമില്ല.” വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ എല്ലാ നല്ല വായനക്കാരും ഈ ചോദ്യവും ചില അസംബന്ധ നിമിഷങ്ങളും നേരിട്ടിട്ടുണ്ടാകാം. ഒരുപക്ഷേ കഥാകൃത്തിന്റെ തന്നെ വായനാ ജീവിതത്തിലെപ്പോഴെങ്കിലും നേരിടേണ്ടിവന്നിരിക്കാനിടയുള്ള ഇത്തരമൊരു ആത്മവിമർശനത്തിൽ നിന്നുമായിരിക്കാം ഈ കഥാബീജം ഉടലെടുത്തത്. ആലങ്കാരികത കുറഞ്ഞ നേർരേഖയിലുള്ള ഭാഷയെയും ആത്മപ്രകാശനത്തിന്റെ ലക്ഷണമായി കണക്കാക്കാം (ഡയറിയെഴുത്തു പോലെ). ഈ ചോദ്യത്തിന്റെ ഉത്തരമെന്നോണമായിരിക്കാം പുസ്തകങ്ങളെല്ലാം വിറ്റുകളയാൻ പ്രഭാകരൻ തീരുമാനിക്കുന്നത്.
ഒരു വായനക്കാരന്റെ മൗഢ്യനിമിഷങ്ങൾക്കുമപ്പുറം മറ്റെന്തെങ്കിലും കാരണങ്ങളിലേക്കുള്ള ചൂണ്ടുപലകകൾ കഥയിലുണ്ടോ എന്നും അന്വേഷിക്കാവുന്നതാണ്. കഥയിലുടനീളം ഭാര്യയായ പത്മിനി പ്രഭാകരന്റെ തീരുമാനത്തോട് (വായനയോടും) കാട്ടുന്ന നിസംഗത ചില സൂചനകൾ തരുന്നുണ്ട്. പുസ്തകമുറിയും പത്മിനിയും തമ്മിലുള്ള വിദൂരബന്ധം കഥയിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:- “പുസ്തകങ്ങളെക്കുറിച്ച് എന്തെങ്കിലും കേൾക്കുന്നതുതന്നെ പത്മിനിക്കു പേടിയാണ്. കല്യാണം കഴിഞ്ഞ സമയത്താണ് പുസ്തകങ്ങളെല്ലാം കണ്ടിട്ട് ‘ഇതു മുഴുവൻ വായിച്ചതാണോ’ യെന്ന് പത്മിനി നിഷ്കളങ്കമായി ചോദിച്ചത്. കളിയാക്കുകയാണെന്ന് കരുതി ഒരടി കൊടുത്തു. പിന്നെ, അടിച്ചു വാരാനല്ലാതെ ആ മുറിയിൽ പത്മിനി കയറാറില്ല. കുട്ടികളും കയറാറില്ല.” കല്യാണം കഴിഞ്ഞ് വീട്ടിൽ വന്ന ഉടനെ തന്നെ തന്റെ ഭർത്താവിനെ ആകമാനം സ്വന്തമാക്കായിരിക്കുന്ന ആ മുറിയോടും അവിടുത്തെ പുസ്തകങ്ങളോടും അവൾ അകലം പാലിച്ചു തുടങ്ങുന്നു. പുസ്തക വായന കാരണം കുടുംബത്തിൽ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ല എന്നതിനുള്ള പോലെ തന്നെ പ്രഭാകരൻ ആകമാനം പുസ്തകങ്ങളിലാണ് എന്നതിനും കഥയിൽ തെളിവുകളേറെ. “കുഴിയാനയെപ്പോലെ കുഴീം കുഴിച്ചിരുന്ന് വായിക്കുന്ന” എന്ന ഇമേജ് തന്നെ ഇതിന് ധാരാളം.
