തീരെ തരമില്ലെന്നായപ്പോള്‍ എലിക്കെണി വാങ്ങാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. അത് പൊടുന്നനെയുള്ള ഒരെടുത്തു ചാട്ടത്തിന്‍റെ പ്രകടിത രൂപമായിരുന്നില്ല. ദിവസങ്ങളോളം രാവെന്നും പകലെന്നും ഭേദമില്ലാതെ അയാളുടെ സമയങ്ങളില്‍ ഈ തീരുമാനത്തിന്‍റെ നിറങ്ങള്‍ പല രൂപത്തില്‍ തിരിഞ്ഞുകൊണ്ടേയിരുന്നു. നിറങ്ങള്‍ കൂടിക്കുഴഞ്ഞ് ഒരു പ്രതലത്തില്‍ വന്നു വീഴുമ്പോള്‍ അവയുടെ ഏറ്റക്കുറച്ചിലനുസരിച്ച് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. എന്നു കരുതി എടുത്തുചാടിയാൽ പിന്നീടതേക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടാനും അതിന്‍റെ മരവിപ്പില്‍ സമയം തള്ളിനീക്കാനും താല്പര്യമില്ലാത്തതിനാൽ അയാള്‍ ജാഗരൂകനായി. അതുകൊണ്ട് വെളുത്ത് വ്യക്തമായ പ്രതലത്തില്‍ വര്‍ണ്ണങ്ങളുടെ കൂടിക്കുഴയല്‍ ഗാഢമായ ആനുപാതത്തിലെത്തി വീഴുന്നതും കാത്തിരുന്നു. അവസാനം ആ തെളിഞ്ഞ നിറങ്ങളില്‍ നിന്ന് എലിക്കെണിയുടെ രൂപം തിരിച്ചറിയാനായി.
എന്നിട്ടും രണ്ടു മൂന്നു ദിവസം ഈ ദൃശ്യത്തെ തിരിച്ചും മറിച്ചുമിട്ട് പല പല കോണുകളിലൂടെ നോക്കിക്കൊണ്ടിരുന്നു. എവിടെയെങ്കിലും ഒരതൃപ്തി മണക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇരുമ്പു കടയില്‍ നിന്ന് വാങ്ങി, കവലയിലൂടെ, പാടത്തൂടെ, ഇടവഴിയിലൂടെ, ഗേറ്റു തുറന്ന് വീടിനുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നതേക്കുറിച്ച് ചിന്തിക്കുന്നതില്‍ യാതൊരു കാര്യവുമില്ലെന്ന് നന്നായറിയാമായിരുന്നു. അതിനു മുന്‍പ് അയാള്‍ പരീക്ഷിച്ചു മടുത്ത എലിവിഷം പഠിപ്പിച്ചത് അതാണ്. തൊട്ടയല്‍പ്പക്കത്തെ വീട്ടില്‍ നിന്നറിഞ്ഞ ചില സംഗതികള്‍ എലിവിഷത്തിന്‍റെ നിഷ്ഫലത പ്രകടമാക്കുന്നതായിരുന്നു. എന്നിട്ടും പൂര്‍ണ്ണമായി അതിനു ചെവി കൊടുക്കാതെ എലിവിഷം വാങ്ങുകയാണുണ്ടായത്. നരച്ചു മങ്ങിയ കടലാസിന്‍ കൂട്ടില്‍ എഴുതിയിരുന്ന നിര്‍ദ്ദേശങ്ങള്‍ വായിച്ചു നോക്കിയിട്ട് ചായക്കടയില്‍ നിന്ന് രണ്ട് പരിപ്പുവട വാങ്ങി കയ്യില്‍ വെച്ചു. അതിലൊന്ന് പാടത്തൂടെ നടന്നു വരുമ്പോള്‍ സമയം കളയാനെന്നവണ്ണം സ്വാദോടുകൂടി സാവകാശത്തില്‍ ചവച്ചു ചവച്ചു തിന്നു. ഇതേ പരിപ്പുവട തന്നെ നാളെ പുലരുന്നതിനു മുമ്പ് ഒരെലിയുടെ ആമാശയമാകെ വിഷം കലര്‍ത്തി പൊട്ടിച്ചു
ചാടിക്കുമല്ലോ എന്ന ചിന്ത ആഹ്ലാദത്തിനൊപ്പം ഭാഗ്യഹീനയായി ഏതോ മാളത്തിലിരിക്കുന്ന എലിക്കുനേരെ സഹതാപവും തോന്നിപ്പിച്ചു. എലിവിഷം ഉപയോഗിക്കേണ്ട വിധം മനഃപാഠമാക്കി നടക്കുന്നതിനിടയില്‍ എപ്പോഴോ ആ സഹതാപം തണുത്തുറഞ്ഞ് അതിനുമേല്‍ രോഷത്തിന്‍റെ പാടവന്നു വീണു. രോഷം വരാതിരിക്കാന്‍ മാത്രം ചെറിയ തെറ്റുകള്‍ ചെയ്യുന്ന എലികളൊന്നുമായിരുന്നില്ല
അയാളുടെ വീട്ടില്‍ ഉണ്ടായിരുന്നത്.
അല്ലെങ്കില്‍ തന്നെ, എലി വിഷം ഉപയോഗിക്കുന്നതിനെക്കുറിച്ചോ, അവയെ കൊല്ലുന്നതിനെക്കുറിച്ചോ, നല്ല അഭിപ്രായമൊന്നും അയാളിലുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസം വാങ്ങിയ, രണ്ടേ രണ്ടു പ്രാവശ്യം മാത്രം ഉപയോഗിച്ച എഴുന്നൂറ്റി അമ്പതു രൂപയുടെ ജീന്‍സ് വെട്ടി നുറുക്കിയ കാഴ്ച പകര്‍ന്ന ഹൃദയ ദൃവീകരണം അയാളെ അതില്‍ കൊണ്ടെത്തിക്കുകയായിരുന്നു. കാലത്ത് വൃത്തിയായി കുളിച്ചശേഷം ഓഫീസിലേക്കിറങ്ങാന്‍ നേരത്താണ് അയയിൽ കിടക്കുന്ന വസ്ത്രങ്ങള്‍ ഓരോന്നായെടുത്ത് അന്നിടേണ്ടത് ഏതെന്ന് തീരുമാനിക്കുകയുള്ളൂ. വസ്ത്രങ്ങള്‍ക്കിടയില്‍ കൈ പരതി നടക്കുന്നതിനിടയില്‍ തടഞ്ഞ പുതിയ ജീന്‍സെടുത്തിടാന്‍ തീരുമാനിച്ചു. വിരലുകള്‍ ചെന്നുവീണത് ഒരു തുളയിലേക്കാണ്. ജീന്‍സില്‍ അങ്ങനെയൊരു തുള ഉള്ളതായി ഓര്‍മ്മയില്ലായിരുന്നു. അതുകൊണ്ടുതന്നെ അടക്കി നിര്‍ത്താനാവാത്ത അസ്വസ്ഥത കലര്‍ന്ന ഒരുത്ക്കണ്ഠ ജീന്‍സ് വലിച്ചെടുക്കുമ്പോള്‍ അയാളിലുണ്ടായി. ആശ്ചര്യം കലര്‍ന്ന ഒരിടിമുഴക്കമായി പുറത്തുവന്നത് ഈ ഉത്ക്കണ്ഠ തന്നെയായിരിക്കണം. അതിനുശേഷം തിരിച്ചും മറിച്ചും അത് നോക്കി തലയില്‍ കൈ വെച്ച് കട്ടിലിരുന്നു. ഏതെങ്കിലും ഒരു വശത്തു മാത്രമാണ് എലിയുടെ കോമ്പല്ലുകള്‍ ആഴ്ന്നിറങ്ങിയിട്ടുള്ളതെങ്കില്‍ കാര്യമാക്കാതെ ടൈലറിങ്ങ് ഷോപ്പിലേക്ക് നടന്നു പോകാമായിരുന്നു. ജീന്‍സിനെ സംബന്ധിച്ചിടത്തോളം ചെറിയ തുന്നലും കീറലുമെല്ലാം ഫാഷന്‍റെ പേരില്‍ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. കടിച്ചുകീറി പറിച്ച എലി ഇതൊക്കെ മുന്‍കൂട്ടി കണ്ട പോലെയാണ് പെരുമാറിയിരുന്നത്. ഏതൊരു തയ്യല്‍ യന്ത്രത്തിനും ഇനി അതിനു മുകളിലൂടെ കയറിയിറങ്ങിയാല്‍ കൂടുതല്‍ വൃത്തികേടാക്കാനല്ലാതെ മറ്റേതെങ്കിലും പുതുമയോ പരിഷ്കാരമോ ഉണ്ടാക്കിയെടുക്കാനാവില്ല.
അന്ന് ഓഫീസില്‍ നിന്നു പോരുമ്പോള്‍ അയാളുടെ കയ്യില്‍ പരിപ്പുവടയുടെ പൊതിയുണ്ടായിരുന്നു.അയല്‍പ്പക്കത്തേതില്‍ നിന്നു വ്യത്യസ്തമായി ആദ്യത്തെ പരിപ്പുവട തന്നെ അതിന്‍റെ കേടുവരലിനൊപ്പം ഒരു ജീവനെ കൂടെ കൊണ്ടുപോകുന്നതില്‍ വിജയിച്ചു. ചാവാന്‍ വിധിക്കപ്പെട്ട എലിയുടേത് വല്ലാത്ത വിധിയായിരുന്നു. മാളത്തിനു പുറത്ത്, അതിനുള്ളില്‍ എലിയുണ്ടെങ്കില്‍, എപ്പോഴെങ്കിലും പുറത്തിറങ്ങുന്നുവെങ്കില്‍, കൃത്യമായി കാണത്തക്ക അകലത്തിലാണ് വിഷം കലര്‍ന്ന പ്രച്ഛന്നധാരിയായ പരിപ്പുവട വച്ചിരുന്നത്. രാവേറെ നീങ്ങിയപ്പോള്‍ വിശപ്പുമൂത്ത് പുറത്തേക്കിറങ്ങിയ എലി മുമ്പില്‍ വന്നു ഭവിച്ച പരിപ്പുവടകണ്ടാഹ്ലാദിച്ച് ഒന്നു പകച്ച ശേഷം ആലോചനക്കേതിനുമിട കൊടുക്കാതെ അതിന്മേല്‍ ചാടിവീണിരിക്കണം. പരിപ്പുവട കിട്ടിയ ആഹ്ലാദം അധിക നേരം നിലനിര്‍ത്താനായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഉപേക്ഷിക്കപ്പെട്ട പരിപ്പുവടയുടെ ബാക്കി ഭാഗം അങ്ങനെ കിടക്കുമായിരുന്നില്ല. പകരം മാളത്തിനു മുന്നിലെ കല്ലിനടിയിലേക്ക് പകുതിയോളം ശരീരം കടത്തി അതിനപ്പുറം കടന്നുപോകാനാവാത്ത രീതിയില്‍ മണ്ണില്‍ അമര്‍ന്നു കിടക്കുകയായിരുന്നു അത്.
“പ്രിയപ്പെട്ട എലി, എന്നോട് ക്ഷമിക്കുക. നീ കാണിച്ച കുന്നായ്മ തരത്തിന് ഇ തിലും കുറഞ്ഞ ശിക്ഷകള്‍ ഏറെയുണ്ട്. കൈ വെട്ടുകയോ കാല്‍ വെട്ടുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ആകാമായിരുന്നു. അതിനൊക്കെ നിന്നാല്‍ അതിനു മാത്രമേ സമയം കാണൂ. കാലും കയ്യും ഒടിക്കാനുള്ള ഒരടി തന്നെ നിങ്ങള്‍ക്ക് മരണമണിയാകാനും മതി. അതുകൊണ്ടാണ് എളുപ്പത്തില്‍ ഈ മാര്‍ഗ്ഗത്തിനു തുനിഞ്ഞത്. എനിക്ക് വിഷമമുണ്ട്. നിനക്കാ പരിപ്പുവട മുഴുവന്‍ തിന്നാനാകാത്തതില്‍, അതു മുഴുവന്‍ തിന്നതിനു ശേഷമാണ് നീ ചത്തിരുന്നതെങ്കില്‍ നിന്നെക്കുറിച്ച് ഞാന്‍ വിഷമിക്കില്ലായിരുന്നു. അവശേഷിക്കുന്ന ഈ പരിപ്പുവട നിന്‍റെ മരണനിമിഷങ്ങളെ ഓര്‍ക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നു”
ആത്മഗതത്തിനൊപ്പം എലിയുടെ വാലില്‍പ്പിടിച്ച് കല്ലിനടിയില്‍ നിന്ന് വലിച്ചെടുത്ത് കൈകോട്ടെടുത്ത് വളപ്പിലേക്ക് നടന്നു. എലിയുടെ കണ്ണുകളില്‍ ഉറുമ്പുകള്‍ നിറഞ്ഞിരുന്നു. ചെറിയ ഒരു കുഴി കുത്തി എലിയെ അതിലേക്കിടുന്നതിനൊപ്പം പാതി തിന്നാതെ പോയ പരിപ്പുവട കൂടി മണ്ണിൽ അമർന്നു. രണ്ടാമത്തേയും മൂന്നാമത്തേയും തവണ ഇത്തരത്തിലുള്ള ആത്മഹത്യപരമായ ആക്രാന്തങ്ങള്‍ കാണിക്കാന്‍ എലികള്‍ തയ്യാറായിരുന്നില്ല. ഒരൊറ്റ മരണത്തോടെ എലികള്‍ കൂട്ടത്തോടെ അപകടം മണത്തറിഞ്ഞോ എന്നയാള്‍ അമ്പരന്നു. അതിനുള്ള സാധ്യത അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞു. അയ്യപ്പന്‍കാവ് കുളത്തില്‍ നിന്ന് ഒരേ ചൂണ്ടക്കൊളുത്തില്‍ കോര്‍ത്തിട്ടിറക്കുന്ന ഒരേ ഇരയില്‍ നിന്ന് തന്നെ മൂന്നും നാലും
മത്സ്യങ്ങളെ വലിച്ചെടുത്തിട്ടുണ്ട്. അക്കണക്കിന് നോക്കിയാല്‍ ഒരു പരിപ്പുവട എന്നത് രണ്ട് എലികള്‍ക്ക് ധാരാളമായുള്ള ഇരയാണ്. ഈ അവസരങ്ങളിലൊക്കെ പരിപ്പുവടയുടെ കടിച്ചുപേക്ഷിച്ച കഷണങ്ങള്‍ പലയിടത്തു നിന്നായി വേറെന്തോ കാര്യത്തിനായി പരതി നടക്കുന്നതിനിടയില്‍ കണ്ണില്‍ പെടുകയുണ്ടായി. അതിന്‍റെ ബാക്കി കഷണങ്ങള്‍ തിന്ന എലികള്‍ പാതി പ്രാണനുമായി എവിടെയെങ്കിലും മിടിച്ചു കിടക്കുന്നുണ്ടാകുമെന്ന സന്തോഷം കലര്‍ന്ന അറിവോടെ പറമ്പില്‍ നാലുപാടും നോക്കിക്കൊണ്ടിരുന്നു. അങ്ങനെ എന്തെങ്കിലുമൊന്നോ, മരണവെപ്രാളമെടുത്ത് പരക്കം പാഞ്ഞ എലികളുടെ കാല്പാടുകളോ വാലടയാളങ്ങളോ പോലുമില്ലായിരുന്നു.
ഇതുകൊണ്ടൊന്നും എലിവിഷത്തിന്‍റെ വിശ്വാസ്യത അയാളിൽ ചോദ്യചിഹ്നമുയര്‍ത്തിയില്ല. നാലാമതും അഞ്ചാമതും അയാള്‍ ഇതാവര്‍ത്തിച്ചു. മുന്‍പത്തേതില്‍ നിന്നും കാര്യങ്ങള്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ല. പിന്നീടുള്ള കുറച്ചു ദിവസത്തേക്ക് എലികളുടെ ശല്യം തന്‍റെ ദൈനംദിന ജീവിതത്തില്‍ കാര്യമായിട്ടുണ്ടാകുന്നില്ലെന്നു കണ്ടപ്പോള്‍ അടുത്തപടിയെക്കുറിച്ച് അയാള്‍ ചിന്തിക്കാതായി. എന്നാല്‍ അങ്ങനെ വെറുതെ വിടാനുള്ള ഭാവമൊന്നും എലികള്‍ക്കില്ലെന്നതിന്‍റെ വ്യക്തമായ തെളിവ് പിറ്റേന്ന് പാതിരാത്രിയില്‍ തന്നെ അയാള്‍ക്ക് കിട്ടി. കഴുത്തോളം പുതപ്പിട്ടു മൂടികിടക്കുമ്പോള്‍ ഉറക്കത്തിനു മീതേക്ക് രണ്ടു മൂന്നെണ്ണം ഒന്നിച്ചെടുത്തു ചാടി. അവ പുതപ്പിനു മീതെ തലങ്ങും വിലങ്ങും ഓടി നടന്നു. ഞെട്ടിപ്പിടഞ്ഞെഴുന്നേേറ്റ് ലൈറ്റിട്ട് മൂടിപ്പുതച്ചു കട്ടിലിനു മൂലക്കേക്കൊരിടത്തിരുന്നു. എലികള്‍ അയാളെ തുറിച്ചു നോക്കിക്കെണ്ടേയിരുന്നു. ഭക്ഷണത്തിനായി വിശന്നു തളര്‍ന്നു നടക്കുന്ന വളര്‍ത്തുമൃഗത്തിന്‍റെ ഭാവമായിരുന്നു അവയുടെ കണ്ണുകളില്‍. നോക്കിയിരിക്കെ അയയില്‍ കിടന്നിരുന്ന അയാളുടെ വെളുത്ത ഷര്‍ട്ടില്‍ കയറി അങ്ങുമിങ്ങും രണ്ടുചാലു നടന്നു. നനഞ്ഞ മണ്ണിന്‍റെ ചെളി അവയുടെ കാലുകളിലും ശരീരത്തിന്‍റെ അടിഭാഗത്തും വേണ്ടുവോളമുണ്ടായിരുന്നു. അതു മുഴുവന്‍ തങ്ങളുടെ ദേഹത്തു നിന്നു നീങ്ങിക്കിട്ടിയെന്നറിഞ്ഞപ്പോൾ വല്ലാത്തൊരാഹ്ലാദത്തോടെ ഒറ്റ വരിയായി ഉത്തരത്തിലൂടെ ഓടുകള്‍ക്കിടയില്‍ മറഞ്ഞു. പിറ്റേന്നുച്ചക്ക് പുതിയൊരു ഡോക്ടറെ കാണുന്നതിനായി ഇസ്തിരിയിട്ട് മിനുക്കി വെച്ചിരിക്കുകയായിരുന്നു.
നിര്‍ത്താത്ത ചുമക്ക് ഫലപ്രദമായ ചികിത്സ ചെയ്യുന്ന പുതിയൊരു ഡോക്ടര്‍ പട്ടണത്തിലെത്തിയിട്ടുണ്ടെന്നുള്ള പത്രവാര്‍ത്ത വായിച്ച് അതിനു തയ്യാറെടുത്ത്, പരിണത ഫലങ്ങള്‍ സ്വപ്നം കണ്ടു കിടക്കുകയായിരുന്നു ആ നേരമത്രയും അയാള്‍. പിറ്റേന്നു സന്ധ്യക്ക് വരുമ്പോള്‍ അയാളുടെ കയ്യില്‍ രണ്ടു പരിപ്പുവടകള്‍ കൂട്ടിക്കെട്ടിയ ഒരു പൊതിയുണ്ടായിരുന്നു. രണ്ടിലൊന്നറിയാന്‍ അയാളും ഉറച്ചു കഴിഞ്ഞിരുന്നു. തിളങ്ങുന്ന പരിപ്പുവടകള്‍ ഏതു കുരിരുളിലും കാണാവുന്നൊരിടത്ത് മാറ്റി മാറ്റിയിട്ട് അയാള്‍ പതുങ്ങിയിരുന്നു. കാത്തിരിപ്പിനിടയില്‍ ഉറങ്ങി പോകാതിരിക്കാനായി ദേഹത്തവിടവിടെ നുള്ളി കൊണ്ടിരിക്കുന്നതിനിടയില്‍ ഒരേ സമയം പല മാളങ്ങളിലെന്ന പോലെ മൂന്നു നാലെലികള്‍ ഒന്നുചേര്‍ന്നു വന്നു.
