എൻ18 പി09 കെ18


  1. “പിള്ളേ…, വീട്ടിൽ നല്ല പച്ചചാണകമില്ലേ! പിന്നെന്തിനാണ് മിച്ചറുപോലുള്ളയീ രാസവളങ്ങളിട്ട് മണ്ണിനെ കൊല്ലുന്നത്! കുംഭത്തിലെ ആദ്യ മഴയ്ക്ക് ചേനയും കാച്ചിലുമൊക്കെ നടാൻ തുടങ്ങുമ്പോൾ അടിസ്ഥാന വളമായി അല്പം എല്ലുപൊടി ഇട്ടുകൊടുക്കുന്നതിൽ കുഴപ്പമില്ല. പേരു കേട്ടോര് കൃഷിക്കാരന്റെ മകനോട് ഇതൊന്നും പറഞ്ഞ്തരേണ്ട കാര്യമില്ല! എങ്കിലും…” കുന്താലി തഴമ്പുള്ള കൈയിലെ വിരലുകൾക്കിടയിൽ കത്തിപ്പുകയുന്നോര് ബീഡിത്തുണ്ടിനെ മഴവെള്ളത്തിലേയ്ക്കെറിഞ്ഞ് ആ വൃദ്ധൻ ഇടുങ്ങിയ പാടവരമ്പിൽ നിന്നും പാടത്തെ ചെളിയിലേക്ക് കാലുറപ്പിച്ച് ഞങ്ങൾക്കായി വഴിമാറി കൊണ്ടാണ് അന്ന് ഇങ്ങനെ പറഞ്ഞത്.

2.
“പ്രായമായോര് തള്ള ചാകാറായ്ക്കിടക്കുന്നോര് വീടാ… ആരെങ്കിലും കേറിവരും” എന്ന് സ്വയം പിറുപിറുത്ത് കൊണ്ടാണ് ഇന്നയാൾ തട്ടും പുറത്തേയ്ക്ക് കയറിവന്നത്! പലപ്പോഴായി വീട്ടിലുള്ളവർ വലിച്ചെറിഞ്ഞിരുന്ന പാഴ് വസ്തുക്കൾക്കിടയിൽ. മക്കളുടെയും കൊച്ചുമക്കളുടെയും പലതരം കളിപ്പാട്ടങ്ങളിലേറെയും കൈയും കാലും തലയും ചെവിയും കണ്ണും വായും മൂക്കും എന്ന് വേണ്ട ശരീരത്തിന്റെ പല ഭാഗങ്ങളും പൊട്ടിയും ദ്രവിച്ചും അറ്റുപോയും ഒടിഞ്ഞു തൂങ്ങിയും ഒക്കെ കിടന്ന കളിമണ്ണിലും പ്ലാസ്റ്റിക്കിലും തീർത്ത പാവകളും. കുഞ്ഞുങ്ങൾ മുതൽ അമ്മൂമ്മമാർ വരെയുള്ളവരുടെ തുളവീണതും കീറിപ്പറിഞ്ഞതും തീക്കനൽ തുള വീഴ്ത്തിയതുമായ വസ്ത്രങ്ങളും ഒക്കെ പെറുക്കി ഒതുക്കി തന്നെയാണ് ഇപ്രാവശ്യവും അയാൾ കഴുക്കോലിൽ തലയിടിക്കാതെ കുനിഞ്ഞ് എൻ്റെ അടുത്തേക്ക് കയറിവന്നത്.

എല്ലാ ഉത്സവകാലവും പോലെ അയാളുടെ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെക്കൂടി ഭാര്യയുടെ കുടുംബവീട്ടിലേക്ക് പോയതിനാൽ മുൻവർഷത്തെ പോലെ ഇന്നീവീട് നിശബ്ദമാണ്! എങ്കിലും ചാകാറായ അയാളുടെ അമ്മയുടെ ശ്രുതി തെറ്റിയ ഞരക്കം മാത്രം ഇടയ്ക്കിടക്ക് കേട്ടുകൊണ്ടേയിരുന്നു. തട്ടുംപ്പുറത്തെ ഈ ചാടിക്കുള്ളിൽ ഒളിപ്പിച്ചിട്ടുള്ള എൻ്റെ അരുകിലേക്ക് എല്ലാവർഷവും ഇങ്ങനെയൊരു ദിവസം മാത്രമാണ് അയാൾ വരാറുള്ളത്. അപ്പോഴൊക്കെയും ഞാനിരിക്കുന്ന ചാടിയുടെ മൂടി തുറന്ന് എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെയാണ് കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷക്കാലവും അയാൾ തിരിച്ച് താഴേക്ക് ഇറങ്ങി പോയിട്ടുള്ളതും. മടങ്ങുമ്പോഴൊക്കെയും അയാളുടെ കൈക്കുള്ളിൽ ഒരു സ്വർണത്തിളക്കം ചാടിക്കുള്ളിലെ ചെറിയ ദ്വാരത്തിലൂടെ എനിക്ക് കാണാൻ കഴിയുമായിരുന്നു. പഴുക്കാപ്പാക്ക് വെള്ളത്തിലിടാനും, കരട്ടിമാങ്ങ ഉപ്പിലിട്ട് വയ്ക്കാനും ഒക്കെയായ് മുൻപെങ്ങോ ഉപയോഗിച്ചിരുന്ന കളിമണ്ണിൽ തീർത്ത ഈ ചാടിയിൽ കാലപ്പഴക്കത്താൽ വീണ ദ്വാരം എനിക്കൽപ്പം ജീവശ്വാസവും വെളിച്ചവും ഏകീക്കൊണ്ടിരുന്നു. ഇന്ന് പക്ഷേ ഞാനിരിക്കുന്ന ചാടിക്കരികിലെ ചെറിയ മൺകലത്തിനുള്ളിലായി മൊബൈൽ വെളിച്ചത്തിൽ അയാൾ ഏറെ നേരം എന്തോ പരതുകയായിരുന്നു. അവസാനം ദേഷ്യത്തോടെ ആ മൺകലം മുകളിലേക്ക് എടുത്ത് ഉയർത്തി കമിഴ്ത്തി നോക്കിയെങ്കിലും നിരാശയോടെ അത് താഴേയ്ക്കിട്ടു. പോരാത്തതിന് നിലത്ത് വീണ് വാക്കുടഞ്ഞയാ മൺകലത്തിലേക്ക് അയാൾ അരിശത്തോടെ വലംകാലുയർത്തി ആഞ്ഞാഞ്ഞ് ചവിട്ടി.