അപ്പോൾ, വായന കാരണം നിരുത്തരവാദിയായി മാറിയ ഒരു ഭർത്താവ്. അതിനുമപ്പുറം പ്രഭാകരന് എന്തെങ്കിലും വ്യാഖ്യാനങ്ങളുണ്ടോ? രണ്ടു കുട്ടികളുമായി ഏറെക്കാലം നീണ്ടുനിന്ന വിവാഹജീവിതമാണവരുടേതെങ്കിലും, പ്രഭാകരനുമായുള്ള വൈകാരിക ബന്ധത്തിൽ പത്മിനിക്കുള്ള അതൃപ്തി അവളുടെ നിസംഗഭാവത്തിൽ കാണാവുന്നതാണ്. എന്നാൽ ഇത് സമർഥിക്കാൻ കഥയിൽ പ്രകടമായ മറ്റ് തെളിവുകളൊന്നും കാണുന്നില്ല. മുഹമ്മദ് എന്ന ഇടനിലക്കാരനെ കാണാൻ പാളയം മാർക്കറ്റിലെത്തുന്ന പ്രഭാകരൻ അയാൾ 40 വയസ്സുള്ള പ്രസവിക്കാത്ത ഒരു സ്ത്രീയെ ഹോളണ്ടിലേക്കയയ്ക്കുന്ന ഇടപാട് കാണുകയും അതിൽ പന്തികേട് തോന്നി തിരികെപ്പോകാൻ തുടങ്ങുകയും ചെയ്യുന്നു. ഇവിടെ പ്രഭാകരനുണ്ടാകുന്ന സംശയം അയാളുടെ തന്നെ ഉള്ളിലെ മറച്ചുവെയ്ക്കപ്പെട്ട കുറ്റബോധത്തിന്റെ പ്രകടിത രൂപമാണോ? (മുഹമ്മദ് നല്ലവനാണെന്നും, പടച്ചോന് നിരക്കാത്തതൊന്നും ചെയ്യില്ലെന്നും പിന്നീട് കഥയിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട് ). പ്രഭാകരന്റെ പുസ്തകമുറിയിലേക്ക് കുട്ടികൾക്കുപോലും പ്രവേശനമില്ല എന്നും കഥയിൽ പറയുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ പ്രഭാകരൻ വൈകാരിക ജീവിതത്തിൽ (ലൈംഗികജീവിതത്തിൽ ?) പരാജയപ്പെട്ട ഭർത്താവാണെന്ന വായനയും ഈ കഥ നൽകുന്നുണ്ടെന്ന് പറയാം . ഇവിടെയാണ് കഥയുടെ തലക്കെട്ടിന്റെ പ്രാധാന്യം. കൊമ്പനാന ഉണ്ണി ആറിന്റെ മറ്റൊരു കഥയിൽ മുഴുനീളെ നിറഞ്ഞുനിൽക്കുന്നുണ്ട് – ‘ലീല’യിൽ. ആ കഥയിൽ കുട്ടിയപ്പന്റെ ലൈംഗികജീവിതത്തിലെ പരാജയങ്ങളെ ബാലൻസ് ചെയ്യാനുള്ള ഉപകരണമായി അയാൾ തന്നെ കണ്ടെത്തുന്ന ഒരു ഡിഫൻസ് മെക്കാനിസമാണ് ആന. (‘ലീല’യിൽ കുട്ടിയപ്പനോടൊപ്പം രാപകലില്ലാതെ കറങ്ങിനടക്കുന്ന, വീടിനുപകാരപ്പെടാത്ത പിള്ളേച്ചൻ എന്ന സുഹൃത്തിന്റെ ജോലിക്കുപോകുന്ന, കുടുംബം നോക്കുന്ന, ഭാര്യയുടെ പേര് തന്നെയാണ് ഇതിലെ നായികയ്ക്കും – പത്മിനി). ഈ കഥയിലാണെങ്കിൽ ആനയെക്കുറിച്ച് തലക്കെട്ടിലല്ലാതെ മറ്റെങ്ങും പറയുന്നുമില്ല. ഒരുപക്ഷേ കുട്ടിയപ്പനെപ്പോലെ വൈകാരിക ജീവിതത്തിൽ നിന്നും പുസ്തകങ്ങളാകുന്ന കൊമ്പനാനക്കൂട്ടത്തിലേക്ക് ഒരൊളിച്ചോട്ടം നടത്തുകയാവാം പ്രഭാകരൻ.
ഈ കഥയുടെ തലക്കെട്ടിന്റെ പ്രാഗ് രൂപമായ പ്രയോഗം (“എന്റെയല്ലെന്റെയല്ലീ കൊമ്പനാനകൾ”) അക്കിത്തത്തിന്റെ “പണ്ടത്തെ മേശാന്തി” എന്ന കവിതയിൽ നിന്നുമാണ്. കവിതയിൽ അമ്പലമുറ്റത്തെ ആനപ്പുറത്ത് കയറ്റണമെന്ന് ആവശ്യപ്പെടുന്ന കുട്ടികളോട് അമ്പലത്തിലെ മേൽശാന്തി.
“എന്റെയല്ലെന്റെയല്ലീ കൊമ്പനാനകൾ
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ!”
