ഏകാന്ത സഞ്ചാരങ്ങളിൽ

കൃത്യമായി പറഞ്ഞാൽ…
നാല് വർഷങ്ങൾക്ക് മുൻപ്
ഒരു ഗ്രീഷ്മത്തിലാണ്
അവളെ കണ്ടുമുട്ടിയത്.

തികച്ചും
അവിചാരിതവും അനൗപചാരവുമായ
ഒരു കൂടിക്കാഴ്ചയായിരുന്നു
അത്.

അതിനെ
ഒരു കൂടിക്കാഴ്ച എന്ന് വിശേഷിപ്പിക്കാമോ
എന്ന് സംശയമാണ്.
കാരണം
അവൾ മറ്റെവിടേയ്ക്കോ
തിരക്കിട്ട യാത്രയിലായിരുന്നു

അനുപമസൗന്ദര്യമൊന്നുമില്ലാത്ത
ഇരുനിറത്തിലുള്ള കിളരം കൂടിയ
ഒരുവൾ
തീരെയില്ലാത്ത
നെറ്റി പിന്നെയും മൂടും വിധം കുറുനിരകൾ

ഇരുനിറക്കാർക്ക്
സാധാരണ കണ്ടുവരുന്നതിൽ നിന്നും വ്യത്യസ്തമായ-
മഷിക്കറുപ്പിൻ നിറമില്ലാത്ത
ചുരുണ്ടതും നീണ്ടതും
അല്ലാത്ത
വിടർത്തിയിട്ട തലമുടി
എണ്ണമയമില്ലാതെ പാറിപ്പറന്ന്
പുറം നിറഞ്ഞ് കിടക്കുന്നു

“കുട്ടീ ആ തലമുടി പിന്നിയിട്ടാൽ
എത്ര നന്നായിരുന്നേനെ”
എന്ന് പറയാനാഞ്ഞപ്പോഴാണ്
വിടർത്തിയിട്ട ആ തലമുടിയ്ക്കുള്ളിൽ അവൾ
“ഒരു ചിരി” ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന് കണ്ടത്

ആരുടെയോ ചിരി തഞ്ചത്തിൽ സ്വന്തമാക്കി
തനിച്ചു നടക്കുന്ന ഈ പെൺകുട്ടി ഏതാണ്!

അപരിചിതയായ ആ പെൺകുട്ടി
തനിക്കൊന്നുമറിയില്ല എന്ന ഭാവത്തിൽ
പിന്നെയും പലപ്പോഴും
അരികിലൂടെ നടന്നു പോയപ്പോൾ മനസ്സിലായി
“അതവളുടെ പ്രിയപ്പെട്ടവന്റെ ചിരിയാണെന്ന്”

ആ ചിരിയിൽ
ആലേഖനമായിരുന്നത് ഒരു പ്രണയമായിരുന്നെന്ന്
പ്രണയമവാസിനിപ്പിച്ചവൾ
അവനിൽ നിന്നും പിന്മാറിയപ്പോൾ
തിരികെ നൽകാതെ “അയാളുടെ ചിരി”
തലമുടിയിൽ ഒളിപ്പിച്ചു നടക്കുകയാണവൾ

അവർ ഒരുമിച്ചിരുന്ന പ്രദേശങ്ങളും,
കാപ്പിക്കടകളും,
കൈകോർത്തു നടന്ന തെരുവീഥികളും,
ചുമൽ ചാരിയിരുന്നു സ്വപ്‌നങ്ങൾ നെയ്ത
കുന്നിൻ ചെരിവുമെല്ലാം
ആ ചിരിയിലുണ്ടായിരുന്നു.

പ്രിയപ്പെട്ട പെൺകുട്ടീ …
പിരിയും നേരമെങ്കിലും
നിനക്കയാൾക്ക്
അയാളുടെ ചിരി തിരികെ നല്കാമായിരുന്നില്ലേ
ചിരിക്കുന്നതെങ്ങിനെ എന്നുമറന്ന് അയാൾ
ഈ ലോകത്തിന്റെ
ഏതെങ്കിലും കോണിൽ നടക്കുന്നുണ്ടാവും
എന്നത് നീ ഓർക്കാത്തതെന്തേ?

ഇരിങ്ങാലക്കുട സ്വദേശിനി. ഇപ്പോൾ സകുടുംബം വിദേശത്ത്.. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവം