എഴുത്തിന്റെ ലോകങ്ങള്‍ (ലേഖനം )

ഓണ്‍ ലൈന്‍ മീഡിയകളില്‍ വളരെ നാളുകളായി മുഴങ്ങിക്കേല്‍ക്കുന്ന ഒരു വിലാപമാണ് പെണ്ണെഴുത്ത് എന്നൊരു വാക്കും അതിന്റെ കവചത്തില്‍ നിന്നുകൊണ്ടു നിറഞ്ഞുതൂകുന്ന കവിത, കഥ ,നോവല്‍ സാഹിത്യങ്ങളും. എന്താണ് പെണ്ണെഴുത്ത് എന്നു ചോദിക്കുകില്‍ അവര്‍ക്കുത്തരം കവി സച്ചിദാനന്ദന്‍, സാറാ ജോസഫിന്റെ പാപത്തറ എന്ന പുസ്തകത്തിന്റ പാതിയും ഉപയോഗിച്ച് സ്ഥാപിച്ചെടുത്ത ഒരു സാഹിത്യ വിഭാഗം ആണത് . ഇതിനെ കേള്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വരുന്ന മറ്റൊരു വാക്കാണ് പ്രവാസസാഹിത്യം . ഗള്‍ഫ് , യൂറോപ്പ് മേഖലകളില്‍ കുടിയേറ്റം ചെയ്തു തൊഴില്‍ എടുത്തു ജീവിക്കുന്ന മലയാളികളില്‍ സാഹിത്യ വാസന ഉള്ളവര്‍ എഴുതുന്ന സാഹിത്യത്തെ അവര്‍ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാക്കാണല്ലോ പ്രവാസ സാഹിത്യം. അവര്‍ ആ ഭൂമികയില്‍ തൊഴില്‍ എടുക്കാന്‍ വന്നവരാണെന്നും കുറച്ചു കഴിയുമ്പോള്‍ അവര്‍ തിരികെ പോകുക ജന്മ നാട്ടില്‍ ആണെന്നും അവര്‍ക്കറിയാഞ്ഞിട്ടോ, പ്രവാസം എന്ന വാക്കിന്റെ അര്ത്ഥം അറിയാഞ്ഞിട്ടോ അല്ലത്. അതൊരു സ്ഥാപിത വിഭാഗമായാല്‍ മാത്രമേ അവരിലെ സ്ത്രീ എഴുത്തുകാര്‍ക്ക് പ്രവാസി പെണ്ണെഴുത്ത് എന്നൊരു വിഭാഗത്തെ മുന്നോട്ട് കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. സാഹിത്യം വളരും തോറും കേരളത്തിലെ കോണ്ഗ്രസ് പോലെ ആകുകയാണ് . ഈ രീതിയില്‍ ആണെങ്കില്‍ വികലാംഗര്‍ എഴുതുമ്പോഴത് വികലാംഗ സാഹിത്യമാവും ട്രാന്‍സ് ജെണ്ടര്‍ എഴുതുമ്പോഴത് ട്രാന്‍സ് സാഹിത്യവും ആകുമായിരിക്കും . പണ്ട് കക്കൂസ് സാഹിത്യം എന്നൊരു വാക്ക് പത്രക്കാരുടെ നേരെ പ്രയോഗിക്കുന്നത് കേട്ടിട്ടുണ്ട് . എവിടെയിരുന്നാണോ എഴുതുന്നതു ആ ഇടത്തിന്റെ പേരുകൊണ്ട് സാഹിത്യം അറിയുന്ന ലോകത്തേക്ക് പോകുകയാണോ എന്നു തോന്നുന്നു; .അതിനു കാരണവും ഉണ്ട് . പൊതുവായ ഒരിടത്ത് നിന്നുകൊണ്ടു എഴുതിയാല്‍ ശ്രദ്ധിക്കപ്പെടുകയില്ല എന്നവര്‍ക്ക് തന്നെ നന്നായി ബോധ്യമുണ്ട് . പിരിച്ചുവച്ചാല്‍ അത്ര ഭാഗത്തേക്ക് എങ്കിലും പ്രശസ്തി നേടാമല്ലോ . പെണ്ണെഴുത്ത് എന്ന വിഷയത്തിലേക്ക് തന്നെ തിരികെ വരാം . തുറന്നെഴുതുന്നതാണത്രേ പെണ്ണെഴുത്ത് എന്നു തെറ്റിദ്ധരിച്ചു കുറച്ചു പേര്‍ മാധവിക്കുട്ടിക്ക് പഠിക്കാന്‍ പോയി . എഴുത്തില്‍ നാലപ്പാട്ടിന്റെ ഭാഷയും വേഷത്തില്‍ വലിയ പൊട്ടും സാരിയും ഒക്കെയായി അവരുടെ ലോകം വികസിപ്പിക്കാന്‍ ശ്രമമായി.