അവൾ ഒറ്റയ്ക്ക് നിൽക്കുന്നു
അവളുടെ ഹൃദയം തളർത്തികൊണ്ട്
ആളുകൾ കൊട്ടിപാടുന്നു
പെരുമ്പറ മുഴക്കുന്നു
ഒരിടത്തും
ഒരു അടയാളവുമില്ലാത്തവളുടെ
സങ്കടത്തിന്റെ കണ്ണുനീർ
പെയ്തൊഴിയാതെ നിൽക്കുന്നു
ഇരുട്ടു പുതച്ച് രാത്രികളെത്തുമ്പോൾ
വെളിച്ചം തേടുവാൻ
വെമ്പിനിൽക്കുന്ന ഹൃദയത്തെ
നോവിക്കാനെത്തുന്നു
അശരീരികൾ.
നിലാവില്ലാത്ത രാത്രികൾ
എത്ര ശോകമാണ്
വെളിച്ചമില്ലാത്ത പകലുകൾ
എത്രമാത്രം വിരസമാണ്.
ഒന്നു മിണ്ടുവാൻ ആരുമില്ല,
ഒന്നു കേൾക്കാനും ആരുമില്ല
ഭയം കൊണ്ടു മൂടപ്പെട്ട
ഏകാന്തതയുടെ കൽപ്പടവിൽ
അവളിരിക്കുന്നു
അവളെന്നും ഒറ്റയ്ക്കാണ്
കൂടെയുണ്ടാകുമെന്നുറപ്പോടെ
കടന്നുവരുന്ന മുഖങ്ങൾക്കു
എന്നും ഒരേ ഛായ തന്നെ.
ആരെങ്കിലും ഒന്നു മനസ്സിലാക്കാനായി
മനസ്സ് കൊതിക്കുന്നു
ഏകാകിനിയായ അവളുടെ
ഹൃദയം നിലവിളിക്കുന്നു
അവളുടെ നിശബ്ദമായ നിലവിളി
തൊണ്ടയിൽ കുരുങ്ങുന്നു
കേൾക്കാൻ ആരുമില്ലാതെ
മൂകമായ ഈ കുടീരത്തിൽ
അവൾ തനിച്ചിരിക്കുന്നു.
അത്രയേയുള്ളൂ
ഏകാകിനിയായ
ഒരുവളുടെ ജീവിതം.