എല്ലാം നീ എന്നിട്ടും

എങ്ങുനിന്നോ മുളപ്പിച്ചെടുത്ത
ചിരിയുടെ ചില്ലയുമായി
ചിലര്‍ വന്നെങ്കിലും
മരുന്ന് മണക്കുന്ന ഈ മുറിയില്‍
സ്നേഹത്തിന്റെ മറുമരുന്നായത് നീ .

എന്റെ മുറിപ്പാടിലേക്ക് മുഖംചായ്ച്ചതും
മനസ്സിലേക്ക് മധുപകര്‍ന്നതും നീ
വേദനയുടെ അവസാന തരിയും
അലിയിച്ചെടുത്ത്
സ്വപ്ന ങ്ങളുടെ ഒരു കൂടു പണിഞ്ഞത് നീ

നഗ്നമായമനസ്സിന്
നല്ലിളംപട്ടുതന്നതും
സ്വപ്നങ്ങളുടെ പടവുകളില്‍
പട്ടു പാവാടയുടുത്തുകാത്തുനിന്നതും നീ

എന്നിട്ടും;
ചുണ്ടിലേക്ക്‌ ചുണ്ട് ചേര്‍ത്ത്
മെഴുകുതിരി കത്തിക്കുമ്പോള്‍
വെളിച്ചം ഒലിച്ചിറങ്ങുംപോള്‍
ചിതറിയമുടി കോതിയൊതുക്കി
ഓടിയൊളിക്കുന്നതെന്തിന്?!

കണ്ണൂർ ജില്ലയിലെ കാഞ്ഞിരങ്ങാട് സ്വദേശി. തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജോലിചെയ്യുന്നു . നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ സജീവമായി എഴുതുന്നു