ഇതൊക്കെ അടുത്തിടെ ഒരു പോസ്റ്റിന് മറുപടി കൊടുത്തപ്പോള്‍ പോസ്റ്റ് മുതലാളിയായ പ്രശസ്ത കവയിത്രി അതില്‍ സ്ത്രീ അവഹേളനം ആണ് ആരോപിച്ചത് . ഒപ്പം മൊഴിമുട്ടി സൌഹൃദം അവസാനിപ്പിച്ചും പോയി . ഇത്തരക്കാര്‍ ഇടയ്ക്കു പൂട്ടിന് പീര പോലെ ഒരു നിലവിളി ശബ്ദം ഇടും. എന്റെ എഴുത്തുകളെ വിമര്‍ശിച്ചു എന്നോ ഞാന്‍ എഴുതുന്നതു മൂലം ആര്‍യ്ക്കൊക്കെയോ അസ്കിത ഉണ്ടായി എന്നും ഒക്കെയുള്ള ചില കോലാഹലങ്ങള്‍ . സത്യത്തില്‍ പെണ്ണെഴുത്തുകാര്‍ എന്ന തസ്തികയുടെ ആവശ്യം എന്താണ് . അങ്ങനെ ഒരു തസ്തിക ഉണ്ടാക്കിയാല്‍ എന്താകും പെണ്ണെഴുത്തുകാര്‍ എഴുതുക? അവയിലാണ് പ്രധാനമായും ചര്ച്ച നടക്കേണ്ടത് . പക്ഷേ നിര്‍ഭാഗ്യവശാല്‍ അതുമാത്രം നടക്കുന്നുമില്ല . സ്വന്തം ജീവിതം , താന്‍ നടന്ന വഴികള്‍ , താന്‍ നേരിട്ട പ്രയാസങ്ങള്‍ , തന്റെ ലൈംഗികത ഇവയൊക്കെ അവതരിപ്പിക്കുന്നതില്‍ ഒരു പ്രയാസവും ഇല്ല . അത് സ്ത്രീ എഴുതിയാലും പുരുഷന്‍ എഴുതിയാലും ഒരുപോലെ തന്നെയാണ് . എന്നാല്‍ മുന്പ് സാഹിത്യത്തില്‍ അത് പോലും എഴുതാന്‍ കഴിയാതെ പോയ എഴുത്തുകാരികള്‍ ഉണ്ടായിരുന്നു . ദളിത് വിഭാഗത്തില്‍ അങ്ങനെ ഒന്നു ഇന്നും വിരലിലെണ്ണാവുന്ന മാത്രവുമാണ് . തുറന്നെഴുതിയാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്ന , ഒളിവില്‍ പോകേണ്ടി വരുന്ന ഒരു സമൂഹമായി സ്ത്രീ നിലനിന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നതിന് ഏറെക്കൂറെ മാറ്റം വന്നുകഴിഞ്ഞു . പക്ഷേ ഇന്നും പലരും ആ കാലത്തെ ആണ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നത് . മാത്രവുമല്ല അവര്‍ എഴുത്തുന്ന മൂന്നാംകിട സാഹിത്യത്തെ കുറച്ചു ആരാധകരുടെ ലൈക്കും കമന്‍റുമല്ലാതെ ചിലപ്പോള്‍ വിമര്‍ശനങ്ങളുമല്ലാതെ മറ്റൊന്നും സംഭവിപ്പിക്കാന്‍ കഴിയുന്നില്ല . എങ്ങുമെത്താത്ത ഈ നിരാശയില്‍ നിന്നുമാണ് കോലാഹലങ്ങള്‍ ഉണ്ടാകുന്നത്.