പകയോ ആശ്ചര്യമോ കണ്ണുകളില്‍ വരുത്താതെയെന്നവണ്ണം അവ എല്ലാം വന്നപാടെ വടകള്‍ ഓരോന്നായി പങ്കിട്ടെടുത്ത് തിന്നാന്‍ തുടങ്ങി. മുന്‍കൂട്ടി തയ്യാറെടുത്ത് വന്നതുപോലെയായിരുന്നു അവയുടെ ചലങ്ങളോരോന്നെന്നതും പരിപ്പുവടക്കുവേണ്ടി അവ ധൃതി വെക്കുകയോ ശണ്ഠ കൂടുകയോ ചെയ്തിരുന്നില്ലെന്നതും അയാളില്‍ അമ്പരപ്പ് വിതച്ചു. പരിപ്പുവട ഉള്ളില്‍ ചെന്നതിനുശേഷം അവ കാണിക്കേണ്ടുന്നതായ വെപ്രാളങ്ങള്‍ക്കായി അയാള്‍ തുറിച്ചുനോക്കിയിരുന്നു. അവിടെയും തെറ്റുപറ്റിയത് അയാള്‍ക്കു തന്നെയായിരുന്നു. പരിപ്പുവടയുടെ ബാക്കിയായ ഒരു കഷണം വായുവിലിട്ട് തട്ടിക്കളിച്ചു. ഏറെ നേരം നീണ്ടുനിന്ന ഒരേ ചലനം ആവര്‍ത്തിച്ചിരുന്നതിനാൽ അയാള്‍ക്കതില്‍ താല്പര്യം നശിച്ചു. സാവകാശം ഉറക്കത്തിലേക്കു വീഴാന്‍ തുടങ്ങിയത് മനസ്സിലാക്കിയെന്നവണ്ണം എലികള്‍ കിഴക്കോട്ട് നടന്നു. അവക്കു പുറകില്‍ പമ്മി പതുങ്ങി ഒരു പൂച്ചയെപോലെ അയാളും നടന്നു. കിണറിനടുത്ത് വെളളം നിറഞ്ഞു കിടക്കുന്ന ടാങ്കിനു സമീപത്തെത്തിയപ്പോള്‍ അവയുടെ യാത്ര അവസാനിച്ചെന്നു തോന്നി. ടാങ്കിനു മുകളിലേക്ക് വലിഞ്ഞു കയറി അവ വെള്ളം കുടിച്ചുകൊണ്ടു നിന്നു. വെള്ളം കുടിച്ചതു പോരെന്നു തോന്നിയതുകൊണ്ടോ എന്തോ പിന്നീടവ ചെയ്തത് അതിലും വിചിത്രമായ സംഗതിയാണ്. വെള്ളത്തിലിറങ്ങി എലികള്‍ നീന്തി തുടിക്കുന്ന കാര്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ആരും വിശ്വസിക്കാത്ത ആ കാര്യമാണ് എലികള്‍ അപ്പോള്‍ ചെയ്തുകൊണ്ടിരുന്നത്. കുളികഴിഞ്ഞ് കുറച്ചുനേരം ടാങ്കിന്‍റെ അരികില്‍ രോമകൂപത്തിലെ ആഴങ്ങളില്‍ നിന്ന് വെള്ളം വാര്‍ന്നുപോകാനെന്നവണ്ണം അവ പതിഞ്ഞു കിടന്നു. ചെറിയൊരു മയക്കത്തിനുശേഷം അവ താഴോട്ടിറങ്ങി പറമ്പിലൂടെ വരിവരിയായി നീങ്ങി. എലികളെ പിന്തുടരാന്‍ മാത്രമുള്ള ധൈര്യം അയാളില്‍ ശേഷിക്കുന്നുണ്ടായിരുന്നില്ല. കാഴ്ചയുടെ സത്യം എങ്ങനെ മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതെന്നറിയാതെ അങ്കലാപ്പിലായിരുന്നു അയാള്‍. വിഷം കഴിച്ച എലികള്‍ വെള്ളം കുടിച്ചാല്‍ ഫലമില്ലാതാകുമെന്ന അയല്‍ക്കാരന്‍റെ മുന്നറിയിപ്പ് വിശ്വസിക്കാന്‍ നില്ക്കാത്ത തനിക്കെങ്ങനെ ഇക്കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താനാവുമെന്ന് അയാള്‍ ചിന്തിച്ചു.
എലിക്കെണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവാത്തതാണെന്ന് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നും കാലത്ത് പലചരക്കു കടയിലേക്ക് ചെല്ലുമ്പോള്‍ കാണുന്ന കാഴ്ചകളിലൊന്ന്, അടഞ്ഞു കിടക്കുന്ന ഒരെലിക്കെണിയും അതിനുള്ളില്‍ കമ്പിയില്‍ തൂക്കിയിട്ട ഉരുളക്കിഴങ്ങിന്‍റെ കഷണവും പരക്കം പാഞ്ഞ്തളര്‍ന്നെങ്കിലും മൂലയിലൊരിടത്ത് പിന്നേയും പല്ലിറുമ്മിക്കൊണ്ട് കിടക്കുന്ന ഒരെലിയുമാണ്. ഒരു ദിവസം പോലും ആ കെണിയില്‍ നിന്ന് ഉരുളക്കിഴങ്ങിന്‍റെ കഷണം തിന്ന് പാട്ടുംപാടി പോകാന്‍ ഇതേവരെ ഒരെലിയെക്കൊണ്ടും സാധിച്ചിട്ടില്ലെന്ന് തോന്നുന്നു. എലിക്കെണി പുറത്തു കണ്ട ദിവസങ്ങളിലൊന്നും അത് ശൂന്യമായിരുന്നിട്ടില്ല.