അരിശമടങ്ങിയ അയാളുടെ കണ്ണുകൾ ഇപ്പോൾ ഞാനിരിക്കുന്ന ചാടിയിലേക്ക് പതിച്ചു. അയാളെൻ്റെ തലയ്ക്കു മീതെയുള്ള ചാടിയുടെ മൂടി എടുത്തു മാറ്റി. നീണ്ട മുപ്പത്തിയേഴ് വർഷത്തെ ഈ അക്ജ്ഞാതവാസത്തിന് ശേഷം ഇന്ന് എൻ്റെ മനമൊന്ന് കുളിർത്തു. അയാളുടെ കയ്യിലെ കുഞ്ഞു മൊബൈലിൻ്റെ വെളിച്ചത്തിൽ വലംകൈയ്യാൽ എൻ്റെ കഴുത്തിൽ പിടിച്ച് മുകളിലേക്ക് പൊക്കിയെടുത്തു. ഇന്നാകട്ടെ വലിയ ഉടലും ചെറിയ വായുമുള്ള ചാടിക്കുള്ളിൽ നിന്നും എനിക്ക് എളുപ്പത്തിൽ പുറത്തേക്ക് കടക്കാനും കഴിഞ്ഞു. കാലപ്പഴക്കം എൻ്റെ ആരോഗ്യത്തെ കാർന്നു തിന്നിരുന്നെങ്കിലും കാറ്റും മഴയും വെയിലും ഏൽക്കാത്തതിനാലാണ് എൻ്റെ ജീവൻ ഇത്രനാളും പൊടിഞ്ഞു പോകാതെ നിലനിർത്താനായത്. അയാൾ എന്നെ സാവധാനം തട്ടുംപുറത്തേക്ക് വച്ചു. എന്റെ കഴുത്തിലെ ദ്രവിച്ചു തുടങ്ങിയ കയറിന്റെ കുരുക്കഴിച്ച്മാറ്റാൻ അയാൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. അയാൾ എൻ്റെ വായപിളർത്തി ഉള്ളിലേക്ക് കയ്യിട്ട് അടിവയറും മലദ്വാരവും വരെ കൈകടത്തി കറക്കി. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഒടിഞ്ഞ എല്ലിന്റെ മുന ശരീരത്തിലേക്ക് വീണ്ടും തറച്ചുകയറുമ്പോഴുള്ള വേദന അനുഭവപ്പെട്ടത്. ശക്തി ക്ഷയിച്ച എല്ലിൻ കഷണങ്ങളെക്കാൾ ഏറെ നൊന്തത് അയാളുടെ കൈവിരലുകളിലെ കൂർത്ത നഖങ്ങളായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മൊബൈൽ വെളിച്ചത്തെക്കാൾ ഏറെ തെളിച്ചത്തോട് അയാളുടെ മുഖം പ്രകാശിച്ചു. എൻ്റെ ഉള്ളിൽ നിന്നും വലംകൈ പുറത്തെടുത്തപ്പോൾ വെളുത്തു തിളങ്ങുന്ന കല്ലിനാൽ തീർത്ത മനോഹരമായ ഒരു ചെറു മൂക്കുത്തിയും അയാളുടെ കയ്യിലിരുന്ന് തിളങ്ങുന്നുണ്ടായിരുന്നു എൻ്റെ ഉള്ളിൽ കിടന്നിരുന്നതെല്ലാം പുഴുവരിച്ചും ജീർണിച്ചും എല്ലുകൾ മാത്രമായി ശോഷിച്ചിരുന്നതിനാൽ ആണല്ലോ അന്ന് കണ്ണിൽപ്പെടാതിരുന്ന ഈ മൂക്കുത്തി പെട്ടെന്ന് അയാളുടെ കയ്യിൽ തടഞ്ഞത്. എങ്കിലും ആർത്തിയോടെ അയാൾ വീണ്ടും വീണ്ടും ഒരു ദാക്ഷിണ്യവുമില്ലാതെ എൻ്റെ അടിവയറ്റിലേക്ക് കൈതാഴ്ത്തി ഉള്ളരിച്ചു പെറുക്കി. വിലപ്പെട്ടതായി മറ്റൊന്നും ലഭിക്കാത്തതിനാൽ അയാൾ ആ മൂക്കുത്തി ഉടുമുണ്ടിന്റെ തലപ്പിൽ കെട്ടിയിട്ട് താഴെക്കിടന്ന് പുകയറ പറ്റി കറുത്തിരുണ്ടതും കീറിപ്പറിഞ്ഞതുമായ സെറ്റുമുണ്ട് രണ്ടായി മടക്കി അതിലേക്ക് വൃദ്ധനായ എന്നെ ഒരു ദയാവായ്പമില്ലാതെ തലകീഴായി പിടിച്ച് കുടഞ്ഞു. ഉള്ളിലുള്ളതെല്ലാം ഞാൻ അതിലേക്ക് ചർദ്ദിച്ചു. വലത്തെ ചൂണ്ടുവിരലിന്റെ ബാക്കിയായ ഒരു എല്ലിൻ കഷണം അപ്പോഴും എൻ്റെ നെഞ്ചിൽ തറഞ്ഞിരുന്നു. ശക്തിയോടുള്ള അയാളുടെ അടുത്ത കുടയലിൽ അതും നിലത്തേക്ക് വീണു. ഒപ്പം എൻ്റെ കുറച്ച്തൊലിയും അടർന്ന് കൂടെ പോന്നു.

കളമശ്ശേരിയിലെ FACT ഫാക്ടറിയിൽ N18 P9 K18 എന്ന നാമം പച്ചകുത്തപ്പെട്ട വെറുമൊരു പ്ലാസ്റ്റിക് ചാക്കായ എനിക്ക് ഏറെ നാളുകൾക്കു ശേഷം ഭാരം ഒഴിഞ്ഞതുപോലെ ഒരു തോന്നൽ. തട്ടുംമ്പുറത്ത് വിരിച്ചിട്ട തുണിയിൽ ചിതറിക്കിടന്ന എൻ്റെ ഉള്ളിലെ എല്ലിൻ കഷ്ണങ്ങളേയും പൊടിയേയും കൈകൊണ്ട് ചികഞ്ഞ് അയാൾ സൂക്ഷ്മമായി പരിശോധിച്ചു. വീണ്ടും സ്വർണ്ണത്തിളക്കമോന്നും കണ്ടെത്താൻ കഴിയാത്തതിനാലാവും അയാൾ എന്നെ എടുത്ത് എല്ലും കഷ്ണങ്ങൾക്ക് മുകളിലേക്ക് വിരിച്ചശേഷം അടുത്ത് കണ്ട ഒരു വിറകുകൊള്ളിയെടുത്ത് എൻ്റെ ശുഷ്ക്കിച്ച നെഞ്ചിലേക്ക് ആഞ്ഞാഞ്ഞ് ഇടിച്ചു. ഉള്ളിലെ എല്ലുകൾ തകർന്ന് തരിപ്പണമായി. നെഞ്ചിൽ പച്ചകുത്തിയ എൻ്റെ പേര് അവിടിവിടെയായി തൊലിയോട് കൂടി ഇളകി. വായിച്ചെടുക്കാൻ കഴിയാത്ത ഒരു വിചിത്ര ഭാഷയായി അത് രൂപം പൂണ്ടു. ഒപ്പം ശരീരത്തിൽ അവിടെയായി ദ്വാരങ്ങൾ വീണു. വീണ്ടും അയാൾ എന്നെ വലിച്ചു മാറ്റി തകർന്ന എല്ലിൽ ചെറു നുറുങ്ങുകളിൽ വിരലുകൾ പരതി സ്വർണത്തിളക്കം ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തിയശേഷം അയാൾ അതെല്ലാം തട്ടിക്കൂട്ടി തുണിയിൽ പൊതിഞ്ഞ് വീണ്ടും തുളവീണ എന്റെ വയറ്റിലേക്ക് ഇട്ടു. അയാളുടെ കയ്യിൽ തൂങ്ങി മുകളിലെ മുളയേണിയിലൂടെ തട്ടും പുറത്ത് നിന്നും താഴേക്ക് ഇറങ്ങുമ്പോൾ ഞാനും കുറെ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിക്കുകയായിരുന്നു.

3.
ഉത്സവങ്ങൾ പൂത്തുലയുന്ന മാർച്ച് മാസത്തിലെ ആ രാത്രിയിൽ…

എൻ്റെ ഉള്ളിൽ നിറച്ചിരുന്ന മിച്ചറെന്ന രാസവളക്കൂട്ട് തീർന്നതിനാൽ അമ്പലപറമ്പിനോട് ചേർന്നുള്ള പാടവരമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ N18 P9 K18 എന്ന പേര് മാത്രമുള്ള വെറുമൊരു കാലിച്ചാക്കായി മാത്രം കിടന്നിരുന്ന എന്നെ. അമ്പലപ്പറമ്പിലെ ഉച്ചഭാഷിണിയിലൂടെ കേൾക്കുന്ന കഥകളി പദങ്ങളുടെ താളച്ചുവടുകൾക്കെന്നത് പോലെ വാറ്റുചാരായത്തിന്റെ രൂക്ഷ ഗന്ധത്തോടെ ആടിയുലഞ്ഞാണ് അന്നയാൾ എന്നെ സ്വന്തമാക്കിയത്. തുടർന്ന് രണ്ടടി മാത്രം മുന്നോട്ട് നടന്ന് തെങ്ങും തടങ്ങൾക്കിടയിലുള്ള തറയിലേക്ക് എന്നെ വിരിച്ച് അതിലേക്ക് മലമലാന്ന് വീഴുകയായിരുന്നു. അയാളുടെ ഭാരത്താൽ എന്റെ ശരീരം വീർപ്പുമുട്ടിയെങ്കിലും അടിയിലെ പച്ച പുല്ല് എനിക്ക് ആശ്വാസമേകി.

അടഞ്ഞ കൺപോളകളെ കത്തിച്ചാമ്പലാക്കിയത് പോലെ പ്രകാശവും ഒപ്പം ഭൂമി പിളരുമാറുച്ചത്തിൽ കാതടപ്പിക്കുന്ന ഒച്ചയും കേട്ട് “എൻ്റെമ്മോ…..” എന്ന് അലറി വിളിച്ചാണ് അയാൾ ചാടിപ്പിടഞ്ഞെഴുന്നേറ്റത്. സൂര്യൻ പൊട്ടിത്തെറിച്ച് ഭീമാകാരങ്ങളായ തീഗോളങ്ങളായി താഴേക്ക് പതിക്കുന്നു. അതിൽ ഒര് ചെറ് തീതുള്ളി അയാളുടെ ഇടത്തെ കണ്ണിലേക്ക് പതിച്ചു. വേദന കൊണ്ടയാൾ കണ്ണ് പൊത്തി. അപ്പോഴാണ് അയാൾക്ക് അരികിലൂടെ ഇരുട്ടിൽ കത്തിജ്വലിച്ചുകൊണ്ട് ഒരു വലിയ തീപ്പന്തം മുന്നോട്ടു കുതിച്ചത് അതിനുള്ളിൽ നിന്നും ഒരു പുരുഷ ശബ്ദം ഇങ്ങനെ ആർത്തലച്ചു.

“അയ്യോ….. കമ്പപ്പുരക്ക് തീപിടിച്ചേ…..!!” അല്പദൂരം കൂടി മുന്നോട്ടേക്ക് കുതിച്ച ആ ശരീരത്തെ തീനാളങ്ങൾ പൂർണ്ണമായും വിഴുങ്ങി. അത് നിലത്തേക്ക് വീണ് കത്തിപ്പിടഞ്ഞു.

ആരോ കാർത്തികയ്ക്ക് പാടവരമ്പിൽ കുത്തിവെച്ച ഒരു ഭീമാകാരമായ പന്തം പോലെ തന്റെ അരികിലുള്ള കൊന്നതെങ്ങുകൾ പച്ചയ്ക്ക് നിന്ന് കത്തുന്നതാണ് അയാൾ പിന്നെ കണ്ടത്. ഒപ്പം വയലിലേക്കും വരമ്പിലേക്കും അടുത്തുള്ള പുരയിടങ്ങളിലേക്കും എന്തൊക്കെയോ ഉൽക്കകൾ പോലെ കത്തിയും കരിഞ്ഞും നിലത്തേക്ക് പതിക്കുന്നു. ചകിതനായ അയാൾ നിലത്ത് കിടന്ന് എന്നെ എടുത്തുയർത്തി കുടപോലെ നിവർത്തിപ്പിടിച്ച് എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങി. മുന്നിലെ ഇരുട്ടിൽ വഴുവഴുത്ത എന്തിലോ അയാൾ ചവിട്ടി മറിഞ്ഞുവീണു. അപ്പോൾ അയാളുടെതല്ലാത്ത ഒരു ഞരക്കവും അവിടെ ഉയർന്നുകേട്ടു. എങ്കിലും അയാൾ മുന്നോട്ടേയ്ക്ക് വീണ്ടും ഓടി. പച്ചയ്ക്ക് കത്തുന്ന മരങ്ങളുടെയും തീ ആളിപ്പടരുന്ന ഓലമേഞ്ഞ കടകളുടെയും, അങ്ങിങ്ങായ് ഇപ്പോഴും പൊട്ടിത്തെറിച്ച് കൊണ്ടിരിക്കുന്ന പടക്കങ്ങളുടെയും ഒക്കെ പ്രകാശത്തിൽ അവിടെ കാണാൻ കഴിഞ്ഞത്. കത്തിക്കരിഞ്ഞ് കരിക്കട്ടയായവരെയും. പാതി കത്തി കരിഞ്ഞെങ്കിലും പ്രാണന് വേണ്ടി യാചിക്കുന്നവരെയും. ജീവൻ വെടിഞ്ഞ ഉടലിനെ മടിയിൽ എടുത്ത് ആർത്തലച്ച് നിലവിളിക്കുന്നവരെയും. ഉറ്റവരെ തേടി നാലുപാടും ഓടിനടന്ന് ഓരോരോ ശവങ്ങളെയും പാതിജീവൻ അവശേഷിച്ചവരെയും നോക്കി തന്റെ കൂടെപ്പിറപ്പിനെയോ കൂട്ടാളിയെയോ അച്ഛനമ്മമാരെയോ മക്കളെയോ ബന്ധുക്കളെയോ തിരയുന്ന പാതി ചത്ത മനുഷ്യരുടെ നിലവിളികളും മാത്രമായിരുന്നു അവിടെ കേൾക്കാനും കാണാനും കഴിഞ്ഞത്. പെട്ടെന്നാണ് കുറച്ച് അകലെയായി തറയിൽ ഒരു പെട്രോമാക്സ് പ്രകാശിക്കുന്നത് അയാൾ കണ്ടതും അവിടേക്ക് ഓടിയടുത്തതും. ആ വെളിച്ചത്തിന് അരികിലെത്തിയപ്പോഴാണ് തട്ടമിട്ട ഒരു വൃദ്ധ സ്ത്രീയുടെ ശരീരം അവിടെ കിടക്കുന്നത് അയാൾ കണ്ടത്. എങ്കിലും ചിതറിക്കിടക്കുന്ന പളുങ്കു മാലകളെയും പല വർണ്ണങ്ങളിലെ ചാന്തു പൊട്ടുകളെയും ചവിട്ടിമെതിച്ചുകൊണ്ട് അയാൾ ആ പ്രകാശം കയ്യിൽ തൂക്കി മുന്നോട്ടു നടക്കാൻ തുടങ്ങിയതും പെട്ടെന്ന് ആരോ തൻ്റെ കാലിൽ പിടിച്ച്നിർത്തിയത് പോലെ അയാൾ നിശ്ചലമായി. അയാളുടെ മുഖത്ത് ഭയം നിഴലിച്ചു. തിരിഞ്ഞ് നോക്കിയപ്പോഴതാ “മോനേ….. എന്നെ രക്ഷിക്കുമോനെ…..” എന്ന പതിഞ്ഞ തേങ്ങലോടെ ആ സ്ത്രീ പാതി കരിഞ്ഞ മുഖമുയർത്തി യാചനയോടെ അയാളിലേക്ക് നോക്കി. പെട്ടെന്നയാൾ പേടിച്ച് “അയ്യോ
… ” ന്ന് നിലവിളിച്ചു പോയി. എങ്കിലും ഉടനെ തന്റെ കാലിലമർന്ന കൈകളെ വിടുവിക്കാനായി താഴേക്ക് കുനിഞ്ഞപ്പോഴാണ് കഴിഞ്ഞ പല ഉത്സവകാലങ്ങളിലും കണ്ട് പരിചയമുള്ള ഒരു മുഖമാണ് ആ സ്ത്രീയുടെതെന്ന് അയാളുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും ആ സ്ത്രീയുടെ ചലനവും നിലച്ചിരുന്നു.

