എല്ലാ കഥയും പ്രവാസ രേഖകളാണ്

ഓരോ കഥാകൃത്തും പ്രവാസ സഞ്ചാരിയാണ്. ഓരോ കഥയും പ്രവാസ രേഖകളും. കാരണം എല്ലാ മനോസഞ്ചാരങ്ങളും പ്രവാസ യാത്രകളാണ്. സ്വന്തം തറവിട്ടുള്ള ഉയർന്നുപൊങ്ങലുകൾ‍, ആലോചാനായാത്രകൾ‍. 

അജ്ഞാതദേശങ്ങൾ‍ തേടിയുള്ള യാത്രകൾക്കൊടുവിൽ‍ ക്രിസ്റ്റഫർ കൊളംബസ്, ഒന്നുരണ്ടു ജേർണലുകൾ‍ എഴുതിയിട്ടുണ്ട്. ഒട്ടും സാഹിത്യ ഭംഗി ഇല്ലാത്തവ. എന്നാൽ  അമ്പരപ്പിക്കുന്നവ. അതിലൊന്നിന്‍റെ ആമുഖ ഖണ്ഡികയിൽ‍ അദ്ദേഹം ഒരു വലിയ പ്രതിസന്ധി അവതരിപ്പിക്കുന്നുണ്ട്. ‘എനിക്ക് ഏതു അജ്ഞാത തീരത്തേക്കു വേണമെങ്കിലും അറിയാത്ത കടൽ  ചാലുകളിലൂടെ സഞ്ചരിക്കാം, ഏതു കൊടുങ്കാറ്റിനെയും കപ്പൽപ്പായ കെട്ടി അതിജീവിക്കാം, പച്ച മത്സ്യങ്ങളെ പിടിച്ചു തിന്ന് വിശപ്പടക്കി ഊർജ്ജം ശേഖരിക്കാം, അറിയാത്ത തീരങ്ങളിൽ ‍ പോയി അടിയാം, അവിടെ അധികാരം സ്ഥാപിക്കാം, അവിടുത്തെ മുത്തും പവിഴവും സ്വത്തും ശേഖരിച്ച് എന്‍റെ രാജാവിനും, രാജ്ഞിക്കും തിരികെപ്പോയി സമർപ്പിക്കാം. പക്ഷെ ഒന്നാണ് ഏറ്റവും ബുദ്ധിമുട്ട്: ഞാൻ പോയ വഴികളെപ്പറ്റി, എന്‍റെ മനോവ്യഥകളെപ്പറ്റി എങ്ങിനെ അവരോട് ഒന്നു പറഞ്ഞു ഫലിപ്പിക്കും?’ – സത്യത്തിൽ  ഓരോ കഥയും വായിക്കുമ്പോൾ എനിക്കു തോന്നുന്നത് വിചിത്ര മാർഗങ്ങളിൽ‍ ഏകാന്ത സഞ്ചാരം നടത്തിയ ഒരു എഴുത്തുകാരന്‍റെ ‘റിപ്പോർട്ടിഗ്’ ആണ് ആ കഥ എന്നാണ്. 

ഇപ്രകാരം, ഭൗതീകവും, മാനസികവുമായ പ്രവാസത്തിന്‍റെ കഥകൾ‍ ഒരേസമയം പറയുന്ന രേഖകളായാണ് സീനോ ജോണ്‍ നെറ്റോയുടെ മരുഭൂമിയിലെ വീടുകൾ എന്ന സമാഹാരത്തിലെ കഥകൾ.  

സീനോ ജോണിന്‍റെ കഥകൾ  വ്യതിരിക്തമായ ആലോചനകളുടെ സത്യസന്ധമായ ‘റിപ്പോർട്ടിഗ്’ ആണെന്ന് വായനക്കാരൻ  തിരിച്ചറിയും. കാരണം സംശയങ്ങൾക്കും ദുരൂഹതകൾ‍ക്കും ഒരു ഇടവും നല്‍കാത്ത നല്ല തെളിഞ്ഞ പ്രതലങ്ങളിലാണ് ഈ കഥകൾ ഉരുത്തിരിയുന്നത്. ജീവിതത്തിന്‍റെ ഗൂഢസന്ദർ‍ഭങ്ങൾ‍ പോലും നേർ‍ക്കുനേർ‍ സംഭാഷണങ്ങളുടെ ലാളിത്യവും തെളിച്ചവും കൊണ്ട് ഈ കഥകൾ‍ വായനക്കാരനു മുന്നിൽ‍ പ്രസന്നതയോടെ തെളിയുകയാണ്.  

കൃത്യമായ പ്രവാസ ജീവിതത്തിന്‍റെ നേർ രേഖാചിത്രങ്ങൾ‍ ഇതിലെ മിക്ക കഥകളിലും ചരിത്രരേഖകൾ പോലെ പ്രത്യക്ഷപ്പെടുന്നുണ്ട്. മരുഭൂമിയിലെ വീട് എന്നൊരു പ്രതീകം തന്നെ മിക്ക കഥകളിലും ഉയർന്നു നിൽ‍ക്കുന്നു. അത് കേവലം പ്രവാസ ജീവിതത്തിന്‍റെ പാശ്ചാത്തലമായിട്ടല്ല,  മനസ്സിന്‍റെ പ്രവാസമായി അതിനെ വായിച്ചെടുക്കാം.

‘മരുഭൂമിയിലെ വീടുകളിൽ ഉഷ്ണമില്ല, ഉഷ്ണം മനസ്സുകളിലാണ്’ എന്നു തന്നെയാണ് ഒരു കഥയുടെ തുടക്കം. അത് ലിവിംഗ് ടുഗതർ‍ എന്ന കഥയിൽ‍ മനസ്സുകളിൽ രൂപപ്പെടുന്ന മരുഭൂമിയുടെ ചിത്രീകരണമായി മാറുന്നുണ്ട്. മരണത്തെപ്പറ്റിയുള്ള നിരാലംബമായ ആലോചനകൾ‍ ഒരു കഥയിൽ‍ തെളിയുന്നു. ദാമ്പത്യക്കുഴപ്പങ്ങളുടെ ഗൂഡസ്ഥലങ്ങളിലേക്ക് ഈ കഥകൾ‍ സഞ്ചരിക്കുന്നു. വീണ്ടും, പ്രവാസ ജീവിതത്തിന്‍റെ അന്ത്യത്തിൽ‍ ഒന്നുമില്ലാതെ തിരിച്ചെത്തുന്നവരുടെ വേദന കഥയിൽ നിറയുന്നു.

ദുഃഖം കൊണ്ടെങ്കിലും വായനക്കാരനെ ആനന്ദിപ്പിക്കണം എന്ന് കഥ പറച്ചിലിനെപ്പറ്റി പറയാറുണ്ട്. ആനന്ദം പൊട്ടിച്ചിരി മാത്രമല്ല, ധ്യാനവും ആലോചനകളും ആനന്ദത്തിന്‍റെ മാർ‍ഗങ്ങളാണ്. സീനോ ജോണ്‍ നെറ്റോയുടെ ഈ കഥകൾ‍ ആ ആനന്ദമാർ‍ഗത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു വരും. 

മുരളി തുമ്മാരുകുടി ഉൾപ്പടെ ഒൻപത് പേർ ചേർന്നെഴുതിയ അവിയൽ എന്ന പുസ്തകത്തിന്റെ സഹരചയിതാവ്. അഭിഭാഷകനാണ്. പെരുമ്പാവൂർ സ്വദേശി.