ഈ അവസരത്തില്‍ മലയാളത്തിലെ പെണ്ണെഴുത്തിന്റെ വക്താക്കളോട് എനിക്കു നിര്‍ദ്ദേശിക്കാന്‍ ഉള്ളത് പ്രൊഫസര്‍ ‘ചന്ദ്രമതി’യുടെ “എഴുത്തിന്റെ ലോകങ്ങള്‍” എന്ന ലേഖനം നാഷണല്‍ ബുക്ക്സു പുറത്തിറക്കിയ പുസ്തകം വാങ്ങി വായിക്കുക എന്നാണ് . അധികം വിലയൊന്നുമില്ല പുസ്തകത്തിന് പക്ഷേ അതിന്റെ ഉള്ളടക്കത്തിന് ഒരുപാട് മൂല്യവുമുണ്ട് . എന്തുകൊണ്ടാണ് ചന്ദ്രമതി എന്ന എഴുത്തുകാരി നീണ്ട പതിനെട്ടോളം വര്ഷം എഴുത്തുലോകത്ത് നിന്നും വിട്ടുനിന്നതെന്ന ഉള്‍ക്കാഴ്ചയോടെ അവര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളെ ഒട്ടൊരു സന്തോഷത്തോടെയാണ് വായിച്ചു തീര്‍ത്തത് . പെണ്ണെഴുത്തിന്റെ വക്താക്കളോട് ചന്ദ്രമതി പറയുന്നതു “എഴുത്തുകാരികളെല്ലാം ‘പെണ്ണെഴുത്തി’ലേക്ക് വീഴുമ്പോൾ പുരുഷ-എഴുത്തുകാർ ‘ എഴുത്ത് ‘കൈയടക്കുന്നു. സംവരണം മറ്റുമണ്ഡലങ്ങളിൽ സ്ത്രീക്കു ഗുണം ചെയ്തേക്കാം പക്ഷേ, സാഹിത്യത്തിൽ അത് ദോഷമേ ചെയ്യൂ.” എന്നാണ് . ആലോചിച്ചു നോക്കിയാല്‍ ഇത് സത്യമാണെന്ന് കാണാം . അവര്‍ പറയുന്നതില്‍ ഒരുപാട് പൊള്ളുന്ന നേരുകള്‍ കാണാം . പക്ഷേ സാഹിത്യ ലോകം എന്തുകൊണ്ട് ഇവ ചര്‍ച്ചയ്ക്കെടുക്കുന്നില്ല ? “സ്ത്രീയെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്ന ഏത് വ്യവസ്ഥിതിയോടും ശക്തമായി പ്രതികരിക്കുന്ന എഴുത്തുകാരിക്ക് സ്വീകാര്യമായ ഒന്നല്ല പെണ്ണെഴുത്തെന്ന ലേബലും സംവരണവും. ഇത്തരം വർഗ്ഗീകരണത്തിൻ്റെ മറ്റൊരു വിപത്ത് ഇതിൻ്റെ തണലിൽ തകര പോലെ കുരുത്തു പൊങ്ങുന്ന മൂന്നാംകിട എഴുത്തുകാരികളുടെ വർദ്ധിക്കുന്ന സംഖ്യയാണ്. മൂന്നാംകിട എഴുത്തുകാർക്ക് സംഭവിക്കുന്ന സ്വഭാവിക മരണത്തിൽ നിന്നും പെണ്ണെഴുത്തിൻ്റെ കവചം ഇവരെ രക്ഷിക്കുന്നു.” ഇത്ര പരസ്യമായി , ആര്‍ജ്ജവത്തോടെ എഴുത്തുകലയെ വശമാക്കിയ ഒരാള്‍ പറയുമ്പോള്‍ അതിനെ ആര്‍ക്ക് നിഷേധിക്കാന്‍ കഴിയും . ദിനേന നാമൊക്കെ വായിച്ചുപോകുന്ന സാഹിത്യ രചനകള്‍ നമ്മോടു പറയുന്നതും മറ്റൊന്നല്ലല്ലോ . “ഷേക്സ്പിയറുടെ കിംഗ് ലിയറിനെ ക്ഷത്രിയ – ബൂർഷ്വായുടെ പതനമായും ഒഥല്ലോയെ ദളിതൻ്റെ പരിദേവനമായും വിലയിരുത്തുന്നിടത്തോളം തന്നെ അപഹാസ്യമാണ് സ്ത്രീ എഴുതുന്നത് അല്ലെങ്കിൽ സ്ത്രീയെക്കുറിച്ചെഴുതുന്നത് പെണ്ണെഴുത്താണെന്ന ലേബലൊട്ടിക്കുന്നത്.” എന്ന ചന്ദ്രമതിയുടെ പ്രസ്താവനയെ പിന്താങ്ങുവാന്‍ ഇവിടെയുള്ള സ്ഥാപിത എഴുത്തുകാരോ എഴുത്തുകാരികള്‍ പോലുമോ മുന്നോട്ട് വരാറില്ല എന്നതാണു എഴുത്തുകാരികള്‍ക്കിടയില്‍ പോലുമുള്ള പാരസ്പര്യമില്ലായ്മയുടെയും കീഴടങ്ങലുകളുടെയും യാഥാര്‍ഥ്യം . ഇതിനെ അടിവരയിട്ടുകൊണ്ട് ചന്ദ്രമതിയും സമ്മതിക്കുന്ന ഒരു വസ്തുതയാണ് “പാപത്തറയുടെ അവതാരികയിൽ നിന്ന് മാറ്റൊലി നിരൂപകർ ഏറ്റെടുത്തു പരത്തിയ പെണ്ണെഴുത്ത് സ്വതന്ത്ര ചിന്താഗതിയുള്ള എഴുത്തുകാരികൾക്കു മുന്നിൽപ്പോലും ചമച്ച ചതിക്കുഴിയാണിത്.” എന്ന പരാമര്‍ശം . ഇതൊക്കെയാണെങ്കില്‍ നിങ്ങള്‍ക്കെന്താകും പെണ്ണെഴുത്തുകരോട് ഉപദേശിക്കാന്‍ ഉണ്ടാകുക എന്നൊരു ചോദ്യം സ്വാഭാവികമായും ഉണ്ടാകാം . “ഒരു സ്ത്രീ നായക കഥാപാത്രം നാലു സാമൂഹിക ധാരണകളിൽ നിന്ന് മോചനം നേടേണ്ടതാണ്. 1. കന്യകാത്വം പുരുഷനു വേണ്ടി അമൂല്യവും പവിത്രവുമായി കാത്തു സൂക്ഷിക്കേണ്ടതാണെന്ന മിഥ്യാധാരണ. 2. കാല്പനിക പ്രണയത്തിൻ്റെ ആകർഷണീയത. 3. ലിംഗ വ്യത്യാസം കൊണ്ടു മാത്രം പുരുഷൻ സ്ത്രീയെക്കാൾ ഉന്നതനാണെന്ന വാദം, 4. ത്യാഗത്തിൻ്റെ മൂർത്തീമത് ഭാവമെന്നു പുകഴ്ത്തപ്പെടുന്ന മാതൃസങ്കല്പം.” ഈ നിര്‍ദ്ദേശങ്ങള്‍ എത്രപേര്‍ക്ക് തൃപ്തികരമാകും ? എത്രപേര്‍ക്ക് അതിന്റെ വെളിച്ചത്തില്‍ സാഹിത്യത്തെ ഉപയോഗിക്കാനാവും. കഴിയില്ല പകരം എഴുത്തുകാരികള്‍ക്ക് കഴിയുക പരസ്യമായും രഹസ്യമായും അതിനോടു വിരോധിക്കുക എന്നാണ് . സ്ത്രീ എഴുത്തുകാരെ കാത്തിരിക്കുന്ന അപചയം എന്താണെന്ന ചന്ദ്രമതിയുടെ അഭിപ്രായം “എഴുത്തിനെ ശ്രദ്ധിക്കാതെ, താരപരിവേഷം നല്കി എഴുത്തുകാരികളെ ‘പ്രൊജക്ട് ചെയ്യുന്നത് ഉത്തരാധുനിക രീതിയിലുള്ള മറ്റൊരു തമസ്കരണ”ത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും അത് ശരിയെന്ന