കെണിയില്‍ കുടുങ്ങുന്ന എലികളെ കൊല്ലുന്നത് പലവിധത്തിലാണ്. എത്തരത്തിലുള്ള മരണമാണ് ഒരെലിക്ക് ഏറ്റവും ആശ്വാസം പകരുന്നതിനെക്കുറിച്ച് അയാള്‍ക്ക് ഓര്‍ത്തു നോക്കാന്‍ തോന്നിയിട്ടില്ല. അതുവരേയും ഒരെലിക്കെണിയെക്കുറിച്ചോ എലിയെ കൊല്ലേണ്ടതിനെക്കുറിച്ചോ അയാള്‍ ആലോചിച്ചിരുന്നില്ല. എങ്കിലും എലികളെ കൊല്ലുന്നത് രസപ്രദമായ കാഴ്ചയായിട്ടാണ് അയാള്‍ക്ക് തോന്നിയിട്ടുള്ളത്.വര്‍ഷക്കാലത്ത്, മഴപെയ്യുന്ന നേരങ്ങളില്‍ ഉമ്മറത്ത് നിറഞ്ഞൊഴുകുന്ന ചാലിലെ ചെളിവെള്ളത്തില്‍ എലിക്കെണി ഒന്നാകെ കൊണ്ടു പോയി മുക്കുന്നതാണ് ഒന്നാമത്തെ രീതി. എലികള്‍ക്കിത് ഏതു തരത്തിലാണ് അനുഭവപ്പെടുന്നതെങ്കിലും കൊല്ലുന്നയാള്‍ക്കിത് എളുപ്പമുള്ള കാര്യമാണ്. മെനക്കെടലിന്‍റെ ഒരു വിധ പ്രശ്നങ്ങളും ഇക്കാര്യത്തിലില്ല. മഴയെ കാര്യമാക്കേണ്ടതില്ല. വെള്ളം മാത്രം ഉണ്ടായാല്‍ മതി. അഞ്ചു മിനിട്ട് എന്നത് കൊലയാളിക്ക് ക്ഷമയോടെ തൂക്കിപിടിച്ച് നിന്ന് ശ്വസിക്കാവുന്ന സമയമാകുമ്പോള്‍ എലിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേളയായിത്തീരുന്നു ഈ ഹൃസ്വ സമയം. മഴയില്ലാത്ത നേരങ്ങളില്‍ വെള്ളമില്ലെങ്കില്‍ ചെയ്യുന്ന രണ്ടാമത്തെ രീതി സ്വല്പം ക്ഷമയും സാവകാശവും ആവശ്യപ്പെടുന്നവയാണ്. അതിനായി ചാക്ക് നൂല്‍ കണ്ടു പിടിച്ച് എലിയുടെ ഉടലിനു കുറുകെ തികച്ചും പാകമാകത്തക്ക രീതിയില്‍ കുരുക്കുണ്ടാക്കണം. കമ്പിയഴിക്കിടയിലൂടെ കുരുക്ക് കെണിയിലേക്കിറങ്ങി എലി കുരുക്കില്‍ കുടുങ്ങുന്നത് കാത്തിരിക്കുകയോ, കുരുക്കില്‍ പെടുത്തുകയോ ചെയ്യണം. രണ്ടും മെനക്കേടു പിടിച്ച കാര്യം തന്നെ. സ്വയമേ എലി വന്ന് കുരുക്കില്‍ തല വെച്ചു തരണമെങ്കില്‍ സമയം കണക്കിലെടുക്കാതെ ഏറെ നേരം കാത്തിരുന്നേ തീരു. കുടുക്കില്‍ പെടുത്താനായി അങ്ങുമിങ്ങും വെട്ടിക്കുന്നതിനിടയില്‍ വെരുകിനെപ്പോലെ അവസാന ഊര്‍ജ്ജവും ഉള്‍ക്കൊണ്ട് പാഞ്ഞുകൊണ്ടിരിക്കും. കുരുക്കില്‍ കുടുങ്ങിയ എലിയെ ശക്തിയായി മുകളിലേക്ക് വലിച്ചു പിടിച്ചു നിന്നാല്‍ മതി. ഒരു യമഹാ എന്‍ജിന്‍ വലിച്ച് സ്റ്റാര്‍ട്ടാക്കുന്ന ശക്തിയും സമയവും ധാരാളമായ ഒന്നാണ്.
എലിക്കെണിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ മികച്ചത് ഒന്ന് കിട്ടാന്‍ എളുപ്പമല്ലെന്നും അതിന് ഭാഗ്യത്തിന്‍റെ അംശം കൂടി വേണമെന്നും അയാള്‍ മനസ്സിലാക്കി. എലിക്കൂടിന്‍റെ വിവിധ വലിപ്പങ്ങളെക്കുറിച്ചുള്ള ചിന്തക്കിടയില്‍ അയാളില്‍ ഉടല്‍രൂപം ആര്‍ന്നുവന്ന ഒരു കാര്യമായിരുന്നു ഇത്. ഏതെങ്കിലും അത്തരമൊരു കാര്യത്തിനായി ഒരു പരിചയക്കാരന്‍റെ ഉപദേശത്തിനപ്പുറം ഒരാളെ കൂടെ കൂട്ടിക്കൊണ്ടുപോയി ഒന്നു വാങ്ങിക്കൊണ്ടു വരുന്നതിനുള്ള പരിപാടിക്കൊന്നും അയാള്‍ തയ്യാറായിരുന്നില്ല. പകരം കാലത്ത് സാധനങ്ങള്‍ വാങ്ങാനില്ലാതിരുന്നിട്ടു കൂടി പലചരക്കു കടയില്‍ ചെന്നു എലിക്കെണി നോക്കി അഴികള്‍ എണ്ണി. തലങ്ങും വിലങ്ങും അവ വെല്‍ഡു ചെയ്ത രീതി നോക്കി കാണുമ്പോഴും തിളങ്ങുന്ന കണ്ണുകളോടെ അയാളെ ഉറ്റുനോക്കിക്കൊണ്ട് ഒരു കൊച്ചെലി നിശ്ശബ്ദമായിട്ടിരിക്കുന്നുണ്ടായിരുന്നു.
