പൂർണ്ണജീവിതത്തെ അടയാളപ്പെടുത്തുന്ന സാഹിത്യ ശാഖയാണ് നോവൽസാഹിത്യം . ഒരു സംഭവത്തെയോ, ജീവിതത്തെയോ, ഒരു ജനതയുടെ സംസ്കാരത്തെയോ ഒക്കെ അടയാളപ്പെടുത്താനും അതിനെ വിശദമാക്കാനും കഴിയുന്ന ഒരു സംരംഭമായി നോവലിനെ വിലയിരുത്താം. ചിലപ്പോൾ ഒക്കെ ക്രിത്രിമമായ അടയാളപ്പെടുത്തലുകൾ കൊണ്ട് ഭാവനയെ യാഥാർത്ഥ്യവുമായി കൂട്ടിയിണക്കി ശരിയോ തെറ്റോ എന്ന പകപ്പിൽ എത്തിക്കാനും മികച്ച എഴുത്തുകാർക്ക് സാധിക്കാറുണ്ട്. കഥ പറയുന്നതിലല്ല അതിനെ കഥയായി തോന്നിപ്പിക്കാതിരിക്കലാണ് കഴിവ്. അതിൽ വിജയിക്കുന്നവരെ ചരിത്രം ഓർമ്മിക്കും .
പതിനെട്ടാം നൂറ്റാണ്ടിൽ തോമസ് ഹാർഡി എഴുതിയ നോവലാണ് Tes of the D’ubervilly. അന്നത്തെക്കാലത്ത് വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണിത്. കത്തോലിക്ക സഭയുടെ മതചിന്തകളുടെ കറുത്ത കാലഘട്ടമായിരുന്ന ഒരു സമയം കൂടിയാണല്ലോ ആ കാലം. സമൂഹ ജീവിതവും മതവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും കുതറിമാറലുകളും ഒക്കെ മനസ്സിലാക്കാൻ കഴിയുന്ന വായനയാണ് ഈ നോവൽ തരുന്നത്. ഒരു കാലത്ത് സദാചാര ജീവിത മൂല്യങ്ങളായി ഇംഗ്ലണ്ടും മറ്റും അനുവർത്തിച്ചിരുന്ന ഏകദേശം എല്ലാം തന്നെയും ഇന്നത്തെ സമൂഹത്തിൽ ചിരിയുണർത്തുന്നതോ അത്ഭുതം ഉളവാക്കുന്നതോ ആയ കാഴ്ചകളോ ചിന്തകളോ ആണെന്നത് ചിന്തിപ്പിക്കുന്ന വിഷയമാണ്. മതം പഠിപ്പിച്ച കുറേയേറെ തിന്മകൾ ഇന്ന് മതവിശ്വാസികൾക്ക് തിന്മയല്ലാതായിരിക്കുകയാണ്.
ടെസ് എന്ന നായിക കൗമാരകാലത്ത് തന്നെ ലൈംഗികാക്രമണം നേരിടേണ്ടി വന്ന, തുടർന്നു ഗർഭധാരിയാകുന്നതും കുഞ്ഞ് പിന്നീട് മരിക്കുന്നതുമായ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. പാപിണിയായ ഒരുവളായി മറ്റൊരു ദിക്കിൽപ്പോയി രഹസ്യമായി ജോലി ചെയ്തു ജീവിക്കേണ്ടി വരുന്നു അവൾക്ക്. അവിടെ അവളെ കാത്തിരുന്നത് ഏഞ്ചൽ എന്ന ഉൽപ്പതിഷ്ണുവായ ചെറുപ്പക്കാരൻ്റെ പ്രണയമാണ്. അവളുടെ പാപങ്ങൾ അറിയാതെ, അവൾക്കത് തുറന്നു പറയാൻ കഴിയാതെ, അവർ വിവാഹിതരാകുകയാണ്. വിവാഹ രാത്രിയിൽ അവർ തങ്ങളുടെ പൂർവ്വകാല പാപങ്ങൾ ഏറ്റുപറയുന്ന അവസരം ഉണ്ട്. ഒരിക്കൽ ഒരു സ്ത്രീയുടെ കൂടെ രണ്ടു ദിവസം താമസിക്കേണ്ടി വന്നപ്പോൾ ശാരീരിക ബന്ധം ഉണ്ടാകുകയുണ്ടായി പക്ഷേ അതിനെക്കുറിച്ച് പശ്ചാത്തപിച്ചതിനാൽ ഇനിയത് പ്രശ്നമില്ല എന്ന കാഴ്ചപ്പാട് ഏഞ്ചൽ മുന്നോട്ട് വയ്ക്കുന്നു. എന്നാൽ ടെസ് , മറ്റൊരു പുരുഷനാൽ ബലാത്കാരമായി ഉപദ്രവിക്കുകയും ഗർഭം സംഭവിക്കുകയും ചെയ്ത പാപം പൊറുക്കപ്പെടാത്തതുമായി മാറുന്ന കാഴ്ചയാണ് സംഭവിക്കുന്നത്. ഇതേത്തുടർന്ന് അവർ പിരിയുന്നതും, പഴയ പീഡകൻ അലക്ക് മാനസാന്തരപ്പെട്ട് സുവിശേഷ പ്രാസംഗികനായും പിന്നെ ടെസിൻ്റെ ജീവിതത്തിലേക്ക് വീണ്ടും കടന്നു കയറുകയും ചെയ്യുന്നു. ഇതേ സമയം തന്നെ ഏഞ്ചലും തിരികെ എത്തുകയും കുറ്റബോധം മൂലം അലക്കിനെ കൊന്നിട്ട് ടെസ് ഏഞ്ചലിനൊപ്പം പോകുകയും ചെയ്യുന്നു. ടെസിൻ്റെ മരണത്തോടെ നോവൽ അവസാനിക്കുന്നു.
പടിഞ്ഞാറൻ സംസ്ക്കാരത്തിൽ പരപുരുഷ ബന്ധവും, വിവാഹവും, ഗർഭവുമൊക്കെ പുനർ നിർവ്വചിക്കപ്പെട്ട ഈ കാലത്തിൽ ഇരുന്നു കൊണ്ട് ഈ നോവൽ വായിക്കുമ്പോൾ ചരിത്രത്തിൽ സമൂഹവും മതവും എങ്ങനെ പിടിമുറുക്കുന്നു എന്നും കുതറി മാറുന്നു എന്നുമൊക്കെ മനസ്സിലാക്കാൻ സഹായകമാകുന്നു. ടാറ്റാപുരം സുകുമാരൻ , ടെസ് എന്ന പേരിൽ വിവർത്തനം ചെയ്ത ഈ നോവൽ ഒരു നല്ല വായനാനുഭവം നല്കി. ഡി.സിയുടെ ഓൺലൈൻ ആപ്പിൽ സൗജന്യ വായന തരമാക്കിയ ഈ നോവൽ തീർച്ചയായും വായിക്കപ്പെടേണ്ട ഒന്നു തന്നെയാണ്. പാളിച്ചകൾ വലുതായി സംഭവിക്കാത്ത ഒരു വിവർത്തനമായിരുന്നു അത്.
ടെസ് (നോവൽ)
തോമസ് ഹാർഡി
വിവർത്തനം: ടാറ്റാപുരം സുകുമാരൻ,
ഡി സി ബുക്സ്. വില : free E copy in DC App