ഭീതിയോടെ അയാൾ തന്റെ കാലിലമർന്ന കൈകളെ പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴാകട്ടെ അതിലെ ഒരു വിരൽ മൊരിച്ച കോഴിയിറച്ചി പോലെ അടർന്ന് അയാളുടെ കൈയിലൊട്ടിപ്പിടിച്ചു. അറപ്പോടെ അയാൾ അതെടുത്ത് ദൂരേക്ക് വലിച്ചെറിയാൻ തുടങ്ങവെയാണ്. ആ വിരലിലെ സ്വർണത്തിളക്കം അയാളുടെ മുഖത്ത് പതിഞ്ഞത്. പെട്ടെന്നാവിരലെടുത്ത് അയാൾ തൻ്റെ നിക്കറിൻ്റെ കീശയിലേക്കിട്ടു. വെള്ളിവെളിച്ചത്തിനിടയിലും അയാളുടെ മുഖത്ത് വീണ്ടും മഞ്ഞവിളിച്ചം തെളിഞ്ഞു. അയാൾ ആ സ്ത്രീയുടെ കൈത്തണ്ടയിലെ സ്വർണവളയും കത്തിക്കരിഞ്ഞതും കഴിയാത്തതുമായ അവരുടെ കാതുകളിൽ ഒന്നിന് മീതേ ഒന്നായി തൂങ്ങിയിരുന്ന നിരവധിയായ മേക്കമ്മലുകൾ ഉൾപ്പെടെ ഊരിയെടുക്കാൻ ശ്രമിച്ചു. അപ്പോഴാകട്ടെ പാതികരിഞ്ഞ ഇടത്തേകൈയും കാതും അടർന്ന് അയാളുടെ കയ്യിലേക്ക് വന്നു. ഉടനെ അതെടുത്തയാൾ എൻ്റെ വയറ്റിലേക്കിട്ടു.വസ്ത്രവും മാംസവും ഒട്ടിച്ചേർന്നിരുന്ന അരയിലെ അരഞ്ഞാണം സ്വർണമാണോ എന്നയാൾ സൂക്ഷിച്ച് നോക്കി. അപ്പോഴാണ് ടോർച്ച് തെളിച്ചും ഓലചൂട്ടും സൈക്കിൾ ടയറും കൊണ്ടുള്ള പന്തവും ഒക്കെയായി കുറച്ചുപേർ അങ്ങോട്ടേക്ക് ഓടിവരുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ അയാൾ ജഡത്തിനരികിലേക്ക് ഇരുന്ന് ആ സ്ത്രീയുടെ മുഖമുയർത്തി തൻ്റെ നെഞ്ചോട് ചേർത്ത് മറച്ചുകൊണ്ട് ആർത്തലച്ച് നിലവിളിക്കാൻ തുടങ്ങി. ”ഉമ്മാ… എൻ്റെ പൊന്നുമ്മ! അയ്യോ… എൻ്റെ ഉമ്മ എന്നെ ഇട്ടേച്ചു പോയേ… ഉമ്മാ…” അയാളുടെ ഹൃദയഭേദകമായ ആ നിലവിളിച്ചുള്ള അഭിനയത്തിന് മുന്നിൽ ഒരു നിമിഷം നിന്നൊന്ന് നെടുവീർപ്പിട്ട ശേഷം അപരിചിതർ ദൂരേക്ക് നടന്നകന്നു. ഉടൻ അയാളാ ജഡത്തെ തറയിലേക്ക് ഇട്ട് അതിൻ്റെ കാലിലും വല്ലതുമുണ്ടാകുമോ എന്ന് പരിശോധിച്ചു. വീണ്ടും ഏറെ വെളിച്ചങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അയാൾ അധികമാരുടെയും ശ്രദ്ധയിൽപ്പെടാത്തതും താനാദ്യം കിടന്നുറങ്ങിയതുമായ ഇടത്തേക്ക് ലൈറ്റുമായി വേഗത്തിൽ തിരികെ നടന്നു. വഴിയരുകിലായ് ഇലകളെല്ലാം ചിതറിത്തെറിച്ച് എല്ലുകൾ മാത്രം അവശേഷിക്കപ്പെട്ട ആൽമരത്തിന്റെ താഴ്ന്ന ഒരു ചില്ലയിൽ തൂങ്ങി കിടന്ന ഒരു കുഞ്ഞിളം കൈ മാത്രം വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്നത് അയാൾ കണ്ടു. ഉടനെ ആ മരത്തിന്റെ ചാഞ്ഞ കൊമ്പിൽ ബലമായി പിടിച്ചുലച്ച് അത് നിലത്തേക്കിട്ടു.ആ കൈകൾക്കൊപ്പം കുറെ ഇറച്ചി കഷ്ണങ്ങളും നിലത്തേക്ക് വീണു. ആ കുഞ്ഞ് വിരലുകളിലെ സ്വർണമോതിരവും കൈത്തണ്ടയിലെ സ്വർണ്ണവളകളും അയാളുടെ കണ്ണുകളെ കുളിരണിയിച്ചു. മറ്റാരും കാണും മുൻപേ അയാൾ അതെടുത്ത് എൻ്റെ വയറ്റിലേയ്ക്കിട്ടു. ആ കുഞ്ഞിളം കൈയിലെ നഖം എൻ്റെ തൊലിയിൽ തറച്ച് കയറിയെങ്കിലും മനം മരവിച്ചിരുന്ന എനിക്കൊട്ടും വേദനിച്ചില്ല.

