അവളെഴുതുമ്പോഴും
അവളെയെഴുതുമ്പോഴും
യാഥാർഥ്യത്തിലേക്കൊരു
കടൽദൂരമുണ്ടായിരുന്നു,
കടൽകാണാത്തവളുടെ
കിനാവിനോളം ദൂരം.
ഒച്ചപ്പെടലിനു നടുവിലും
ഒറ്റപ്പെടുന്ന വേദനയാൽ
ഒറ്റവരിക്കവിതകളെഴുതിയവൾ…
സനാഥത്വത്തിന്റെ
മഷിക്കൂട്ടുകളാൽ
അനാഥത്വത്തെ
കോറിയിട്ടവൾ
ചുട്ടുപൊള്ളുന്ന
വേനലിലും
മഴയെ-
ക്കുറിച്ചെഴുതിയവൾ
പ്രണയം വരിച്ചവൾ
നോവിൻ മുനമ്പിലും
അഹ്ളാദക്കൂട്ടാൽ
ചുറ്റുമതിൽ പണിതവൾ
ആരൊക്കെയോചേർന്ന-
രിഞ്ഞെറിഞ്ഞ
കിനാച്ചിറകുകളെ
ഒറ്റ സൂചിമുനയാൽ
തുന്നിക്കൂട്ടുന്നവൾ
നെഞ്ചിലെ
നെരിപ്പോടണയ്ക്കുവാൻ
എല്ലാം മറന്നൊന്നു
പൊട്ടിക്കാരയാനാഗ്രഹിക്കുന്നവൾ
മിഴിനീരിലൊലിച്ചു-
പോയില്ലെന്നുടെ
ചിരിയെന്നുറക്കെ
പൊട്ടിച്ചിരിച്ചുകൊണ്ടു
പറയാനാഗ്രഹിച്ചവൾ
പ്രണയിക്കുവാനോ
കാമിക്കുവാനോ
അല്ലാതെ
ഭ്രാന്തുപിടിച്ചലയുന്ന
മനസ്സിനെ
കേൾക്കുവാനായൊരാൾ
വേണമെന്നാഗ്രഹിച്ചവൾ
പുനർജ്ജനിക്കണമവൾക്ക്
അവരൊക്കെയും ചേർന്ന്
കൊന്നുകളഞ്ഞൊരവളെ
അവളായി മാത്രം
വീണ്ടെടുക്കുവാൻ.