ധാരണയില്‍ അതില്‍ അഭിരമിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് . ഒരു കാര്യം ശരിയാണ് . എഴുതുമ്പോളൊക്കെ വിവാദങ്ങള്‍ ഉണ്ടാകും . അതിനര്‍ത്ഥം നിങ്ങള്‍ ശരിയായ ദിശയിലാണ് എന്നുതന്നെയാണ് . ഞാന്‍ ഒരു മനുഷ്യന്‍ എന്നു പുരുഷന്‍ തന്നെ അടയാളപ്പെടുത്തുമ്പോഴൊക്കെ ഞാനൊരു സ്ത്രീ എന്നാണ് സ്ത്രീക്ക് പറയാന്‍ കഴിയുന്നത് . അത് മാറേണ്ടിയിരിക്കുന്നു . എഴുത്തിലും സംവരണം വേണ്ടി വരിക എന്നത് എത്ര കേവലത്വം ആകുന്നു . മാറ്റങ്ങളെ മുന്നോട്ട് കൊണ്ട് വരേണ്ടവര്‍ തന്നെ അപചയത്തില്‍ ആയാല്‍ പിന്നെന്തു സന്ദേശങ്ങള്‍ ആണ് അവര്‍ക് നല്കാന്‍ കഴിയുക .

മൂന്നു ഭാഗങ്ങള്‍ ആയാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.. ഒന്നാമത്തെ ഭാഗം പെണ്ണെഴുത്തിന്റെ ദൂഷ്യവശങ്ങളെയും പരിഹാര മാര്‍ഗ്ഗങ്ങളെയും അടയാളപ്പെടുത്തുന്നു. രണ്ടാമത്തെ ഭാഗം ആകട്ടെ മലയാളസാഹിത്യത്തിലെ ചില എഴുത്തുകളെ അക്കാദമിക്കല്‍ രീതിയില്‍ വളരെ ഗഹനമായ ഒരു ചര്‍ച്ചാ രീതിയിലേക്ക് കൊണ്ടുപോകാന്‍ തക്കവണ്ണമുള്ള പഠനം നടത്തുന്നു . ഒപ്പം ദേവഗാന്ധാരം എന്ന നാടകത്തെ പരിചയപ്പെടുത്തുകയും അതിന്റെ പുരോഗമനാശയങ്ങളും സ്ത്രീ സാന്നിധ്യത്തിന്റെ പുതിയ ഉണര്‍വ്വും പ്രതീക്ഷയും പങ്കുവയ്ക്കുന്നു . മൂന്നാം ഭാഗം അഭിമുഖങ്ങളുടെയുമാണ് . അവയുടെയൊക്കെ പ്രാധാന്യം അവഗണിക്കുന്നില്ല എങ്കിലും ഒന്നാം ഭാഗത്തിന്റെ ചര്‍ച്ചയുടെ കാതലായ , പുസ്തകത്തിന്റെ ആത്മാവായ ഭാഗത്തെ മലയാളം ഇനിയും ചര്‍ച്ചയ്ക്കെടുക്കാതിരിക്കുന്നത് എഴുത്തുകാരോട് പ്രത്യേകിച്ചും എഴുത്തുകാരികളോട് ചെയ്യുന്ന വലിയ അനീതിയാകും എന്നൊരോര്‍മ്മപ്പെടുത്തല്‍ ആണ് . എഴുത്തിന്റെ വഴിയില്‍ അതിനെ ഗൌരവപരമായി സമീപിക്കുന്ന എല്ലാവരും ആവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമെന്ന് പരിചയപ്പെടുത്തുന്നു.

എഴുത്തിന്റെ ലോകങ്ങള്‍ (ലേഖനം )
ചന്ദ്രമതി
നാഷണല്‍ ബുക്ക് ട്രസ്റ്റ്
വില : ₹ 75

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.