ജീവിച്ചിരിക്കുന്ന മനുഷ്യരുടെ നിലവിളികളും ബഹളങ്ങളും നന്നേ കുറവുള്ളതും നേരത്തെ കിടന്നുറങ്ങിയതുമായ ഇടം എത്തിയപ്പോൾ അയാൾ മങ്ങി തുടങ്ങിയ പെട്രോമാക്സിൻ്റെ ചെറിയ തണ്ടിൽ പിടിച്ച് വേഗത്തിൽ താഴേക്ക് അമർത്തിയും മുകളിലേക്ക് വലിച്ചും അതിലേക്ക് കാറ്റ്നിറച്ച് കൂടുതൽ ജ്വലിപ്പിച്ച് പാടത്തേക്ക് ഇറങ്ങി. ചിതറിക്കിടന്ന ശരീരാവയവങ്ങളിൽ അവിടെ ആദ്യം കണ്ടത് വടിവൊത്ത ഒരാളുടെ തുടയായതിനാൽ അതിൽ നിന്നും അയാൾക്കൊന്നും തടഞ്ഞില്ല. മറ്റുള്ളവർ തന്റെ പ്രവർത്തി കണ്ടേക്കാം എന്ന ഭയത്താലാകാം ആയാൾ പുതിയ ഒരു രീതി പരീക്ഷിക്കാൻ തുടങ്ങി. ആദ്യം വെളിച്ചവുമായി കരഞ്ഞുകൊണ്ട് അവിടൊക്കെ ചുറ്റിത്തിരിയും. അപ്പോൾ ഏതെങ്കിലും ശരീരത്തിലോ ചിന്നിച്ചിതറിയ അവയവങ്ങളിലോ സ്വർണ്ണത്തിളക്കം കണ്ണിൽ തടഞ്ഞാൽ. വെളിച്ചം അല്പം ദൂരേക്ക് മാറ്റി വെച്ച് ഇരുട്ടിൻ്റെ മറയിൽ തിരിച്ചെത്തി അവിടവിടെയായി ചിതറിക്കിടന്നിരുന്ന ചെവിയും മൂക്കും കൈയും ഒക്കെ പെറുക്കിയും പാതി കരിഞ്ഞ ശരീരങ്ങളിൽ നിന്നും സൗകര്യാർത്ഥം ആവശ്യമുള്ളവ അടർത്തിയെടുത്തും എൻ്റെ ഉള്ളിലേക്ക് നിറച്ചു. അപ്പോൾ എൻ്റെ ശരീരത്തിനുള്ളിൽ നിന്നും കറുപ്പും ചുകപ്പും കലർന്ന രക്തം പുറത്തേക്ക് ഒലിച്ചിറങ്ങി. അതാകട്ടെ മഴ നനഞ്ഞാൽ എന്നിൽ നിന്നും രാസവളം അലിഞ്ഞിറങ്ങുന്നത് പോലെ എനിക്ക് തോന്നി.

പ്രാണരക്ഷാർത്ഥം നിലവിളിക്കുന്നവരുടെയും, പാതി ജീവൻ ബാക്കിയായവരുടെ ഞരക്കങ്ങൾക്കിടയിലൂടെയും കടന്നു പോയെങ്കിലും. അയാളുടെ കണ്ണുകൾ എപ്പോഴും തിളങ്ങുന്ന ചെറിയ അവയവങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്റെ ഉള്ള് നിറഞ്ഞത് കണ്ട അയാൾ എന്നെ തറയിലേക്ക് നിവർത്തി നിർത്തി. ഇരു കൈകളാൽ എൻ്റെ വായപിളർത്തി അതിലേക്ക് ചെരുപ്പിട്ട തൻ്റെ വലം കാൽ ഉള്ളിലേക്ക് കടത്തി ആഞ്ഞാഞ്ഞ് ചവിട്ടി ഉള്ളിൽ കൂടുതൽ ഇടം കണ്ടെത്തി.

ഒരു മഹാദുരന്തം അറിഞ്ഞും കേട്ടും എത്തിയവരും. വെടിക്കെട്ടിനെത്തിയ ഉറ്റവരെയും ഉടയവരെയും തിരഞ്ഞെത്തിയവരും. പിടയുന്ന പ്രാണനുകളെ രക്ഷിക്കാനായി കടുത്തതീയും പുകയും ഒപ്പം സ്വജീവനെപ്പോലും വകവയ്ക്കാതെ ദുരന്തമുഖത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നവരുടെയും തിരക്ക് ഏറി തുടങ്ങുന്നത് കണ്ട് അയാൾ അവിടെ കിടന്ന ഒരു കയറിന്റെ കഷണത്താൽ എൻ്റെ കഴുത്ത് മുറുക്കി കെട്ടിയശേഷം തലയിലേക്ക് എടുത്തുവച്ച് ധൃതിയിൽ മുന്നോട്ടേക്ക് നടന്നു. എന്നെ ചുമന്ന്കൊണ്ട് അയാൾ ഒരു തോട്ടിലേക്കാണ് ഇറങ്ങിയത്.

പെട്രോമാക്സിന്റെ വെളിച്ചം തന്നിലേക്ക് കിട്ടത്തക്കവണ്ണം കരയിൽ ഉറപ്പിച്ച് അയാൾ എന്നെ സാവധാനം വെള്ളത്തിലേക്ക് ഇറക്കിവെച്ചു. മുട്ടോളം വെള്ളത്തിൽ നിന്ന് എൻ്റെ ദേഹത്തെ നനയാത്ത ഭാഗങ്ങളിലേയ്ക്ക് വലംകൈയ്യാൽ വെള്ളം തേവിയൊഴിച്ച് ഇടംകൈയ്യാൽ ചോരച്ചാലുകൾ കഴുകി വൃത്തിയാക്കി. എങ്കിലും സംശയത്തോടെ വീണ്ടും വീണ്ടും എൻ്റെ ദേഹത്തേക്ക് അയാൾ തുറിച്ചു നോക്കി. പെട്ടെന്ന് എൻ്റെ കഴുത്തിൽ കുത്തിപ്പിടിച്ചുയർത്തി. കുറച്ചുകൂടി ആഴമുള്ള ഇടത്തേക്ക് നാലഞ്ചാവർത്തി മുക്കിത്താഴ്ത്തിയശേഷം അയാളെന്നെ കരയിലേക്ക് എടുത്തുവച്ച് ഉള്ളിലെയും പുറത്തേയും ചോരകലർന്ന വെള്ളം തോട്ടിലേക്ക് ഒഴുക്കി. ഒപ്പം എൻ്റെ മൂട്ടിൽ പറ്റിപ്പിടിച്ചിരുന്ന അവശേഷിച്ച ചോരത്തുള്ളികളെയും വിരൽ കൊണ്ട് തുടച്ചുമാറ്റി. വീണ്ടും അയാളെന്നെ തലയിലേറ്റി നടന്നു.

ഉത്സവത്തിനായ് എത്തിയവരേയും കാത്ത്കിടന്നിരുന്ന ബസിയിലേക്ക് തള്ളിക്കയറി പിറകിലെ സീറ്റിനരുകിലെ മൂലയിലേക്ക് എന്നെ നീക്കിവെച്ച് അയാൾ എൻ്റെ മുകളിലേക്ക് കയറിയിരുന്നു. വണ്ടിയുടെ മുരണ്ട ശബ്ദത്തേക്കാൾ ഏറെ ആഴത്തിൽ അതിലുള്ള മനുഷ്യരുടെ നിലവിളിയും വേദനയും തുടിച്ചു നിന്നു. അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ടവർ, ഉറ്റ ചങ്ങാതിയെയും സഹോദരങ്ങളേയും മക്കളെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവർ. മുഖവും മറ്റ് ശരീര ഭാഗങ്ങളും പൊള്ളിയടർന്നവർ. ശരീരത്തിൽ ആഴത്തിൽ മുറിവേറ്റവർ. ബോധം നഷ്ടപ്പെട്ട് മറ്റൊരാളുടെ മടിയിൽ കിടക്കുന്നവർ. പാൽ കുടിക്കാനായി അമ്മയുടെ മുല അന്വേഷിക്കുന്ന കുട്ടികൾ. ആരുടെയൊക്കെയോ പച്ചമാംസം കത്തിവീണ് വസ്ത്രവും ശരീരവും ചോരക്കറപറ്റിയും തുളവീണും കാണപ്പെട്ടവർ. ഉടുമുണ്ടിൻ്റെതലപ്പിനാല്‍ മാറുമറച്ചവർ… ഇവർക്കൊക്കെ ഇടയിൽ കുന്തിച്ചിരുന്ന അയാളപ്പോഴും തൻ്റെ ചന്തിക്കടിയിലെ ചാക്കുകെട്ടിനുള്ളിലെ സ്വർണാഭരണങ്ങളുടെ തൂക്കത്തെക്കുറിച്ച് കണക്ക് കൂട്ടുകയായിരുന്നു.

മാറിമാറി രണ്ടു വണ്ടി പിന്നെയും കയറിയിറങ്ങിയിട്ടാണ് അയാളുടെ നാട്ടിലെത്തിയത്. വഴിയരികിൽ ഞാൻ കണ്ട ആളുകളിൽ ചിലർ ആദരവോടെയും സ്നേഹത്തോടെയും അയാളോട് കുശലം ചോദിക്കുന്നത് കണ്ടപ്പോഴാണ് അതെനിക്ക് ബോധ്യമായത്. പാൽപ്പാത്രവും തൂക്കി വന്നയാൾ ഇങ്ങനെയാണ് ചോദിച്ചത് “പിള്ളേ… ഇപ്രാവശ്യത്തെ കമ്പം എങ്ങനെയുണ്ടായിരുന്നു?” ഇടങ്കണ്ണ് തടവികൊണ്ട് അയാൾ ഉടനെ പറഞ്ഞു. “ഓ…ഇപ്രാവശ്യം പോകാൻ പറ്റിയില്ല! പെണ്ണുംപിള്ള പെറ്റു കിടക്കുകയല്ലേ. ഇപ്പോ ഞാനൊര് പെങ്കൊച്ചിന്റെ അച്ഛനുമായില്ലേ! ഇനി മുമ്പത്തെ പോലെ റവാറടിച്ച് നടക്കാനൊക്കുമോ!? ഇപ്പോഴേ വല്ലതും കരുതിയാലല്ലേ… “

അത് ശരിയാണെന്ന ഭാവത്തോടെ പാൽക്കാരൻ തലകുലുക്കി അപ്പോൾ പിള്ള ഇങ്ങനെ കൂട്ടിച്ചേർത്തു. കുഞ്ഞിനെ കണ്ടിട്ട് വരുമ്പോൾ അവിടെ ഇരുന്ന മിച്ചറും ഇങ്ങെടുത്തു. അല്ലെങ്കിൽ ഇത് അവിടെയിരുന്ന് നശിക്കത്തേയൊള്ള് !”
എന്നെയും ചുമന്ന് ധൃതിയിലാണ് അയാൾ നടന്നത്. കല്ലുവെച്ച നുണ പോലും ഒരുളിപ്പുമില്ലാതെ പറഞ്ഞൊപ്പിക്കുന്ന പിള്ളയുടെ മോന്തയ്ക്കിട്ട് രണ്ട് പെടപെടയ്ക്കണമെന്ന് കരുതിയതാണ്. വെറുമൊരു ചാക്കായ എനിക്ക് എന്താണ് ചെയ്യാൻ കഴിയുക.

പാടവരമ്പത്ത് അവസാനമായി കണ്ട വൃദ്ധൻ പറഞ്ഞതുപോലെ. പേരുകേട്ട ഒരു കൃഷിക്കാരന്റെ മകനായതിനാലാകാം എൻ്റെ നെഞ്ചിൽ പച്ചകുത്തിയ NI8 P9 K18 എന്ന പേര് പിള്ള പെട്ടെന്ന് തിരിച്ചറിഞ്ഞത്. പൊക്കം കുറഞ്ഞ വാതിലിനുള്ളിലൂടെ കുനിഞ്ഞ് വീടിനുള്ളിലേക്ക് കടന്ന് അയാൾ ഒരു തടി ഗോവണിയിലൂടെ മുകളിലേക്ക് കയറി എന്നെ തട്ടും പുറത്തേക്കിട്ടു അടുപ്പിലെ പുകയുടെ കറയാൽ കറുത്ത തട്ടുംപുറം ഇരുൾ മൂടി കിടന്നതിനാൽ നേരം വെളുത്തു തുടങ്ങിയിരുന്നെങ്കിലും എനിക്ക് വ്യക്തമായി ഒന്നും കാണാൻ കഴിഞ്ഞില്ല അയാൾ കത്തിച്ച മണ്ണെണ്ണ വിളക്കും ഒരു വെട്ടുകത്തിയുമായി മുകളിലേക്ക് കയറി വന്നപ്പോഴാണ് അയാളുടെ കറുത്ത കട്ടി മീശയുടെ തിളക്കം പോലും ഞാൻ ഒന്ന് വ്യക്തമായി കണ്ടത്.

“ശ്രീധരനാണോടാ…?” ഒരു സ്ത്രീയുടെ ശബ്ദം മാത്രം മുകളിലേക്ക് വന്നു.
“അതേ… അമ്മേ. ഞാനാ!” എന്നയാൾ മറുപടി കൊടുത്തു. വീണ്ടും എത്തി അടുത്ത ചോദ്യം.
“കുഞ്ഞിനും തള്ളയ്ക്കും സുഖമാണോടാ…”
“അതെ”

പിന്നെയും എന്തൊക്കെയോ താഴെ നിന്നും ചോദിക്കുന്നുണ്ടായിരുന്നെങ്കിലും അയാൾ തട്ടുമ്പുറത്ത് അലക്ഷ്യമായി കിടന്ന സാധനങ്ങൾ അടുക്കിവയ്ക്കുന്ന തിരക്കിലായിരുന്നു. അവസാനം എന്നെ കഴുത്തിൽ പിടിച്ച് വലിച്ച് ഉള്ളിലേക്ക് കൊണ്ടുപോയി താഴെ കിടന്ന ഒരു കീറിപ്പറിഞ്ഞ ചുവന്ന പട്ട് സാരി നിവർത്തിയിട്ട് എൻ്റെ കഴുത്തിലെ കെട്ടഴിച്ച് ഉള്ളിലെ ശരീരാ അവയവങ്ങൾ കുടഞ്ഞിട്ടു. പിന്നീട് ഓരോ ഇറച്ചി തുണ്ടുകളും എടുത്തയാൾ കൊഞ്ച് തൊലിക്കും പോലെ അതിലൊക്കെ തിളങ്ങുന്ന സ്വർണക്കമ്മലുകളും വളകളും മോതിരങ്ങളും കൊലുസും ഒക്കെ വലിച്ചൂരിയും അടർത്തിയും ചിലത് ഇറച്ചി വെട്ടുകാരന്റെ ലാഘവത്തോടെ വെട്ടുകത്തി കൊണ്ട് തുണ്ട് തുണ്ടുകളാക്കി അതിലെ ആഭരണങ്ങൾ കേടുകൂടാതെ ഊരിയുമെടുത്ത് അടുത്ത് കണ്ട ചെറുമൺ കലത്തിലേക്ക് ഇട്ട് ഭദ്രമായി അതെല്ലാം അടച്ചുവച്ചു. ചിതറിക്കിടന്ന ശരീരഭാഗങ്ങൾ യോജിപ്പിക്കാൻ കഴിയാത്ത ഒരു മനുഷ്യച്ചിത്രത്തിൻ്റെ വിചിത്രമായ പസിൽ കണക്കെ കാണപ്പെട്ടു. അയാൾ പാതി കരിഞ്ഞതും അല്ലാത്തതുമായ ആ ശരീര അവയവങ്ങൾ ഓരോന്നായി കയ്യിലേക്ക് എടുത്ത് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷം എൻ്റെ വായയിലൂടെ ഉള്ളിലേക്ക് ഇട്ട് കയറുകൊണ്ട് വീണ്ടും എൻ്റെ കഴുത്ത് കെട്ടി മുറുക്കി അടുത്തു കണ്ട എനിക്കൊപ്പം ഉയരമുള്ള ഒരു ചാടിയുടെ അടപ്പ് ഉയർത്തി അതിൻ്റെ ചെറിയ വായയിലൂടെ ഉന്തിയും തള്ളിയും ഒരുവിധത്തിൽ അതിലേക്ക് ഇട്ടു. വീണ്ടും അതിൻ്റെ മൂടി കൊണ്ടടച്ചു. താഴേയ്ക്കിറങ്ങി പോകും മുമ്പേ ഗോവണിപ്പടി കൂടി വെട്ടിമുറിച്ച് അയാൾ നിലത്തേക്ക് ഇട്ടു.

“എൻ്റെ അമ്മ തേന്നിത്തറയിൽ വീണ് ഈ കിടപ്പ് കിടക്കാൻ കാരണം ഈ ഏണിപ്പടിയാ അതെനിക്കിനി കാണണ്ട. തട്ടും പുറത്ത് പുകയറയും മാറാലയും തട്ടാനായി പുറത്തിരിക്കുന്ന മുളയേണി എടുത്തു വെച്ചാൽ മതിയല്ലോ. ഈ പുല്ലെല്ലാം മാറുമ്പോൾ പെരക്കകത്ത് കുറച്ചിടവുമാകും. കുഞ്ഞുങ്ങൾ വലിഞ്ഞു പിടിച്ച് മണ്ടേലൊട്ട് കേറുമെന്ന പേടിയും വേണ്ട. അത് മാത്രമല്ല ദേവകി പെറ്റെണീറ്റു വരുമ്പോൾ അവർക്ക് കുറച്ചു ദിവസത്തേക്ക് തീയെരിക്കാനുള്ള വിറകുമാകും.” എന്നാണ് അയാൾ അമ്മ കേൾക്കാനായി ഉറക്കെ പറഞ്ഞത്.

അടുത്ത ദിവസം മുറിയിലെന്തോ ചീഞ്ഞുനാറുന്നല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അന്നുമുതൽ അയാൾ കുന്തിരിക്കം കത്തിച്ച് പുകയ്ക്കാൻ തുടങ്ങിയത്. കുഞ്ഞിൻ്റെ കരച്ചിൽ എന്റെ കാതുകളിൽ എത്തിയതിന്റെ തലേദിവസം വരെയും എൻ്റെ ഉള്ളിൽ അഴുകി പുഴുവരിച്ച് തുടങ്ങിയ മാംസത്തിന്റെ ദുർഗന്ധവും കുന്തിരിക്ക സുഗന്ധവും ചാടിയുടെ ഉള്ളിലിരുന്ന് ഞാൻ അനുഭവിക്കുകയായിരുന്നു. നീണ്ട മുപ്പത്തിരണ്ട് വർഷത്തെ ചാടിക്കുള്ളിലെ നരക ജീവിതത്തിന് ശേഷം ഞാനിതാ ഇന്ന് മുളയേണിയിലൂടെ താഴേക്കിറങ്ങി. അപ്പോൾ മുറിയുടെ മൂലയ്ക്കലെ കട്ടിലിൽ കിടന്ന് അയാളുടെ അമ്മ എന്തോ മണത്തുകൊണ്ട് വരിമുറിഞ്ഞ വാക്കുകളോടെ ഇങ്ങനെ പറഞ്ഞു. “എല്ലുപൊടിയുടെ വാടവരുന്നല്ലോ !? തട്ടും പുറത്ത് എങ്ങനെയാ എല്ലുപൊടി. അയാൾ ഒരു നിമിഷം പരുങ്ങിയെങ്കിലും തുടർന്ന് ഇങ്ങനെ പറഞ്ഞു.

“അമ്മേ… അത് പണ്ട് അമ്മ ചോദിച്ചിട്ടില്ലേ മുറിയിൽ എന്തോ ചീഞ്ഞുനാറുന്നല്ലോന്ന് അമ്മ പറഞ്ഞത് ശരിയായിരുന്നു. നമ്മുടെ തട്ടും പുറത്ത് മരപ്പട്ടി കോഴിയെ പിടിച്ചോണ്ടുവച്ച് തിന്നു തിന്നിട്ടേക്കുകയായിരുന്നു. അതെല്ലാം കിടന്ന് ദ്രവിച്ച് എല്ലുപൊടിയായി! ഞാനതെല്ലാം കൂടി നീക്കി കൂട്ടി വാരിയെടുത്ത് കളയാൻ കൊണ്ടുപോവുകയാണ്.”

“അത്, കളയണ്ട മോനെ! ചേനയും കാച്ചിലും നടാനായി നീ എടുത്തിട്ടിരിക്കുന്ന തടത്തി ഉണക്ക ചാണകം പോലും ഇടാനില്ലാത്തിടത്ത് ഈ എല്ലുപൊടിയെങ്കിലും അല്പം വീതം ചേറുന്നത് നല്ലതാ… “
കിതച്ചുകൊണ്ട് ഇത്രയും പറഞ്ഞ അമ്മയുടെ അരികിൽ നിന്നും പുറത്തേക്ക് നടക്കാൻ തുടങ്ങിയ അയാളോട് ആ അമ്മ ഇത്ര കൂടി പറഞ്ഞു.

