എഴുത്തുലോകം

എഴുത്തിന്റെ
ഉന്മാദലഹരിയറിയാൻ
എഴുതിമദിച്ചു സ്വയം
മറക്കാൻ
എഴുതട്ടെ ഞാനെനിക്കായി മാത്രം
എഴുത്തുലോകത്തിലേകാന്തമായി….

വാക്കുകൾ
കീറിപ്പറിച്ചോട്ടക്കണ്ണിട്ട്
വരികളെക്കുത്തിമറിച്ചും,
വളച്ചും
എഴുത്തിലുറങ്ങുമൊരാത്മാവിനെയു-
മുണർത്തിക്കുടൽമാലയാകെപ്പറിച്ച്
ആനന്ദനൃത്തങ്ങളാടുന്നവർക്കിടെ
എഴുതട്ടെ ഞാനെന്റെ
ഉൾക്കണ്ണിൻ തിരിനീട്ടി
ഇരുളിന്റെ മഷിതൊട്ട്,
ഹൃദയത്തിനുൾത്താളിൽ….

പാലക്കാട് സ്വദേശിനി. കഥകളും കവിതകളും പാട്ടുകളും എഴുതുന്നു. ‘കുട്ടിത്തങ്ങൾ’ എന്ന ബാലസാഹിത്യകൃതി പ്രസിദ്ധികരിച്ചു.