റെഡിമെയ്ഡായ ഒന്ന് വാങ്ങുന്നതിലും നല്ലത് വെല്‍ഡുചെയ്യുന്നതായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. വെല്‍ഡു ചെയ്യുമ്പോള്‍ അടുത്തു തന്നെയിരുന്ന് കാര്യങ്ങള്‍ പറഞ്ഞു തിട്ടപ്പെടുത്തി മനസ്സിന്ഇണങ്ങിയതൊന്ന് ഉണ്ടാക്കിയെടുക്കാനാവും. എത്ര വലിയ പരിചയക്കാരനായിരുന്നാലും അയാളെ നിര്‍ബന്ധിച്ചിരുത്തി അത്തരമൊരു പണിക്ക് പ്രേരിപ്പിക്കുകയെന്നത് എത്രമാത്രം ബുദ്ധിമുട്ടു പിടിച്ച പണിയാണെന്ന് രണ്ടുമൂന്ന് ദിവസം ആ പണിക്കായി നടന്നപ്പോള്‍ അയാള്‍ക്ക് ബോദ്ധ്യമായി.
പരിപ്പുവട പ്രയോഗം പാടേ നിര്‍ത്തിയിരുന്നു. മാത്രമല്ല തന്‍റെ കിടപ്പുമുറിയും വസ്ത്രങ്ങളും മരുന്നു ലിസ്റ്റും മറ്റത്യാവശ്യ സാധനങ്ങളും കൂടുതല്‍ സുരക്ഷിതമെന്നു തോന്നിയ വേറൊരിടത്തേക്ക് മാറ്റിയിരുന്നു. എലികളെക്കൊണ്ടുള്ള ശല്യം സാവകാശം കുറഞ്ഞു വരുന്നതിനൊപ്പം എലിക്കെണിയെക്കുറിച്ചും മറന്നുക്കൊണ്ടിരുന്നു. എലികള്‍ക്ക് അവയുടെ ജീവിതവും അയാള്‍ക്ക് അയാളുടേതും കിട്ടിയ ദിനങ്ങളായിരുന്നു അത്. പക്ഷേ വരാനിരുന്ന ദുരന്തത്തിന്‍റെ മുന്നോടി മാത്രമായിരുന്നു അതെന്ന് പിറ്റേന്നത്തെ പുലരി വിളിച്ചു പറഞ്ഞു. നിരന്തരമായ ശ്രമത്തിലൂടെ അവക്കു വാര്‍ത്തെടുക്കേണ്ട രീതികളെക്കുറിച്ച് ചിന്തിച്ചെടുക്കുന്ന സമയമായിരുന്നു ഇതത്രയും.
നേരത്തെ എഴുന്നേറ്റ് പല്ലുതേച്ച് വെറും വയറ്റില്‍ കഴിക്കേണ്ടുന്നതായ ചില ഗുളികകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ നിര്‍ത്താതെയുള്ള ചുമക്ക് ഒരു വയസ്സന്‍ ഡോക്ടറെ കണ്ടിരുന്നു. ഡോക്ടറുടെ ചികിത്സാവിധികളില്‍ ഗുളികകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ക്കേറ്റവും വെറുപ്പും ഭയവുമുള്ള ഇഞ്ചക്ഷനോട് അതേ മനോഭാവം തന്നെയായിരുന്നു ഡോക്ടര്‍ക്കും ഉണ്ടായിരുന്നത്. എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ വെക്കുന്നതിനും സൂചിമുനയോടുള്ള തന്‍റെ ത്വക്കിന്‍റെയും മാംസത്തിന്‍റെയും അസഹിഷ്ണുതയെക്കുറിച്ച് പറയുന്നതിനും മുന്‍പേ ഇന്‍ജക്ഷന്‍റെ ഒഴിവാക്കലിനെക്കുറിച്ചും പകരമായി കഴിക്കാവുന്ന ഗുളികകളെക്കുറിച്ചും ഡോക്ടര്‍ പറഞ്ഞു. ഗുളികകള്‍ എത്ര വേണമെങ്കിലും കഴിക്കുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. എന്നതല്ല, ദിനചര്യയുടെ ഭാഗമായി പോലും സ്വീകരിക്കുന്നതിന് തയ്യാറുമായിരുന്നു. കൂടാതെ രണ്ടുമൂന്നു തരം ടോണിക്കുകളും പല പല ഡോക്ടര്‍മാരില്‍ നിന്നും ചുമക്കും ശരീരവേദനക്കും മറ്റുമായി കുറിച്ചു കിട്ടിയ മരുന്നുകള്‍ ഭക്ഷണത്തിനു മുന്‍പും പിന്‍പുമായി കഴിച്ചുകൊണ്ടിരുന്നു. പല്ലു തേക്കല്‍ കഴിഞ്ഞ് കുപ്പി ഗ്ലാസ്സില്‍ വെള്ളമെടുത്ത് മേശയിലേക്ക് നോക്കിയ അയാളെ കാത്തിരുന്നത് ഇതിനു മുന്‍പ് ഒരിക്കലും കണ്ടില്ലാത്തതും കാണാന്‍ ആഗ്രഹിക്കാത്തതുമായ കാഴ്ചയായിരുന്നു. മേശയില്‍ നിന്ന് മനപൂര്‍വ്വമെന്നവണ്ണം മൂന്നു ടോണിക്കുകളും നിലത്തുവീണു പൊട്ടി തകര്‍ന്നു കിടക്കുന്നു. കട്ടിയുള്ള ആ ദ്രാവകത്തില്‍ കുപ്പിയുടെ ചില്ലുകള്‍ മൂര്‍ച്ചയോടെ കിടന്നു തിളങ്ങുന്നു. ഗുളികകളുടെ ചെറിയ ചെറിയ പാക്കറ്റുകള്‍ മുഴുവനും വലിച്ചു കീറി ഗുളികകള്‍ കടിച്ചു മുറിച്ച് മേശയിലും ടോണിക്കിലുമായി പരന്നു കിടക്കുന്നു. വെള്ളം നിറഞ്ഞിരുന്ന കുപ്പി ഗ്ലാസ്സ് കയ്യില്‍ നിന്നൂര്‍ന്നിറങ്ങി വായുവിലൂടെ നിലത്തു വീണ് പൊട്ടി തകര്‍ന്ന് ടോണിക്കിലൂടെ ഒഴുകി. അയാളെ സംബന്ധിച്ച് ക്ഷമിക്കാവുന്നതിനും അപ്പുറത്തുള്ള കാര്യമായിരുന്നു അത്. എലിക്കെണി വെല്‍ഡു ചെയ്യാന്‍ നില്ക്കാതെവളരെ വേഗം ഒന്നു വാങ്ങിവെക്കേണ്ടതിന്‍റെ ആവശ്യകത അയാള്‍ക്കു ബോധ്യപ്പെട്ടു.
അന്നു രാത്രി അയാള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല. എന്തോ ഒരു പ്രത്യേകകതയുള്ളതുപോലെ. ഭയപ്പെടുത്തുന്ന ഒന്ന് അന്തരീക്ഷത്തിലെ ഇരുളില്‍ തങ്ങി നില്‍ക്കുന്നുണ്ടെന്ന് തോന്നി. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റയാള്‍ ലൈറ്റിട്ടു. വെളിച്ചത്തിലങ്ങനെ നോക്കിയിരിക്കുമ്പോള്‍ നേരിയ ആശ്വാസം തോന്നി. പുറത്തെ എലിക്കെണിയില്‍ വളഞ്ഞ ഇരുമ്പു തകിടില്‍ കോര്‍ത്തെടുത്ത ഉരുളക്കിഴങ്ങിന്‍റെ കഷണം അതേപടി ഉണ്ടായിരുന്നു. വാ പിളര്‍ന്ന കൂട് ഒരു ചത്തമൃഗത്തെപ്പോലെ കാണപ്പെട്ടു. ഒരു ദിനം തന്നെ രണ്ടും മൂന്നു എലികളെ കുടുക്കിയ കഥകള്‍ അയല്‍ക്കാരന്‍ പറഞ്ഞിരുന്നെങ്കിലും ആ രാത്രിയില്‍ അതാവര്‍ത്തിക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പായി.
രാത്രിയില്‍ ട്യൂബ്ല് ലൈറ്റിന്‍റെ വെളിച്ചത്തില്‍ ഉറക്കത്തിനു ഭയന്ന്, ഉണര്‍ന്നിരിക്കണമെന്ന തികഞ്ഞ നിര്‍ബന്ധബുദ്ധിയോടെ കണ്ണുകള്‍ തുറിച്ചുക്കൊണ്ടു തന്നെ അയാളിരുന്നു. ഇരു ചെവികളും എന്തെങ്കിലും ഒരു ശബ്ദം കേട്ടാല്‍ കൃത്യമായി തിരിച്ചറിയാന്‍ വിധത്തില്‍ സജ്ജമാക്കിവെച്ചിരുന്നു. വെളിച്ചം നോക്കിയിരിക്കുന്നതിനിടയിൽ അയാൾ പോലുമറിയാതെ ശ്വാസവായുവിലൂടെ തന്നെയായിരിക്കണം ഉറക്കം അരികിലെത്തി. ഉരുളക്കിഴങ്ങിന്റെ ഗന്ധവും ഉറക്കത്തിൽ കലർന്നിരുന്നു. മാദകമായ, ആരെയും മോഹിപ്പിക്കുന്ന ഒരു തരാം ഗന്ധം ഉരുളക്കിഴങ്ങിൽ ഉണ്ടെന്ന് അയാളറിഞ്ഞ നിമിഷമായിരുന്നു അത്. തീർച്ചയായും ആ ഗന്ധം വലിച്ചെടുക്കാതിരിക്കാനോ കണ്ടില്ലെന്നു നടിക്കാനോ കഴിയുമായിരുന്നില്ല. കട്ടിലിൽ നിന്നിറങ്ങി സാവകാശം അതിനു പിറകെ പതുങ്ങി പതുങ്ങി നീങ്ങി.
മഴ പെയ്തു തുടങ്ങിയിരുന്നില്ല. കാർമേഘങ്ങളും ഉണ്ടായിരുന്നില്ല. മഴവെള്ളം ദേഹത്ത് വീണപ്പോഴാണ് ഉണർന്ന് ചുറ്റും നോക്കുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് മഴ വന്നതെങ്കിലും അതുപോലെ തിരിച്ചുപോകാനുള്ള മട്ടൊന്നുമുണ്ടായിരുന്നില്ല. അതേപടി തിമിർത്തുപെയ്തുകൊണ്ട് പുലരിയിലേക്ക് നീണ്ടു. ഭൂമിയിൽ ആവശ്യത്തിലും അതിലധികവും വെള്ളം പൊങ്ങിയിരുന്നു. ഗേറ്റിനപ്പുറത്തെ ചാൽ
നിറഞ്ഞൊഴുകുന്നതും മഴവെള്ളം സംഭരിക്കാനായി കുത്തിയിരുന്ന മഴക്കുഴികൾ നിറഞ്ഞു കവിയുന്നതും തണുത്തു വിറച്ചുകൊണ്ട് അയാൾ നോക്കി കിടന്നു.