എവിടെയാണീശ്വരൻ

“കണ്ണുകാണാത്തവൻ
കാതുകേൾക്കാത്തവൻ
നെഞ്ചിലായിത്തിരി-
സ്നേഹമില്ലാത്തവൻ”

കാലമേ! കണ്ടുവോ?
എങ്ങുപോയീശ്വരൻ
പേടിയാൽ ഭൂതലം
വിട്ടുപോയോ?ഭവാൻ

പാരിടംതന്നിലീ
ജീവിതം ക്ലേശമോ?
ആരുമില്ലാത്തിടം
തേടി നീയോടിയോ?

പോരടിച്ചീടുവാൻ
മാത്രമായ് മാനവൻ
ചിന്തകൾക്കപ്പുറം
ചെന്നുനിൽക്കുന്നുവോ?

ബോംബുകൾ തോക്കുകൾ
സ്ഫോടനം ഗർജ്ജനം
വിണ്ടുകീറുന്നിതാ
ഭൂതലം നിത്യവും

പിഞ്ചുകുഞ്ഞുങ്ങളോ
വെന്തുചാകുന്നിതാ
നെഞ്ചകം പൊട്ടുമാ-
റമ്മതൻ രോദനം?

അമ്പലം കക്കുവാ-
നെത്തിടുന്നൂ ചിലർ
ദൈവമേ! നിന്നെയും
പൊക്കിടും നിർണയം

ശ്രീലകംതന്നിലായ്
ബന്ധനസ്ഥൻ നിന-
ക്കായിതാ സേവനം
ചെയ്തിടും മാനവൻ

പട്ടിണിപ്പാവമാം
മർത്യനെക്കാക്കുവാൻ
പറ്റുകില്ലെങ്കിൽ നീ
ദൈവമല്ലോർക്കണം

കൂപമണ്ഡൂകമായ്
നീയിരുന്നീടുകിൽ
മാനവൻ തൻകുലം
തീർന്നിടും നിശ്ചയം

തിരുവനന്തപുരം വെളിയന്നൂർ സ്വദേശി. കേരളാ പോലീസിൽ എസ് ഐ ആയി റിട്ടയർ ചെയ്തു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു.