ഇനി,
എന്നിൽ
എപ്പോൾ വേണമെങ്കിലും
ചുരുളുകൾ നിവരുകയോ
കൂടുകയോ ചെയ്തേക്കാം.
നിവർത്തലുകൾ ബാധിച്ച
ആകാശത്തിലിരുന്ന്
ഒരാൾ
മരത്തിലിരുന്ന കിളിയെ
അറിയില്ലെന്നും പറഞ്ഞേക്കാം.
ചുരുണ്ടു പോയ വള്ളിച്ചെടി
പടർന്നു പന്തലിച്ച
മഹാവൃക്ഷങ്ങളോട്
കാറ്റിൽ
ഒരക്ഷരം ഉരിയാടാതെ
മണ്ണിലേക്ക് വീണ്
നൂണ്ടുപോയെന്നും വരാം.
ഇന്ന്
ഞാൻ
ജലം കുടുങ്ങിയ ഭൂമിയിലാണ്.
ഒരു മീനിനെ,
അതിൻ്റെ കുഞ്ഞുങ്ങളെ,
നീല ആൽഗകളെ,
ചലനത്തെ,
അതിനടിയിലെ വീടുകളെ,
എനിക്കൊന്നും അറിയാൻ പറ്റാതെ
നിലാവത്ത് നടക്കുന്നു.
ഈ ഉറക്കം വരാത്ത രാത്രി,
എത്ര ശബ്ദങ്ങളെയാണ്
ഞാൻ,
പിന്നെയും പിന്നെയും
വേർതിരിച്ചെടുക്കുന്നത്.
ചീവിടുകളും
മഴയും
എൻ്റേതു മാത്രമായ നിലാതുണ്ടങ്ങളെ…
എന്തൊരു അകൽച്ചയിലാണ്
കൊത്തി വിഴുങ്ങി വെച്ചിരിക്കുന്നത്!
വാക്കുകൾ
ഒരു പുഴയെ കൊണ്ടുവരുന്നു,
കുത്തൊഴുക്കിൽ
ഒരു കുതിര
നിലയില്ലാതെ പോകുന്നു.
നനവ്
മരണത്തിൻ്റെ തണുപ്പിൽ നിന്ന്
കിതയ്ക്കുന്നു.
തിരിച്ചു കേറാനാവാത്ത വിധം
ഈ ചിത്രശലഭങ്ങളെ
ഒരു
ഇരുട്ടിൻ്റെ കൈകളിൽ
കൊടുത്തുവിട്ടത് ആരാണ്?
ഭൂമി
നിലാവിൻ്റെ തലേന്ന് വരെ
ഇൻ്റെതുകൂടി ആയിരുന്നുവെന്ന്
ഞാൻ, ഇനി
ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്?
ശബ്ദങ്ങൾ
ഉത്ഭവിക്കുന്നതിനു മുൻപേ
ഞാൻ,
ഞെട്ടി ഞെട്ടിയെഴുന്നേല്ക്കുന്നു.
ഒന്നുമില്ലെന്നറിഞ്ഞിട്ടും
എൻ്റെ കുഞ്ഞുങ്ങൾ,
എതിരെ വരുന്ന ട്രെയ്ലർ,
എപ്പോൾ വേണമെങ്കിലും
ഒരു തെരുവുനായ,
പുതിയ
പുതിയ നിരത്തുകളുടെ മണം.
ഇതൊക്കെ
ഞാൻ തന്നെ
വരച്ചുവച്ചിടത്തു നിന്ന്
വീണ്ടും വളർന്നതാണല്ലോയെന്ന്
എന്നെത്തന്നെ വിശ്വസിപ്പിക്കുവാൻ
കഴിയുന്നില്ലല്ലൊ?
എങ്കിലും
ഈ നിലാവിന് മുൻപ്
ഞാൻ
എൻ്റേതു മാത്രമായിരുന്നു.
നിലാവ്
ഈ ഭൂമിയുടെയുമായിരുന്നു.
എനിക്ക്
ഒരു ശവം നാറി പൂവിൻ്റെ
വെട്ടുവഴി മതിയായിരുന്നു,
മണ്ണിലൊന്ന് നീന്തിക്കുളിക്കുവാൻ
ഉടലിലെ
ശല്ക്കങ്ങൾ എതിരു വെച്ച്
ആരും തന്നതേയില്ല.
ഇല്ല.
ഈ
ഇത്തിരി ഞോളാപ്പിൽ എത് ഗാമയാണ്
വീണ്ടുംനമുക്കിടയിൽ
കപ്പലിറക്കിയത്?
കുരുമുളകും
കത്തിയും
വിശുദ്ധപുസ്തകങ്ങളിൽ
മടക്കി വെച്ചത്?
ഇവിടം
ഭീതിയുടെതാണ്.
ഇവിടം
രഹസ്യങ്ങളുടെതാണ്.
ഇവിടം
മനുഷ്യരുടെതാണ് .
എനിക്ക്
ഓർമ്മയുടെ
വേരിൻ്റെ കിനിപ്പ് മതിയായിരുന്നു.
ഇത്രയും അധികം മുള്ളുകൾ
എന്തിന്
എല്ലാ ദൈവങ്ങളിലും
മനുഷ്യർ ഒളിപ്പിച്ചു വെച്ചു?
എനിക്ക്
വേലിക്കരികിലെ
കയ്യെത്താവുന്ന ദൂരത്തിൽ
ഒരു കപ്പപുഴുക്കിൻ്റെ
കയിൽ മതിയായിരുന്നു.
ഇല്ല,
ചുവടുകൾ
മാന്തിയവരാരും തന്നതേയില്ല.
ഇല്ല
ഇല്ല
തന്നില്ല .
എന്തിനധികം മൂർച്ചകൾ
ചിരിയിൽ
നാം തമ്മിൽ കൊരുത്തു വെച്ചു?
എങ്കിലും,
ഞാൻ
എൻ്റെ നിലാവിലും
ചിലും ചിലും
ചിഞ്ചിലും
കൊലുസിലെന്ന പോലെ തന്നെ
കാതിൽ കേൾക്കുന്നുണ്ടിപ്പോഴും
നാം കൂട്ടിമുട്ടിയും
വീണ്ടും ഒരു ഒച്ചയുണ്ടാകുമെന്ന്!
എനിക്ക് ഉറപ്പുണ്ട്.
എൻ്റെ
നിലാവിൻ്റെ തലേന്ന്
നാളെ
നിൻ്റെ നിലാവിൻ്റെ തലേന്നാകുമെന്ന്!