“ചേന നട്ടേച്ച് വരുമ്പോൾ നീയാ ചാക്കിങ്ങ് എടുത്തോണ്ട് വരണേ. ഇന്നലത്തെ മഴയ്ക്ക് ദാണ്ടേ അവിടെ തുള്ളി തുള്ളിയായി വെള്ളം നനഞ്ഞു കിടക്കുകയാണ്. പോരാത്തതിന് പിട്ടയേലും കഴുക്കോലുമെല്ലാം ഒടിഞ്ഞിരിക്കുകയാണ്. നീ ഇനി തട്ടും പുറത്തേക്കും കേറണ്ട. എല്ലാം നശിച്ചിരിക്കുകയാണ്.” പാതി ജീവനോടെയുള്ള അമ്മയുടെ വാക്കുകളെ മൂളി കേട്ട് കൊണ്ട് അയാൾ എന്നെയും തൂക്കി പുറത്തേക്ക് നടന്നു.

വർഷങ്ങൾക്ക് ശേഷം വെളിച്ചത്തിലേക്ക് നോക്കിയപ്പോൾ കണ്ണിൽ ഇരുട്ട് കയറി. ചേനയുടെയും കാച്ചിലിൻ്റെയും തടത്തിൽ എല്ലുപൊടി വിതറി കുന്താലിയാൽ തടമറഞ്ഞും. പൂളു വെട്ടി ചാമ്പലിൽ മുക്കിവെച്ചിരുന്ന ചേനയും കാച്ചിലും തടത്തിലേക്ക് നട്ടും. മീതെ മണ്ണിട്ട് തടം ചവിട്ടി ഉറപ്പിച്ച് കരിയിലയിട്ട് മൂടി മുകളിൽ ഓല മടലും ചുള്ളിക്കമ്പുകളും വച്ചു. തുടർന്ന് കാലും കയ്യും മുഖവും കഴുകി വൃത്തിയാക്കിയതിനു ശേഷം എന്നെയും എടുത്ത് കൊണ്ട് അയാൾ വീണ്ടും അമ്മയ്ക്ക് അരികിലേക്ക്. കട്ടിലിന് താഴത്തെ നനവിലേക്ക് കിഴക്കോട്ടേക്ക് തല വെച്ച് എന്നെ വിരിച്ചിട്ടു. ശേഷം കൈലിതലപ്പിൽ കെട്ടിവച്ചിരുന്ന മൂക്കുത്തി അഴിച്ചെടുത്ത് അമ്മയ്ക്ക് നീട്ടി. ഒരു മന്ദഹാസത്തോടെയാണ് അമ്മ അപ്പോൾ ഇങ്ങനെ പറഞ്ഞത്.

“എനിക്കെന്തിനാടാ ഇനി ഇതെല്ലാം. പിന്നെ നിൻ്റെ കയ്യിൽ ഇനിയാ പൊന്ന് വല്ലതും ബാക്കിയുണ്ടെങ്കിൽ അതെല്ലാം കൂടെ കൊടുത്ത് ഈ പുരയുടെ പട്ടിയോലെങ്കിലുമൊന്ന് മാറാൻ നോക്ക്. അമ്മയുടെ വർത്തമാനത്തിൽ നടുങ്ങിയെങ്കിലും അത് പുറത്ത് കാട്ടാതെ അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോൾ വിതുമ്പലോടെ ആ അമ്മയുടെ ചുണ്ടുകൾ വീണ്ടുമനങ്ങി.

“മോനെ… നിന്നോടെനിക്ക് ഒരു കാര്യം പറയാനുണ്ട്. ഇനിയെങ്കിലും നീയാ സത്യമറിയണം.”

അപ്പോൾ പതിവിന് വിരുദ്ധമായി അമ്മയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അയാൾ അരികിലേക്ക് ചേർന്നുനിന്നു. “എന്താ അമ്മയ്ക്ക് പറയാനുള്ളത്” പതിഞ്ഞ ശബ്ദത്തോടെ അമ്മ ഇങ്ങനെ പറഞ്ഞു. ”അത്, നിന്നെ ഞാൻ പ്രസവിച്ചതല്ല!!” അയാൾ കക്കട്ടം പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. “അമ്മയെന്താ നാടകത്തിൽ അഭിനയിക്കുകയാണോ! സാധാരണ ചില സിനിമകളിലും നാടകങ്ങളിലുമൊക്കെയാണ് ഇത് പോലെ കേൾക്കാറുള്ളത്!”

“കാൽവിരലിൽ നിന്നും മരവിപ്പ് തുടങ്ങിയ നേരത്ത് ആരും കള്ളം പറയാറില്ല. ഞാൻ പറഞ്ഞത് നേരാം! ഉമ്മുക്കുലുസുവിനെ നീ ഒരുപക്ഷേ കണ്ടുകാണും. കുലനട അമ്പലത്തിലെ ഉത്സവത്തിന് പോകണ്ടാന്ന് പറഞ്ഞതിനല്ലേ പണ്ട് നീയെന്നെ ഗോവണിപ്പടീന്ന് തള്ളി താഴെയിട്ടത്. അങ്ങോട്ട് പോകണ്ടാന്ന് ഞാനെന്നും പറഞ്ഞോണ്ടിരുന്നത് എന്തിനാണെന്നറിയാമോ? അവിടെ ഉത്സവത്തിന് മാലയും വളയും ഒക്കെ വിൽക്കുന്ന പൊട്ടക്കണ്ണുള്ളൊര് ഉമ്മച്ചിയില്ലേ… അവരാ നിന്റെ അമ്മ. മൂത്ത മോള് പെറ്റു കിടന്നപ്പോഴാ ഉമ്മുകുലുസു നിന്നെയും പെറ്റത്. നാണക്കേട് കൊണ്ടാ അന്നവർ നിന്നെ എനിക്ക് തന്നത്. എന്തൊക്കെ ചെയ്താലും നീ എന്നും എൻ്റെ മോനാ…” പെട്ടെന്ന് അയാളുടെ കാലിൽ ഏതോ ഒരു കൈ മുറുകെ പിടിക്കുന്നതായും ‘മോനെ എന്നെ രക്ഷിക്കു മോനെ… ‘ എന്ന പതിഞ്ഞ തേങ്ങൽ ഉയരുന്നതായും അയാൾക്ക് തോന്നി. അപ്പോൾ അയാളുടെ കയ്യിലിരുന്ന മൂക്കുത്തി നിലത്തേക്ക് വീണ് തലതല്ലി മരിച്ചു. തന്റെ കാഴ്ച മങ്ങിയ ഇടം കണ്ണിലൊന്ന് തടവിയശേഷം അയാൾ അലമുറയിട്ട് നിലവിളിച്ചു.

പുരയുടെ കണ്ണുനീരാൽ നനഞ്ഞ എൻ്റെ കാൽച്ചുവട്ടിലേക്ക് അയാൾ മുട്ടുകുത്തിയിരുന്നു. അപ്പോൾ നിസ്ക്കാരത്തിൻ്റെ ബാങ്ക് മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.

നിർമ്മാണമേഖലയിൽ മേസ്തിരിയായി ജോലി ചെയ്യുന്നു. കഥയും കവിതയും എഴുതാറുണ്ട്. "വെളിച്ചപ്പാടിൻ്റെ അമ്മയും മുട്ടനാടിൻ്റെ സൂപ്പും" "കോന്ദ്ര" എന്നീ രണ്ട് കഥാസമാഹാരങ്ങൾ പുറത്തിറക്കി.