എന്ന് മറുപടി പറയുന്നു. എന്നാൽ കഥയിൽ കൊമ്പനാനകൾക്കുമേൽ (പുസ്തകങ്ങൾക്കുമേൽ) പൂർണമായ അവകാശം സ്ഥാപിക്കാൻ പ്രഭാകരൻ ശ്രമിക്കുന്നു. കൊമ്പനാനകൾ അയാളുടേതാണ്, അയാളുടേത് മാത്രമാണ്.
ഇനി ഏറ്റവും രസകരവും ചിന്തനീയവുമായ രണ്ടാമത്തെ ചോദ്യം – കഥയുടെ ഒടുവിൽ പ്രഭാകരൻ ഡോക്ടർ ജോണിന്റെ വീട്ടിൽ നിന്നും മോഷ്ടിച്ചു കൊണ്ടു പോകുന്ന (ഒരിക്കൽ സ്വന്തമായിരുന്ന) ആ പുസ്തകം ഏതായിരുന്നിരിക്കും? അയാൾ പല പുസ്തകങ്ങളും കയ്യിലെടുക്കുകയും, തലോടുകയും, മണത്തുനോക്കുകയും ചെയ്യുന്നുണ്ട്. ചാൾസ് ഡിക്കൻസിന്റെ A Tale of Two Cities എന്ന പുസ്തകത്തിലെ ആദ്യവാചകം ഉറക്കെ വായിക്കുന്നുണ്ട്. എന്നാൽ ആ പുസ്തകം ഡോക്ടർ തന്നെ വാങ്ങി തിരികെ വെച്ചതായും കഥയിൽ പറയുന്നുണ്ട്. അതിനിടയിൽ വായനയെക്കുറിച്ചുള്ള ഒരു തത്വവും പ്രഭാകരൻ പറയുന്നു- “ചില പുസ്തകങ്ങൾ നമ്മൾ വാങ്ങിയാലും വായിക്കാതെ വെച്ചു കൊണ്ടിരിക്കും… നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് അത് നമ്മളോടു പറയും ഇനി എന്നെ വായിക്കൂ എന്ന്… നമ്മൾ വായിക്കാൻ പ്രാപ്തരായോ എന്ന് നമ്മളല്ല, പുസ്തകങ്ങളാണ് ചിലപ്പോൾ നിശ്ചയിക്കുന്നത്.” അതുവരെ വായിക്കപ്പെടാതിരുന്ന ഏതോ പുസ്തകം ആ നിമിഷത്തിൽ അയാളോട് പറഞ്ഞിരിക്കുമോ തന്നെ വായിക്കാൻ സമയമായെന്ന്? അതുകൊണ്ടാകുമോ കഴുത്തിൽ സ്പർശിച്ച ലോഹത്തണുപ്പുണ്ടാക്കിയ ഭയത്തെയും മറികടന്ന് അയാൾ ‘ആ’ പുസ്തകം മോഷ്ടിക്കാൻ ധൈര്യപ്പെട്ടത്.
മോഷ്ടിയ്ക്കപ്പെട്ട ആ പുസ്തകത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് കഥാകൃത്തിന്റെ “പുസ്തകപ്പുഴു” എന്ന ലേഖനത്തിൽ ‘കാരമസോവ് സഹോദരന്മാർ ’ വായിച്ച അനുഭവം വിവരിക്കുന്ന ഭാഗമാണ്. (ഈ ലേഖനത്തിൽത്തന്നെ ഒരു പുസ്തക മോഷ്ടാവിനെക്കുറിച്ചും പറയുന്നുണ്ട്). ആ ദസ്തേവ്സ്കിയൻ ക്ലാസിക്ക് ആയിരിക്കുമോ പ്രഭാകരൻ മോഷ്ടിച്ചത്? ആവാൻ സാധ്യതയില്ല. ഇടുപ്പിൽ ഒളിപ്പിച്ച് കടത്താൻ മാത്രമുള്ള വലിപ്പമല്ല ആ മഹാപുസ്തകത്തിനുള്ളത്. ഒരുപക്ഷേ മറ്റൊരു ദസ്തേവ്സ്കിയൻ പുസ്തകം? കാഫ്ക? അതോ നാടോടിക്കഥകളുടെ പുസ്തകമായിരിക്കുമോ? അല്ല. ഇതൊന്നുമായിരിക്കില്ല. കാരണം, ഈ ചോദ്യം ഓരോ വായനക്കാരനും നേർക്കുള്ളതാണ് – വായനക്കാരാ, നിങ്ങളായിരുന്നെങ്കിൽ ഏതു പുസ്തകം എടുക്കുമായിരുന്നു (മോഷ്ടിക്കുമായിരുന്നു)?