എൻ്റെ നിള

കനൽ കത്തും തലയോട്ടി
മാന്തിപ്പിളർന്ന്
കുളിരിൻ്റെ ഒരിറ്റുമാത്രം
സമ്മതം ചോദിക്കാതിറങ്ങും
കൊടിയ വേനലിൽ,
തായ് വേരു പൊട്ടി
മലർന്നു കിടക്കുന്ന
സ്വപ്ന വേളയിൽ ആദ്യകാഴ്ച,
മിഴിവോടെ; പുലരിയിൽ.

ആളൊഴിഞ്ഞ കൊടും വനത്തിൽ
കരിമ്പാറക്കൂടിൻ മുകളിൽ
കരിമേഘക്കാടിറങ്ങി
കനിവിൻ്റെ കവിത പാടി
കാൽത്തള കിലുങ്ങിച്ചിണുങ്ങി
ആർദ്രമനസ്സുകളിലൂടൊഴുകിപ്പരന്നു,

നിള കവിഞ്ഞു – തുടിച്ചുയർന്നു
ഹൃദയതാളം.

പാറപോൽ കരുത്താർന്ന
ഹൃദയപേശിയാൽ പൊതിഞ്ഞ
മനസ്സു പൊട്ടി പിടിവള്ളിയഴിഞ്ഞു പോയവർ,
നിൻ്റെയോട്ടം കണ്ടു കൺമിഴികൾ തൂവി.

മുകളിലാകാശ മേലാപ്പ്
മുന്നിലാനന്ദ തീരം
കളകളാരവം മുഴക്കി
കിളിനാദതാളമായി
കിലുങ്ങിച്ചിരിക്കുന്ന
കാൽത്തളയിലേക്കെത്ര പേര്
കണ്ണുനീട്ടുന്നു,

നിൻ്റെ മേനിയിൽ പുണരാനായ്
തിടുക്കം കൂട്ടുന്നു.

വെള്ളി മുത്തുകൾ
ചിണുങ്ങിചിതറി വീണ്
കുളിരിന്നു മേലെ
കുളിരു പെയ്ത്
ഉന്മാദലഹരി മൂത്ത്
കലങ്ങിപ്പതഞ്ഞു
മേലെ കണ്ണീരും വാർന്നു നീളെ…..

നിൻ്റെ മാറും പിളർന്നുകീറി
കൈ ഞരമ്പും വെട്ടിമാറ്റി
നീയൊതുങ്ങി മെലിഞ്ഞു
നേർത്തൊരു നോവായ് മാറി

സ്വർണ്ണ നാഭിച്ചുഴി ലക്ഷ്യം വെച്ചവർ
ജീവവേര് പിഴുതുടച്ചു,

കോരിനിറച്ച മണ്ണും വയറും നോക്കി നീ
മലിന വെള്ളത്താലുള്ളം നനച്ച്
വേദന മാത്രം രുചിച്ചിറക്കി
പൊന്തക്കാടിനുള്ളിൽ
തളർന്നുറങ്ങുന്നു.

ഒറ്റയ്ക്കിരിക്കുമ്പോൾ
ഓരത്തൂടൊരു തോട്
മഴ തന്നൊരിത്തിരി
കുടിനീരുമായോടി വന്നു.

കത്തുന്നചൂടിൻ്റെ വെയിൽ കനപ്പിൽ
വിണ്ടു കീറിയ നിൻ്റെ മേനി
കൺമിഴിച്ചൊരിറ്റ് മാത്രം
കോരിക്കുടിച്ചു.

പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു